Thursday, July 5, 2012

ഒളിവിലെന്ന പ്രചാരണം പൊളിഞ്ഞു; എം എം മണി ഹാജരായി


ഒളിവിലാണെന്ന മാധ്യമപ്രചാരണം പൊളിച്ച് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം എം മണി അന്വേഷണസംഘത്തിനു മുന്നിലെത്തി. പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് ബുധനാഴ്ച രാവിലെ പത്തിനാണ് മണി തൊടുപുഴ ഡിവൈഎസ്പി ഓഫീസില്‍ പ്രത്യേക അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായത്. സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ എംഎല്‍എ, ജില്ലാകമ്മിറ്റിയംഗം എസ് രാജേന്ദ്രന്‍ എംഎല്‍എ എന്നിവര്‍ക്കൊപ്പമാണ് എത്തിയത്. പ്രത്യേക അന്വേഷണ സംഘം തലവന്‍ എസ്പി പി പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം അദ്ദേഹത്തിന്റെ മൊഴിയെടുത്തു. ഒന്നര മണിക്കൂറിനുശേഷം ഐ ജി പത്മകുമാറും സ്ഥലത്തെത്തി. മൊഴിയെടുക്കല്‍ അഞ്ചു മണിക്കൂര്‍ നീണ്ടു. മണി അന്വേഷണത്തോട് പൂര്‍ണമായി സഹകരിച്ചതായി പത്മകുമാര്‍ പറഞ്ഞു. അന്വേഷണസംഘം ആവശ്യപ്പെട്ടാല്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാകുമെന്ന് മണി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം നല്‍കി.

മണിയെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പത്മകുമാര്‍ പറഞ്ഞു. പറഞ്ഞ വിവരങ്ങളുടെ നിജസ്ഥിതി പരിശോധിക്കും. മറ്റ് സാക്ഷികളുമായും ബന്ധപ്പെടും. ആവശ്യമെങ്കില്‍ വീണ്ടും ചോദ്യംചെയ്യും. അറസ്റ്റ് അന്വേഷണത്തിന്റെ പ്രത്യേകഘട്ടത്തിലെടുക്കേണ്ട തീരുമാനമാണ്. അത് ആവശ്യമുണ്ടോ എന്ന് അപ്പോള്‍ മാത്രമേ പറയാനാവൂ എന്നും ഐജി പറഞ്ഞു. എം എം മണി അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരാകാതെ ഒളിവിലായിരുന്നു എന്നത് മാധ്യമ പ്രചാരണം മാത്രമായിരുന്നെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ എംഎല്‍എ പറഞ്ഞു. ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചപ്പോള്‍ ഹാജരായി. സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യുന്നതിന് സാവകാശം ആവശ്യപ്പെട്ട മണിയേയോ പാര്‍ടിയേയോ അഭിഭാഷകരേയോ പൊലീസ് അപേക്ഷ നിരാകരിച്ച കാര്യം അറിയിച്ചിരുന്നില്ല. എന്നാല്‍ ചൊവ്വാഴ്ച മണിയുടെ വീട്ടില്‍ എത്തിയ പൊലീസ് ഇക്കാര്യം അറിയിച്ച് ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടു. ഇതുപ്രകാരമാണ് ബുധനാഴ്ച രാവിലെ പത്തിന് ഡിവൈഎസ്പി ഓഫീസില്‍ എത്തിയത്. മണി മൂന്നാറില്‍ ഒളിവിലായിരുന്നുവെന്ന വാര്‍ത്ത കൊടുത്തവര്‍ അക്കാര്യം നേരിട്ട് അന്വേഷിക്കുകയായിരുന്നു വേണ്ടിയിരുന്നത്. മണിയെ ഒളിവില്‍ താമസിപ്പിക്കാന്‍ പാര്‍ടി ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നോ എന്നു ചോദിച്ചപ്പോള്‍ "നിങ്ങള്‍ സിപിഐ എം ജില്ലാ കമ്മിറ്റിയില്‍ പങ്കെടുത്തവരല്ലെ. അപ്പോള്‍ തെറ്റാന്‍ വഴിയില്ലല്ലോ" എന്ന് ജയചന്ദ്രന്‍ പരിഹസിച്ചു.

ഒളിവിലായിരുന്നില്ല: എം എം മണി

തൊടുപുഴ: താന്‍ ഒളിവിലായിരുന്നില്ലെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം എം മണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സൗഹൃദ അന്തരീക്ഷത്തിലായിരുന്നു ചോദ്യംചെയ്യല്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ മാറിമാറി ചോദ്യങ്ങള്‍ ചോദിച്ചു. അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞു. ആവശ്യമെങ്കില്‍ ചോദ്യംചെയ്യലിന് ഇനിയും വിളിക്കുമെന്നറിയിച്ചു. എപ്പോള്‍ വേണമെങ്കിലും ഹാജരാകാമെന്ന് മറുപടി നല്‍കിയിട്ടുണ്ടെന്നും മണി പറഞ്ഞു.

deshabhimani 050712

1 comment:

  1. പ്രസംഗത്തിലെ പരാമര്‍ശങ്ങളുടെ പേരില്‍ തനിക്കെതിരെ നടത്തുന്ന പോലീസ് അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സി പി ഐ എം ഇടുക്കി ജില്ലാ മുന്‍സെക്രട്ടറി എം എം മണി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.

    കോടതി തീര്‍പ്പാക്കിയ രണ്ട് കൊലക്കേസുകളില്‍ പ്രസംഗം മുന്‍നിര്‍ത്തി തുടരന്വേഷണത്തിന് ഉത്തരവിടാന്‍ മജിസ്ട്രേട്ട് കോടതിയ്ക്ക് അധികാരമില്ലെന്ന് ഹര്‍ജിയില്‍ വാദിക്കുന്നു. അതേസമയം സര്‍ക്കാരിന്റെ വാദം കേള്‍ക്കാതെ കേസില്‍ തീരുമാനം എടുക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തടസഹര്‍ജി (കവിയത്) നല്‍കി.

    ReplyDelete