Thursday, July 12, 2012

നെല്‍വയല്‍ നിയമത്തെ കശാപ്പു ചെയ്തു



കേരളത്തിലെ വയലേലകളുടെ അവസാനത്തെ പച്ചപ്പും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തുതന്നെ പൂര്‍ണമായും മായുമെന്ന് ഉറപ്പാക്കിക്കൊണ്ട് എല്‍ ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന 2008 ലെ നെല്‍വയല്‍ - തണ്ണീര്‍ത്തട സംരക്ഷണ നിയമത്തെ ഉമ്മന്‍ചാണ്ടി മന്ത്രിസഭ കശാപ്പുചെയ്തു. വ്യവസായ വകുപ്പിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സംസ്ഥാനത്തിന്റെ കാര്‍ഷിക ചരിത്രത്തിലെ നിര്‍ണായക നാഴികകല്ലായ ഈ നിയമം അട്ടിമറിച്ചത്.

2005 ന് മുമ്പു നികത്തിയ എല്ലാ വയലേലകളും നീര്‍ത്തടങ്ങളും കരഭൂമിയാക്കാന്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 8 ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റെ തീരുമാനത്തിലൂടെ ചരിത്ര പ്രസിദ്ധമായ ഈ ഭൂനിയമത്തെ യു ഡി എഫ് സര്‍ക്കാര്‍ കുഴിച്ചുമൂടിയിരിക്കുന്നത്. മന്ത്രിസഭായോഗത്തിന്റെ ഹീനമായ ഈ തീരുമാനം റിയല്‍ എസ്റ്റേറ്റ് - ഫഌറ്റ് നിര്‍മാണ മാഫിയകള്‍ക്കു നേരത്തെ തന്നെ ചോര്‍ത്തിക്കൊടുത്തിരുന്നുവെന്ന് വ്യക്തമായ സൂചനകളും 'ജനയുഗ'ത്തിനു ലഭിച്ചു.

സംസ്ഥാന വ്യാപകമായി മാഫിയാ സംഘങ്ങള്‍ നീര്‍ത്തടങ്ങളും വയലേലകളും നികത്തി കരഭൂമിയാക്കാന്‍ നടത്തിവരുന്ന നീക്കങ്ങള്‍ രഹസ്യമായി കൈക്കൊണ്ട മന്ത്രിസഭാ തീരുമാനം മാഫിയകള്‍ക്കു ചോര്‍ത്തിക്കൊടുത്തതിനെ തുടര്‍ന്നാണെന്നും ഇതോടെ വ്യക്തമായി. മാത്രമല്ല ഏറ്റവുമധികം നീര്‍ത്തടങ്ങളും വയലേലകളുമുള്ള മധ്യകേരളത്തിലെ റിയല്‍ എസ്റ്റേറ്റ് - ഫഌറ്റ് മാഫിയാ തലവന്മാരുമായി റവന്യൂ കമ്മിഷണര്‍ ടി ഒ സൂരജ് നടത്തിവരുന്ന രഹസ്യ ചര്‍ച്ചകളും നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തെ അരുംകൊല ചെയ്യാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കരഭൂമിയായി മാറിയ ഭൂമി വികസന പ്രവര്‍ത്തനങ്ങള്‍ക്കു നീക്കിവയ്ക്കണമെന്ന വ്യവസായ വകുപ്പിന്റെ പിടിവാശിക്കു വഴങ്ങിയാണ് മന്ത്രിസഭായോഗം നിയമത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കാന്‍ തീരുമാനിച്ചത്. ആസൂത്രിതമായ നീക്കങ്ങളിലൂടെയായിരുന്നു വയലേലകള്‍ക്കും തണ്ണീര്‍ത്തടങ്ങള്‍ക്കും ചരമക്കുറിപ്പെഴുതാന്‍ ഫെബ്രുവരി മുതല്‍ മന്ത്രിസഭ പദ്ധതി തയ്യാറാക്കിയത്. ജൂണ്‍ 18 ന് ചേര്‍ന്ന മന്ത്രിസഭായോഗം പഞ്ചായത്ത് രാജ് നിയമം, മുനിസിപ്പല്‍ നിയമം എന്നിവയിലെ പ്രസക്ത വകുപ്പുകള്‍ ലംഘിച്ച് അനുമതി നല്‍കാന്‍ തീരുമാനിച്ചത് നിയമം അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ രണ്ടാംഘട്ടമായിരുന്നു. റിയല്‍ എസ്റ്റേറ്റ് - ഫഌറ്റ് നിര്‍മാണ മാഫിയകള്‍ക്കു നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങളും നികത്തി തേര്‍വാഴ്ച നടത്താന്‍വേണ്ടിയായിരുന്നു അജണ്ടയില്‍പോലുമില്ലാതിരുന്ന ഈ മന്ത്രിസഭായോഗമെന്ന് ജൂണ്‍ 22 ന് 'ജനയുഗം' റിപ്പോര്‍ട്ടു ചെയ്തിരുന്നു.

ഒരു മുസ്‌ലീം ലീഗ് മന്ത്രിയുടെ ബന്ധുകൂടിയായ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ നടത്തി വരുന്ന സംശയാസ്പദമായ രഹസ്യചര്‍ച്ചകളും ഇതിനിടെ പുറത്തുവന്നുകഴിഞ്ഞിരുന്നു. 'റവന്യൂ വകുപ്പ് വ യലേലകള്‍ മാഫിയകള്‍ക്കു കാഴ്ചവയ്ക്കുന്നു'വെന്ന ജൂണ്‍ 26 ലെ ജനയുഗം റിപ്പോര്‍ട്ടില്‍ നെല്‍വയല്‍ - തണ്ണീര്‍ത്തട സംരക്ഷണ നിയമം തകര്‍ക്കാന്‍ റവന്യൂ വകുപ്പില്‍ നടക്കുന്ന ആസൂത്രിത ഗൂഢാലോചനയും പുറത്തുകൊണ്ടുവന്നിരുന്നു. ഹൈക്കോടതിയില്‍ ജൂണ്‍ 23 ന് വരാനിരിക്കുന്ന ഒരു കേസില്‍ തോറ്റുകൊടുത്തുകൊണ്ട് മാഫിയകള്‍ക്ക് അനുകൂലമായ വിധിയുണ്ടാകുന്നതിനു മുന്നോടിയായിരുന്നു ജൂണ്‍ 22 ലെ അജണ്ടയിലില്ലാത്ത മന്ത്രിസഭായോഗ തീരുമാനമെന്നും 'ജനയുഗം' ചൂണ്ടിക്കാട്ടിയിരുന്നു.

നെല്‍വയല്‍ - തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ഭാഗമായ ഡാറ്റാ ബാങ്കില്‍ തിരിമറി നടത്താന്‍ പോകുന്നതും നിയമം കശാപ്പുചെയ്യാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് ജൂണ്‍ 27 ന് 'ജനയുഗം' റിപ്പോര്‍ട്ടു ചെയ്തിരുന്നു. അട്ടിമറി സ്ഥിരീകരിച്ചുകൊണ്ട് റവന്യൂമന്ത്രി അടൂര്‍പ്രകാശും കഴിഞ്ഞ ദിവസത്തില്‍ ഒരു പ്രസ്താവന നടത്തിയതും നിയമത്തിനെതിരായ ഗൂഢാലോചനയിലേയ്ക്ക് വെളിച്ചം വീശി. എന്നാല്‍ ഫെബ്രുവരി 8 ലെ മന്ത്രിസഭായോഗത്തിലെ രഹസ്യ തീരുമാനത്തോടെതന്നെ നിയമത്തിന്റെ ശവപ്പെട്ടിയില്‍ ആണിയടിച്ചുകഴിഞ്ഞിരുന്നു.

2005 ന് മുമ്പ് നികത്തിയ നെല്‍വയലുകളും നീര്‍ത്തടങ്ങളും ഒറ്റത്തവണ ക്രമപ്പെടുത്തലിലൂടെ കരഭൂമിയായി അംഗീകരിക്കാമെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപാന്തരം പ്രാപിച്ച നെല്‍വയലുകളും നീര്‍ത്തടങ്ങളും ഇപ്പോഴും റവന്യൂ രേഖകളില്‍ അപ്രകാരം തന്നെ രേഖപ്പെടുത്തിയതാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ കാരണമെന്ന് മന്ത്രിസഭായോഗത്തിന്റെ മിനിറ്റ്‌സ് വ്യക്തമാക്കുന്നു. എന്നാല്‍ ഇതോടെ തരിശ്ശിട്ടതും ഭാഗികമായി മാത്രം നികത്തിയതുമായ ആയിരക്കണക്കിന് ഏക്കര്‍ കരഭൂമിയാകും. ഡാറ്റാ ബാങ്കില്‍ തിരിമറി നടത്തിയതിനാല്‍ ഇപ്പോള്‍ വ്യാപകമായി നടന്നുവരുന്ന നികത്തലുകള്‍ക്കും നിയമ പ്രാബല്യം ലഭിക്കും.

2005 ന് മുമ്പ് നികത്തിയ ഭൂമിക്ക് പിഴ ഈടാക്കി നിയമസാധുത നല്‍കാനുള്ള നടപടികള്‍ ആരംഭിക്കുന്നതോടെ കൂടുതല്‍ ഭൂമി നികത്തപ്പെടുകയും നിലവിലുള്ള നെല്‍വയല്‍ സംരക്ഷണ നിയമം പൂര്‍ണമായും അട്ടിമറിക്കപ്പെടുകയും ചെയ്യും. വരുംതലമുറകള്‍ക്ക് മരുഭൂവല്‍ക്കരിക്കപ്പെട്ട കേരളം കാഴ്ചവയ്ക്കാനുള്ള ഹീനമായ ഗൂഢാലോചനയാണ് മന്ത്രിസഭ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആശങ്ക പ്രകടിപ്പിക്കുന്നു.
(കെ രംഗനാഥ്)

janayugom 120712


1 comment:

  1. കേരളത്തിലെ വയലേലകളുടെ അവസാനത്തെ പച്ചപ്പും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തുതന്നെ പൂര്‍ണമായും മായുമെന്ന് ഉറപ്പാക്കിക്കൊണ്ട് എല്‍ ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന 2008 ലെ നെല്‍വയല്‍ - തണ്ണീര്‍ത്തട സംരക്ഷണ നിയമത്തെ ഉമ്മന്‍ചാണ്ടി മന്ത്രിസഭ കശാപ്പുചെയ്തു. വ്യവസായ വകുപ്പിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സംസ്ഥാനത്തിന്റെ കാര്‍ഷിക ചരിത്രത്തിലെ നിര്‍ണായക നാഴികകല്ലായ ഈ നിയമം അട്ടിമറിച്ചത്.

    ReplyDelete