Monday, July 9, 2012

കൂട്ട സ്ഥലംമാറ്റം: ധനലക്ഷ്മി മാനേജ്മെന്റിനെതിരെ ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്


തൃശൂര്‍: പിരിച്ചുവിടലുകള്‍ക്ക് മുന്നോടിയായി ഉത്തരേന്ത്യയിലേക്ക് ഓഫീസര്‍മാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയ മാനേജ്മെന്റിനെതിരെ പ്രക്ഷോഭം നടത്താന്‍ ധനലക്ഷ്മി ബാങ്ക് ഓഫീസര്‍മാരുടെ സംസ്ഥാന കണ്‍വന്‍ഷന്‍ തീരുമാനിച്ചു. നൂറുകണക്കിന് ഓഫീസര്‍മാരെയാണ് ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ചണ്ഡീഗഢ്, ലക്നൗ, ഹരിയാന തുടങ്ങിയ പ്രദേശങ്ങളിലേക്ക് മാറ്റിയത്. രാജിവച്ചു പോകാന്‍ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതിനെത്തുടര്‍ന്നാണ് സ്ഥലംമാറ്റം. 12ന് നിര്‍ദേശിച്ച സ്ഥലങ്ങളില്‍ ജോലിക്ക് പ്രവേശിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ ജോലിചെയ്യുന്ന ഓഫീസുകളില്‍നിന്ന് ഇവരെ റിലീവ് ചെയ്തു.

സോണല്‍ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ, പ്രകടനം, ഹെഡ് ഓഫീസ് മാര്‍ച്ച്, നിരാഹാരം, ശാഖകള്‍ക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം തുടങ്ങിയ പ്രക്ഷോഭങ്ങള്‍ക്ക് കണ്‍വന്‍ഷന്‍ രൂപംനല്‍കി. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, എംപിമാര്‍, എംഎല്‍എമാര്‍, രാഷ്ട്രീയ-ട്രേഡ് യൂണിയന്‍ നേതാക്കള്‍ എന്നിവര്‍ക്ക് നിവേദനം നല്‍കാനും തീരുമാനിച്ചു. പ്രൊഫ. സി രവീന്ദ്രനാഥ് എംഎല്‍എ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. വി കെ പ്രസാദ് അധ്യക്ഷനായി. എഐടിയുസി ജില്ലാ വൈസ് പ്രസിഡന്റ് ജയിംസ് റാഫേല്‍, കെ എം അജിത്കുമാര്‍, ശങ്കരനാരായണന്‍, സുഗതന്‍, കെ വി ജോര്‍ജ്, ടി നരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ശിവകുമാര്‍ പ്രവര്‍ത്തനപരിപാടികള്‍ വിശദീകരിച്ചു. കെ എസ് ബിശ്വാസ് സ്വാഗതവും ഷിഹാബ് നന്ദിയും പറഞ്ഞു.

deshabhimani 090712

No comments:

Post a Comment