Thursday, July 5, 2012

എന്‍ഡിഎഫുകാര്‍ ഭീഷണിപ്പെടുത്തിയ പെണ്‍കുട്ടിയെ എംഎസ്എഫുകാര്‍ ക്രൂരമായി ആക്രമിച്ചു

കാസര്‍കോട് ഗവ. കോളേജില്‍ കഴിഞ്ഞദിവസം ലീഗ്- എന്‍ഡിഎഫ് വധഭീഷണിക്കും അസഭ്യവര്‍ഷത്തിനുമിരയായ മാഗസിന്‍ എഡിറ്ററും എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗവുമായ ഖദീജത്ത് സുഹൈലയെ എംഎസ്എഫുകാര്‍ ക്രൂരമായി ആക്രമിച്ചു. കടന്നുപിടിച്ച് തലക്കടിച്ചു വീഴ്ത്തിയ അക്രമിസംഘം ഈ ഇരുപതുകാരിയുടെ വയറ്റത്ത് ആഞ്ഞു ചവിട്ടുകയും ചെയ്തു. എസ്എഫ്ഐ ജില്ലാകമ്മിറ്റിയംഗം കെ വി സ്നേഹ (20) ഉള്‍പ്പെടെ കൂടെയുണ്ടായിരുന്ന മറ്റു രണ്ടു പെണ്‍കുട്ടികള്‍ക്കും അക്രമം തടയാന്‍ ശ്രമിച്ച നാല് ആണ്‍കുട്ടികള്‍ക്കും പരിക്കേറ്റു. എം സുമ (20), എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി പി ശ്രീജിത്ത് (23), പ്രസിഡന്റ് സി സനത്ത് (20), ഇ എം രാഹുല്‍ (21), സി എച്ച് പ്രവീണ്‍ (18) എന്നിവര്‍ക്കാണ് പരിക്ക്. എല്ലാവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഏറെക്കാലമായി മതമൗലികവാദ സംഘടനകളുടെ ഭീഷണി നേരിടുന്ന ഖദീജത്ത് സുഹൈലയെ ചൊവ്വാഴ്ച എംഎസ്എഫ് മുന്‍ ജില്ലാപ്രസിഡന്റിന്റെ നേതൃത്വത്തില്‍ പുറത്തുനിന്നെത്തിയ എന്‍ഡിഎഫ് സംഘം കേട്ടാലറയ്ക്കുന്ന ഭാഷയില്‍ അസഭ്യം പറഞ്ഞ് കൈയേറ്റത്തിനു ശ്രമിച്ചിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെതിരെ ബുധനാഴ്ച ജില്ലയില്‍ എസ്എഫ്ഐ പ്രതിഷേധദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി കോളേജില്‍ നടന്ന പ്രകടനത്തില്‍ പങ്കെടുത്ത സുഹൈലയെ സംഘടിതരായെത്തിയ എംഎസ്എഫുകാര്‍ ആക്രമിക്കുകയായിരുന്നു. സ്നേഹയുടെയും സുമയുടെയും മുഖത്തടിക്കുകയും കൈപിടിച്ച് തിരിക്കുകയും ചെയ്തു. അക്രമം തടയാന്‍ ശ്രമിച്ച എസ്എഫ്ഐ നേതാക്കളെ സൈക്കിള്‍ ചെയിന്‍, ഇടിക്കട്ട തുടങ്ങിയ മാരകായുധങ്ങളുമായാണ് നേരിട്ടത്. ശ്രീജിത്തിനെയും സനത്തിനെയും തലക്ക് ഇടിക്കട്ടകൊണ്ടു കുത്തിവീഴ്ത്തി. പ്രകടനത്തില്‍ ഭൂരിഭാഗവും വിദ്യാര്‍ഥിനികളായിരുന്നു. സാരമായി പരിക്കേറ്റ സുഹൈല തീര്‍ത്തും അവശയാണ്. മറ്റു രണ്ടു പെണ്‍കുട്ടികളുടെ കൈ നീരുവന്ന് അനക്കാനാവുന്നില്ല.

കോളേജിലെ എംഎസ്എഫ് നേതാക്കളായ അര്‍ഷാദ്, നവാസ്, സത്താര്‍, മുര്‍ഷിദ്, ഉമ്മര്‍, ഫയാസ് ഷെബീര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. വിവരമറിഞ്ഞ് എസ്ഐ രവീന്ദ്രന്റെ നേതൃത്വത്തില്‍ പൊലീസ് കോളേജില്‍ എത്തിയെങ്കിലും അക്രമികളെ പിടിക്കാന്‍ തയ്യാറായില്ല. ലാത്തിവീശി അക്രമികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുകയായിരുന്നു. ചൊവ്വാഴ്ച പുറത്തുനിന്നെത്തിയ സംഘം കാമ്പസില്‍ അക്രമം കാണിച്ചതിനെതിരെ വ്യാപക പ്രതിഷേധമുയരുന്നതിനിടെയാണ് വീണ്ടും അക്രമമുണ്ടായത്. സുഹൈല ചൊവ്വാഴ്ച എസ്പിക്കും വനിതാസെല്ലിലും പ്രിന്‍സിപ്പലിനും പരാതി നല്‍കിയെങ്കിലും പൊലീസ് നടപടിയെടുത്തില്ല. നടപടിയാവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

അക്രമം പെണ്‍കുട്ടികള്‍ക്കുനേരെ എംഎസ്എഫ് കാടത്തം: ഗവ. കോളേജിന്റെ പഠനാന്തരീക്ഷം തകര്‍ക്കുന്നു

കാസര്‍കോട്: കാസര്‍കോട് ഗവ. കോളേജില്‍ എംഎസ്എഫ് തേര്‍വാഴ്ച. കോളേജില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് എംഎസ്എഫ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ മൂന്ന് വിദ്യാര്‍ഥിനികള്‍ക്കടക്കം ഏഴ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. എംഎസ്എഫ് ക്രിമിനല്‍ സംഘത്തിന്റെ അക്രമം കോളേജിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുകയാണ്. ഇതുവരെ ആണ്‍കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമെതിരെയായിരുന്നു ഇവരുടെ പരാക്രമമെങ്കില്‍ ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്കു നേരെയും തിരിഞ്ഞു. കോളേജിന്റെ മാഗസിന്‍ എഡിറ്ററും എസ്എഫ്ഐ ജില്ലാകമ്മിറ്റി അംഗവുമായ ഖദീജത്ത് സുഹൈലയെ ചൊവ്വാഴ്ച പുറത്തുനിന്നെത്തിയ പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദസംഘം ഭീഷണിപ്പെടുത്തി കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തെയാണ് എംഎസ്എഫ് എന്നുപറഞ്ഞ് നടക്കുന്നവര്‍ ആക്രമിച്ചത്. പോപ്പുലര്‍ ഫ്രണ്ടും എംഎസ്എഫും ഒന്നാണെന്ന് തെളിയിക്കുന്ന അക്രമമാണ് ബുധനാഴ്ചയുണ്ടായത്. സംഘടനാ പ്രവര്‍ത്തനത്തിലേക്ക് വരുന്ന പെണ്‍കുട്ടികളെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാണ് തീവ്രവാദ സംഘത്തിന്റെ ലക്ഷ്യം. പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത അക്രമത്തിന് നേതൃത്വം നല്‍കുന്നവരെ സംരക്ഷിക്കാന്‍ മുസ്ലിംലീഗ് നേതൃത്വവും പൊലീസും കോളേജിലെ ചില അധ്യാപകരുമുണ്ടെന്നതാണ് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്. പെണ്‍കുട്ടികളെ ആക്രമിച്ചാലും നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്നത് ഭരണകക്ഷിയുടെ പിന്‍ബലത്തില്‍ എന്തും ചെയ്യാമെന്ന അവസ്ഥയാണുണ്ടാക്കുന്നത്.

കാസര്‍കോട് മേഖലയിലെ സംഘര്‍ഷത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മേധാവികള്‍ പറയുമ്പോഴാണ് കോളേജില്‍ തീവ്രവാദസംഘം പരസ്യമായി അഴിഞ്ഞാടുന്നത്. പരാതി കൊടുത്താല്‍പോലും നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറാകുന്നില്ല.

ബുധനാഴ്ച രാവിലെ കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനുനേരെ സംഘടിച്ചെത്തിയ എംഎസ്എഫ് പ്രവര്‍ത്തകര്‍ പ്രകോപനമില്ലാതെ അക്രമം അഴിച്ചുവിടുകയായിരുന്നു. ഓടിയെത്തിയ അക്രമികള്‍ ഖദീജത്തിനെ കടന്നുപിടിച്ച് തലക്കടിച്ച് വയറ്റില്‍ ചവിട്ടി വീഴ്ത്തുകയായിരുന്നു. വിദ്യാര്‍ഥിനിയെ ക്യാമ്പസിനകത്ത് സംഘംചേര്‍ന്ന് ആക്രമിക്കുന്നത് കേരളത്തില്‍ ആദ്യസംഭവമാണ്. അക്രമികളെ തടയാന്‍ ശ്രമിച്ച കാലിന് സ്വാധീനക്കുറവുള്ള എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ശ്രീജിത്തിനെയും പ്രസിഡന്റ് സനത്തിനെയും നിഷ്കരുണം ആക്രമിച്ചു. ഇടിക്കട്ട, സൈക്കിള്‍ ചെയിന്‍, പഞ്ച് തുടങ്ങിയ ആയുധങ്ങളുമായാണ് എംഎസ്എഫുകാര്‍ ക്യാമ്പസിലെത്തിയത്. ശ്രീജിത്തിന്റെ തലയില്‍ നാലും സനത്തിന്റെ തലയില്‍ ഏഴും തുന്നലുണ്ട്. എംഎസ്എഫ് പ്രവര്‍ത്തകരായ അര്‍ഷാദ്, ഖാദര്‍ പാലോത്തിന്റെ മകന്‍ നവാസ്, സത്താര്‍, മുര്‍ഷിദ്, ഉമ്മര്‍, ഫയാസ് ഷെബീര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. പൊലീസെത്തുന്ന സമയത്തും ക്യാമ്പസില്‍ അക്രമികളുണ്ടായിരുന്നു. പൊലീസ് ലാത്തിവീശിയാണ് ഇവരെ ഓടിച്ചത്. കഴിഞ്ഞ അധ്യയന വര്‍ഷവും എംഎസ്എഫുകാര്‍ കോളേജിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ നിരവധി അക്രമം നടത്തിയിരുന്നു. കോളേജ് മാഗസിന്‍ എഡിറ്ററായ ഖദീജത്ത് സുഹൈലയെ മുന്‍ എംഎസ്എഫ് ജില്ലാപ്രസിഡന്റിന്റെ നേതൃത്വത്തില്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതിനെതിരെ ബുധനാഴ്ച എസ്എഫ്ഐ ജില്ലയിലെ ക്യാമ്പസുകളില്‍ പ്രതിഷേധദിനം ആചരിച്ചു. കാസര്‍കോട് ഗവ. കോളേജില്‍ വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കിയാണ് പ്രതിഷേധിച്ചത്. പ്രകടനത്തില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും പെണ്‍കുട്ടികളായിരുന്നു.

അക്രമികളെ ഉടന്‍ പിടിക്കണം: സിപിഐ എം വിദ്യാര്‍ഥിനികള്‍ക്കുനേരെ അക്രമം വ്യാപക പ്രതിഷേധം

കാസര്‍കോട്: കാസര്‍കോട് ഗവ. കോളേജില്‍ മാഗസിന്‍ എഡിറ്റര്‍ ഖദീജത്ത് സുഹൈലയെ സദാചാര പൊലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തുകയും വിദ്യാര്‍ഥിനികളുള്‍പ്പെടെയുള്ളവരെ മര്‍ദിക്കുകയും ചെയ്ത ലീഗ്- എന്‍ഡിഎഫ് പ്രവര്‍ത്തകരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സിപിഐ എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ ആവശ്യപ്പെട്ടു.

ജില്ലയുടെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ സദാചാര പൊലീസ് ചമഞ്ഞ് അക്രമം നടത്തുന്ന ഗുണ്ടാസംഘമാണ് കോളേജിലും കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നത്. എന്‍ഡിഎഫ് ക്രിമിനലുകളും അക്രമികളായ എംഎസ്എഫ് പ്രവര്‍ത്തകരും ചേര്‍ന്ന് കോളേജിലെ പഠന സാഹചര്യം തകര്‍ക്കാന്‍ കുറെ നാളുകളായി ശ്രമിക്കുകയാണ്. വിദ്യാര്‍ഥികളെ മുളകുപൊടി വിതറി ആക്രമിക്കുകയും തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവങ്ങളുമുണ്ടായി. ലീഗ് നേതാക്കളുടെ ഒത്താശയോടെയാണ് അക്രമങ്ങള്‍. ഗവ. കോളേജിനെ തീവ്രവാദികളുടെ കേന്ദ്രമാക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ല. കലാലയങ്ങളെ കുരുതിക്കളമാക്കാനുള്ള നീക്കം ശക്തമായി പ്രതിരോധിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ മുന്നിട്ടിറങ്ങണം. ഭരണത്തിന്റെ മറവില്‍ അക്രമം നടത്തുന്ന തീവ്രവാദികള്‍ക്ക് മൂക്കുകയറിടാന്‍ ലീഗ് നേതൃത്വവും ജനാധിപത്യ വിശ്വാസികളും മുന്നിട്ടിറങ്ങണം. സതീഷ്ചന്ദ്രന്‍ ആവശ്യപ്പെട്ടു.

വിദ്യാര്‍ഥിനികളടക്കമുള്ളവരെ ആക്രമിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ ജില്ലാസെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ഛിദ്രശക്തികള്‍ക്കെതിരെ സമൂഹം പ്രതികരിക്കണമെന്ന് എസ്എഫ്ഐ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. അക്രമത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, എസ്എഫ്ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി സിജി മാത്യു ഉദ്ഘാടനം ചെയ്തു. ഇ പത്മാവതി അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റിയംഗം കെ മണികണ്ഠന്‍, മഹിളാ അസോസിയേഷന്‍ ജില്ലാസെക്രട്ടറി എം ലക്ഷ്മി, പി ശിവപ്രസാദ്, പി പി സിദിന്‍, എന്‍ ഡി വിനീത്, എ വി ശിവപ്രസാദ്, സുഭാഷ് പാടി എന്നിവര്‍ സംസാരിച്ചു. ടി വി രജീഷ്കുമാര്‍ സ്വാഗതം പറഞ്ഞു.

ലീഗ് തീവ്രവാദികളെ പിടിക്കണം: ഡിവൈഎഫ്ഐ

കാസര്‍കോട്: ഗവ. കോളേജ് മാഗസിന്‍ എഡിറ്ററും എസ്എഫ്ഐ നേതാവുമായ ഖദീജത്ത് സുഹൈലയെ കോളേജില്‍ കയറി ഭീഷണിപ്പെടുത്തി കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച ലീഗ് തീവ്രവാദികളെ ഉടന്‍ പിടിക്കണമെന്ന് ഡിവൈഎഫ്ഐ ജില്ലാപ്രസിഡന്റ് മധു മുതിയക്കാലും സെക്രട്ടറി സിജി മാത്യുവും ആവശ്യപ്പെട്ടു. പരിഷ്കൃത സമൂഹത്തില്‍ വിഷലിപ്തമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന തീവ്രവാദ സംഘത്തെ അമര്‍ച്ച ചെയ്യാന്‍ പൊലീസ് തയ്യാറാകണം. ഇവര്‍ക്ക് സംരക്ഷണം നല്‍കുന്ന ലീഗ് നേതൃത്വം പുനരാലോചന നടത്തണം. സ്ത്രീകള്‍ പൊതുരംഗത്തേക്ക് കൂടുതലായി കടന്നുവരുന്ന കാലത്ത് മുസ്ലിം പെണ്‍കുട്ടിക്ക് എസ്എഫ്ഐ പ്രവര്‍ത്തകയാകാന്‍ പാടില്ലെന്ന നിലപാട് അപകടകരമാണ്. ഇത്തരം അക്രമങ്ങള്‍ക്കെതിരെ ജനങ്ങളാകെ മുന്നോട്ടുവരണമെന്നും ജില്ലാകമ്മിറ്റി അഭ്യര്‍ഥിച്ചു. സംഭവത്തില്‍ ഡിവൈഎഫ്ഐ കാസര്‍കോട് ബ്ലോക്ക് കമ്മിറ്റിയും പ്രതിഷേധിച്ചു.

കര്‍ശന നടപടി വേണം: മഹിളാ അസോസിയേഷന്‍

കാസര്‍കോട്: ഗവ. കോളേജ് മാഗസിന്‍ എഡിറ്ററായ പെണ്‍കുട്ടിയെ കോളേജില്‍ കയറി ഭീഷണിപ്പെടുത്തിയ കിരാതര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജനാധിപത്യ മഹിളാഅസോസിയേഷന്‍ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്ക് ഏത് സംഘടനയിലും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ചിലരുടെ താല്‍പര്യത്തിനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂവെന്ന് പറയുന്നതും അല്ലാത്തവരെ കടന്നാക്രമിക്കുന്നതും പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ല. കേട്ടാലറയ്ക്കുന്ന ഭാഷയില്‍ ചീത്തവിളിച്ചാണ് ഇവര്‍ പെണ്‍കുട്ടിയെ നേരിട്ടതെന്നത് സമൂഹം ഗൗരവത്തോടെ കാണണം. ഇത്തരം ക്രിമിനലുകളെ മാതൃകാപരമായി ശിക്ഷിക്കാന്‍ അധികൃതര്‍ തയ്യാറാകണം. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുഴുവന്‍ പ്രതികളെയും ഉടന്‍ പിടിക്കണം. ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കാസര്‍കോട് ഏരിയാകമ്മിറ്റിയും പ്രതിഷേധിച്ചു. പെണ്‍കുട്ടിയെ ഏരിയാസെക്രട്ടറി ജാനകി സന്ദര്‍ശിച്ചു.

deshabhimani 050712

1 comment:

  1. കാസര്‍കോട് ഗവ. കോളേജില്‍ കഴിഞ്ഞദിവസം ലീഗ്- എന്‍ഡിഎഫ് വധഭീഷണിക്കും അസഭ്യവര്‍ഷത്തിനുമിരയായ മാഗസിന്‍ എഡിറ്ററും എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗവുമായ ഖദീജത്ത് സുഹൈലയെ എംഎസ്എഫുകാര്‍ ക്രൂരമായി ആക്രമിച്ചു. കടന്നുപിടിച്ച് തലക്കടിച്ചു വീഴ്ത്തിയ അക്രമിസംഘം ഈ ഇരുപതുകാരിയുടെ വയറ്റത്ത് ആഞ്ഞു ചവിട്ടുകയും ചെയ്തു.

    ReplyDelete