Friday, July 6, 2012

ശ്രീധരനെ നോക്കുകുത്തിയാക്കും; അഴിമതിക്ക് കളമൊരുങ്ങി


കൊച്ചി മെട്രോ പദ്ധതിയുടെ നേതൃത്വം ഡിഎംആര്‍സിക്കും ഇ ശ്രീധരനുമായിരിക്കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും പദ്ധതിയില്‍ ഇവരുടെ സ്ഥാനം എന്തായിരിക്കുമെന്നു വ്യക്തമാക്കാത്തതില്‍ ദുരൂഹത. ഇ ശ്രീധരനെ നോക്കുകത്തിയാക്കി വന്‍ അഴിമതിക്ക് കളമൊരുക്കാനാണ് നീക്കമെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. മെട്രോയുടെ ജനറല്‍ കണ്‍സല്‍ട്ടന്റായിമാത്രമേ പദ്ധതിയില്‍ സഹകരിക്കൂവെന്ന് ഡിഎംആര്‍സിയും ഇ ശ്രീധരനും അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ആ സ്ഥാനത്ത് ഡിഎംആര്‍സിയും ഇ ശ്രീധരനും ഉണ്ടായിരിക്കുമെന്ന് സംസ്ഥാന സര്‍ക്കാരോ മുഖ്യമന്ത്രിയോ ഇതുവരെ പറഞ്ഞിട്ടുമില്ല.

ആഗോള ടെന്‍ഡറില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് കൊച്ചി മെട്രോ എംഡി ടോം ജോസ് ശ്രീധരന് കത്തെഴുതിയതിനെത്തുടര്‍ന്നുണ്ടായ വിവാദത്തിനിടെയാണ് കൊച്ചി മെട്രോ ഡിഎംആര്‍സിയെ ഏല്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി ആദ്യം പറഞ്ഞത്. ടെന്‍ഡര്‍ നടപടിമുതല്‍ ഡിസൈനും നിര്‍മാണച്ചുമതലയുംവരെയുള്ള ജനറല്‍ കണ്‍സള്‍ട്ടന്റായി ഡിഎംആര്‍സി വരുന്നതില്‍ യുഡിഎഫിലെ പ്രമുഖ കക്ഷിക്ക് എതിര്‍പ്പുണ്ട്. ഡിഎംആര്‍സിയെ പരിമിതമായ അധികാരങ്ങളോടെ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നാണ് ഇവര്‍ പറയുന്നത്. വിദേശത്തുനിന്ന് സാധനങ്ങള്‍ വാങ്ങുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് കെഎംആര്‍എല്ലിനെ തന്നെ ചുമതലപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം. കോടികളുടെ കമ്മീഷന്‍ മറിയുന്ന ഏര്‍പ്പാടായതിനാല്‍ ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം തുടരുന്നുണ്ട്. ഇതാണ് അഞ്ചുമാസം പിന്നിട്ടിട്ടും സര്‍ക്കാരിന് തീരുമാനമെടുക്കാനാകാത്തത്. ശ്രീധരനും ഡിഎംആര്‍സിയും ജനറല്‍ കണ്‍സള്‍ട്ടന്റായിത്തന്നെ കൊച്ചി മെട്രോയില്‍ സഹകരിക്കുമെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പിച്ച് പറയാനാകാത്തതും അതുകൊണ്ടാണ്.

അതേസമയം, കേന്ദ്രപ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിക്കുന്ന കെഎംആര്‍എല്‍ ബോര്‍ഡിന്റെ എംഡി സ്ഥാനം ശ്രീധരനു നല്‍കണമെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ടോം ജോസിനെ ആ സ്ഥാനത്ത് നിലനിര്‍ത്തുന്നതില്‍ കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന് എതിര്‍പ്പുണ്ട്. എന്നാല്‍ ഭരണനേതൃത്വത്തിലെ ഒരുവിഭാഗത്തിനു താല്‍പ്പര്യമുള്ള ടോം ജോസിനെ തല്‍സ്ഥാനത്ത് നിലനിര്‍ത്താനുള്ള സമ്മര്‍ദവും ശക്തമാണ്. പദ്ധതിയുടെ വിശദ റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കി 2005 മുതല്‍ മെട്രോ നിര്‍മാണത്തില്‍ സഹകരിക്കുന്ന ഡിഎംആര്‍സി താല്‍ക്കാലിക കണ്‍സള്‍ട്ടന്റ് മാത്രമാണെന്ന് 2011 ഡിസംബര്‍ 14ന് കെഎംആര്‍എല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. ജനറല്‍ കണ്‍സള്‍ട്ടന്‍റിനെ കണ്ടെത്താന്‍ ആഗോള ടെന്‍ഡര്‍ വിളിക്കുമെന്നും ടോം ജോസ് സത്യവാങ്മൂലത്തില്‍ പറഞ്ഞു. സത്യവാങ്മൂലം കോടതിയില്‍ നല്‍കിയതിനു പിന്നാലെയാണ് ജനറല്‍ കണ്‍സള്‍ട്ടന്റിനെ കണ്ടെത്താനുള്ള ആഗോള ടെന്‍ഡറില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ട് ടോം ജോസ് ഇ ശ്രീധരന് ഡിസംബര്‍ 20ന് കത്തെഴുതിയത്.

deshabhimani 060712

2 comments:

  1. കൊച്ചി മെട്രോ പദ്ധതിയുടെ നേതൃത്വം ഡിഎംആര്‍സിക്കും ഇ ശ്രീധരനുമായിരിക്കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും പദ്ധതിയില്‍ ഇവരുടെ സ്ഥാനം എന്തായിരിക്കുമെന്നു വ്യക്തമാക്കാത്തതില്‍ ദുരൂഹത. ഇ ശ്രീധരനെ നോക്കുകത്തിയാക്കി വന്‍ അഴിമതിക്ക് കളമൊരുക്കാനാണ് നീക്കമെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. മെട്രോയുടെ ജനറല്‍ കണ്‍സല്‍ട്ടന്റായിമാത്രമേ പദ്ധതിയില്‍ സഹകരിക്കൂവെന്ന് ഡിഎംആര്‍സിയും ഇ ശ്രീധരനും അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ആ സ്ഥാനത്ത് ഡിഎംആര്‍സിയും ഇ ശ്രീധരനും ഉണ്ടായിരിക്കുമെന്ന് സംസ്ഥാന സര്‍ക്കാരോ മുഖ്യമന്ത്രിയോ ഇതുവരെ പറഞ്ഞിട്ടുമില്ല.

    ReplyDelete
  2. കൊച്ചി മെട്രോ പദ്ധതിയില്‍ ഇ ശ്രീധരന്റെ പദവി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മേല്‍നോട്ട ചുമതല ഇ ശ്രീധരന് തന്നെ ആയിരിക്കും. പക്ഷേ ഇതു സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. പദ്ധതിയുടെ ചെയര്‍മാനെ നിശ്ചയിക്കേണ്ടതും കേന്ദ്രമാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിവാദത്തിനില്ല. ഇതില്‍ തര്‍ക്കമുണ്ടാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

    കൊച്ചി മെട്രോയുടെ ചുമതല പൂര്‍ണ്ണമായും ഇ ശ്രീധരനെ തന്നെ ഏല്‍പ്പിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് രമേശ് ചെന്നിത്തല വാര്‍ത്താലേഖകരോട് പറഞ്ഞു. സംസ്ഥാന താല്‍പര്യത്തിന് ഏറ്റവും നല്ലത് അതാണ്. സര്‍ക്കാര്‍ പ്രത്യേക താല്‍പര്യമെടുത്ത് സര്‍ക്കാര്‍ ഡിഎംആര്‍സിയെ തന്നെ പദ്ധതി ചുമതല ഏല്‍പ്പിക്കണം. ചെന്നിത്തല ആവശ്യപ്പെട്ടു.

    ReplyDelete