Monday, July 9, 2012

വ്യാജനിയമനം തടയുന്ന പരിശോധന പിഎസ്സിയില്‍ നിലച്ചു


വ്യാജനിയമനങ്ങള്‍ തടയാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പരിശോധന പിഎസ്സി നടപ്പാക്കുന്നില്ല. വയനാട് കലക്ടറേറ്റിലെ നിയമനത്തട്ടിപ്പിനെതുടര്‍ന്ന് നടപ്പാക്കിയ പരിശോധനയാണ് അഞ്ചുമാസമായി നടക്കാത്തത്.

പിഎസ്സി മുഖേന നിയമനം ലഭിക്കുന്ന ഉദ്യോഗാര്‍ഥിക്ക് നിയമന സ്ഥിരതയും ഇന്‍ക്രിമെന്റടക്കമുള്ള സാമ്പത്തിക ആനുകൂല്യങ്ങളും ലഭിക്കാന്‍ നിയമന പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു. ഇതനുസരിച്ച് മുന്‍കാലങ്ങളില്‍ നല്‍കിയിരുന്ന പൊലീസ് വെരിഫിക്കേഷനുപുറമെ, നിയമനം ലഭിക്കുന്ന വ്യക്തി ജോലിയില്‍ പ്രവേശിച്ചയുടന്‍ സര്‍വീസ് ബുക്കിന്റെ വ്യക്തി വിവരങ്ങളടങ്ങിയ ഭാഗം, വിരലടയാളം തുടങ്ങിയ വിവരങ്ങള്‍ അതത് വകുപ്പില്‍നിന്ന് പിഎസ്സി ഓഫീസിലേക്ക് അയക്കണം. അതിനുശേഷം തിയതി നിശ്ചയിച്ച് അഡൈ്വസ് നല്‍കിയ പിഎസ്സി ഓഫീസിലേക്ക് ഉദ്യോഗാര്‍ഥിയെ വിളിപ്പിക്കും. തിരിച്ചറിയല്‍ രേഖ, ഫോട്ടോ, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ പരിശോധിക്കുകയും നിയമനം ലഭിച്ച വ്യക്തിതന്നെയാണ് ജോലിയില്‍ പ്രവേശിച്ചതെന്ന് ഉറപ്പാക്കുകയും ചെയ്യും. ഇതിനുശേഷമാണ് സര്‍വീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്. പരിശോധന നടപ്പാക്കിയ ഘട്ടത്തില്‍ ഇതിനായി സെക്രട്ടറിയറ്റില്‍ പ്രത്യേക വിങ്ങിനെ നിയോഗിച്ചിരുന്നു.

2010 ഡിസംബര്‍ 14നുശേഷമുള്ള നിയമനങ്ങളില്‍ പരിശോധനയുടെ ചുമതല പിഎസ്സിക്ക് നല്‍കി. അഞ്ചു മാസമായി പിഎസ്സി ഓഫീസുകളില്‍ ഈ പരിശോധന നടന്നിട്ടില്ല. ജീവനക്കാരുടെ കുറവും പ്രത്യേക സെക്ഷനുകള്‍ അനുവദിക്കാത്തതുംമൂലമാണ് പരിശോധന മുടങ്ങിയതെന്ന് പറയുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ അനാസ്ഥയാണ് മുഖ്യ കാരണം. പരിശോധന നടക്കാത്തതിനാല്‍ ജോലിയില്‍ പ്രവേശിച്ചവരുടെ നിയമനസ്ഥിരതയും ആനുകൂല്യങ്ങളും അനിശ്ചിതത്വത്തിലാണ്.

deshabhimani 090712

1 comment:

  1. വ്യാജനിയമനങ്ങള്‍ തടയാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പരിശോധന പിഎസ്സി നടപ്പാക്കുന്നില്ല. വയനാട് കലക്ടറേറ്റിലെ നിയമനത്തട്ടിപ്പിനെതുടര്‍ന്ന് നടപ്പാക്കിയ പരിശോധനയാണ് അഞ്ചുമാസമായി നടക്കാത്തത്.

    ReplyDelete