Monday, July 9, 2012

വിലക്കയറ്റം: കാരണം ബാഹ്യഘടകങ്ങളെന്ന് കേന്ദ്രം


"സത്യസന്ധമായി പറഞ്ഞാല്‍ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം തടയാന്‍ സര്‍ക്കാരിന് കഴിയില്ല"- ഒരു പ്രമുഖ ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രി കെ വി തോമസിന്റേയാണ് ഈ തുറന്നുപറച്ചില്‍. വിലക്കയറ്റത്തിനു കാരണം ബാഹ്യഘടകങ്ങളാണെന്ന നിലപാടാണ് മന്ത്രിക്ക്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് മുന്നോട്ടുവയ്ക്കുന്നതും ഇതേ ന്യായം തന്നെ. ഇന്ധന വിലകളിലുണ്ടായ വര്‍ധന, രൂപയുടെ വിലയിടിവ്, കൃഷിച്ചെലവില്‍ വന്ന ഭാരിച്ച മാറ്റം ഇതൊക്കെയാണ് മന്ത്രിയും പ്രധാനമന്ത്രിയുമൊക്കെ വിലക്കയറ്റത്തിന് കാരണങ്ങളായി നിരത്തുന്ന ബാഹ്യഘടകങ്ങള്‍. ഇവയൊന്നും തങ്ങളുടെ നിയന്ത്രണത്തില്‍ അല്ലെന്നാണ് കേന്ദ്രവാദം.

2005-06 മുതല്‍ 2010-11 വരെ ഏറ്റവും മുഖ്യമായ എട്ട് അവശ്യവസ്തുക്കളുടെ വിലയില്‍ 72 ശതമാനം വര്‍ധനയാണുണ്ടായത്. അതിനുശേഷം പത്തുമാസം കഴിഞ്ഞു. ഇപ്പോഴത്തെ കണക്കില്‍ 2005 മുതലുള്ള വിലവര്‍ധന നൂറുശതമാനത്തില്‍ എത്തിയിട്ടുണ്ടെന്ന് ഉറപ്പിക്കാം. സുഗന്ധവ്യഞ്ജനങ്ങള്‍ക്കും വിവിധ ഇനം മസാലയ്ക്കും കഴിഞ്ഞ ആറുവര്‍ഷത്തിനിടെയുണ്ടായ വിലമാറ്റം 158 ശതമാനമാണ്. മുട്ടയ്ക്ക് 80 ശതമാനവും മീനിനും ഇറച്ചിക്കും പാലിനും 75 ശതമാനവും പയറുവര്‍ഗങ്ങള്‍ക്ക് 74 ശതമാനവും വര്‍ധനവുണ്ടായി. പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും 60 ശതമാനവും ഗോതമ്പിന് 63 ശതമാനവും വര്‍ധന വന്നു. ഇതേ കാലയളവില്‍ ജനങ്ങളുടെ ആളോഹരി വരുമാനത്തില്‍ വന്നത് നാമമാത്രമായ വര്‍ധനയാണെന്നതും ശ്രദ്ധേയമാണ്.
2008 ജനുവരി മുതലാണ് ഭക്ഷ്യപണപ്പെരുപ്പം കുതിച്ചുയരാന്‍ തുടങ്ങിയത്. 2010 ജൂലൈ വരെ ഈ പ്രവണത നിലനിന്നു. 20 ശതമാനം വരെ ഭക്ഷ്യപണപ്പെരുപ്പം കുതിച്ചുയര്‍ന്നു. 2010ന്റെ അവസാന പകുതിയില്‍ വിലക്കയറ്റത്തോതില്‍ നേരിയ കുറവുവന്നെങ്കിലും 2011 ഏപ്രില്‍ മുതല്‍ വീണ്ടും കാര്യങ്ങള്‍ മാറുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ സാമ്പത്തികനയങ്ങള്‍ തന്നെയാണ് അവശ്യവസ്തുക്കളുടെ വിലകള്‍ കുതിച്ചുയരാന്‍ വഴിയൊരുക്കുന്നതെന്ന് വ്യക്തം. ഇന്ധനവിലകളില്‍ വന്ന കുതിച്ചുചാട്ടമാണ് പ്രധാന കാരണം. ഇതോടൊപ്പം രാസവളങ്ങളുടെ വിലയും പല ഇരട്ടിയായി വര്‍ധിച്ചു. ഇതോടെ കൃഷിച്ചെലവില്‍ ഭീമമായ വര്‍ധന വന്നു. ഇന്ധനവിലകളില്‍ വന്ന മാറ്റം ചരക്കുകൂലിയിലും പ്രതിഫലിച്ചു. ഭക്ഷ്യവസ്തുക്കളുടെ വിലകള്‍ വേഗത്തില്‍ മാറാന്‍ ഇതെല്ലാം വഴിയൊരുക്കി.

സര്‍ക്കാരിന്റെ ധാന്യപ്പുരകള്‍ നിറഞ്ഞുകവിയുമ്പോഴും ഭക്ഷ്യധാന്യം വാങ്ങാന്‍ പണമില്ലാതെ ജനങ്ങള്‍ പട്ടിണി കിടക്കുന്ന സ്ഥിതിയിലാണ്. എഫ്സിഐ ഗോഡൗണുകളിലെ അരിയും ഗോതമ്പുമൊക്കെ എലികള്‍ക്കും പുഴുക്കള്‍ക്കും അവകാശപ്പെട്ട നിലയാണ് ഇപ്പോള്‍. സംഭരണനയത്തിലെ പാളിച്ചകള്‍ തിരുത്തുന്നതിനു പകരം കയറ്റുമതിയെന്ന കുറുക്കുവഴി ആശ്രയിക്കുകയാണ് സര്‍ക്കാരിപ്പോള്‍. 20 ലക്ഷം ടണ്‍ ഗോതമ്പ് കയറ്റുമതി ചെയ്യാന്‍ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. കോടികളുടെ നഷ്ടം സഹിച്ചാണ് കയറ്റുമതിയെന്നത് ശ്രദ്ധേയമായ മറ്റൊരു കാര്യം.

വിലക്കയറ്റം ഏതാനും മാസങ്ങള്‍ക്കകം കുറയുമെന്ന് പ്രധാനമന്ത്രിയുടെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് കൗശിക്ക് ബസു കഴിഞ്ഞ രണ്ടുവര്‍ഷമായി അവകാശപ്പെടുന്നുണ്ട്. 2012 സെപ്തംബറോടെ വിലകള്‍ കുറയുമെന്നാണ് ബസുവിന്റെ അവസാന പ്രവചനം. ജൂലൈ അവസാനത്തോടെ ഉപദേഷ്ടാവ് സ്ഥാനത്തുനിന്ന് വിരമിക്കുമെന്നതിനാല്‍ അവസാനത്തെ പ്രവചനം ഏറെ ധൈര്യത്തിലാണ് ബസു നടത്തിയത്. ജൂലൈ രണ്ടാംവാരത്തിലേക്ക് കടന്നതിനുശേഷവും രാജ്യത്ത് കാലവര്‍ഷം പ്രതീക്ഷിച്ചതുപോലെ പെയ്തുതുടങ്ങിയിട്ടില്ല. കാലവര്‍ഷം കൂടി ചതിച്ചാല്‍ കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ നിറയും. ആവശ്യത്തിന് ഗോതമ്പും അരിയുമൊക്കെ സ്റ്റോക്കുണ്ടെന്ന് കെ വി തോമസ് അവകാശപ്പെടുന്നുണ്ടെങ്കിലും കേന്ദ്രത്തില്‍ മന്ത്രിമാര്‍ ആശങ്കയില്‍ തന്നെയാണ്.
(എം പ്രശാന്ത്)

ഇങ്ങനെ പോയാല്‍ എങ്ങനെ

ഈ സര്‍ക്കാര്‍ അധികാരത്തിലേറി ഒരുവര്‍ഷം പിന്നിടുമ്പോള്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് തീവിലയായി. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന 2011 ഏപ്രിലിലെ വിലയില്‍നിന്ന് പല ഉല്‍പ്പന്നങ്ങളുടെയും വില ഇരട്ടിയിലേറെയായി ഉയര്‍ന്നു. സര്‍ക്കാരിന്റെ എക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിന്റെ കണക്കുകള്‍തന്നെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പലവ്യഞ്ജനങ്ങള്‍, പച്ചക്കറി, പഴം എന്നുവേണ്ട എല്ലാ മേഖലയിലും വിലക്കയറ്റം രൂക്ഷമായി.

2011 ഏപ്രിലില്‍ സംസ്ഥാനത്ത് വന്‍പയറിന് 42 രൂപയായിരുന്നുവെങ്കില്‍ ഇപ്പോഴത്തെ വിപണിവില വിവിധ ജില്ലകളില്‍ 54 മുതല്‍ 60 രൂപവരെയാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. സംസ്ഥാന ശരാശരി 57.31 രൂപയും. 34 രൂപയുണ്ടായിരുന്ന പീസ് പരിപ്പിനാകട്ടെ ചില ജില്ലകളില്‍ 50 രൂപയാണ് വില. സംസ്ഥാന ശരാശരി 41.77 രൂപയും. വലിയ കടല 42 രൂപയില്‍നിന്ന് 60 മുതല്‍ 74 രൂപവരെയായി. സംസ്ഥാന ശരാശരി 63.18 രൂപയും. 2011 ഏപ്രിലില്‍ 56 രൂപയായിരുന്ന കടുകിന് നിലവില്‍ 60 മുതല്‍ 80 രൂപവരെയായി വില ഉയര്‍ന്നു. 69 രൂപയാണ് ശരാശരി വില. 71 രൂപയുണ്ടായിരുന്ന വാളന്‍പുളിക്ക് ചില ജില്ലകളില്‍ 100 രൂപവരെയാണ് വില. ശരാശരി വില 81.38 രൂപയും. 100 ഗ്രാം ജീരകം 21 രൂപയായിരുന്നത് ഇപ്പോള്‍ ചിലയിടങ്ങളില്‍ 28 രൂപവരെ നല്‍കണം. സംസ്ഥാന ശരാശരി 22.42 രൂപയാണ്. 29 രൂപയായിരുന്ന പഞ്ചസാര 31.50 മുതല്‍ 34 രൂപവരെയാണ് ഉയര്‍ന്നത്. 32.31 രൂപയാണ് ശരാശരി വില. പാല്‍ വില 23 രൂപയില്‍നിന്ന് 27 മുതല്‍ 30 രൂപവരെയായി കൂടി. വൈറ്റ് ലഗോണ്‍ മുട്ട ഡസന്‍ ഒന്നിന് 30 രൂപയില്‍നിന്ന് 42 മുതല്‍ 45 രൂപവരെയായാണ് ഉയര്‍ന്നത്. നാടന്‍ മുട്ടയ്ക്കാകട്ടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡസന് 48 രൂപ മുതല്‍ 60 രൂപവരെ നല്‍കണം.

ഈ സര്‍ക്കാര്‍ അധികാരത്തിലേറും മുമ്പ് 20 രൂപയായിരുന്ന പച്ചമുളകിന് 60 മുതല്‍ 80 രൂപവരെയായി. ശരാശരി 70 രൂപ. 15 രൂപയായിരുന്ന പച്ചക്കായ്ക്ക് സര്‍ക്കാര്‍ കണക്ക്പ്രകാരംതന്നെ 30 രൂപയായി വില കൂടി. ചിങ്ങന്‍പഴം 22ല്‍നിന്ന് ചിലയിടങ്ങളില്‍ 50 രൂപയായിപോലും വില കൂടി. ശരാശരി വില 43.31 രൂപയാണ്. 13 രൂപയുണ്ടായിരുന്ന കുമ്പളങ്ങയ്ക്ക് ചിലയിടങ്ങളില്‍ 24 രൂപവരെ ഇപ്പോള്‍ വിലയുണ്ട്. 12 രൂപയായിരുന്ന തക്കാളിക്കാകട്ടെ 20 മുതല്‍ 25 രൂപവരെ വിലയുയര്‍ന്നു. 15 രൂപയായിരുന്ന പടവലത്തിന് ചിലകേന്ദ്രങ്ങളില്‍ 40 രൂപവരെ വിലയുണ്ട്. 12 രൂപയുണ്ടായിരുന്ന സവാള 15 രൂപവരെയായി ഉയര്‍ന്നപ്പോള്‍ അന്ന് 19 രൂപയായിരുന്ന ഉള്ളിക്ക് ഇപ്പോള്‍ 25 മുതല്‍ 40 രൂപവരെ നല്‍കണം. 16 രൂപയായിരുന്ന ഉരുളക്കിഴങ്ങിന് 20 മുതല്‍ 28 രൂപവരെയാണ് വിവിധ കേന്ദ്രങ്ങളിലെ ഇപ്പോഴത്തെ വില. ശരാശരി വില 24 രൂപയും. 22 രൂപയായിരുന്ന ചേമ്പിന് വില 30 മുതല്‍ 70 രൂപവരെയായാണ് കൂടിയത്. ശരാശരി വില 45.67 രൂപ. 15 രൂപയായിരുന്ന വഴുതനങ്ങയുടെ ഇപ്പോഴത്തെ ശരാശരി വില 25.85 രൂപയാണ്. 12 രൂപയായിരുന്ന മത്തന്റെ ശരാശരി വില 19.08 രൂപയും. ചിലയിടങ്ങളില്‍ 24 രൂപവരെയും വിലയുണ്ട്. 17 രൂപയായിരുന്ന വെണ്ടക്കയ്ക്ക് ശരാശരി 23.77 രൂപ വിലയായി. 13 രൂപയായിരുന്ന കാബേജിന് 26 മുതല്‍ 36 രൂപവരെയാണ് വില. ശരാശരി 29.31 രൂപ നല്‍കണം. 26 രൂപയായിരുന്ന പാവയ്ക്കയ്ക്ക് 48 രൂപവരെയായി വില ഉയര്‍ന്നു.

സര്‍ക്കാരിന്റെ കണക്കുകളേക്കാള്‍ ഉയര്‍ന്ന വിലയാണ് പലയിടങ്ങളിലും നിലവിലുള്ളത്. 2011 ഏപ്രിലില്‍ തിരുവനന്തപുരം ജില്ലയിലെ ഉപഭോക്തൃ സൂചിക 200 ആയിരുന്നത് ഇപ്പോള്‍ 206 ആയാണ് കൂടിയത്. എറണാകുളത്തെ സൂചിക 189ല്‍നിന്നും 200 ആയും കോഴിക്കോട്ട് സൂചിക 186ല്‍നിന്നും 201 ആയും ഉയര്‍ന്നു. ഓരോ മാസവും സൂചിക ഉയരുകയാണ്.
(ഷഫീഖ് അമരാവതി)

സര്‍ക്കാര്‍ നിഷ്ക്രിയം

സര്‍ക്കാര്‍നടപടി പ്രഖ്യാപനങ്ങളില്‍മാത്രം ഒതുങ്ങുമ്പോള്‍ ജീവിതം പൊള്ളിച്ച് പൊതുവിപണിയില്‍ വില കുത്തനെ ഉയരുന്നു. അരിയുടെയും പലവ്യഞ്ജനങ്ങളുടെയും പച്ചക്കറിയുടെയും മീനിന്റെയും ഇറച്ചിയുടെയും വിലക്കയറ്റത്തില്‍ തകരുന്നത് സാധാരണക്കാരന്റെ കുടുംബബജറ്റ്. പൊതുവിതരണസമ്പ്രദായം തകര്‍ന്നതോടെയാണ് സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമായത്. സപ്ലൈകോയുടെ അരിക്കടകള്‍ നിര്‍ത്തലാക്കി. കണ്‍സ്യൂമര്‍ഫെഡിന്റെ വില്‍പ്പനവില കുത്തനെ കൂട്ടി. കേന്ദ്ര സര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന ഇടക്കാലവിഹിതം ഈ സാമ്പത്തികവര്‍ഷം കിട്ടാത്തതുമൂലം റേഷനരിയുടെ വിതരണം അവതാളത്തിലായതും പൊതുവിപണിയില്‍ അരിവില വര്‍ധിക്കാന്‍ ഇടയാക്കി. എല്ലാ ഇനം അരിക്കും അനുദിനം വില ഉയരുകയാണ്. ജയ അരിക്ക് 28 രൂപയും മട്ടയ്ക്ക് 24 മുതല്‍ 27 രൂപവരെയുമാണ് വില. മട്ട വടി ഇനത്തിന് 28 രൂപ വിലയുണ്ട്. പച്ചരിവില 25 രൂപയെത്തി. സുരേഖ, വസന്ത തുടങ്ങിയ ഇനങ്ങളും വിലവര്‍ധനയുടെ പിടിയിലാണ്. വന്‍പയറിന് 60 രൂപയും ചെറുപയറിന് 65 രൂപയുമാണ് ചില്ലറവില്‍പ്പന വില. കടല വെള്ളയ്ക്ക് 85 രൂപയും കറുപ്പിന് 69 രൂപയുമെത്തി. ഉള്ളിവില 36 രൂപയും മല്ലിക്ക് 55 രൂപയും പഞ്ചസാരയ്ക്ക് 35 രൂപയുമായി വില. ജീരകം 280, കടുക് 85, ഉലുവ 80 രൂപ എന്നിങ്ങനെയാണ് വില. മുട്ട, ഇറച്ചി, മീന്‍ എന്നിവയ്ക്കെല്ലാം പൊള്ളുന്ന വിലതന്നെ. കോഴിയിറച്ചിക്ക് 86 രൂപയാണ് ഞായറാഴ്ചത്തെ വില. ഇത് 110 കടന്ന സന്ദര്‍ഭവും ഉണ്ടായി.

ആവശ്യത്തിന് മണ്ണെണ്ണ ലഭിക്കാത്തതുമൂലം തീരദേശത്ത് ജനജീവിതം വറുതിയിലായതിനെതുടര്‍ന്നാണ് മീനിന്റെ വിലയിലെ കുതിപ്പ്. കപ്പലുകളുടെ അനിയന്ത്രിതമായ വിഹാരംമൂലം തീരദേശത്തെ മത്സ്യസമ്പത്ത് കുറഞ്ഞതായി മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. പരവ, ആവോലി തുടങ്ങിയ ഇനങ്ങള്‍ കിട്ടാനില്ല. വാള അപൂര്‍വ ഇനമായി മാറി. മത്സ്യം തേടി ആഴക്കടലിലേക്ക് പോകാന്‍ മത്സ്യത്തൊഴിലാളികള്‍ നിര്‍ബന്ധിതരാകുന്നത് ഇന്ധനച്ചെലവ് കൂട്ടുന്നു. ഇതുമൂലം മീനിന്റെ വില അനുദിനം കുതിക്കുന്നു.

സപ്ലൈകോയും കണ്‍സ്യൂമര്‍ഫെഡും ചേര്‍ന്ന് വിപണിയില്‍ നടത്തിയ ഇടപെടല്‍ നിലച്ചതോടെയാണ് അരിയുടെയും പലവ്യഞ്ജനങ്ങളുടെയും വില കുതിച്ചുതുടങ്ങിയത്. കണ്‍സ്യൂമര്‍ഫെഡ് സാധനങ്ങള്‍ക്ക് കുത്തനെ വിലകൂട്ടിയത് വിപണിക്ക് തിരിച്ചടിയായി. നയാപൈസയുടെ വര്‍ധനയില്ലാതെ സപ്ലൈകോ വിതരണംചെയ്തിരുന്ന 13 ഇനം നിത്യോപയോഗസാധനങ്ങള്‍ ഇന്ന് വിപണന കേന്ദ്രങ്ങളില്‍ മിക്കയിടത്തും ലഭ്യമല്ല. ബജറ്റ് വിഹിതമായ 50 കോടിയും ഓണക്കാലത്തെ വിപണി ഇടപെടലിനായി അനുവദിച്ച 45 കോടിയും ലഭിക്കാത്തതിനെതുടര്‍ന്ന് നിത്യോപയോഗസാധനങ്ങളുടെ വാങ്ങല്‍ വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഇതുമൂലം സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ വിപണിയില്‍ പ്രതിഫലിക്കുന്നില്ല. ഓണത്തോടനുബന്ധിച്ച് ജൂലൈ 10 മുതല്‍ മെട്രോ ഫെയറുകളും 16 മുതല്‍ ജില്ലാതല ചന്തകളും ആരംഭിക്കേണ്ടതാണെങ്കിലും അതിനുള്ള ക്രമീകരണങ്ങള്‍ നടത്തുന്നതിന് സാമ്പത്തികപ്രതിസന്ധി തടസ്സമായി.

deshabhimani 090712

1 comment:

  1. "സത്യസന്ധമായി പറഞ്ഞാല്‍ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം തടയാന്‍ സര്‍ക്കാരിന് കഴിയില്ല"- ഒരു പ്രമുഖ ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രി കെ വി തോമസിന്റേയാണ് ഈ തുറന്നുപറച്ചില്‍. വിലക്കയറ്റത്തിനു കാരണം ബാഹ്യഘടകങ്ങളാണെന്ന നിലപാടാണ് മന്ത്രിക്ക്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് മുന്നോട്ടുവയ്ക്കുന്നതും ഇതേ ന്യായം തന്നെ. ഇന്ധന വിലകളിലുണ്ടായ വര്‍ധന, രൂപയുടെ വിലയിടിവ്, കൃഷിച്ചെലവില്‍ വന്ന ഭാരിച്ച മാറ്റം ഇതൊക്കെയാണ് മന്ത്രിയും പ്രധാനമന്ത്രിയുമൊക്കെ വിലക്കയറ്റത്തിന് കാരണങ്ങളായി നിരത്തുന്ന ബാഹ്യഘടകങ്ങള്‍. ഇവയൊന്നും തങ്ങളുടെ നിയന്ത്രണത്തില്‍ അല്ലെന്നാണ് കേന്ദ്രവാദം.

    ReplyDelete