Wednesday, July 11, 2012
കാടുകയറി യുഡിഎഫ് പോര്
വനംകേസ് അട്ടിമറിയെ ചൊല്ലി മന്ത്രിയും ചീഫ് വിപ്പും തമ്മില്‍ അടിതട. മന്ത്രിക്കെതിരെ മുന്‍മന്ത്രിയുടെ സമരഭീഷണി. വിമര്‍ശനങ്ങളെ പുച്ഛിച്ചുതള്ളുമെന്ന് പഞ്ചായത്ത് മന്ത്രിയുടെ പ്രഖ്യാപനം. മന്ത്രിമാരുടെ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയര്‍ത്തിയതോടെ ധനാഭ്യര്‍ഥന ചര്‍ച്ചയും മറുപടിയും കൂട്ടപ്പൊരിച്ചിലില്‍ കലാശിച്ചു. നെല്ലിയാമ്പതി വനം കേസ് അട്ടിമറിയെ കുറിച്ച് വി ചെന്താമരാക്ഷന്‍ നോട്ടീസ് നല്‍കിയ അടിയന്തര പ്രമേയമാണ് മന്ത്രി കെ ബി ഗണേശ്കുമാറും ചീഫ് വിപ്പ് പി സി ജോര്‍ജും തമ്മില്‍ ഏറ്റുമുട്ടലിന് വഴിതെളിച്ചത്. ഇതിനിടെ ഗ്രഹണത്തിന് നീര്‍ക്കോലിയും തലയുയര്‍ത്തുമെന്ന ചൊല്ല് ഓര്‍മിപ്പിച്ച് മുന്‍മന്ത്രി ടി യു കുരുവിളയുടെ സമരപ്രഖ്യാപനവും കൊഴുപ്പേകി.
ചീഫ് വിപ്പ് പറയുന്നതാണോ, വനംമന്ത്രി പറയുന്നതാണോ സര്‍ക്കാര്‍നയം എന്നായിരുന്നു വി ചെന്താമരാക്ഷന്റെ ചോദ്യം. മന്ത്രി പറയുന്നതാണ് സര്‍ക്കാര്‍ നയമെന്ന് മന്ത്രി ഗണേശ്. സഭയ്ക്കുള്ളില്‍ മനസ്സ് തുറക്കാതെ പുറത്തിറങ്ങിയ പി സി ജോര്‍ജ് മന്ത്രിക്കെതിരെ കത്തിക്കയറി. ഒന്നുകില്‍ മന്ത്രി അല്ലെങ്കില്‍ താന്‍. ഇവരില്‍ ഒരാള്‍ മാത്രമേ യുഡിഎഫില്‍ കാണൂവെന്നായിരുന്നു വിപ്പിന്റെ ഭീഷണി. മന്ത്രി സ്പോണ്‍സര്‍ ചെയ്ത അടിയന്തരപ്രമേയമാണെന്ന ആരോപണവും ജോര്‍ജ് വക.
ചര്‍ച്ചയ്ക്ക് മന്ത്രി മറുപടി പറയുമ്പോള്‍ പ്രതിപക്ഷം ചീഫ് വിപ്പിന്റെ ആരോപണം എടുത്തിട്ടു. അതൊന്നും മുഖവിലയ്ക്കെടുക്കരുതെന്നായി മന്ത്രി. അടുത്തത് പഞ്ചായത്ത് മന്ത്രിയുടെ ഊഴമായിരുന്നു. സോക്രട്ടീസിനെ കൂട്ടുപിടിച്ച മന്ത്രി എം കെ മുനീര്‍, ചര്‍ച്ചയില്‍ ഉയര്‍ന്ന വിമര്‍ശങ്ങളെ പുച്ഛിച്ചുതള്ളുന്നുവെന്നായി. ഇതില്‍ കുപിതരായ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. വനം മാഫിയയോടാണ് സര്‍ക്കാരിന് ആഭിമുഖ്യമെന്ന് വി ചെന്താമരാക്ഷന്‍ ആരോപിച്ചത് തെളിവ് നിരത്തിയാണ്. തെളിച്ച വഴി നടന്നില്ലെങ്കില്‍ നടന്നവഴിയേ തെളിക്കുന്ന മുഖ്യമന്ത്രിയുള്ളപ്പോള്‍ മറിച്ച് പ്രതീക്ഷയ്ക്ക് വകയില്ലെന്നായി അദ്ദേഹം. കേസ് അട്ടിമറിക്കാന്‍ ചീഫ് വിപ്പും ശ്രമിക്കുകയാണെന്ന് ചെന്താമരാക്ഷന്‍ ആരോപിച്ചു. മന്ത്രി എന്ന നിലയില്‍ മുഖ്യമന്ത്രി പറയുന്നതാണ് തനിക്ക് ബാധകമെന്ന് ഗണേശ് വ്യക്തമാക്കി. ചീഫ് വിപ്പിന്റെ നേതൃത്വത്തില്‍ നെല്ലിയാമ്പതി പ്രശ്നം തീര്‍ക്കാന്‍ യുഡിഎഫ് സമിതിയെ നിയോഗിച്ചിട്ടുണ്ടോയെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആരാഞ്ഞു. അങ്ങനെ ഒരു സമിതിയെ നിയമിച്ച കാര്യം തന്നോട് ആരും പറഞ്ഞിട്ടില്ലെന്നും പത്രത്തില്‍ വായിച്ച അറിവേയുള്ളൂവെന്നും മന്ത്രി ഗണേശ് മറുപടി നല്‍കി.
ചീഫ് വിപ്പിനെ തള്ളിയ മന്ത്രിയെ തള്ളാനും കൊള്ളാനും വയ്യാതെ ഭരണപക്ഷം വിയര്‍ത്തു. എങ്കിലും ഏറിയപങ്കും മന്ത്രിക്ക് പിന്നിലാണ് അണിനിരന്നത്. വിപ്പിന് പിന്തുണയുമായി മറ്റുചിലര്‍ രംഗത്ത് വന്നു. യുഡിഎഫിലെ അനൈക്യമാണ് സഭയില്‍ മറനീക്കിയത്. റോഡ് നന്നാക്കിയത് തന്റെ നേട്ടമായി മുഖ്യമന്ത്രി അവകാശപ്പെടുമ്പോള്‍ ബഷീറിന്റെ എട്ടുകാലി മമ്മൂഞ്ഞിന് എ എം ആരിഫ് ഭേദഗതി വരുത്തി: "എട്ടുകാലി കുഞ്ഞൂഞ്ഞ്". വെജിറ്റേറിയന്‍ ഹോട്ടലില്‍ ദോശ ആവശ്യപ്പെട്ടാല്‍ വട കൂടി കിട്ടും. അതുപോലെയാണ് മന്ത്രി മുനീറിന് സാമൂഹ്യക്ഷേമവകുപ്പ് ലഭിച്ചത്. ഉഗ്രപ്രതാപിയായ കുഞ്ഞാലിക്കുട്ടിയുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ നോക്കിയാല്‍ നന്നെന്ന് ഉപദേശിക്കാനും ആരിഫ് മറന്നില്ല. ആദിവാസികളെയുംകൂട്ടി മുഖ്യമന്ത്രിയെ കണ്ടതാണ് ഇ എസ് ബിജിമോളുടെ ഓര്‍മ. ഇവരെയും കൂട്ടി വരേണ്ട കാര്യമുണ്ടായിരുന്നോയെന്ന മുഖ്യമന്ത്രിയുടെ ചോദ്യം കേട്ടപ്പോള്‍ ബിജിമോളുടെ കണ്ണുനിറഞ്ഞു. പക്ഷേ ഇതുവരെ ഉത്തരവ് കിട്ടിയില്ല. ഇങ്ങനെപോയാല്‍ ആദിവാസികളുടെ മുന്നില്‍ പോയി താന്‍ പൊട്ടിക്കരയുമെന്നായി ബിജിമോള്‍. വനംമന്ത്രിക്കെതിരെ ചീഫ് വിപ്പ് രംഗത്തുവന്നത് കൂട്ടുത്തരവാദിത്തം ഇല്ലാത്തതിന് തെളിവാണെന്ന് കോവൂര്‍ കുഞ്ഞുമോന്‍ ചൂണ്ടിക്കാട്ടി.
അധ്യാപികമാരോട് പച്ച സാരിയും ബ്ലൗസും ധരിക്കാന്‍ പറഞ്ഞ സ്ഥിതിക്ക് ഇനി പച്ച മാലയും കുടയും ബാഗും മാത്രമല്ല, പച്ച ലിപ്സ്റ്റിക്കും വേണമെന്ന് ഉത്തരവിറക്കുമോ എന്നാണ് കുഞ്ഞുമോന്റെ പേടി. ഇങ്ങനെ പച്ചമയം ആക്കിയാലൊന്നും മുസ്ലിങ്ങള്‍ മൊത്തം ലീഗില്‍ ചേരുമെന്ന് കരുതേണ്ടെന്ന് കോവൂര്‍ കുഞ്ഞുമോന്‍ മുന്നറിയിപ്പ് നല്‍കി. വനം കേസുകളില്‍ സര്‍ക്കാരിനെ തോല്‍പ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കൂട്ടുനില്‍ക്കുന്നത് സര്‍ക്കാര്‍ അഭിഭാഷകര്‍ തന്നെയാണെന്ന് ജോസ് തെറ്റയില്‍. ഭരണം നിലനിര്‍ത്തല്‍ മാത്രമാണ് സര്‍ക്കാര്‍ നയമെന്ന് എസ് രാജേന്ദ്രന്‍ പറഞ്ഞു. ഉല്‍പ്പാദനമേഖലകളോട് സര്‍ക്കാരിന് നിഷേധാത്മകമായ നിലപാടാണെന്ന് കെ കെ നാരായണന്‍ കുറ്റപ്പെടുത്തി. വികസനപദ്ധതികള്‍ ആവിഷ്കരിക്കുന്നതിനേക്കാള്‍ സര്‍ക്കാരിന് താല്‍പ്പര്യം നേതാക്കളെ കേസില്‍പ്പെടുത്തി പാര്‍ടിയെ തകര്‍ക്കുന്നതിലാണെന്ന് അദ്ദേഹം പറഞ്ഞു. പ്രൊഫ. സി രവീന്ദ്രനാഥ്, അധികാരവികേന്ദ്രീകരണം, വികസനം, പരിസ്ഥിതി എന്നിവയെ കുറിച്ചാണ് പ്രതിപാദിച്ചത്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വാദഗതികളെ പണ്ട് എതിര്‍ത്തവര്‍ പിന്നീട് അനുകൂലിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തദ്ദേശവകുപ്പില്‍ ജനകീയത വര്‍ധിപ്പിക്കുന്നതിന് പകരം ബ്യൂറോക്രസിയിലേക്ക് കൊണ്ടുപോകുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ സി ബാലകൃഷ്ണന്‍, എന്‍ ജയരാജ്, കെ എം ഷാജി, വി ഡി സതീശന്‍, ചിറ്റയം ഗോപകുമാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. വനം കേസ് അട്ടിമറിയെ കുറിച്ച് സഭ നിര്‍ത്തി ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.
(കെ ശ്രീകണ്ഠന്‍)
പാട്ടഭൂമി വെട്ടിപ്പ്: സഭാ സമിതി അന്വേഷിക്കണം
നെല്ലിയാമ്പതി ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാട്ടത്തിന് നല്‍കിയ വനഭൂമി ഏറ്റെടുക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയതിനെയും കേസുകള്‍ അട്ടിമറിച്ചതിനെയും കുറിച്ച് നിയമസഭാസമിതി അന്വേഷിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. വന്‍കിട തോട്ടം ഉടമകളുമായി ഒത്തുകളിച്ച് കേസില്‍ തോറ്റുകൊടുത്തും ആവശ്യമായ നടപടി സ്വീകരിക്കാതെയും നടത്തിയ കൊള്ളയെ കുറിച്ച് നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് വി ചെന്താമരാക്ഷന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസില്‍ നടന്ന ചര്‍ച്ചയില്‍ ഭരണപക്ഷത്തെ ഭിന്നിപ്പ് മറനീക്കി പുറത്തുവന്നു. വനംമന്ത്രി കെ ബി ഗണേശ്കുമാറും ചീഫ് വിപ്പ് പി സി ജോര്‍ജും സഭയില്‍ പരസ്പരം കൊമ്പുകോര്‍ത്തപ്പോള്‍ പ്രതിപക്ഷ ആരോപണം ശരിയെന്ന് സഭയില്‍ വ്യക്തമായി.
വനഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ കോടതികളില്‍ സര്‍ക്കാര്‍ ഫലപ്രദമായി വാദിക്കുന്നുണ്ട്. കോടതിയില്‍ വാദിക്കാനേ കഴിയൂ. വിധി ഇന്നതായിരിക്കണമെന്ന് കോടതിയോട് പറയാനാകില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രി പ്രശ്നത്തിന്റെ ഗൗരവം ചോര്‍ത്തുകയാണെന്ന് വി ചെന്താമരാക്ഷന്‍ പറഞ്ഞു. യുഡിഎഫ് നേതൃത്വം പറയുന്നതാണോ ചീഫ് വിപ്പും യുഡിഎഫും പറയുന്നതാണോ നയമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. തോട്ടം മുതലാളിമാരുടെ താളത്തിന് തുള്ളുകയാണ് സര്‍ക്കാര്‍. പാട്ടക്കരാര്‍ ലംഘിച്ച 27 തോട്ടങ്ങള്‍ സംസ്ഥാനത്തുണ്ട്. ഇതില്‍ ഏറെയും നെല്ലിയാമ്പതി മേഖലയിലാണ്. കേസ് നടത്തിപ്പിന്റെ കാര്യത്തില്‍ മന്ത്രി പറയുന്നതല്ല വസ്തുത. ജഡ്ജിമാര്‍ ഇന്ന വിധി പറയണമെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍, സര്‍ക്കാര്‍ വാദം ശരിയാകേണ്ടേ? അര്‍ഥഗര്‍ഭമായ മൗനങ്ങളും അനാവശ്യമായ വാദങ്ങളുമാണ് കേസ് തോല്‍ക്കാന്‍ കാരണമെന്നും ചെന്താമരാക്ഷന്‍ പറഞ്ഞു.
യുഡിഎഫ് നേതൃത്വം ചര്‍ച്ച ചെയ്താണ് ചീഫ് വിപ്പിനെ നെല്ലിയാമ്പതിയിലേക്ക് അയച്ചത്. പിന്നീട് ചീഫ് വിപ്പ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ മരിച്ച ആറുപേരുടെ വ്യാജ ഒപ്പിട്ടു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഏറ്റെടുക്കല്‍ നടപടി നിര്‍ത്തിവയ്പിച്ചു. ഇതെല്ലാം അഭിഭാഷകരും ഉദ്യോഗസ്ഥരും രാഷ്ട്രീയനേതൃത്വവും തമ്മിലുള്ള ഒത്തുകളിയാണ്. അണിയറയില്‍ പണം ഒഴുക്കിയും രേഖകളില്‍ കൃത്രിമം കാട്ടിയും ഭൂമി തട്ടിയെടുക്കാനും വ്യാജരേഖ ഉണ്ടാക്കി കോടികള്‍ കൊള്ളയടിക്കാനും സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും ചെന്താമരാക്ഷന്‍ പറഞ്ഞു. സര്‍ക്കാരില്‍നിന്ന് ശരിയായ നിര്‍ദേശം കിട്ടാത്തതുകൊണ്ടാണ് കേസ് വാദിക്കാതിരുന്നതെന്ന പ്ലീഡറുടെ നിലപാടിനെ കുറിച്ച് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
നെല്ലിയാമ്പതി എസ്റ്റേറ്റ് വിഷയത്തില്‍ യുഡിഎഫ് കമ്മിറ്റിയെ വച്ചിട്ടുണ്ടെന്നും അതിന്റെ ചെയര്‍മാന്‍ പി സി ജോര്‍ജാണെന്നും കേള്‍ക്കുന്നുണ്ടല്ലോ എന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ചോദിച്ചപ്പോള്‍ അതേക്കുറിച്ച് അറിയില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. മന്ത്രിയും ചീഫ് വിപ്പും യുഡിഎഫും വ്യത്യസ്ത നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തില്‍ ഇതേകുറിച്ച് നിയമസഭാസമിതി അന്വേഷിക്കണമെന്ന് വി എസ് ആവശ്യപ്പെട്ടു. എന്നാല്‍, ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്നും നിയമസഭാസമിതി അന്വേഷിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മുന്‍സര്‍ക്കാരാണ് വീഴ്ച വരുത്തിയതെന്നും പതിവുപോലെ മുഖ്യമന്ത്രി അവകാശപ്പെട്ടു. മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും മറുപടിയെ തുടര്‍ന്ന് അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. കക്ഷിനേതാക്കളായ സി ദിവാകരന്‍, മാത്യു ടി തോമസ്, എ എ അസീസ്, എ കെ ശശീന്ദ്രന്‍ എന്നിവരും സംസാരിച്ചു.
24 പൊതുമേഖലാസ്ഥാപനം നഷ്ടത്തിലായി
2011-12കാലയളവില്‍ അകെയുള്ള 44ല്‍ 24 പൊതുമേഖലാസ്ഥാപനങ്ങള്‍ നഷ്ടത്തിലാണെന്ന് എളമരം കരീമിനെ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. വ്യവസായവകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ ഓഡിറ്റ്ചെയ്യാത്ത കണക്കുകള്‍ പ്രകാരമാണിത്. സംസ്ഥാനത്ത് സാങ്കേതിക സര്‍വകലാശാല തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിങ് ക്യാംപസില്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പി കെ അബ്ദുറബ്ബ് അറിയിച്ചു. സര്‍വകലാശാല ആക്ട് രൂപീകരണനടപടികള്‍ പൂര്‍ത്തിയായിവരുന്നു.
മന്ത്രിയുടെയും ചീഫ് വിപ്പിന്റെയും പരാമര്‍ശത്തില്‍ പ്രതിഷേധം
പഞ്ചായത്തുമന്ത്രി എം കെ മുനീറും ചീഫ് വിപ്പ് പി സി ജോര്‍ജും നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. നെല്ലിയാമ്പതി വനംകേസ് അട്ടിമറിയെക്കുറിച്ച് പ്രതിപക്ഷം നോട്ടീസ് നല്‍കിയ അടിയന്തരപ്രമേയം വനംമന്ത്രി ഗണേശ്കുമാര്‍ സ്പോണ്‍സര്‍ ചെയ്തതാണെന്ന ജോര്‍ജിന്റെ ആരോപണവും പഞ്ചായത്തുവകുപ്പിന്റെ ധനാഭ്യര്‍ഥനചര്‍ച്ചയില്‍ ഉയര്‍ന്ന വിമര്‍ശം പുച്ഛിച്ചുതള്ളുന്നുവെന്ന മന്ത്രി എം കെ മുനീറിന്റെ പരാമര്‍ശവുമാണ് പ്രതിപക്ഷപ്രതിഷേധത്തിന് ഇടയാക്കിയത്.
നിയമസഭാമന്ദിരത്തിലെ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വനംമന്ത്രി സ്പോണ്‍സര്‍ ചെയ്ത അടിയന്തരപ്രമേയമാണ് പ്രതിപക്ഷം അവതരിപ്പിച്ചതെന്ന് ജോര്‍ജ് ആരോപിച്ചത്. സിപിഐ കക്ഷിനേതാവ് സി ദിവാകരന്‍ ഇക്കാര്യം സഭയില്‍ ഉന്നയിച്ച് മന്ത്രിയുടെ വിശദീകരണം ആവശ്യപ്പെട്ടു. സാമാന്യബുദ്ധിയുള്ളവര്‍ ചീഫ് വിപ്പിന്റെ ആരോപണം അംഗീകരിക്കില്ലെന്ന് മന്ത്രി ഗണേശ്കുമാര്‍ മറുപടി നല്‍കി. ചില ആളുകള്‍ക്ക് എന്തും പറയാമെന്ന സ്ഥിതിയാണെന്നും അത് മുഖവിലയ്ക്കെടുക്കരുതെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്തുവകുപ്പിന്റെ ധനാഭ്യര്‍ഥനചര്‍ച്ചയ്ക്ക് മറുപടി പറയുമ്പോഴാണ് വിമര്‍ശം പുച്ഛിച്ചുതള്ളുന്നുവെന്ന് മന്ത്രി മുനീര്‍ പറഞ്ഞത്. പ്രതിഷേധം ഉയര്‍ന്നപ്പോള്‍ മന്ത്രി പരാമര്‍ശം പിന്‍വലിച്ചെങ്കിലും പ്രതിപക്ഷം സഭ വിട്ടു.
അണ്‍ എയ്ഡഡ് സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ പരിമിതി: മന്ത്രി
നിലവിലുള്ള വ്യവസ്ഥകള്‍വച്ച് സിബിഎസ്ഇ- ഐസിഎസ്ഇ സിലബസ് പ്രകാരം നടത്തുന്ന അണ്‍എയ്ഡഡ് സ്കൂളുകളെ നിയന്ത്രിക്കാന്‍ പരിമിതികളുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്. അണ്‍എയ്ഡഡ് മേഖലയിലെ സേവന-വേതന വ്യവസ്ഥകളും മറ്റ് പൊതുകാര്യങ്ങളും പരിശോധിച്ച് സമഗ്ര പരിഷ്കരണം ആവശ്യമാണെന്നും ടി വി രാജേഷിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു. അണ്‍ എയ്ഡഡ് കോളേജുകളിലെ സേവന-വേതന വ്യവസ്ഥ പരിഷ്കരിക്കുന്നതിന് രൂപീകരിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ തുടര്‍നടപടിയെടുക്കും. സിബിഎസ്ഇ- ഐസിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി നല്‍കുമ്പോള്‍ സേവന-വേതന വ്യവസ്ഥകള്‍ പാലിക്കണമെന്ന് നിബന്ധന വയ്ക്കുമെന്നും മന്ത്രി പറഞ്ഞു.
ശ്രീരാമകൃഷ്ണനെതിരെ വീണ്ടും വിദ്യാഭ്യാസമന്ത്രിയുടെ ആരോപണം; അന്വേഷിക്കുമെന്ന് സ്പീക്കര്‍
സ്വാശ്രയകോളേജുമായി ബന്ധപ്പെടുത്തി പി ശ്രീരാമകൃഷ്ണനെതിരെ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബും ലീഗ് എംഎല്‍എ കെ എം ഷാജിയും ഉന്നയിച്ച ആരോപണം സഭയില്‍ ഒച്ചപ്പാട് സൃഷ്ടിച്ചു. ശ്രീരാമകൃഷ്ണന്‍ സ്വാശ്രയ കോളേജിന്റെ ഡയറക്ടറാണെന്ന ആരോപണമാണ് മന്ത്രി ആവര്‍ത്തിച്ചത്. കഴിഞ്ഞ ദിവസം ഇതേ ആരോപണം മന്ത്രി പിന്‍വലിച്ചിരുന്നു. ചൊവ്വാഴ്ച നടത്തിയ വ്യക്തിപരമായ വിശദീകരണത്തിലാണ് മന്ത്രി വീണ്ടും ഇത് ഉന്നയിച്ചത്. ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ കെ എം ഷാജി ഉന്നയിച്ച ആരോപണം മന്ത്രി ഏറ്റുപിടിക്കുകയായിരുന്നു. കഴിഞ്ഞദിവസം സഭയെ തെറ്റിദ്ധരിപ്പിച്ചത് ശ്രീരാമകൃഷ്ണനാണെന്നായിരുന്നു മന്ത്രിയുടെ ആരോപണം.
പ്രതിപക്ഷം ഇതിനെ ചോദ്യംചെയ്തു. തുടര്‍ന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന് വിശദീകരണത്തിന് അനുമതി നല്‍കി. താന്‍ ഒരു കോളേജിന്റെയും ഡയറക്ടര്‍ ബോര്‍ഡില്‍ ഇല്ലെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഉടമസ്ഥാവകാശം തന്റെ തലയില്‍ കെട്ടിവയ്ക്കുകയാണ് മന്ത്രി. മലപ്പുറത്തെ പ്രവാസി എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉപദേശകസമിതിയില്‍ മുമ്പ് അംഗമായിരുന്നു. കോളേജിന്റെ സാമ്പത്തികകാര്യങ്ങളുമായി ബന്ധപ്പെട്ട ഒരു സമിതിയിലും ഇല്ല. ഡയറക്ടര്‍ ബോര്‍ഡ്, മാനേജിങ് കമ്മിറ്റി, ഗവേണിങ് കൗണ്‍സില്‍ ഇതിലൊന്നും അംഗമല്ല- ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ആരോപണം മന്ത്രി വീണ്ടും ഉന്നയിച്ച സാഹചര്യത്തില്‍ ഇതേകുറിച്ച് അന്വേഷിക്കുമെന്ന് സ്പീക്കര്‍ റൂളിങ് നല്‍കിയതോടെയാണ് പ്രശ്നം തീര്‍ന്നത്.
പ്രവാസി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കില്ല
പ്രവാസി ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് മന്ത്രി കെ സി ജോസഫ് നിയമസഭയെ അറിയിച്ചു. വിദേശത്ത് 22.8 ലക്ഷം മലയാളികളുണ്ടെന്ന് സിഡിഎസിന്റെ പഠനത്തില്‍ വ്യക്തമായതായി ഇ പി ജയരാജനെ മന്ത്രി അറിയിച്ചു. വര്‍ഷം ശരാശരി 50,000 കോടി രൂപ ഇവര്‍ നാട്ടിലേക്കയക്കുന്നുവെന്നാണ് കണക്ക്. ഈ പണത്തിന് സേവനികുതി ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഗള്‍ഫ് നാടുകളിലടക്കം വിദേശജയിലുകളില്‍ തടവിലുള്ള മലയാളികളുടെ കൃത്യമായ കണക്ക് സര്‍ക്കാരിന്റെ പക്കലില്ല. പ്രവാസി ക്ഷേമനിധിയില്‍ അംഗമാകാനുള്ള പ്രായം 18-60 ആക്കുന്ന കാര്യം പരിഗണനയിലാണ്. ഇതുവരെ 100700 പേര്‍ അംഗങ്ങളായിട്ടുണ്ടെന്നും കെ എസ് സലീഖ, ടി വി രാജേഷ് എന്നിവര്‍ക്ക് മറുപടി ലഭിച്ചു.
deshabhimani 110712
Labels:
നിയമസഭ
Subscribe to:
Post Comments (Atom)
No comments:
Post a Comment