സദാചാര പൊലീസ് ചമഞ്ഞ് സംസ്ഥാനത്ത് അക്രമമഴിച്ചുവിടുന്ന സാമൂഹ്യദ്രോഹികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നിയമസഭ. മത തീവ്രവാദ സംഘടനകളാണ് സദാചാര പൊലീസാകുന്നതെന്ന് സഭ വിലയിരുത്തി. സൈ്വരജീവിതത്തെ വെല്ലുവിളിക്കുന്ന ഇത്തരം സംഘങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണം. ജനങ്ങളെ ഇവര്‍ നിരന്തരം ആക്രമിക്കുന്നു. നിയമം കൈയിലെടുത്ത് ജനങ്ങളുടെ ജീവന് വെല്ലുവിളിയുയര്‍ത്തുന്ന സംഘങ്ങളെ കക്ഷിരാഷ്ട്രീയത്തിന് അതീതമായ യോജിച്ച് നേരിടണമെന്നും സഭ അഭിപ്രായപ്പെട്ടു.
സദാചാര പൊലീസിന്റെ പേരില്‍ സംസ്ഥാനത്തുണ്ടാകുന്ന അതിക്രമങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് നോട്ടീസ് നല്‍കിയത്. മതതീവ്രവാദികള്‍ സദാചാര ഗുണ്ടകളായി മാറിയിരിക്കുകയാണെന്ന് എ കെ ബാലന്‍ പറഞ്ഞു. റാഗിങ്ങും ചോദ്യംചെയ്യലുംമൂലം കുടുംബങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയായി. ഭാര്യക്കൊപ്പം പോകുന്നയാള്‍ വിവാഹ സര്‍ട്ടിഫിക്കറ്റും കരുതേണ്ടിവരും. മതതീവ്രവാദം കടുത്ത മനോരോഗമായി മാറുന്നു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെല്ലാം സദാചാര ഗുണ്ടാസംഘത്തിന്റെ വിളയാട്ടം ആവര്‍ത്തിക്കുന്നു. സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യംപോലും സമുദായശക്തികളുടെ നിയന്ത്രണത്തിലാകുന്നു. പൊലീസിനെ സങ്കുചിത താല്‍പ്പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനാല്‍ ഇത് ഫലപ്രദമായി തടയാനാകുന്നില്ല. സദാചാര പൊലീസ് ചമഞ്ഞ് നടത്തുന്ന ദുരാചാര ഗുണ്ടായിസത്തെ ശക്തമായി നേരിടണമെന്നും എ കെ ബാലന്‍ ആവശ്യപ്പെട്ടു. എല്ലാത്തരം വര്‍ഗീയതയെയും ചെറുത്തു തോല്‍പ്പിക്കണമെന്ന് കെ മുരളീധരന്‍ പറഞ്ഞു. ശ്രീരാമസേനയുടെ പേരിലുള്ള അക്രമംപോലെ അപലപിക്കപ്പെടേണ്ടതാണ് നബിവചനത്തിനു വിരുദ്ധമായി ന്യൂനപക്ഷ വര്‍ഗീയതയുടെ പേരില്‍ നടത്തുന്ന ആക്രമണം-മുരളീധരന്‍ പറഞ്ഞു. ദുരാചാര ഗുണ്ടാസംഘത്തിന്റെ പീഡനത്തിനു വിധേയരാവുന്നവര്‍ നിസ്സഹായരായി നില്‍ക്കേണ്ട സ്ഥിതിയാണെന്ന് ഇ എസ് ബിജിമോള്‍ പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ പൊലീസിന്റെ നടപടി തൃപ്തികരമല്ല. നിയമംതോന്നിയപോലെ കൈയിലെടുക്കുന്നത് അടിയന്തരമായി അടിച്ചമര്‍ത്തണമെന്ന് ജമീലാ പ്രകാശം ആവശ്യപ്പെട്ടു.
സദാചാര പൊലീസ് എന്ന പ്രയോഗം മാധ്യമങ്ങള്‍ തിരുത്തണമെന്ന് എ പ്രദീപ്കുമാര്‍ ചൂണ്ടിക്കാട്ടി. ദുരാചാര ഗുണ്ടാപ്രവര്‍ത്തനമാണ് നടക്കുന്നത്. ഇന്ന് നടമാടുന്ന അനഭിലഷണീയമായ സംഭവങ്ങളുടെ കാരണം കണ്ടെത്താന്‍ പഠനസംഘത്തെ നിയോഗിക്കണം. ചില പൊലീസുകാര്‍തന്നെ സദാചാര പൊലീസാകുന്നുണ്ട്. വികൃതമനസ്സോടെ പെണ്‍കുട്ടികളെ ചോദ്യംചെയ്ത് അത് ആസ്വദിക്കുന്ന പൊലീസുകാരുമുണ്ടെന്ന് പ്രദീപ്കുമാര്‍ പറഞ്ഞു. ശ്രീരാമസനേയുടെയും താലിബാന്റെയും മാതൃകയില്‍ അക്രമങ്ങള്‍ നടത്താനുള്ള ശ്രമങ്ങളെ കര്‍ശനമായി നേരിടുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
വനംകേസുകള്‍ക്ക് മുതിര്‍ന്ന അഭിഭാഷകര്‍ വേണമെന്നു മന്ത്രി; മുഖ്യമന്ത്രി തള്ളി
വനംവകുപ്പുമായി ബന്ധപ്പെട്ട കേസുകളില്‍ അഡ്വക്കറ്റ് ജനറല്‍ നേരിട്ടോ സംസ്ഥാനത്തിന് പുറത്തുനിന്ന് മുതിര്‍ന്ന അഭിഭാഷകരോ ഹാജരാകണമെന്ന് മന്ത്രി കെ ബി ഗണേശ്കുമാര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാല്‍, മന്ത്രിയുടെ ആവശ്യം അഡ്വക്കറ്റ് ജനറല്‍ നിരാകരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിയുടെ നിലപാടിനെ എതിര്‍ത്തു. വനംവകുപ്പുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യംചെയ്യുന്നതിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുതിര്‍ന്ന അഭിഭാഷകരെ നിയോഗിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടത്. എന്നാല്‍, പുറത്തുനിന്ന് അഭിഭാഷകരെ കൊണ്ടുവരേണ്ട കാര്യമില്ലെന്നും കേസ് നടത്താന്‍ പ്രഗത്ഭര്‍ ഇവിടെത്തന്നെയുണ്ടെന്നും എജി തിരിച്ചടിച്ചു. വനഭൂമിക്കേസുകള്‍ ശരിയായ രീതിയിലല്ല കൈകാര്യംചെയ്യുന്നതെന്ന് മന്ത്രി രേഖാമൂലം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതുമൂലം കേസുകള്‍ പരാജയപ്പെടുന്ന അവസ്ഥയുണ്ട്. പരിസ്ഥിതി ദുര്‍ബലപ്രദേശമായി വിജ്ഞാപനം ചെയ്തതുമായി ബന്ധപ്പെട്ടതടക്കമുള്ള പ്രധാന കേസുകളില്‍ എജി നേരിട്ട് ഹാജരാകണമെന്നും ആവശ്യപ്പെട്ടു. വനംകേസുകളില്‍ സര്‍ക്കാരും എതിര്‍കക്ഷികളും ഒത്തുകളിക്കുന്നതിന്റെ വ്യക്തമായ സൂചനയാണ് മന്ത്രിയുടെ ആവശ്യത്തിലൂടെ പുറത്തുവന്നത്. ഇക്കാര്യത്തില്‍ യുഡിഎഫ് ഉന്നതരുടെ നിക്ഷിപ്തതാലപര്യങ്ങളും ഇതോടെ മറനീക്കി.
deshabhimani 210712
No comments:
Post a Comment