Wednesday, July 11, 2012

അട്ടിമറിശ്രമം ജോര്‍ജ് നേരത്തേ തുടങ്ങി


നെല്ലിയാമ്പതിയില്‍ കരാര്‍ ലംഘിച്ച എസ്റ്റേറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് അട്ടിമറിക്കാന്‍ പി സി ജോര്‍ജ് നേരത്തേ ശ്രമം തുടങ്ങി. ചീഫ്വിപ്പ് ആയശേഷം 2011 ജൂലൈ 26ന് നെല്ലിയാമ്പതിയില്‍ തിരുനെല്ലി ഉള്‍പ്പെടെയുള്ള എസ്റ്റേറ്റുകള്‍ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. പാട്ടക്കരാര്‍ ലംഘിച്ച ഉടമകള്‍ക്കെതിരെ നടപടി തുടങ്ങിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ ഗുണ്ടകളോടാണ് അന്ന് ജോര്‍ജ് ഉപമിച്ചത്. കരാര്‍ ലംഘിച്ചതും കാലാവധി കഴിഞ്ഞതുമായ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാന്‍ പ്രവര്‍ത്തിച്ച അന്നത്തെ നെന്മാറ ഡിഎഫ്ഒ ധനേഷിനെ സ്ഥലംമാറ്റിയശേഷമാണ് ജോര്‍ജ് നെല്ലിയാമ്പതിയില്‍ എത്തിയത്. ഗണേഷ്കുമാറിനെതിരായ നീക്കത്തിന്റെ ഭാഗമായി ആര്‍ ബാലകൃഷ്ണപിള്ളയും ജോര്‍ജിനോടൊപ്പം ഉടമകള്‍ക്കുവേണ്ടി രംഗത്തുണ്ട്.

മുന്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് പാട്ടക്കരാര്‍ ലംഘിച്ച 27 എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് മീരാ ഫ്ളോര്‍, തുത്തമ്പാറ, ബിയാട്രീസ്, റോസറി, ക്ലിഫ് വ്യൂ എസ്റ്റേറ്റുകള്‍ ഏറ്റെടുത്തു. അവിടത്തെ തൊഴിലാളികളെ വനംവികസന കോര്‍പറേഷനു കീഴിലുമാക്കി. ചെറുനെല്ലി എസ്റ്റേറ്റ് ഏറ്റെടുക്കുമ്പോള്‍ നടപടിക്രമം പാലിച്ചില്ലെന്ന് കാട്ടി ഉടമകള്‍ കോടതിയില്‍ പോയി. കോടതിനിര്‍ദേശത്തെത്തുടര്‍ന്ന് ഹിയറിങ് നടത്തി രേഖകളുടെ പരിശോധന പൂര്‍ത്തിയാക്കി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ വീണ്ടും ഉത്തരവിറക്കി. എന്നാല്‍, ഉടമകള്‍ കോടതിയെ സമീപിച്ചു. ഏറ്റെടുക്കാനുള്ള എസ്റ്റേറ്റുകളില്‍ ചിലത് കേരള കോണ്‍ഗ്രസ് മാണിവിഭാഗം നേതാക്കളുടേതാണ്. ചെറുനെല്ലി എസ്റ്റേറ്റ് ഉടമ കേരളാ കോണ്‍ഗ്രസിന്റെ പാലക്കാട് ജില്ലാനേതാവുമാണ്. മാങ്കോട് എസ്റ്റേറ്റ് ഉടമ ജോയ് കാക്കനാടന്‍ ജോര്‍ജിന്റെ അടുത്ത അനുയായിയാണ്. ഉടമകളില്‍ പലരുടേയും പേരുകള്‍ വ്യാജമാണെന്ന ആക്ഷേപം നേരത്തേ ഉയര്‍ന്നിരുന്നു. കുറച്ച് ഉടമകള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുപോലുമില്ല. 49പേര്‍ ഹിയറിങ്ങിന് ഹാജരാകേണ്ടിടത്ത്് ഏഴുപേരാണ് എത്തിയത്. ഹാജരാക്കിയത് വ്യാജപ്രമാണങ്ങളും. 1980നുശേഷം എസ്റ്റേറ്റ് കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന നിയമം പ്രാബല്യത്തിലുണ്ട്.
(ഇ എസ് സുഭാഷ്)

deshabhimani news

1 comment:

  1. നെല്ലിയാമ്പതിയില്‍ കരാര്‍ ലംഘിച്ച എസ്റ്റേറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് അട്ടിമറിക്കാന്‍ പി സി ജോര്‍ജ് നേരത്തേ ശ്രമം തുടങ്ങി. ചീഫ്വിപ്പ് ആയശേഷം 2011 ജൂലൈ 26ന് നെല്ലിയാമ്പതിയില്‍ തിരുനെല്ലി ഉള്‍പ്പെടെയുള്ള എസ്റ്റേറ്റുകള്‍ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. പാട്ടക്കരാര്‍ ലംഘിച്ച ഉടമകള്‍ക്കെതിരെ നടപടി തുടങ്ങിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ ഗുണ്ടകളോടാണ് അന്ന് ജോര്‍ജ് ഉപമിച്ചത്. കരാര്‍ ലംഘിച്ചതും കാലാവധി കഴിഞ്ഞതുമായ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാന്‍ പ്രവര്‍ത്തിച്ച അന്നത്തെ നെന്മാറ ഡിഎഫ്ഒ ധനേഷിനെ സ്ഥലംമാറ്റിയശേഷമാണ് ജോര്‍ജ് നെല്ലിയാമ്പതിയില്‍ എത്തിയത്. ഗണേഷ്കുമാറിനെതിരായ നീക്കത്തിന്റെ ഭാഗമായി ആര്‍ ബാലകൃഷ്ണപിള്ളയും ജോര്‍ജിനോടൊപ്പം ഉടമകള്‍ക്കുവേണ്ടി രംഗത്തുണ്ട്.

    ReplyDelete