Sunday, July 22, 2012
സ്വാശ്രയ കരാറില്‍ തട്ടിപ്പ്: മെഡിക്കല്‍ മെറിറ്റ് സീറ്റിലും മാനേജ്മെന്റ്് കൊള്ള
സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകള്‍ക്ക് മെറിറ്റ് സീറ്റിലും കൊള്ളയടിക്ക് അവസരം നല്‍കാന്‍ സര്‍ക്കാര്‍ രംഗത്ത്. ഈ വര്‍ഷത്തെ കരാറില്‍ മുന്‍വര്‍ഷങ്ങളില്‍ ഇല്ലാത്ത വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ത്തും അഖിലേന്ത്യാ പ്രവേശനത്തിനുമുമ്പ് സംസ്ഥാന പ്രവേശന നടപടികള്‍ തുടങ്ങിയുമാണ് ഒത്തുകളി. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിനു കീഴിലുള്ള കോളേജുകളില്‍ മെറിറ്റ് സീറ്റിലും മാനേജ്മെന്റ് ഫീസ് നിശ്ചയിച്ചതിനും മറ്റ് കോളേജുകളില്‍ 25,000 രൂപവരെയായിരുന്ന ഫീസ് ഒന്നര ലക്ഷം വരെ ഉയര്‍ത്തിയതിനു പുറമെയാണിത്. മൂന്നാംഘട്ട അലോട്ട്മെന്റിനുശേഷം ഹയര്‍ ഓപ്ഷന്‍ കിട്ടി പോകുന്ന വിദ്യാര്‍ഥികള്‍ക്ക് അവര്‍ അടച്ച ഫീസ് തിരിച്ചുനല്‍കേണ്ടതില്ലെന്നും നാലാംഘട്ട അലോട്ട്മെന്റിനുശേഷം പ്രവേശനം നല്‍കേണ്ടന്നുമുള്ള വ്യവസ്ഥകളാണ് കരാറില്‍ പുതുതായിചേര്‍ത്തത്. ഒപ്പം അഖിലേന്ത്യാ ക്വോട്ടയില്‍ പ്രവേശനം നടക്കുന്നതിനുമുമ്പ് സംസ്ഥാനത്ത് പ്രവേശനടപടി ആരംഭിച്ചതോടെ ഇരുനൂറിലേറെ മെറിറ്റ് സീറ്റ് മാനേജ്മെന്റുകള്‍ക്ക് സ്വന്തമാക്കാം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ മാനേജ്മെന്റുകളുമായി ഉണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് ഈ വന്‍വെട്ടിപ്പ് അരങ്ങേറുന്നത്. ഇവര്‍ക്കു പുറമെ സര്‍ക്കാരുമായി കരാറില്‍ ഒപ്പുവച്ച മറ്റ് മാനേജ്മെന്റുകള്‍ക്കും കോടിക്കണക്കിനു രൂപ വിദ്യാര്‍ഥികളില്‍ നിന്ന് കൊള്ളയടിക്കാനുള്ള അവസരമാണ് സൃഷ്ടിച്ചത്.
അഖിലേന്ത്യാ ക്വോട്ടയിലേക്കുള്ള പ്രവേശനം തുടങ്ങിയ ശേഷമേ കഴിഞ്ഞവര്‍ഷംവരെ സംസ്ഥാനത്ത് മെഡിക്കല്‍പ്രവേശനം തുടങ്ങിയിരുന്നുള്ളൂ. അതോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ ഓപ്ഷന്‍ നല്‍കി കോളേജ് മാറാന്‍ അവസരം ലഭിച്ചിരുന്നു. ഇതിനുസൃതമായും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (എംസിഐ) മാര്‍ഗനിര്‍ദേശപ്രകാരവും സപ്തംബര്‍ 30 വരെ എംബിബിഎസ് കോഴ്സിന് പ്രവേശനം നല്‍കിയിരുന്നു. ഈ വര്‍ഷവും സെപ്തംബര്‍ 30 വരെ പ്രവേശനം പൂര്‍ത്തിയാക്കാന്‍ എംസിഐ സമയം നല്‍കിയിട്ടുണ്ട്. എന്നിട്ടും ധൃതിപിടിച്ച് ആഗസ്തില്‍ തന്നെ പ്രവേശനടപടി പൂര്‍ത്തിയാക്കുകയാണ്.
സംസ്ഥാനത്ത് ഈവര്‍ഷത്തെ രണ്ടാംഘട്ട അലോട്ട്മെന്റ് തിങ്കളാഴ്ച പൂര്‍ത്തിയാകും. ആഗസ്ത് അഞ്ചിന് മൂന്നാംഘട്ട അലോട്ട്മെന്റ് നടത്തും. ആഗസ്ത് അഞ്ചിനു മാത്രമേ അഖിലേന്ത്യാ ക്വോട്ടയിലേക്ക് ആദ്യ അലോട്ട്മെന്റിനുള്ള നടപടിക്രമം തുടങ്ങുകയുള്ളൂ. അഖിലേന്ത്യാ ക്വോട്ടയില്‍ വിദ്യാര്‍ഥികള്‍ പോകുന്ന ഒഴിവിലേക്ക് ഹയര്‍ ഓപ്ഷന്‍ നല്‍കി പുതിയ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കേണ്ടതാണ്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്നാണ് അഖിലേന്ത്യാ ക്വോട്ടയിലേക്ക് വിദ്യാര്‍ഥികള്‍ കൂടുതലായും പോകുക. ഇങ്ങനെ വരുന്ന ഒഴിവിലേക്ക് സര്‍ക്കാര്‍ഫീസില്‍ മെച്ചപ്പെട്ട ഗുണനിലവാരത്തില്‍ പഠിക്കാമെന്ന ലക്ഷ്യത്തോടെ സ്വാശ്രയ കോളേജില്‍ നിന്ന് കുട്ടികള്‍ പോകും. മൂന്നാംഘട്ട അലോട്ട്മെന്റിനുശേഷം പോകുന്ന കുട്ടികള്‍ക്ക് ഫീസ് നല്‍കേണ്ടന്ന് കരാറില്‍ വ്യവസ്ഥ ചെയ്തതിനാല്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിനു കീഴിലുള്ള കോളേജുകളില്‍ നിന്നും പോകുന്ന ഓരോ വിദ്യാര്‍ഥിക്കും നാലുലക്ഷത്തിലേറെ രൂപവീതവും മറ്റ് കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്ക് രണ്ടുലക്ഷത്തില്‍ കൂടുതല്‍ രൂപ വീതവും നഷ്ടമാകും. ഈ മെറിറ്റ് സീറ്റുകളിലേക്ക് പിന്നീട് ചേരുന്ന വിദ്യാര്‍ഥികളില്‍ നിന്നും മാനേജ്മെന്റിന് വീണ്ടും ഫീസ് ഈടാക്കാനാകും. നാലാംഘട്ട അലോട്ട്മെന്റിനു ശേഷമാകട്ടെ ഈ സീറ്റുകള്‍ വിട്ടുപോകുന്നവര്‍ക്ക് ഫീസ് തിരിച്ചുനല്‍കേണ്ടെന്ന് മാത്രമല്ല, സീറ്റുകളില്‍ മാനേജ്മെന്റുകള്‍ക്ക് സ്വന്തം നിലയില്‍ പ്രവേശനം നല്‍കാനുമാകും. ഇത്തരത്തില്‍ ഒരേസമയം പലവിധത്തിലുള്ള കൊള്ളയ്ക്കാണ് സര്‍ക്കാര്‍ ഒത്താശ ചെയ്തത്.
(എം രഘുനാഥ്)
deshabhimani 230712
Subscribe to:
Post Comments (Atom)
No comments:
Post a Comment