കുമളി: ഒരു പ്രസംഗത്തിനുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ബോണസാണ് തനിക്കെതിരെയുള്ള നാല് കേസെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം എം മണി പറഞ്ഞു. കുമളിയില്‍ സിപിഐ എം നേതൃത്വത്തില്‍ നടന്ന വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിപിഐ എമ്മിനെ സര്‍ക്കാര്‍ വേട്ടയാടുകയാണ്. ചന്ദ്രശേഖരന്‍ വധം കഴിഞ്ഞ് മിനിട്ടുകള്‍ക്കുള്ളില്‍ സിപിഐ എമ്മിനെ കൊലയാളിയായി പ്രഖ്യാപിച്ചു. വധത്തെ സിപിഐ എമ്മിന്റെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ അപലപിച്ചു. നിഷ്ഠൂരമായ സംഭവമായിരുന്നു വധം. പാര്‍ടിക്ക് ഒരു ബന്ധവുമില്ല. ചന്ദ്രശേഖരന്‍ വധം മൂലം നേട്ടമുണ്ടായത് ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കുമാണ്. നഷ്ടം സിപിഐ എമ്മിനും ചന്ദ്രശേഖരന്റെ ഭാര്യ രമയ്ക്കും മകനും ഇവരുടെ പാര്‍ടിയായ ആര്‍എംപിക്കുമാണ്. ചന്ദ്രശേഖരനെ തിരിച്ചുകൊണ്ടുവരാന്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് തയ്യാറുമായിരുന്നു. എന്നാല്‍ മറ്റാരോ ഇതില്‍ നിന്നും പിന്തിരിപ്പിച്ചു. കെ ആര്‍ ഗൗരിയമ്മ, എം വി രാഘവന്‍, എ വി ആര്യന്‍, കെ പിആര്‍ തുടങ്ങി നിരവധി പേര്‍ സിപിഐ എമ്മില്‍ നിന്നും പോയി. ഇവരെ ആരെയും അക്രമിക്കാന്‍ പോയിട്ടില്ല. ഇ പി ജയരാജനെ കൊല്ലാന്‍ തോക്ക് കൊടുത്തുവിട്ടത് രാഘവനാണ്. ഇപ്പോഴും കഴുത്തില്‍ വെടിയുണ്ടയുമായാണ് ജയരാജന്‍ ജീവിക്കുന്നത്.
ചന്ദ്രശേഖരന്‍ വധം പാര്‍ടിയുടെ തലയില്‍ കെട്ടിവച്ച് സിപിഐ എമ്മിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. കോണ്‍ഗ്രസും പത്രങ്ങളും ചാനലുകളും പാര്‍ടിയെ തകര്‍ക്കാന്‍ ആസൂത്രിതമായി ശ്രമിക്കുന്നു. സി എച്ച് അശോകനെ പോലുളള ആദരണീയരായ നേതാക്കളെ കള്ളകേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കുന്നു. പാര്‍ടിയെ തകര്‍ക്കാനുള്ള നീക്കത്തെ ശക്തമായി ചെറുക്കും. സിപിഐ എമ്മിന് പറയാനുള്ളത് എന്താണെന്ന് കേള്‍ക്കാന്‍ ഓരോ പൊതുയോഗങ്ങളിലും ആയിരങ്ങളാണ് പങ്കെടുക്കുന്നത്.
അടിയന്തരാവസ്ഥയില്‍ 13 ദിവസം തന്നെ പൊലീസ് സ്റ്റേഷനിലെ മേശക്കാലില്‍ കൂട്ടിവച്ച് വിലങ്ങ് വച്ചു. പൊലീസുകാരെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. 21 പൊലീസുകാര്‍ നൂറുകണക്കിന് ചോദ്യങ്ങളാണ് അടുത്തിടെ തന്നെ ചോദ്യംചെയ്തപ്പോള്‍ ചോദിച്ചത്. ചോദ്യങ്ങള്‍ തീരുമാനിക്കുന്നത് മനോരമയാണ്. യുഡിഎഫ് ഭരണത്തില്‍ നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം തീവിലയാണ്. ആരോഗ്യ-വിദ്യാഭ്യാസ-പൊതുവിതരണ രംഗങ്ങള്‍ തകര്‍ത്തു. ഇപ്പോള്‍ കൊടുക്കുമെന്ന് പ്രഖ്യാപിക്കുന്ന പട്ടയങ്ങള്‍ എങ്ങനെയുള്ളതാണെന്ന് കണ്ടറിയണം. ഉപാധിരഹിത പട്ടയമാണ് കര്‍ഷകര്‍ക്ക് നല്‍കേണ്ടത്. എന്നാല്‍ സര്‍ക്കാര്‍ ജനങ്ങളെ കുടിയിറക്കാനാണ് ശ്രമിക്കുന്നത്. മുസ്ലീം ലീഗിന്റെ ഇടപെടലുകള്‍ കേരളത്തില്‍ സാമുദായിക ചേരിതിരുവുകള്‍ സൃഷ്ടിച്ചു. ഒന്നേകാല്‍ വര്‍ഷം കൊണ്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ ജനങ്ങള്‍ വെറുത്തെന്നും സര്‍ക്കാര്‍ ഒറ്റപ്പെട്ടെന്നും എം എം മണി പറഞ്ഞു. യോഗത്തില്‍ വി ഐ സിംസണ്‍ അധ്യക്ഷനായി. എന്‍ സദാനന്ദന്‍, കെ എം സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു.
deshabhimani 210712
No comments:
Post a Comment