Tuesday, July 10, 2012

നഗരം സുന്ദരമാക്കാന്‍ സ്വകാര്യക്കമ്പനി കോര്‍പറേഷന് കോടികള്‍ നഷ്ടം


തൃശൂര്‍: ഓപ്പണ്‍ ടെന്‍ഡര്‍ വിളിക്കാതെ നഗര നവീകരണത്തിന്റെയും സൗന്ദ്യവല്‍ക്കരണത്തിന്റെയും പേരില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ സ്വകാര്യകമ്പനിക്ക് അനുമതി നല്‍കിയതിലൂടെ തൃശൂര്‍ കോര്‍പറേഷന് നഷ്ടമായത് കോടികള്‍. ഇതിനു പിന്നില്‍ വന്‍ അഴിമതിയെന്നും സൂചനയുണ്ട്. നഗരസൗന്ദര്യവല്‍ക്കരണം ട്രാഫിക്സിഗ്നല്‍ സ്ഥാപിക്കല്‍ തുടങ്ങി വിവിധ പദ്ധതികളാണ് നഗരത്തില്‍ നടപ്പാക്കുന്നത്. ഇതിന് ഓപ്പണ്‍ ടെന്‍ഡര്‍ വിളിക്കാതെ "സീറോ ഡിഗ്രി അഡ്വര്‍ടൈസ്മെന്റ്" എന്ന കമ്പനിയെ ഏല്‍പ്പിച്ചതാണ് വിവാദമായത്. പദ്ധതി നടപ്പാക്കുമ്പോള്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിലൂടെ കമ്പനിക്ക് വന്‍ലാഭമുണ്ടാക്കാനാകും. കോര്‍പറേഷന് ലഭിക്കുമായിരുന്ന കോടികളാണ് യുഡിഎഫ് ഭരണനേതൃത്വം സ്വകാര്യ വ്യക്തിയുടെ കൈകളിലേക്കെത്തിച്ചത്.

പ്രതിപക്ഷാംഗങ്ങളുടെ വിയോജിപ്പോടെയാണ് കൗണ്‍സില്‍ ഈ കരാര്‍ അംഗീകരിച്ചത്. കോണ്‍ഗ്രസ് ഉന്നതരും ഭരണകക്ഷി കൗണ്‍സിലര്‍മാരും ചേര്‍ന്ന സംഘമാണ് ഒരു കമ്പനിക്ക് മാത്രം പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് വഴിയൊരുക്കിയത്. ടെന്‍ഡര്‍ വിളിച്ച് നിബന്ധനകളിലൂടെ ലക്ഷങ്ങള്‍ കോര്‍പറേഷന് വരുമാനമുണ്ടാക്കാമായിരുന്ന പദ്ധതികളാണ് സ്വകാര്യകമ്പനിക്ക് വിട്ടുകൊടുത്തത്. പദ്ധതി കോര്‍പറേഷന്‍ നേരിട്ട് നടപ്പാക്കിയിരുന്നെങ്കില്‍ കോടികള്‍ വരുമാനം ലഭിക്കുമായിരുന്നു. സബ്വേകളുടെ സൗന്ദര്യവല്‍ക്കരണം, തേക്കിന്‍കാട് മൈതാനത്ത് ചേര്‍ന്നു കിടക്കുന്ന ഫുട്പാത്തിന്റെ നവീകരണം, ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കല്‍ എന്നീ പദ്ധതികള്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കോര്‍പറേഷന്‍ കൗണ്‍സില്‍ അംഗീകരിച്ചത്.

 "സീറോ ഡിഗ്രി"ക്കായി ഡാനി ആന്റണി എന്ന ആളാണ് അപേക്ഷ നല്‍കിയത്. പദ്ധതി നടപ്പാക്കുമ്പോള്‍ കമ്പനിക്ക് പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കണമെന്നായിരുന്നു നിബന്ധന. നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ട്രാഫിക് അമ്പ്രല, റോഡ് ഡൈവര്‍ഷന്‍ സിഗ്നലുകള്‍, ഇലക്ട്രിക് ലാംപുകള്‍, ഫാബ്രിക്കേഷന്‍ ലാമ്പ് പോസ്റ്റ്, ഡിസ്പ്ലേ ബോര്‍ഡുകള്‍, ഔട്ടര്‍ ഫുട്പാത്ത് സൗന്ദര്യവല്‍ക്കരണം, അയ്യന്തോള്‍ പാര്‍ക്ക് സൗന്ദര്യവല്‍ക്കരണം, വടക്കേ ബസ്സ്റ്റാന്‍ഡിന്റെ ആധുനികരീതിയിലുള്ള സൗന്ദര്യവല്‍ക്കരണം തുടങ്ങിയപദ്ധതികള്‍ അംഗീകരിക്കുന്നതിനാണ് വീണ്ടും സീറോ ഡിഗ്രി അപേക്ഷ നല്‍കിയത്. ഇതെല്ലാം സ്ഥാപിക്കുമ്പോഴും നടപ്പാക്കുമ്പോഴും ഒപ്പം പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുമതി വേണം എന്നായിരുന്നു നിബന്ധന. ഇതിനും ഓപ്പണ്‍ ടെന്‍ഡറില്ലാതെയും പ്രതിപക്ഷവിയോജിപ്പോടെ കഴിഞ്ഞ കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു.

സീറോ ഡിഗ്രിയിലെത്തിയ പദ്ധതികള്‍

നഗരത്തിലെ സബ്വേകളുടെ സൗന്ദര്യവല്‍ക്കരണം. പാറമേക്കാവ് ക്ഷേത്രത്തിന് സമീപവും റൗണ്ട് സൗത്തിലുമുള്ള സബ്വേകളാണ് സൗന്ദര്യവല്‍ക്കരിക്കുക. പകരം മുകളില്‍ പരസ്യപ്രദര്‍ശനത്തിന് അനുമതി. കരാര്‍ കാലാവധി പത്തുവര്‍ഷം. 35 കേന്ദ്രങ്ങളില്‍ ട്രാഫിക്ലൈറ്റുകള്‍സ്ഥാപിക്കല്‍. ഒപ്പം പരസ്യം പ്രദര്‍ശിപ്പിക്കാം. കരാര്‍ കാലാവധി പത്തു വര്‍ഷം.  തേക്കിന്‍കാട് മൈതാനത്തോടു ചേര്‍ന്ന ഫുട്പാത്ത് ടൈല്‍സ് വിരിച്ച് വിളക്കുകാലുകള്‍ സ്ഥാപിക്കല്‍. കാലാവധി പത്തു വര്‍ഷം. ഇവിടെയും പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാം. കാലാവധി പത്തുവര്‍ഷം. ദേവസ്വം വകസ്ഥലമായതിനാല്‍ അനുമതി നിയമവിരുദ്ധമെന്ന് ആക്ഷേപം.  വടക്കേസ്റ്റാന്‍ഡ്, അയ്യന്തോള്‍ പാര്‍ക്ക്, നഗരത്തിലെ വിവിധ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും നവീകരണപരിപാടികള്‍ക്ക് അനുമതി.

deshabhimani 100712

1 comment:

  1. ഓപ്പണ്‍ ടെന്‍ഡര്‍ വിളിക്കാതെ നഗര നവീകരണത്തിന്റെയും സൗന്ദ്യവല്‍ക്കരണത്തിന്റെയും പേരില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ സ്വകാര്യകമ്പനിക്ക് അനുമതി നല്‍കിയതിലൂടെ തൃശൂര്‍ കോര്‍പറേഷന് നഷ്ടമായത് കോടികള്‍. ഇതിനു പിന്നില്‍ വന്‍ അഴിമതിയെന്നും സൂചനയുണ്ട്. നഗരസൗന്ദര്യവല്‍ക്കരണം ട്രാഫിക്സിഗ്നല്‍ സ്ഥാപിക്കല്‍ തുടങ്ങി വിവിധ പദ്ധതികളാണ് നഗരത്തില്‍ നടപ്പാക്കുന്നത്. ഇതിന് ഓപ്പണ്‍ ടെന്‍ഡര്‍ വിളിക്കാതെ "സീറോ ഡിഗ്രി അഡ്വര്‍ടൈസ്മെന്റ്" എന്ന കമ്പനിയെ ഏല്‍പ്പിച്ചതാണ് വിവാദമായത്. പദ്ധതി നടപ്പാക്കുമ്പോള്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിലൂടെ കമ്പനിക്ക് വന്‍ലാഭമുണ്ടാക്കാനാകും. കോര്‍പറേഷന് ലഭിക്കുമായിരുന്ന കോടികളാണ് യുഡിഎഫ് ഭരണനേതൃത്വം സ്വകാര്യ വ്യക്തിയുടെ കൈകളിലേക്കെത്തിച്ചത്.

    ReplyDelete