Thursday, July 5, 2012

പരിണാമസിദ്ധാന്തവും നെഹ്റൂവിയന്‍ ചിന്തകളും


വാനരനില്‍നിന്ന് നരനാണോ യുഡിഎഫ് ആണോ രൂപംപൂണ്ടതെന്ന് ചോദിച്ചാല്‍ മുന്‍ മന്ത്രി ജി സുധാകരന്റെ മറുപടി യുഡിഎഫ് എന്നായിരിക്കും. യുഡിഎഫിലെ പലരുടെയും പ്രസംഗം കേട്ടപ്പോള്‍ ഡാര്‍വിന്റെ പരിണാമസിദ്ധാന്തം തല്‍ക്കാലത്തേക്കെങ്കിലും മാറ്റിവയ്ക്കാനാണ് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സഹകരണ വകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ ഭരണപക്ഷത്തെ നിലംപരിശാക്കാന്‍ സുധാകരന്‍ അവലംബിച്ചത് നെഹ്റുവിന്റെ ചിന്തകളും. നെഹ്റുവിയന്‍ ഉദ്ധരണികളെടുത്ത് തലങ്ങും വിലങ്ങും വീശി അദ്ദേഹം മിന്നിയപ്പോള്‍ ഇതൊക്കെ ഒന്ന് വായിക്കാന്‍ കഴിഞ്ഞെങ്കിലെന്ന് സഹകരണമന്ത്രി സി എന്‍ ബാലകൃഷ്ണന് മോഹം. പുസ്തകത്തിന്റെ ഒരു കോപ്പി തരൂ,പ്ലീസ് എന്നായി മന്ത്രി.

സഹകരണരംഗത്ത് മന്ത്രിയുടെ നടപടി കാണുമ്പോള്‍ സഹകരിക്കാന്‍ ഒട്ടും നിര്‍വാഹമില്ലെന്ന നിലപാടിലാണ് ജി സുധാകരന്‍. സഹകരണ ജനാധിപത്യത്തെ മന്ത്രി ശ്വാസംമുട്ടിച്ചുകൊല്ലുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഭരണസമിതി പിരിച്ചുവിടില്ല എന്ന മുന്‍നിലപാട് അദ്ദേഹംതന്നെ തിരുത്തി. പിലാത്തോസിനെ പോലെ ഈ രക്തത്തില്‍ പങ്കില്ലെന്നുപറഞ്ഞ് കൈകഴുകാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്രെ. ഡാര്‍വിനെയും മാര്‍ക്സിനെയും എംഗല്‍സിനെയും നെഹ്റു ആദരിച്ചെങ്കില്‍ കോണ്‍ഗ്രസുകാര്‍ സാമ്രാജ്യത്വത്തിന്റെ ബൗദ്ധിക അടിമകളായിരിക്കുന്നുവെന്നാണ് സുധാകരന്റെ വിലയിരുത്തല്‍. "മൂലധനം" വാങ്ങി വായിച്ചശേഷം കമ്യൂണിസത്തെ എതിര്‍ക്കണമെന്ന അഭ്യര്‍ഥനയും അദ്ദേഹം യുഡിഎഫ് എംഎല്‍എമാര്‍ക്ക് മുന്നില്‍വച്ചു. പൊലീസ് മൂത്രം ഒഴിക്കണമെന്ന് കല്‍പ്പിച്ചാല്‍ അനുസരിക്കാതെ തരമില്ലെന്ന പക്ഷക്കാരനാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തിരുവല്ലയില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറി രാജപ്പന്‍നായരെ പൊലീസ് മൂത്രം ഒഴിപ്പിച്ച സംഭവം മാത്യു ടി തോമസ് വെളിപ്പെടുത്തിയപ്പോഴാണ് മന്ത്രിയുടെ ന്യായീകരണം. ഇപ്പോള്‍ മൂത്രം ഒഴിക്കേണ്ടെന്ന് രാജപ്പന്‍നായര്‍ പറഞ്ഞെങ്കിലും പൊലീസ് വിട്ടില്ല. ഒരാള്‍ എപ്പോള്‍ മൂത്രം ഒഴിക്കണമെന്ന് കൂടി പൊലീസ് തീരുമാനിച്ചാല്‍ എന്തുചെയ്യുമെന്ന് മാത്യു ടി തോമസ്. ഡോക്ടര്‍ക്ക് "പെര്‍ഫോമ" പൂരിപ്പിച്ച് കൊടുക്കാന്‍ വേണ്ടിയാണത്രെ പൊലീസുകാര്‍ മൂത്രം ഒഴിപ്പിച്ചതെന്നായി മന്ത്രി. പൊലീസ് മര്‍ദനത്തില്‍ മനംനൊന്ത് രാജപ്പന്‍നായര്‍ ആത്മഹത്യചെയ്തതിനെ കുറിച്ചുള്ള അടിയന്തരപ്രമേയത്തിന് ചെയര്‍ അനുമതിയും നല്‍കിയില്ല.

ഒരു നിറത്തില്‍ (പച്ച) എന്തിനിത്ര കലഹമെന്നാണ് മുസ്ലിംലീഗുകാരുടെ നിര്‍ദോഷമായ ചോദ്യം. പച്ചയെ ചൊല്ലിയുള്ള പൊല്ലാപ്പിനെ കുറിച്ച് അബ്ദുറഹ്മാന്‍ രണ്ടത്താണിക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. പച്ചനിറം മോശപ്പെട്ടതല്ലെന്ന് കെ വി അബ്ദുള്‍ഖാദര്‍ സമാധാനിപ്പിച്ചു. അനവസരത്തിലായാല്‍ പച്ചയ്ക്ക് കടുപ്പമേറുമെന്ന് അദ്ദേഹം പറഞ്ഞു. ചുമട്ടുതൊഴിലാളികള്‍ പച്ച യൂണിഫോം ധരിക്കണമെന്ന് നിഷ്കര്‍ഷിക്കുന്ന കാലം വരുമോയെന്നായിരുന്നു കെ രാജുവിന്റെ ആശങ്ക. സഹകരണത്തിന് പുറമെ തൊഴിലും തൊഴിലാളിക്ഷേമവും പ്രവാസികാര്യവും ധനാഭ്യര്‍ഥന പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നൂ. രാഷ്ട്രീയവിവാദങ്ങള്‍ ഒഴിഞ്ഞുനിന്ന ചര്‍ച്ചയില്‍ വിഷയങ്ങള്‍ക്കായിരുന്നു ഊന്നല്‍. തൊഴിലാളികളുടെ മിനിമം കൂലി പതിനായിരം രൂപയായി പ്രഖ്യാപിക്കണമെന്നായിരുന്നു സി കൃഷ്ണന്റെ ആവശ്യം. തൊഴിലാളിയുടെ വേതനം കുറയുകയും ഉടമകളുടെ ലാഭം കൂടുകയുമാണെന്ന് അദ്ദേഹം വിലയിരുത്തി.

മതേതരത്വം പ്രസംഗിക്കുകയല്ല കാണിച്ചുകൊടുക്കലാണ് മുസ്ലിംലീഗിന്റെ ശൈലിയെന്ന് എം ഉമ്മര്‍. തൊഴില്‍മന്ത്രി പിരിച്ചുവിടുന്ന മന്ത്രിയായെന്ന് പി കെ ഗുരുദാസന്‍ ആരോപിച്ചു. തൊഴിലാളികളുടെ ജീവിതം ദുരിതത്തിലായിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പിരിച്ചുവിടല്‍ മന്ത്രിയെന്ന് തന്നെ വിളിക്കരുതെന്നായിരുന്നു ഷിബു ബേബിജോണിന്റെ അഭ്യര്‍ഥന. യുഡിഎഫ് തീരുമാനിച്ചാല്‍ പിരിച്ചുവിടാതെ എന്തുചെയ്യുമെന്ന് മന്ത്രി നിസ്സഹായനായി. പോരാത്തതിന് കോടതിയുടെ നിലപാടും. തന്റെ സ്ഥാനത്ത് മറ്റ് ആരായാലും പിരിച്ചുവിട്ട് ആഹ്ലാദിക്കുമെന്നാണ് മന്ത്രിയുടെ നിലപാട്. തൊഴില്‍വകുപ്പിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ വെടിക്കെട്ടും മാലപ്പടക്കവുമൊക്കെ പ്രതീക്ഷിച്ചിരുന്നുവെന്നാണ് മന്ത്രി തന്നെ വെളിപ്പെടുത്തിയത്. സര്‍ക്കാരിന്റെ മധുവിധു തീര്‍ന്നില്ലെന്നും ഇപ്പോഴും തീവ്രമായ പ്രണയഭാവംതന്നെയാണെന്നും ഷിബുവിന് തീര്‍ച്ച. പ്രവാസികള്‍ക്കായി ബജറ്റില്‍ പ്രത്യേക ഹെഡ് കൂടിയായാല്‍ എല്ലാമായെന്നാണ് മന്ത്രി കെ സി ജോസഫിന്റെ കണ്ടെത്തല്‍. ഇ ചന്ദ്രശേഖരന്‍, എ എ അസീസ്, സി എഫ് തോമസ്, പി എ മാധവന്‍, പാലോട് രവി, കെ ശിവദാസന്‍നായര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
(കെ ശ്രീകണ്ഠന്‍)

deshabhimani 050712

No comments:

Post a Comment