Friday, July 6, 2012

ഐസ്ക്രീംപാര്‍ലര്‍ പെണ്‍വാണിഭ അട്ടിമറി കേസ്: വഴിവിട്ട നീക്കങ്ങള്‍ക്ക് തിരിച്ചടി


ഐസ്ക്രീംപാര്‍ലര്‍ പെണ്‍വാണിഭ അട്ടിമറി കേസ് അന്വേഷണറിപ്പോര്‍ട്ടിലുള്ള സുപ്രീംകോടതി വിധി യുഡിഎഫ് സര്‍ക്കാരിന്റെ വഴിവിട്ടനീക്കങ്ങള്‍ക്ക് തിരിച്ചടി. അന്വേഷണ റിപ്പോര്‍ട്ടിന്റെ കോപ്പി പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് ലഭിക്കാന്‍ അവകാശമുണ്ടെന്നു കാട്ടിയുള്ള വിധി കേസ് എഴുതിത്തള്ളാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ക്കും താക്കീതാണ്. സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചതോടെ കേസ് വീണ്ടും സജീവചര്‍ച്ചയാവും. അന്വേഷണം അവസാനിപ്പിച്ച് കേസ് എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം ജൂണ്‍ 14ന്് കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ കേസ് വെള്ളിയാഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ് സുപ്രീംകോടതി ഇടപെടല്‍ വന്നത്. കേസ് എഴുതിത്തള്ളരുതെന്നാവശ്യപ്പെട്ട് ഹര്‍ജിയുമായി വി എസും വെള്ളിയാഴ്ച കോഴിക്കോട് കോടതിയില്‍ എത്തുന്നുണ്ട്. നേരത്തെ അഭിഭാഷകന്‍ മുഖേന ഹര്‍ജി നല്‍കിയ വി എസിനോട് നേരിട്ട് ഹാജരാകാന്‍ മജിസ്ട്രേട്ട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണിത്.

ഐസ്ക്രീംകേസ് അട്ടിമറി സംബന്ധിച്ച് അന്വേഷിച്ച പ്രത്യേകസംഘം കേസ് ഡയറിയും അന്തിമാന്വേഷണറിപ്പോര്‍ട്ടും ഹൈക്കോടതിക്ക് കൈമാറിയിരുന്നു. കേസ് അട്ടിമറിക്കുന്നതായി ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് നല്‍കിയ ഹര്‍ജിയിലായിരുന്നു ഈ നടപടി. റിപ്പോര്‍ട്ടിന്റെ കോപ്പി ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാരിന്റെ തടസ്സവാദം അംഗീകരിച്ച് കോടതി റിപ്പോര്‍ട്ട് നല്‍കിയില്ല. തുടര്‍ന്നാണ് പ്രതിപക്ഷനേതാവ് സുപ്രീംകോടതിയിലെത്തിയത്. പൊതുപ്രവര്‍ത്തകനെന്ന നിലയിലും കേസില്‍ സജീവമായി ഇടപെട്ട വ്യക്തിയെന്ന വിധത്തിലും റിപ്പോര്‍ട്ടിന് അവകാശമുണ്ടെന്നാണ് കോടതി പറഞ്ഞത്. ഭരണസ്വാധീനവും പണവുമുപയോഗിച്ച് തേച്ചുമായ്ച്ച കേസില്‍ നീതിനടപ്പിലാക്കാനുള്ള നേരിയ സാധ്യതകളാണ് ഇതോടെ വീണ്ടും തെളിയുന്നത്.

മുസ്ലിംലീഗ് നേതാവും മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി ജഡ്ജിമാര്‍ക്കും ഇരകള്‍ക്കും പണം നല്‍കി ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് അട്ടിമറിച്ചെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു കേസെടുത്തത്. കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ബന്ധു കെ എ റൗഫാണ്, കേസില്‍ വിധി അനുകൂലമാക്കാന്‍ പണവും അധികാരവുമുപയോഗിച്ചുവെന്ന വിവരം പുറത്തുവിട്ടത്. ഇതില്‍ താനും പങ്കാളിയാണെന്നും റൗഫ് വെളിപ്പെടുത്തിയിരുന്നു. 2011 ജനുവരി 28 ന് കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തിലായിരുന്നു ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍. തുടര്‍ന്ന് അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഫെബ്രുവരി 28ന് എഡിജിപി വിന്‍സന്‍ എം പോള്‍ തലവനായി പ്രത്യേകാന്വേഷണസംഘം രൂപീകരിച്ചു. ഇന്നത്തെ എഐജി അനൂപ് കുരുവിള ജോണ്‍, എസ്പി പി വിജയന്‍, ഡിവൈഎസ്പിമാരായ ജയ്സണ്‍ കെ അബ്രഹാം, വേണുഗോപാല്‍ എന്നിവരായിരുന്നു സംഘത്തില്‍. റൗഫിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കോഴിക്കോട് ടൗണ്‍പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നൂറിലേറെ സാക്ഷികളെ വിസ്തരിച്ചു. 150 ഓളം തെളിവുകളും രേഖകളും പരിശോധിച്ചു. പീഡനത്തിനിരയായ റജീന, റജുല, ബിന്ദു എന്നിവരെയും ചോദ്യംചെയ്തു. കുഞ്ഞാലിക്കുട്ടിയെ മൂന്നുതവണ ചോദ്യംചെയ്തു. ആരോപണവിധേയരായ ജസ്റ്റിസുമാരായ പി നാരായണക്കുറുപ്പ്, കെ തങ്കപ്പന്‍ എന്നിവരില്‍നിന്നും തെളിവെടുത്തു. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ തെളിവില്ലെന്ന വാദവുമായി കേസ് ചവറ്റുകൊട്ടയിലിടാനുള്ള റിപ്പോര്‍ട്ടാണ് കോടതിക്ക് കൈമാറിയത്.

ഇരകള്‍ക്ക് പണം ലഭിച്ചതായി അന്വേഷണറിപ്പോര്‍ട്ട്

കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് അട്ടിമറിക്കാന്‍ സാക്ഷികളും ഇരകളുമായ യുവതികള്‍ക്ക് പണം നല്‍കിയതായി പ്രത്യേകാന്വേഷണസംഘം. കേസ് അട്ടിമറിച്ച കോടതിവിധി കോടതിക്ക് പുറത്തുനിന്നാണ് എഴുതിയതെന്നും അന്വേഷണസംഘം കോഴിക്കോട് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് അട്ടിമറിച്ചതില്‍ അഴിമതിയുണ്ടെങ്കിലും അതിന് തെളിവില്ലെന്ന വിചിത്രമായ വാദവും റിപ്പോര്‍ട്ടിലുണ്ട്. തെളിവില്ലാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കുകയാണെന്നും എഴുതിത്തള്ളണമെന്നുമാണ് റിപ്പോര്‍ട്ട്. 215 പേജുള്ള റിപ്പോര്‍ട്ട് വാര്‍ത്താചാനലുകള്‍ പുറത്തുവിട്ടു. റജീനയടക്കമുള്ളവര്‍ക്ക് വന്‍തോതില്‍ സാമ്പത്തികസഹായം ലഭിച്ച കാര്യം റിപ്പോര്‍ട്ടിലുണ്ടെന്ന് ജൂണ്‍ 20-ന് "ദേശാഭിമാനി" പുറത്തുവിട്ടിരുന്നു.

ജൂണ്‍ 14-നാണ് പ്രത്യേകാന്വേഷണസംഘം ഡിവൈഎസ്പി ജയ്സണ്‍ കെ അബ്രഹാം കോഴിക്കോട് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പീഡനത്തിനിരയായ റജീന, റജുല, റോസലിന്‍, ബിന്ദു എന്നിവര്‍ക്കെല്ലാം ലക്ഷങ്ങള്‍ ലഭിച്ചു. ചേളാരി സ്വദേശി ഷെരീഫും പി കെ കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാ സഹോദരീഭര്‍ത്താവ് കെ എ റൗഫും ചേര്‍ന്നാണ് പണം നല്‍കിയത്. റജീനക്ക് ലക്ഷങ്ങളുടെ സ്വത്തും വാഹനവുമുണ്ട്. ഇത് എങ്ങനെ കിട്ടിയെന്ന് കണ്ടെത്താനായില്ല. പണം നല്‍കിയതിന് രേഖാപരമായ തെളിവുമില്ല. എവിടെവെച്ച് പണംനല്‍കിയെന്നതിനും തെളിവില്ലെന്നാണ് പൊലീസ് പറയുന്നത്. കേസ് ഒതുക്കാന്‍ പി ശശിയെ സമീപിച്ചെന്ന വാര്‍ത്ത ചോദ്യംചെയ്യലില്‍ പി കെ കുഞ്ഞാലിക്കുട്ടി നിഷേധിച്ചിട്ടുണ്ട്.

കോടതിക്ക് പുറത്താണ് ഐസ്ക്രീം കേസിന്റെ വിധി എഴുതിയെന്നതിന് സൂചനയുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ മറ്റൊരു പരാമര്‍ശം. എറണാകുളത്തെ ഹോട്ടലിലായിരുന്നു വിധി തയ്യാറാക്കിയത്. വിധിയില്‍ വെട്ടുംതിരുത്തും കണ്ടെത്തി. എന്നാല്‍ വിധി തയ്യാറാക്കി തിരുത്ത് വരുത്തിയെന്ന ആരോപണത്തിന് വിധേയനായ അഡ്വ. അനില്‍ തോമസ് കൈപ്പട പരിശോധനക്ക് വിസമ്മതിച്ചെന്ന നിസ്സഹായതയാണ് പൊലീസ് പ്രകടിപ്പിച്ചത്. ജസ്റ്റിസുമാരായ കെ നാരായണക്കുറുപ്പ്, കെ തങ്കപ്പന്‍ എന്നിവര്‍ക്ക് കോഴ നല്‍കിയെന്നതിനും തെളിവില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കോഴിക്കോട് ചാലപ്പുറത്ത് വാടകക്കെടുത്ത വീട്ടില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികളെ താമസിപ്പിച്ച് സാക്ഷിമൊഴി പഠിപ്പിച്ചതായും കണ്ടെത്തി. അഡ്വ. സി എം രാജനാണ് സാക്ഷികളെ മൊഴി പഠിപ്പിച്ചത്. എന്നാല്‍ ഈ വീട്ടില്‍ കുഞ്ഞാലിക്കുട്ടി വന്നതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കെ എ റൗഫ് കഴിഞ്ഞവര്‍ഷം ജനുവരി 28-ന് നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് പ്രത്യേകാന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങിയത്. റൗഫ് ഉന്നയിച്ച പല ആരോപണങ്ങളും റിപ്പോര്‍ട്ടില്‍ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം കണ്ടെത്തിയ പൊലീസ് കേസെടുക്കാനും തുടരന്വേഷണത്തിനും തെളിവില്ലെന്ന വിചിത്രവാദമാണ് ഉയര്‍ത്തിയിരിക്കുന്നത്.

deshabhimani 060712

1 comment:

  1. ഐസ്ക്രീംപാര്‍ലര്‍ പെണ്‍വാണിഭ അട്ടിമറി കേസ് അന്വേഷണറിപ്പോര്‍ട്ടിലുള്ള സുപ്രീംകോടതി വിധി യുഡിഎഫ് സര്‍ക്കാരിന്റെ വഴിവിട്ടനീക്കങ്ങള്‍ക്ക് തിരിച്ചടി. അന്വേഷണ റിപ്പോര്‍ട്ടിന്റെ കോപ്പി പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് ലഭിക്കാന്‍ അവകാശമുണ്ടെന്നു കാട്ടിയുള്ള വിധി കേസ് എഴുതിത്തള്ളാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ക്കും താക്കീതാണ്.

    ReplyDelete