Thursday, July 5, 2012

പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: പ്രതിപക്ഷം


തിരുവല്ലയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത സിപിഐ ബ്രാഞ്ച് സെക്രട്ടറി കാവുംഭാഗം രാധാസദനത്തില്‍ രാജപ്പന്‍ നായര്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും വകുപ്പുതല നടപടി എടുക്കണമെന്നും പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍നിന്ന്ഇറങ്ങിപ്പോയി. മദ്യപിച്ച് ബഹളംവച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രതികരണം സഭയില്‍ ഒച്ചപ്പാടിനിടയാക്കി. ഇദ്ദേഹം എഴുതിവച്ച ആത്മഹത്യാ കുറിപ്പിലെ കൈയക്ഷരം പരിശോധിക്കേണ്ടതുണ്ടെന്ന മന്ത്രിയുടെ പ്രതികരണവും ബഹളത്തില്‍ കലാശിച്ചു.

ഒരു പൊതുപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ പൊലീസുകാര്‍ എഴുതിത്തന്നത് അതേപടി വായിച്ച മന്ത്രി സ്വാഭാവികനീതിയാണ് നിഷേധിച്ചതെന്ന് മാത്യു ടി തോമസ് പറഞ്ഞു. സഭയില്‍ വന്ന് പ്രതിരോധിക്കാന്‍ കഴിയില്ലെന്ന് ഉറപ്പുള്ളയാള്‍ക്കെതിരെ നല്‍കുന്ന കുറ്റപത്രമാണ് മന്ത്രി വായിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവറുമായുണ്ടായ തര്‍ക്കത്തിന്റെ പേരിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിവരമറിഞ്ഞെത്തിയ ഭാര്യയെയും എട്ട് വയസ്സുകാരനായ മകനെയും കാണിക്കാതെ ഭീകരമായി മര്‍ദിച്ചു. മൂത്രമൊഴിക്കാനെന്ന വ്യാജേന കൊണ്ടുപോയാണ് മര്‍ദിച്ചത്. തനിക്ക് മൂത്രമൊഴിക്കേണ്ടെന്നു പറഞ്ഞിട്ടും ഭീഷണിപ്പെടുത്തിക്കൊണ്ടുപോയി മര്‍ദിച്ചു. തന്നെ കൊല്ലരുതേ എന്ന് അലറിവിളിക്കുന്നത് കേട്ട് മകന്‍ പേടിച്ച് സ്റ്റേഷനില്‍നിന്ന് ഇറങ്ങിയോടി. അടുത്ത ദിവസമാണ് വീട്ടില്‍ തൂങ്ങിമരിച്ചത്. ഈ സംഭവത്തെ നിസ്സാരമായി കാണാനും മരിച്ച പൊതുപ്രവര്‍ത്തകനെ അപമാനിക്കാനുമാണ് മന്ത്രി ശ്രമിക്കുന്നത്. ഭര്‍ത്താവിനെ മര്‍ദിച്ച പൊലീസുകാരെ തിരിച്ചറിയാമെന്ന് ഭാര്യ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് പരിശോധിച്ച് ഉടന്‍ നടപടി എടുക്കണമെന്നും മാത്യു ടി തോമസ് ആവശ്യപ്പെട്ടു.

മദ്യപിച്ചോ എന്ന് അറിയാന്‍ വൈദ്യപരിശോധനയ്ക്കാണ് മൂത്രമൊഴിപ്പിക്കാന്‍ നിര്‍ബന്ധിച്ചതെന്ന മന്ത്രിയുടെ വിശദീകരണം പൂര്‍ണമായും പൊലീസുകാരെ സംരക്ഷിക്കുമെന്ന പ്രഖ്യാപനമായിരുന്നു. വൈദ്യപരിശോധനയ്ക്കുള്ള മൂത്രത്തിന്റെ സാമ്പിള്‍ ആശുപത്രിയില്‍നിന്നാണ് ശേഖരിക്കുകയെന്ന് പ്രതിപക്ഷം വ്യക്തമാക്കിയപ്പോള്‍ മന്ത്രി മറുപടി പറഞ്ഞില്ല. അന്വേഷിച്ച് നടപടി എടുക്കുമെന്ന് മാന്യമായി പറയുന്നതിനു പകരം പൊലീസിനെ ന്യായീകരിക്കാനാണ് മന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. പൊലീസുകാരനെ അടിച്ചുകൊന്ന ആട് ആന്റണിയെപ്പോലും പിടികൂടാനായില്ലെന്നും വി എസ് പറഞ്ഞു. സി ദിവാകരന്‍, എ എ അസീസ്, എ കെ ശശീന്ദ്രന്‍ എന്നിവരും സംസാരിച്ചു.

deshabhimani 050712

No comments:

Post a Comment