Monday, July 9, 2012
താങ്ങാനാവില്ല, വളം വിലയും
വിലക്കയറ്റത്താല്‍ ജനം നെട്ടോട്ടമോടുമ്പോള്‍ ഉള്ള കാര്ഷികോല്പ്പാദനംകൂടി ഇല്ലാതാക്കുന്ന തരത്തിലാണ് രാസവിളത്തിന്റെ വില നാള്‍ക്കുനാള്‍ കുതിച്ചുയരുന്നത്. വില നിര്‍ണയാവകാശം കേന്ദ്ര സര്‍ക്കാര്‍ വളം നിര്‍മാണ കമ്പനികള്‍ക്ക് വിട്ടുനല്കിയതിനുശേഷം രാസവളത്തിനുണ്ടായ വിലവര്‍ധന കര്‍ഷകര്‍ക്ക് ഒരുതരത്തിലും താങ്ങാനാകാത്തതായി.
യൂറിയ, ഡൈ അമോണിയം ഫോസ്ഫേറ്റ് (ഡിഎപി), മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് (എംഒപി), കൂട്ടുവളങ്ങള്‍ തുടങ്ങിയവയുടെ വില അനിയന്ത്രിതമായി കുതിച്ചുകയറുകയായിരുന്നു. 2010 ഏപ്രില്‍ ഒന്നുമുതലാണ് ഇതിന് തുടക്കമായത്. അന്ന് ടണ്ണിന് 4634.98 രൂപയായിരുന്ന മ്യൂററ്റ് ഓഫ് പൊട്ടാഷിന് ഇന്നത്തെ വില 16,800 രൂപയാണ്്. 12 തവണയായുള്ള വര്‍ധനയില്‍ നാലിരട്ടിയായി വില കുതിച്ചുകയറി. ഫാക്ടംഫോസിന്റെ വില 11 തവണ വര്‍ധിപ്പിച്ചു. ക്വിന്റലിന് 6895 രൂപയില്‍നിന്ന് 16,468 രൂപയായി. 9573 രൂപ കൂടി. യൂറിയക്ക് ഏഴ് തവണ വിലകൂടി. യൂറിയ അമോണിയം ഫോസ്ഫേറ്റിന്റെ വില 4812.20 രൂപയായാണ് വര്‍ധിച്ചത്. 9987.80 രൂപയില്‍നിന്ന് ആറുതവണയിലെ വര്‍ധനയിലൂടെ 14,800 രൂപയിലെത്തി. കൂട്ടുവളമായ 20:20:3 (ഇഫ്കോ)ന്റെ വില 6895ല്‍നിന്ന് 14,800 രൂപയായി. എട്ട് തവണയായുള്ള വര്‍ധന 7905 രൂപ. 20:20:13 (ഐപിഎല്‍)ന്റെ വിലവര്‍ധന 8522.40 രൂപയാണ്. അഞ്ചുതവണയാണ് ഈ ഭാരം അടിച്ചേല്‍പ്പിച്ചത്. ടണ്ണിന് 7277.60 രൂപയില്‍നിന്ന് 15,800 വരെയെത്തി. ഡൈ അമോണിയം ഫോസ്ഫേറ്റിന് ടണ്ണിന് ഏഴ് തവണയായി 13,648.20 രൂപയാണ് വര്‍ധിച്ചത്. 10,351.95ല്‍നിന്ന് 24,000 രൂപയായി. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം യൂറിയക്ക് 52 രൂപയും മ്യൂററ്റ് ഓഫ് പൊട്ടാഷിന് 10,555 രൂപയും ഫാക്ടംഫോസിന് 5957 രൂപയും ഇഫ്കോയ്ക്ക് 4710 രൂപയും വര്‍ധിച്ചു. 20:20:0:13 (ഐപിഎല്‍)ന് 5058 രൂപയും ഡൈ അമോണിയം ഫോസ്ഫേറ്റിന് 11,516 രൂപയും കൂടി.
ഖാരിഫ് (ഏപ്രില്‍-സെപ്തംബര്‍), റാബി (ഒക്ടോബര്‍-മാര്‍ച്ച്) കാലഘട്ടങ്ങളിലാണ് രാസവള കമ്പനികള്‍ വില വര്‍ധിപ്പിക്കുന്നത്. ഖാരിഫ് സീസണില്‍ ഒരുലക്ഷം ടണ്‍ യൂറിയ, 90,000 ടണ്‍ പൊട്ടാഷ്, പൊട്ടാഷ് 1,30,000 ടണ്‍, ഫാക്ടംഫോസ് ഉള്‍പ്പെടെയുള്ള കൂട്ടുവളങ്ങള്‍ 25,000 ടണ്‍, ഡൈ അമോണിയം ഫോസ്ഫേറ്റ് 3000 ടണ്‍ എന്നിങ്ങനെയാണ് കേരളത്തിന്റെ കുറഞ്ഞ ആവശ്യകത. ഇത് ഓരോമാസത്തെയും ആവശ്യകത അനുസരിച്ചാണ് കേന്ദ്രം അനുവദിക്കേണ്ടത്്. മിക്കപ്പോഴും കൃത്യമായി ഡീലര്‍മാര്‍ക്ക് ഇത് എത്തിക്കാത്തത് കൃത്രിമ വിലക്കയറ്റവും സൃഷ്ടിക്കുന്നു. യൂറിയ ഒഴികെയുള്ള വളങ്ങളുടെ വില നിശ്ചയിക്കുന്നത് സ്വകാര്യകമ്പനികളാണ്. വളം ഇറക്കുമതിയിലൂടെ ബഹുരാഷ്ട്ര കമ്പനികള്‍ കോടികളാണ് കൊയ്യുന്നത്. ഫോസ്ഫേറ്റ്, പൊട്ടാഷ് തുടങ്ങിയ പോഷകങ്ങളടങ്ങിയ 22 ഇനം വളങ്ങളുടെ വിലനിയന്ത്രണാധികാരം 2010ലാണ് കേന്ദ്രം സ്വകാര്യകമ്പനികള്‍ക്ക് വിട്ടുകൊടുത്തത്. സംസ്ഥാനത്ത് കര്‍ഷകര്‍ക്ക് രാസവളം വിലകുറച്ച് ലഭ്യമാക്കുന്നതിന് കൃഷിഭവന് വഴി നടപ്പാക്കിയിരുന്ന വിവിധ പദ്ധതികളും അവതാളത്തിലായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കുന്ന പദ്ധതികളില്‍ രാസവളം 50 ശതമാനം സബ്സിഡിയില്‍ നല്കുന്ന പദ്ധതിയുടെ സ്ഥിതിയും വ്യത്യസ്തമല്ല.
(ജി രാജേഷ്കുമാര്‍)
വിത്തിനും വളത്തിനും പകരം നോട്ടീസ്; കാര്‍ഷികമേഖല കിതക്കുന്നു
കണ്ണൂര്‍: കാലവര്‍ഷം തുടങ്ങി ഒരുമാസം പിന്നിട്ടിട്ടും ജില്ലയില്‍ കാര്‍ഷികമേഖല അനിശ്ചിതത്വത്തില്‍. സര്‍ക്കാരില്‍നിന്ന് കൃഷിക്ക് ലഭിക്കുന്ന സഹായമോ സബ്സിഡി നിര്‍ദേശങ്ങളോ ലഭിക്കാത്തതിനാല്‍ വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്തധികൃതരുംകര്ഷകര്ക്ക് മുന്നില്‍ കൈമലര്‍ത്തുകയാണ്. കൃഷിഭവനുകളിലും പഞ്ചായത്തുകളിലും കയറിയിറങ്ങുന്ന കര്‍ഷകര്‍ക്ക് വിത്ത്, വളം, കീടനാശിനി എന്നിവയ്ക്ക് പകരം ലഭിക്കുന്നത് കൃഷിയുമായി ബന്ധപ്പെട്ട നോട്ടീസുകളും പ്രചാരണ പുസ്തകങ്ങളുമാണ്.
മുന്‍വര്‍ഷങ്ങളില്‍ വിത്തിന് നൂറ് ശതമാനവും വളത്തിന് 50 ശതമാനവും സബ്സിഡി നല്‍കിയിരുന്നു. എന്നാല്‍ ഈ വര്‍ഷം എന്ത് ലഭിക്കുമെന്ന് ആര്‍ക്കും പറയാനാവുന്നില്ല. വിത്ത്, വളം, കീടനാശിനി എന്നിവയ്ക്ക് സബ്സിഡി ലഭിക്കുമോ എന്നറിയാതെ കുത്തനെ വര്‍ധിക്കുന്ന കാര്ഷികസാധനങ്ങളുടെ വിലക്കയറ്റത്തിന് മുന്നില്‍ കര്‍ഷകര്‍ അന്ധാളിച്ചു നില്‍ക്കുകയാണ്. കഴിഞ്ഞ 15 വര്‍ഷമായി വികേന്ദ്രീകൃതാസൂത്രണത്തിന്റെ ചുവട് പിടിച്ചാണ് കര്‍ഷകര്‍ കാര്‍ഷിക ആസൂത്രണം നടത്തിയിരുന്നത്. എന്നാല്‍ സീസണ് പകുതിയായിട്ടും സര്‍ക്കാരില്‍നിന്ന് അറിയിപ്പൊന്നുമുണ്ടായില്ല. ദൂരവ്യാപകമായ പ്രത്യാഘാതമാണ് ഇത് സൃഷ്ടിക്കുക. വര്‍ഷങ്ങളായി ജില്ലയിലുണ്ടായിരുന്ന കാര്‍ഷിക ഉണര്‍വ് പാടെ തകരും. പ്രാദേശിക ഉല്‍പ്പാദനം നിലച്ച് രോഗങ്ങളും കീടങ്ങളും വര്‍ധിക്കും. കര്‍ഷകര്‍ക്ക് കൃഷിയോടുള്ള താല്പര്യം കുറയും. ഒട്ടേറെ അനുകൂലസാഹചര്യം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ കൃഷിയോട് കൊടിയ അവഗണന കാട്ടുന്നത്.
കാര്‍ഷിക വികസനത്തിന് സര്‍ക്കാര്‍ പദ്ധതികള്‍ ഉണ്ടാവുമെന്ന പ്രതീക്ഷയില്‍ ജില്ലയില്‍ ചില പഞ്ചായത്തുകള്‍ നെല്‍കൃഷി തുടരാന്‍ തീരുമാനിച്ചെങ്കിലും ആസൂത്രണരേഖവന്നപ്പോള് അക്ഷരാര്‍ഥത്തില്‍ ഞെട്ടി. കൃഷിക്കായി പണം നീക്കിവയ്ക്കാനുള്ള നിര്‍ദേശം മാര്‍ഗരേഖയിലില്ല. നൂറുകൂട്ടം പദ്ധതികളില്‍ ഒന്നായി മാത്രമാണ് കൃഷിയെ പരിഗണിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ ജില്ലയില്‍ നെല്‍കൃഷി വ്യാപകമാക്കാനുള്ള ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കിയിരുന്നു. കുടുംബശ്രീ, സ്വാശ്രയസംഘങ്ങള്‍വഴി നെല്‍കൃഷിയും പച്ചക്കറി കൃഷിയും ആരംഭിച്ചു. തരിശുഭൂമി കണ്ടെത്തി കൃഷിയിറക്കി. സര്‍ക്കാരില്‍നിന്നും തദ്ദേശസ്ഥാപനങ്ങള്‍ വഴിയും ലഭിച്ച സഹായങ്ങളും സബ്സിഡികളുമായിരുന്നു പ്രചോദനം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജില്ലയില്‍ മാത്രം 1500 ഏക്കറിലാണ് അധികമായി നെല്‍കൃഷി ചെയ്തത്. ഇപ്പോള്‍ അവയൊക്കെ വീണ്ടും തരിശായി. മഴക്കാലപച്ചക്കറി കൃഷിയും അവതാളത്തിലായി. ഒരു വിത്തുപോലും കൃഷിഭവന് വഴി ലഭിച്ചിട്ടില്ല. ഈ നില തുടര്‍ന്നാല്‍ പ്രദേശിക ഉല്പാദനം 50 ശതമാനത്തോളം കുറയുമെന്ന് കാര്ഷികമേഖലയിലുളളവര് പറയുന്നു.
വിറ്റ നെല്ലിനും വില കിട്ടിയില്ല; കര്‍ഷകര്‍ക്ക് കാത്തിരിപ്പ് ബാക്കി
തൃശൂര്‍: വര്‍ഷങ്ങളായി കൊച്ചുക്കുട്ടി നെടുപുഴ ചാമക്കോളില്‍ കൃഷിയിറക്കുന്നു. വായ്പയെടുത്താണ് കൃഷിപ്പണി. സര്‍ക്കാര്‍ വില നല്കുമ്പോള് വായ്പ തിരിച്ചടയ്ക്കാനാവുമെന്നായിരുന്നു പ്രതീക്ഷ. നെല്‍വില കിട്ടാതായതോടെ കടക്കെണിയിലായി.
"ഇങ്ങനെയെങ്കില്‍ എങ്ങനെ കൃഷിയിറക്കും. കൃഷി മാത്രം ആശ്രയിച്ച് കഴിയുന്ന ഞങ്ങള്‍ എങ്ങനെ കഴിഞ്ഞുകൂടും" നെല്ല് വിളയിച്ച പാടം നോക്കി കണ്ണീരണിഞ്ഞ് അറുപത്തിമൂന്നുകാരി കൊച്ചുക്കുട്ടി ചോദിക്കുന്നു. അഞ്ചു പറ നിലത്താണ് പനമുക്ക് ഇളംകൂറ്റില്‍ കൊച്ചുക്കുട്ടി ഡിസംബറില്‍ കൃഷിയിറക്കിയത്. ഏപ്രില്‍ ആദ്യവാരം കൊയ്ത്ത് നടത്തി. കിലോയ്ക്ക് 15 രൂപ നിരക്കില്‍ സപ്ലൈകോ സംഭരിച്ചത് 878 കിലോ. നെല്‍വിലയായി 13,170 രൂപ കിട്ടുന്നതും കാത്തിരിപ്പായിരുന്നു കൊച്ചുക്കുട്ടി. മാസങ്ങള്‍ കഴിഞ്ഞിട്ടും പണം കിട്ടാതായതോടെ കടമേറി. സഹകരണബാങ്കില്‍നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ കൊച്ചുക്കുട്ടി നെട്ടോട്ടത്തിലായി. കൊച്ചുക്കുട്ടിയുടെ ഭര്‍ത്താവ് മരിച്ചു. പെണ്മക്കളെ വിവാഹം കഴിച്ചയച്ചു. കൃഷിയില്‍നിന്നുള്ള വരുമാനം കൊണ്ടാണ് 85 വയസ്സുള്ള അമ്മ കല്യാണിയമ്മയും കൊച്ചുക്കുട്ടിയും കഴിയുന്നത്. ഇങ്ങനെയെങ്കില്‍ എങ്ങനെ ജീവിക്കും- കൊച്ചുക്കുട്ടി ആധി പങ്കുവയ്ക്കുന്നു.
ശ്വാസംമുട്ടിന്റെ അല്ലല് ഇടയ്ക്കുണ്ടെങ്കിലും 71-ാം വയസ്സിലും പനമുക്ക് കിഴക്കൂട്ടില്‍ സരോജിനി ഭര്‍ത്താവ് നാരായണകൈമളും ചേര്‍ന്ന് കൃഷിയിറക്കുന്നു. ഡിസംബറിലായിരുന്നു ആറരപ്പറയ്ക്ക്കൃഷിയിറക്കിയത്. 1749 കിലോ നെല്ലാണ് ഏപ്രില്‍ ആദ്യവാരം സപ്ലൈകോ കൊണ്ടുപോയത്. 26,235 രൂപയാണ് കിട്ടാനുള്ളത്. വളത്തിനും വില വര്‍ധിച്ചു. കൃഷിച്ചെലവും ഇരട്ടിയായി. കടമെടുത്താണ് കൃഷിചെയ്യുന്നത്. കഷ്ടപ്പെട്ട് പണിതുണ്ടാക്കുന്ന നെല്ലിന് വില തരാതെ പറ്റിക്കുന്ന സര്‍ക്കാരാണിത്-സരോജിനി പറഞ്ഞു. ഡല്‍ഹി ഗസ്റ്റ്ഹൗസിലെ ജോലിയില്‍നിന്ന് വിരമിച്ച് നാട്ടിലെത്തിയ ഗോവിന്ദന്‍കുട്ടിക്ക് (63) കൃഷിയോടുള്ള താല്‍പ്പര്യംകൊണ്ടാണ് കര്‍ഷകനായത്. ആറു വര്‍ഷമായി കൃഷി ചെയ്യുന്നു. ഇത്തവണ അഞ്ചു പറ നിലത്താണ് കൃഷിയിറക്കിയത്. കിട്ടാനുള്ളത് 18,000 രൂപ. നെല്‍വില കിട്ടാത്തതുകൊണ്ട് വായ്പ തിരിച്ചടച്ചിട്ടില്ല. കൊണ്ടുപോയ നെല്ല് മില്ലുകാര്‍ അരിയാക്കി വിറ്റുകഴിഞ്ഞിട്ടുണ്ടാകും. വ്യാപാരികള്‍ക്കും മില്ലുകാര്‍ക്കും പണംകിട്ടി. പണിതുണ്ടാക്കിയ കര്‍ഷകനുമാത്രം കടം ബാക്കി. അരിക്ക് ഇന്ന് തീവിലയാണ്. ഇതില്‍ ലാഭം കൊയ്യുന്നത് ഇടനിലക്കാരും. ഈ സര്‍ക്കാര്‍ കര്‍ഷകരെ ചതിക്കുഴിയിലാക്കി പറ്റിക്കുകയാണ്- പനമുക്ക് പള്ളത്ത് ഗോവിന്ദന്‍കുട്ടി പറഞ്ഞു.
പനമുക്ക് വടക്കൂട്ട് രാമചന്ദ്രന്, വേങ്ങാശേരി രത്നം ഇവര്‍ക്കെല്ലാം പറയാനുള്ളത് ഇതേ കഥ. നെടുപുഴ കാപ്പ് പടവിലാണ് രത്നം കൃഷിയിറക്കിയത്. നെല്ല് കൊടുത്ത വകയില്‍ കിട്ടാനുള്ളത് 19,500 രൂപ. രാമചന്ദ്രന് കിട്ടാനുള്ളത് ഒന്നരലക്ഷം രൂപ. പതിനായിരം കിലോയാണ് സപ്ലൈകോ സംഭരിച്ചത്. കടക്കെണിയിലായ കര്‍ഷകരെ കണ്ടില്ലെന്ന് നടിക്കാനാണ് സര്‍ക്കാരിന്റെ ഭാവമെങ്കില്‍ ശക്തമായി സമരരംഗത്തിറങ്ങും. ഇത് ജീവിതം വച്ചുള്ള കളിയാണ്- രാമചന്ദ്രന് പറഞ്ഞു. കര്‍ഷകസംഘം തൃശൂര്‍ ഏരിയ സെക്രട്ടറി കൂടിയായ കുന്നംപിള്ളി രവീന്ദ്രന് കിട്ടാനുള്ളത് 50,055 രൂപ. 16 പറ നിലത്താണ് രവീന്ദ്രന് കൃഷിയിറക്കിയത്. 3337 കിലോ നെല്ല് സപ്ലൈകോ എടുത്തു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൃത്യമായി വില നല്‍കിയിരുന്നതായി രവീന്ദ്രന് പറഞ്ഞു. ഇങ്ങനെ എത്രയോ കര്‍ഷകരാണ് വിറ്റ നെല്ലിന്റെ പണം കിട്ടാതെ തിരിച്ചടയ്ക്കാനാവാത്ത വായ്പയുടെ പലിശയും പിഴപ്പലിശയും പെറ്റുപെരുകി കടക്കെണിയില്‍ ഉഴലുന്നത്.
(ടി വി വിനോദ്)
കടക്കെണിയിലാക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ നാളെ കര്‍ഷക ധര്‍ണ
തൃശൂര്‍: നെല്ലിന്റെ സംഭരണവില അടിയന്തരമായി നല്‍കുക, രാസവള വിലവര്‍ധന പിന്‍വലിക്കുക, നാളികേര വിലയിടിവ് തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ ചൊവ്വാഴ്ച എല്ലാ പഞ്ചായത്തുകളിലും കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ഓഫീസിന് മുന്നിലും ധര്‍ണ നടത്തും.
കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന കാര്‍ഷിക പ്രതിസന്ധിക്കിടയാക്കിയ പ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ്. രാസവള വിലനിയന്ത്രണം കോര്‍പറേറ്റുകള്‍ക്ക് നല്കിയതുമൂലം രാസവളവില വന്‍തോതിലാണ് വര്‍ധിച്ചിരിക്കുന്നത്. കൊപ്ര സംഭരണമടക്കമുള്ള നടപടി ഫലപ്രദമാക്കി നാളികേര കര്‍ഷകരെ സഹായിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാകുന്നില്ല. മാസങ്ങള്‍ക്ക് മുമ്പ് സംഭരിച്ച നെല്ലിന്റെ വില നല്‍കാതെ നെല്‍ കര്‍ഷകരേയും സംസ്ഥാന സര്‍ക്കാര്‍ വഞ്ചിച്ചിരിക്കുകയാണ്. ഇതിനെതിരെ നടത്തുന്ന ധര്‍ണ വിജയിപ്പിക്കണമെന്ന് കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് പി കെ ഡേവിസും സെക്രട്ടറി മുരളി പെരുനെല്ലിയും പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
deshabhimani 090712
Subscribe to:
Post Comments (Atom)

വിലക്കയറ്റത്താല്‍ ജനം നെട്ടോട്ടമോടുമ്പോള്‍ ഉള്ള കാര്ഷികോല്പ്പാദനംകൂടി ഇല്ലാതാക്കുന്ന തരത്തിലാണ് രാസവിളത്തിന്റെ വില നാള്‍ക്കുനാള്‍ കുതിച്ചുയരുന്നത്. വില നിര്‍ണയാവകാശം കേന്ദ്ര സര്‍ക്കാര്‍ വളം നിര്‍മാണ കമ്പനികള്‍ക്ക് വിട്ടുനല്കിയതിനുശേഷം രാസവളത്തിനുണ്ടായ വിലവര്‍ധന കര്‍ഷകര്‍ക്ക് ഒരുതരത്തിലും താങ്ങാനാകാത്തതായി.
ReplyDeleteരാസവളവില വര്‍ധന പഠിക്കാനെത്തിയ ഉന്നതതലസംഘം സുഖവാസകേന്ദ്രത്തില്‍. രാസവളത്തിന്റെ ദൗര്‍ലഭ്യവും ഇത് കര്‍ഷകരെ എങ്ങനെ ബാധിക്കുന്നുവെന്ന് പഠിക്കാനുമാണ് കേന്ദ്രസംഘം സംസ്ഥാനത്ത് എത്തിയത്. ആറ് ഉത്തരേന്ത്യന്‍ എംപിമാരും അഞ്ച് ഉദ്യോഗസ്ഥരുമടങ്ങുന്നതാണ് സംഘം. കര്‍ഷകരുമായി ആശയവിനിമയം നടത്താന്‍ കേന്ദ്രസംഘം തയാറായിട്ടില്ല. സംഘത്തെ കര്‍ഷക പ്രതിനിധികളെയും കര്‍ഷകസംഘടനാ നേതാക്കളെയും കാണാന്‍ അനുവദിച്ചില്ലെന്നും പരാതിയുണ്ട്. ഇതിനെതിരെ കര്‍ഷകകോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. കോതമംഗലത്ത്എഫ്എസിടി സംഘടിപ്പിച്ച സിറ്റിംഗില്‍ പങ്കെടുത്ത സംഘം എഫ്എസിടി യുടെ ചിലപ്രതിനിധികളുമായി രഹസ്യസംഭാഷണം നടത്തി. ഇത് രാസവള വിലവര്‍ധനയ്ക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കുന്നതിനാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. വന്‍കിട വളംനിര്മാതാക്കളുടെ സല്‍ക്കാരമാണ് സുഖവാസ കേന്ദ്രങ്ങളിലെ താമസമെന്നും ആരോപണമുണ്ട്. ഫാക്ടംഫോസ് 50 കിലോ ഗ്രാം ചാക്കിന് 380 രൂപയാണ് വര്‍ധിപ്പിച്ചത്.
ReplyDelete