Wednesday, July 11, 2012

കെഎസ്ഡിപിയില്‍ ലീഗുകാര്‍ക്ക് അനധികൃത നിയമനം


ആലപ്പുഴ: പൊതുമേഖലാ ഔഷധ നിര്‍മാണസ്ഥാപനമായ കെഎസ്ഡിപിയില്‍ സംവരണതത്വങ്ങളെല്ലാം അട്ടിമറിച്ച് ലീഗ് അനുഭാവികളെ നിയമിച്ചു. പേഴ്സണല്‍ മാനേജര്‍, സ്റ്റോര്‍ കീപ്പര്‍, മൈക്രോബയോളജിസ്റ്റ് എന്നീ തസ്തികകളിലാണ് അനധികൃത നിയമനം. താല്‍ക്കാലിക തസ്തികകളിലേക്ക് വകുപ്പ് മേധാവികള്‍ ഇന്റര്‍വ്യൂ വഴി നിയമനം നടത്താറാണ് പതിവ്. എന്നാല്‍ ഇക്കുറി ലീഗ് നിയമിച്ച ചെയര്‍മാന്‍ നേരിട്ടാണ് ലീഗ് അനുഭാവികളെ മാത്രം നിയമിച്ചത്. നാലു വര്‍ഷമായി ഇവിടെ ജോലിചെയ്യുന്ന വികലാംഗരെയും കമ്പനിയുടെ സമീപവാസികളെയും പിരിച്ചുവിടാന്‍ നീക്കമുണ്ടന്നും അറിയുന്നു. ഇവരില്‍ ചിലരോട് അടുത്ത ദിവസം മുതല്‍ ജോലിക്ക് വരേണ്ടെന്ന് അധികൃതര്‍ വാക്കാല്‍ പറഞ്ഞു.

മുന്‍ എല്‍ഡിഎഫ് ഭരണകാലത്ത് ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കെഎസ്ഡിപി യുഡിഎഫിന്റെ ഒന്നാം വര്‍ഷം തന്നെ നഷ്ടത്തിലേക്ക് മൂക്കുകുത്തി. എല്‍ഡിഎഫ് ഭരണകാലത്ത് പ്രതിവര്‍ഷം 40 കോടിയുടെ മരുന്നിന്റെ ഓര്‍ഡര്‍ നല്‍കിയിരുന്നു. 36 കോടി രൂപ മുടക്കി കമ്പനി നവീകരിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ വര്‍ഷം യുഡിഎഫ് സര്‍ക്കാര്‍ 7.29 കോടിയുടെ ഓര്‍ഡര്‍ മാത്രാണ് നല്‍കിയത്. ഇതുമൂലം മരുന്നുകള്‍ കമ്പനിയില്‍ കെട്ടിക്കിടക്കുകയാണ്. കമ്പനിയെ വീണ്ടും തകര്‍ച്ചയിലേക്ക് തള്ളിവിടുന്ന നിയമനങ്ങള്‍ക്കും നയത്തിനും എതിരെ കെഎസ്ഡിപി എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) പ്രക്ഷോഭം ആരംഭിക്കും. ആരോഗ്യവകുപ്പിന് വേണ്ട മരുന്നുകള്‍ കെഎസ്ഡിപിയില്‍ നിന്ന് വാങ്ങാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് യൂണിയന്‍ പ്രസിഡന്റ് അഡ്വ. കെ പ്രസാദും ജനറല്‍ സെക്രട്ടറി അഡ്വ. കെ ആര്‍ ഭഗീരഥനും ആവശ്യപ്പെട്ടു.

deshabhimani 110712

No comments:

Post a Comment