Sunday, July 22, 2012

ടെറ്റിന്റെ മറവില്‍ ഹൈസ്കൂള്‍ അധ്യാപകയോഗ്യത ഉയര്‍ത്തി


കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന്റെ (കെ ടെറ്റ്) മറവില്‍ ഒമ്പത്, പത്ത് ക്ലാസ് അധ്യാപകയോഗ്യത ഉയര്‍ത്തി. ഇതുവരെ ഹൈസ്കൂള്‍ അധ്യാപകരാകാന്‍ ഡിഗ്രിയും ബിഎഡും മതിയായിരുന്നു. എന്നാല്‍, ഹൈസ്കൂള്‍ അധ്യാപകയോഗ്യതയായ കെ ടെറ്റി (മൂന്നാം പേപ്പര്‍)ന് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത 45 ശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദവും ബി എഡുമായി നിശ്ചയിച്ചു. കെ ടെറ്റിന്റെ പ്രോസ്പെക്ടസിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ അറിയിപ്പുകളിലൊന്നും ഇക്കാര്യം ഉണ്ടായിരുന്നില്ല. ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ക്ക് കനത്ത തിരിച്ചടിയാകും ഈ നീക്കം. കേരള എഡ്യൂക്കേഷന്‍ റൂളില്‍(കെഇആര്‍) ആവശ്യമായ ഭേദഗതി വരുത്താതെ പൊതുവിദ്യാഭ്യാസ ചട്ടങ്ങളൊന്നും പരിഷ്കരിക്കാന്‍ സര്‍ക്കാരിനോ വിദ്യാഭ്യാസവകുപ്പിനോ അധികാരമില്ലെന്നിരിക്കെയാണ് വിദ്യാഭ്യാസവകുപ്പിന്റെ ചുളുവിലുള്ള പരിഷ്കാരം. കെഇആറിലെ ഏതു ചട്ടത്തിലും മാറ്റം വരുത്തണമെങ്കില്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും സമയം വേണം. എന്നാല്‍, ഇപ്പോള്‍ മന്ത്രിസഭപോലും ചര്‍ച്ചചെയ്യാതെയാണ് നിയമവിരുദ്ധപരിഷ്കാരം. ഇത് പൊതുവിദ്യാഭ്യാസമേഖലയില്‍ ദൂരവ്യാപകപ്രത്യാഘാതം ഉണ്ടാക്കും.

ഇപ്പോള്‍ ഹൈസ്കൂളുകളില്‍ 30,000 അധ്യാപക ഒഴിവുണ്ട്. സയന്‍സ് വിഷയങ്ങള്‍ക്കായി എംഎസ്സി യോഗ്യതയുള്ള ഇത്രയും അധ്യാപകരെ ലഭിക്കുക എളുപ്പമല്ല. മറ്റു വിഷയങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. മെച്ചപ്പെട്ട തൊഴില്‍ എന്ന സ്വപ്നവുമായി ബിരുദത്തിനു ശേഷം അധ്യാപകപരിശീലനത്തിനുപോയ ആയിരങ്ങളുടെ പ്രതീക്ഷ തല്ലിക്കെടുത്തുന്ന ഈ പരിഷ്കാരത്തിന് നിയമസാധുതപോലുമില്ല. കെഇആറില്‍ മാറ്റം വരുത്താതെയുള്ള പരിഷ്കരണത്തിന് ഇനി കെഇആര്‍ പരിഷ്കരിച്ചാല്‍ മുന്‍കാലപ്രാബല്യവും സാധ്യമല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പേ ഡിഗ്രിയും ബിഎഡുമെടുത്ത് പിഎസ്സി പരീക്ഷകള്‍ക്ക് തയ്യാറെടുത്തുകൊണ്ടിരിക്കുന്ന ഒരുലക്ഷത്തിലേറെ ഉദ്യോഗാര്‍ഥികള്‍ക്ക് ടെറ്റ് വരുന്നതോടെ ഹൈസ്കൂള്‍ അധ്യാപകരാകുക എന്നത് സ്വപ്നം മാത്രമായി.
(എം വി പ്രദീപ്)

deshabhimani 220712

No comments:

Post a Comment