Sunday, July 1, 2012

കൊടുംക്രൂരതയുടെ നടുക്കുന്ന ഓര്‍മപ്പെടുത്തല്‍


കണ്ണൂര്‍ ഒരിക്കലും മറക്കാത്ത കൊടുംക്രൂരതയുടെ ഓര്‍മകള്‍ക്ക് തീകൊടുക്കുകയാണ് പ്രശാന്ത്ബാബുവെന്ന സുധാകരന്റെ പഴയ കൂട്ടുകാരന്‍. കെ സുധാകരന്‍ ഡിസിസി പ്രസിഡന്റ് ആകുന്നതിന് മുമ്പും ശേഷവും നടത്തിയ എണ്ണിയാലൊടുങ്ങാത്ത അക്രമപരമ്പരകളുടെ സംക്ഷിപ്തമാണ് മാധ്യമങ്ങളിലൂടെ പുറംലോകം അറിയുന്നത്. സുധാകരനെന്ന ക്രിമിനല്‍ നേതാവിന്റെ തനി രൂപം ഇതിലൂടെ വായിച്ചെടുക്കാം.

1992 ജൂണ്‍ 13ന് നട്ടുച്ചയ്ക്ക് കണ്ണൂര്‍ നഗരമധ്യത്തിലെ സേവറി ഹോട്ടലില്‍ ചോറുണ്ണുന്നവര്‍ക്കു നേരെ ബോംബെറിഞ്ഞാണ് നാണുവെന്ന സിപിഐ എം പ്രവര്‍ത്തകനെ കൊന്നത്. ചോറുവിളമ്പുകയായിരുന്ന നാണു കുടല്‍മാല പുറത്തുചാടി, ഊണിലകളില്‍ രക്തം വീഴ്ത്തി അവിടെത്തന്നെ മരിച്ചുവീണു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജയകൃഷ്ണന്റെ ഒരു കൈ അറ്റുപോയി. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് വി കെ അബ്ദുള്‍ഖാദര്‍ മൗലവിയുടെ അടുത്ത ബന്ധു ഉള്‍പ്പെടെ നിരവധി പേര്‍ക്ക് മാരകമായി പരിക്കേറ്റു. അക്രമത്തിനുശേഷം സംഘം ജീപ്പില്‍ നേരെ പോയത് ഡിസിസി ഓഫീസിലാണ്. അക്രമിത്താവളമാണ് ഡിസിസി ഓഫീസെന്ന് ഇതിലൂടെ വ്യക്തമായതാണ്. ഇതിന് കൂടുതല്‍ തെളിവ് നല്‍കുന്നതാണ് പ്രശാന്ത്ബാബുവിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍.

സിപിഐ എം നേതാവ് ടി കെ ബാലന്റെ വീട്ടില്‍ കടന്നുചെന്ന് ബോംബെറിഞ്ഞതും ഈ കറുത്ത നാളുകളിലാണ്. ബാലന്റെ മകന്റെ കണ്ണ് നഷ്ടപ്പെട്ടു. ഭാര്യക്കും ഗുരുതരമായി പരിക്കേറ്റു. ചൊവ്വ ബാങ്കില്‍ പാഞ്ഞുകയറി വിനോദിനെ വെട്ടിനുറുക്കി. കോ-ഓപ്പറേറ്റീവ് പ്രസ്സിലെ പ്രശാന്തനെ തലങ്ങും വിലങ്ങും വെട്ടി. തലനാരിഴയ്ക്ക് ജീവന്‍ രക്ഷപ്പെട്ട ഇരുവരും ഇന്നും അക്രമത്തിെന്‍റ യാതനകള്‍ അനുഭവിക്കുന്നു. എതിരാളികള്‍ മാത്രമല്ല, ഈ രാഷ്ട്രീയക്രൂരതകള്‍ക്കിരയായത്. ഏറെക്കാലം സുധാകരന്റെ ഗുണ്ടാസംഘത്തില്‍ സജീവമായിരുന്ന നടാലിലെ മനോഹരന്റെ ജഡം റെയില്‍വേ ട്രാക്കില്‍ കണ്ടതിനെക്കുറിച്ച് ഇന്നും തുമ്പ് ലഭിച്ചിട്ടില്ല. സുധാകരനുമായി തെറ്റി മദ്യലഹരിയില്‍ പലതും വിളിച്ചുപറഞ്ഞ മനോഹരനെ നടാല്‍ ബസാറില്‍ എല്ലാവരും കണ്ടതാണ്. പിറ്റേന്ന് രാവിലെയാണ് റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടത്. ഡിസിസി അംഗമായിരുന്ന പുഷ്പരാജിന് രണ്ട് കാലുകളും നഷ്ടപ്പെടാന്‍ കാരണം ഒരു പത്രസമ്മേളനമായിരുന്നു. സ്വന്തം പെങ്ങളെ നേതാവ് ചെന്നൈയില്‍ താമസിപ്പിക്കുന്നുവെന്ന് പരസ്യപ്പെടുത്തിയതിനു നല്‍കേണ്ടിവന്നതിനാണ് പുഷ്പരാജിന് ക്രൂരമര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്.

സാഹചര്യത്തെളിവുകള്‍ ശക്തം; അന്വേഷണം അനിവാര്യമാകും

കണ്ണൂര്‍: ഉന്നത സിപിഐ എം നേതാക്കളെ കൊലപ്പെടുത്താന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ സുധാകരന്‍ എംപി നടത്തിയ ഗൂഢാലോചനക്കും നാല്‍പാടി വാസു വധത്തിനും ദൃക്സാക്ഷിയായ എം പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തല്‍ നിയമത്തിനുമുന്നില്‍ നിര്‍ണായക തെളിവാകും. സമഗ്രവും സുതാര്യവുമായ അന്വേഷണം ആവശ്യപ്പെടുന്ന വസ്തുതകളാണ് പുറത്തു വന്നത്. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ്ഹൗസിലും ഡല്‍ഹിയിലും നടന്ന ഗൂഢാലോചന ഉള്‍പ്പെടെ സുധാകരന്റെ പങ്കാളിത്തത്തിനുള്ള നിരവധി വ്യക്തമായ തെളിവുകള്‍ നേരത്തെതന്നെ നീതിപീഠങ്ങള്‍ക്ക് മുന്നിലുണ്ട്. പ്രശാന്ത് ബാബുവിന്റേത് കേവല മൊഴി എന്നതിനപ്പുറം നിരവധി സാഹചര്യത്തെളിവുകളും നിരത്തുന്നതാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൃത്യമായ അന്വേഷണം നടന്നാല്‍ വ്യക്തമായ തെളിവും തൊണ്ടിയും സാക്ഷികളും ലഭ്യമാവുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഇത് ഗൗരവപൂര്‍വം പരിഗണിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാകുമോ എന്നതാണ് പ്രസക്തം.

പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ഇ പി ജയരാജന്‍ എന്നിവരില്‍ ആരെയെങ്കിലും കൊലപ്പെടുത്തണമെന്ന ഗൂഢാലോചന നടന്നത് സുധാകരന്റെ നടാലിലെ വീട്ടിലാണെന്നതിന് തെളിവായി സിഎംപി നേതാവ് ടി പി ഹരീന്ദ്രന്‍, കാപ്പാടന്‍ രമേശന്‍, കക്കാട്ടെ ബാബുക്ക മനോജ് എന്നിവരുടെ സാന്നിധ്യം എടുത്തുപറഞ്ഞിട്ടുണ്ട്. രമേശന്‍ സുധാകരന്റെ സന്തത സഹചാരിയും നിരവധി കേസുകളില്‍ പ്രതിയുമാണ്. ഹരീന്ദ്രന്‍ പലകേസുകളില്‍ അഭിഭാഷകനും. കേസിലെ മറ്റൊരു സുപ്രധാന കണ്ണി "മാതൃഭൂമി" മംഗളൂരു ലേഖകന്‍ ടി പി രാജീവനാണ്. സിപിഐ എം നേതാക്കളെ വധിക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ എര്‍പ്പെടുത്താന്‍മാത്രം ഇയാള്‍ക്ക് വിദ്വേഷം ഉള്ളതായും പ്രശാന്ത് പറയുന്നു.

ഇ പിയെ വെടിവച്ച അന്നുതന്നെ പിടിക്കപ്പെട്ട വിക്രംചാലില്‍ ശശിയേയും പേട്ട ദിനേശനെയും ഏര്‍പ്പാടാക്കിയത് രാജീവനാണ്. കാസര്‍കോടുനിന്ന് ആയുധം എത്തിച്ച ചീമേനി ഞണ്ടാടിയിലെ കരിമ്പില്‍ കൃഷ്ണന്‍ അന്വേഷണപരിധിയില്‍ പുതുതായി വരുന്ന കോണ്‍ഗ്രസ് നേതാവാണ്. ജയരാജനെ വെടിവച്ച തോക്ക് പ്രധാന തൊണ്ടിമുതലായി ആന്ധ്ര കോടതിയുടെ കസ്റ്റഡിയിലുണ്ട്. സുധാകരന് തോക്ക് എത്തിച്ചയാളെക്കുറിച്ചും അന്നുതന്നെ വിവരം ലഭിച്ചതാണ്. തൃശൂരിലെ അബ്കാരികളില്‍നിന്നും ഗള്‍ഫിലും നടന്ന പണപ്പിരിവിന്റെ വിവരവും സുധാകരനെതിരായ തെളിവായി വരും. നാല്‍പാടി വാസു വധത്തിന് ദൃക്സാക്ഷിയും ആ കേസില്‍ പ്രതിയുമായ പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തല്‍ ഈ കേസിന്റെ പുനരന്വേഷണ സാധ്യതയും തുറക്കുന്നു. സേവറി കേസില്‍ അറസ്റ്റ് നടക്കും മുമ്പ് സമാധാന യോഗത്തില്‍ തെറ്റായ വിവരം പറയിച്ചത് പൊലീസിനുമേലുള്ള സുധാകരന്റെ ആജ്ഞാശക്തിക്ക് തെളിവാണ്. അന്നത്തെ ഉദ്യോഗസ്ഥര്‍കൂടി കേസിന്റെ ഭാഗമാകുമ്പോള്‍ ഇനിയുമേറെ വെളിപ്പെടുത്തലുകള്‍ ഉണ്ടായേക്കും.
(മനോഹരന്‍ മോറായി)

സേവറി നാണുവധം പുനരന്വേഷിക്കണം: പി ജയരാജന്‍

കൊച്ചി: പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍, സേവറി നാണുവിനെ ബോംബെറിഞ്ഞുകൊന്ന കേസ് പുനരന്വേഷിക്കണമെന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. നക്സല്‍ വര്‍ഗീസിനെ വെടിവച്ചുകൊന്നത് രാമചന്ദ്രന്‍നായരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷിച്ച് നടപടി എടുത്തത്. അതിനു സമാനമായ സംഭവമാണ് ഇതെന്നും ജയരാജന്‍ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇ പി ജയരാജനെ വെടിവച്ചുകൊലപ്പെടുത്താന്‍ ശ്രമിച്ചതിലെ ഗൂഢാലോചനയും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

deshabhimani 010712

1 comment:

  1. കണ്ണൂര്‍ ഒരിക്കലും മറക്കാത്ത കൊടുംക്രൂരതയുടെ ഓര്‍മകള്‍ക്ക് തീകൊടുക്കുകയാണ് പ്രശാന്ത്ബാബുവെന്ന സുധാകരന്റെ പഴയ കൂട്ടുകാരന്‍. കെ സുധാകരന്‍ ഡിസിസി പ്രസിഡന്റ് ആകുന്നതിന് മുമ്പും ശേഷവും നടത്തിയ എണ്ണിയാലൊടുങ്ങാത്ത അക്രമപരമ്പരകളുടെ സംക്ഷിപ്തമാണ് മാധ്യമങ്ങളിലൂടെ പുറംലോകം അറിയുന്നത്. സുധാകരനെന്ന ക്രിമിനല്‍ നേതാവിന്റെ തനി രൂപം ഇതിലൂടെ വായിച്ചെടുക്കാം.

    ReplyDelete