Saturday, July 21, 2012

മനേസറില്‍നിന്ന് ഗുജറാത്തിലേക്ക് മാരുതി കമ്പനി മാറ്റാന്‍ നീക്കം


ഹരിയാന മനേസറിലെ മാരുതി സുസുക്കി കമ്പനിയില്‍ ഉണ്ടായ തൊഴില്‍സംഘര്‍ഷം മുതലെടുത്ത് കമ്പനി ഗുജറാത്തിലേക്കു മാറ്റാന്‍ നീക്കം. ജപ്പാന്‍ സന്ദര്‍ശിക്കുന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി സുസുക്കി കമ്പനി അധികൃതരുമായി ഇക്കാര്യം ചര്‍ച്ചചെയ്യും. ജപ്പാനിലെ സുസുക്കി അധികൃതര്‍ ഇത് സ്ഥിരീകരിച്ചു. ഇതോടെ മനേസറിലുണ്ടായ സംഘര്‍ഷം ആസൂത്രിതമായിരുന്നു എന്ന സംശയം ബലപ്പെടുകയാണ്. കമ്പനി മാനേജ്മെന്റ് ഗുണ്ടകളെ ഏര്‍പ്പെടുത്തിയതായി തൊഴിലാളിയൂണിയന്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു.
ബുധനാഴ്ചയാണ് കമ്പനിയില്‍ തൊഴിലാളികളും കമ്പനിമാനേജ്മെന്റും തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ദളിത് വിഭാഗത്തില്‍പ്പെട്ട ഒരു തൊഴിലാളിയെ ജാതി വിളിച്ച് ആക്ഷേപിക്കുകയും സസ്പെന്റ് ചെയ്യുകയും ചെയ്ത സൂപ്പര്‍വൈസറുടെ നടപടി തൊഴിലാളികള്‍ ചോദ്യംചെയ്തു. സസ്പെന്‍ഷന്‍ റദ്ദാക്കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് തൊഴിലാളിയൂണിയനും മാനേജ്മെന്റും തമ്മില്‍ നടന്ന ചര്‍ച്ച സംഘര്‍ഷത്തിലേക്കു നീങ്ങുകയായിരുന്നു. പ്രദേശത്ത് വ്യാപിച്ച അക്രമത്തിനിടെ കമ്പനി ഹ്യൂമന്‍ റിസോഴ്സ് മാനേജര്‍ അവനീഷ് കുമാര്‍ ദേവ് കൊല്ലപ്പെട്ടു. വന്‍പൊലീസ് സംഘത്തെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. നൂറോളം തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും തൊഴിലാളികളെ അക്രമിക്കുകയും ചെയ്തു. കമ്പനിയുടെ നിര്‍മാണ പ്രവര്‍ത്തനം ഇതുവരെ പുനരാരംഭിച്ചിട്ടില്ല. എന്നാല്‍ ഉല്‍പ്പാദിപ്പിച്ച കാറുകള്‍ പുറത്തേക്ക് കൊണ്ടുപോവുന്നത് പുനരാരംഭിച്ചു.

മനേസറിലെ തൊഴിലാളിവിരുദ്ധ നടപടി അവസാനിപ്പിക്കണമെന്ന് സിപിഐ എം ഹരിയാന സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. പ്ലാന്റില്‍ പലപ്പോഴും സമരങ്ങള്‍ നടന്നിരുന്നെങ്കിലും തൊഴിലാളികള്‍ അക്രമപ്രവര്‍ത്തനം നടത്തിയിരുന്നില്ല. തൊഴിലാളികളെ അപകീര്‍ത്തിപ്പെടുത്താന്‍ മാനേജ്മെന്റ് ശ്രമിക്കുകയായിരുന്നു. വ്യവസായികളുടെ പ്രിയ സംസ്ഥാനമായി ഗുജറാത്തിനെ ഉയര്‍ത്തിക്കാട്ടാന്‍ നരേന്ദ്രമോഡിയും ഒരുവിഭാഗം കോര്‍പറേറ്റ് മാധ്യമങ്ങളും നിരന്തര പ്രചാരണം നടത്തിവരികയാണ്. കഴിഞ്ഞ ജൂണില്‍ മെഹ്സാനയ്ക്കടുത്ത് മാരുതി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന പ്ലാന്റിന് ഗുജറാത്ത് സര്‍ക്കാര്‍ ഏകദേശം 700 ഏക്കര്‍ ഭൂമി നല്‍കിയിരുന്നു. പ്ലാന്റ് സ്ഥാപിക്കാന്‍ കമ്പനി ഗുജറാത്തില്‍ 4000 കോടി രൂപ നിക്ഷേപിക്കുമെന്ന് കമ്പനി വ്യക്തമാക്കുകയും ചെയ്തു. പുതിയ സംഭവവികാസത്തിന്റെ പശ്ചാത്തലത്തില്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം ഗുജറാത്തിലേക്കു പറിച്ചുനടാനാണ് മാനേജ്മെന്റിന്റെ നീക്കം. 2015ഓടെ ഗുജറാത്തിനെ തങ്ങളുടെ കയറ്റുമതി കേന്ദ്രമാക്കി മാറ്റാനാണു ലക്ഷ്യമിടുന്നതെന്നു സുസുക്കി കമ്പനി ഉദ്യോഗസ്ഥന്‍ ടോക്യോയില്‍ വ്യക്തമാക്കി. പശ്ചിമ ബംഗാളില്‍നിന്ന് സംഘര്‍ഷത്തെ തുടര്‍ന്ന് ടാറ്റയുടെ നാനോ കാര്‍ നിര്‍മാണ ഫാക്ടറിയും ഗുജറാത്തിലേക്ക് മാറ്റിയിരുന്നു.

deshabhimani 210712

1 comment:

  1. ഹരിയാന മനേസറിലെ മാരുതി സുസുക്കി കമ്പനിയില്‍ ഉണ്ടായ തൊഴില്‍സംഘര്‍ഷം മുതലെടുത്ത് കമ്പനി ഗുജറാത്തിലേക്കു മാറ്റാന്‍ നീക്കം. ജപ്പാന്‍ സന്ദര്‍ശിക്കുന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി സുസുക്കി കമ്പനി അധികൃതരുമായി ഇക്കാര്യം ചര്‍ച്ചചെയ്യും. ജപ്പാനിലെ സുസുക്കി അധികൃതര്‍ ഇത് സ്ഥിരീകരിച്ചു. ഇതോടെ മനേസറിലുണ്ടായ സംഘര്‍ഷം ആസൂത്രിതമായിരുന്നു എന്ന സംശയം ബലപ്പെടുകയാണ്.

    ReplyDelete