Sunday, July 22, 2012

സ്പെയിനില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം ശക്തമായി


മാഡ്രിഡ്: ചെലവ് ചരുക്കകല്‍ നടപടികളുടെ പേരില്‍ കടുത്ത ഭാരം അടിച്ചേൽപ്പിക്കാനുള്ള നീക്കങ്ങൾക്കെതിരെ സ്പെയിനില്‍ പ്രക്ഷോഭം ശക്തമായി. കലാപം നടത്തിയ 15 പേര്‍ അറസ്റ്റിലായി.

പ്രധാനമന്ത്രിയുടെ സാമ്പത്തിക നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി സര്‍ക്കാര്‍ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ തെരുവിലിറങ്ങിയിരിക്കുന്നു. 80 നഗരങ്ങളിലായി ആയിരങ്ങള്‍ പങ്കെടുത്ത പ്രകടനങ്ങള്‍ നടക്കുകയാണ്. മാഡ്രിഡില്‍ മാത്രം എട്ട് ലക്ഷം പേര്‍ പങ്കെടുത്തതായാണ് കണക്ക്. സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യത്ത് കടുത്ത ചെലവുചുരുക്കല്‍ നടപടികള്‍ക്ക് അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നതിനിടയിലാണ് പ്രക്ഷോഭം ശക്തമായത്. വേതനം കുറയ്ക്കല്‍, നികുതികൂട്ടല്‍, തൊഴിലില്ലായ്മ ആനുകുല്ല്യം കുറയ്ക്കല്‍ തുടങ്ങിയ നടപടികളിലൂടെ 8000 കോടി അമേരിക്കന്‍ ഡോളറിന്റെ ചെലവ് ചുരുക്കല്‍ പാഗക്കജാണ് പ്രധാനമന്ത്രി മറിയാനോ റജോയ് തയ്യാറാക്കിയിരിക്കുന്നത്.

സ്പാനിഷ് ബാങ്കുകള്‍ക്ക് 6.73 ലക്ഷം കോടി സഹായം

ബെര്‍ലിന്‍: ആഗോള സാമ്പത്തികത്തകര്‍ച്ചയോടെ, റിയല്‍ എസ്റ്റേറ്റ് പ്രതിസന്ധിയുടെ ഫലമായി കുഴപ്പത്തിലായ സ്പാനിഷ് ബാങ്കുകള്‍ക്ക് 10000 കോടി യൂറോയുടെ(6.73 ലക്ഷം കോടി രൂപ) സഹായം ലഭ്യമാക്കാന്‍ യൂറോമേഖലാ രാജ്യങ്ങള്‍ ധാരണയിലെത്തി. സ്പാനിഷ് സര്‍ക്കാരിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ പണം നല്‍കുന്നതിനാണ് വെള്ളിയാഴ്ച യൂറോമേഖലയിലെ 17 രാജ്യങ്ങളുടെ ധനമന്ത്രിമാര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ധാരണയില്‍ എത്തിയത്. സ്പാനിഷ് സര്‍ക്കാര്‍തന്നെ പിടിച്ചുനില്‍ക്കാന്‍ യൂറോപ്യന്‍ യൂണിയന്റെയും ഐഎംഎഫിന്റെയും സഹായംതേടേണ്ടിവരുമെന്ന ഘട്ടത്തിലാണ് ബാങ്കുകള്‍ക്ക് സഹായമൊരുങ്ങിയത്. സഹായം തേടുന്നതിന് മുന്നോടിയായി സ്പാനിഷ് സര്‍ക്കാര്‍ 6500 കോടി യൂറോയുടെ ചെലവുചുരുക്കല്‍ നടപടികള്‍ തീരുമാനിച്ചതിനെതിരെ സ്പെയിനില്‍ കഴിഞ്ഞദിവസം നടന്ന വന്‍ പ്രതിഷേധം അക്രമസംഭവങ്ങള്‍ക്കിടയാക്കിയിരുന്നു.

ധനസ്ഥാപനങ്ങള്‍ക്ക് വീണ്ടും മൂലധനശേഷി ഉറപ്പാക്കാന്‍ സ്പെയിനിന് സഹായം നല്‍കേണ്ടത് യൂറോമേഖലയുടെ ആകെ സ്ഥിരത സംരക്ഷിക്കാന്‍ ആവശ്യമാണെന്ന് എല്ലാവരും(മേഖലയിലെ ധനമന്ത്രിമാര്‍) കരുതുന്നതായി യൂറോ ഗ്രൂപ്പ് അധ്യക്ഷനും ലക്സംബര്‍ഗ് പ്രധാനമന്ത്രിയുമായ ഴാങ് ക്ലോദ് ജങ്കര്‍ അറിയിച്ചു. ധനസഹായത്തിന് സ്പാനിഷ് സര്‍ക്കാര്‍ പൂര്‍ണ ഉറപ്പുനല്‍കും. കൃത്യമായി എത്ര സഹായം നല്‍കണമെന്ന് സെപ്തംബറില്‍ ബാങ്കുകളുടെ ഓഡിറ്റ് പൂര്‍ത്തിയാക്കിയശേഷം യൂറോപ്യന്‍ കമീഷനും ഐഎംഎഫും സ്പാനിഷ് സര്‍ക്കാരും ചേര്‍ന്ന് തീരുമാനിക്കും. 3000 കോടി യൂറോയുടെ ഒന്നാംഘട്ട സഹായം ഈ മാസാവസാനത്തോടെ തന്നെ നല്‍കാനാകും. യൂറോപ്യന്‍ യൂണിയന്റെ താല്‍ക്കാലിക സഹായസംവിധാനമായ യൂറോപ്യന്‍ ധനസ്ഥിരതാ സംവിധാനത്തില്‍നിന്നാണ് സഹായം കൈമാറുന്നത്. യൂറോമേഖലാ മന്ത്രിമാര്‍ ജൂണ്‍ ഒമ്പതിനാണ് സ്പാനിഷ് ബാങ്കുകള്‍ക്ക് ആദ്യം സഹായവാഗ്ദാനം നല്‍കിയത്. ജൂണ്‍ 25ന് സ്പാനിഷ് സര്‍ക്കാര്‍ ഔപചാരികമായി യൂറോപ്യന്‍ യൂണിയന്റെ സഹായം തേടി. ഈ സ്ഥിതിയിലാവുന്ന നാലാമത്തെ യൂറോപ്യന്‍ രാജ്യമാവും സ്പെയിന്‍.

deshabhimani 220712

1 comment:

  1. ചെലവ് ചരുക്കകല്‍ നടപടികളുടെ പേരില്‍ കടുത്ത ഭാരം അടിച്ചേൽപ്പിക്കാനുള്ള നീക്കങ്ങൾക്കെതിരെ സ്പെയിനില്‍ പ്രക്ഷോഭം ശക്തമായി. കലാപം നടത്തിയ 15 പേര്‍ അറസ്റ്റിലായി.

    ReplyDelete