Wednesday, July 11, 2012

അധ്യാപകര്‍ കൂട്ടമായി പരിശീലനത്തിന് അധ്യയനം താളംതെറ്റും


അശാസ്ത്രീയമായ അധ്യാപക പരീശീലന രീതി നടപ്പാക്കാനൊരുങ്ങുന്നതോടെ സ്കൂളുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഒന്നര ലക്ഷത്തോളം അധ്യാപകര്‍ക്കാണ് 23മുതല്‍ പരിശീലനം തുടങ്ങുന്നത്. അധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍തന്നെ അധ്യാപകര്‍ കൂട്ടമായി പരിശീലനത്തിനുപോകുന്നതോടെ പഠനപ്രവര്‍ത്തനം താളംതെറ്റും. കഴിഞ്ഞവര്‍ഷംവരെ നിലവിലുണ്ടായിരുന്ന ക്ലസ്റ്റര്‍ പരിശീലനവും അവധിക്കാല പരിശീലനവും നിര്‍ത്തിയാണ് പുതിയ രീതി നടപ്പാക്കാന്‍ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചത്. ഇതുപ്രകാരം മൂന്നു ഘട്ടമായി 50 ദിവസമാണ് പരിശീലനം. ആദ്യഘട്ടം പത്തുദിവസവും പിന്നീട് രണ്ടുതവണയായി 20 ദിവസവും. സ്കൂളുകളിലെ 10 ശതമാനംവീതം അധ്യാപകര്‍ക്ക് ഘട്ടംഘട്ടമായി പരിശീലനംനല്‍കുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍, ഹൈസ്കൂള്‍ മേഖലയില്‍ ഏതു വിഷയത്തിലുള്ളവര്‍ക്കാണ് പരിശീലനമെന്ന് വ്യക്തമാക്കിയിട്ടില്ല. ആദ്യ പത്തുദിവസം പതിനായിരം അധ്യാപകര്‍ക്കുവീതം ജില്ലാതലത്തില്‍ പരിശീലനംനല്‍കും. ഇവരെ പരിശീലിപ്പിക്കാന്‍ 1000 അധ്യാപകരെയും നിയമിക്കേണ്ടിവരും. അധ്യയനവര്‍ഷം മുഴുവന്‍ വിവിധ ഘട്ടങ്ങളിലായി അധ്യാപകര്‍ പരിശീലനത്തിനു പോകുന്നത് അധ്യയനത്തെ ബാധിക്കും.

അധ്യാപകരെ പരിശീലനത്തിന് അയക്കുന്ന കാലയളവില്‍ അധ്യാപക ബാങ്കിലുള്ളവരെ വിന്യസിക്കുമെന്നായിരുന്നു അധ്യാപക പാക്കേജിലെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്. എന്നാല്‍, ഇതേക്കുറിച്ച് ഒരറിയിപ്പും സ്കൂളുകളില്‍ എത്തിയിട്ടില്ല. അധ്യാപക ബാങ്ക് സംബന്ധിച്ച് സര്‍ക്കാരിനുതന്നെ വ്യക്തതയില്ല. അധ്യാപക ബാങ്കില്‍ 1200-ഓളം പേരാണ് ബാക്കിയുള്ളത്. 10,000-ഓളം അധ്യാപകര്‍ക്ക് പരിശീലനം നല്‍കുമ്പോള്‍ പകരക്കാരായി ഇത്രപേരെ മാത്രം നിയോഗിച്ച് അധ്യയനം തുടരാനാകില്ല. പത്തുവര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തവണ പരിശീലനമില്ലാതെ അധ്യാപകര്‍ സ്കൂളിലെത്തിയത്. സ്വകാര്യ സ്കൂളുകള്‍ക്ക് നിര്‍ബാധം എന്‍ഒസി നല്‍കുന്ന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സമ്പ്രദായം അട്ടിമറിക്കാനാണ് ഇത്തരം നീക്കം നടത്തുന്നതെന്നാണ് ആരോപണം. പകരം അധ്യാപകരെ നിയമിക്കാതെ പരിശീലനത്തിന് പോകില്ലെന്ന് കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ എന്‍ സുകുമാരന്‍ പറഞ്ഞു.
  (ബിജു കാര്‍ത്തിക്)

deshabhimani 110712

No comments:

Post a Comment