Wednesday, July 11, 2012

തിരുവഞ്ചൂരിന്റെ നടപടി വിവാദത്തില്‍


പൊലീസ് ഇന്റലിജന്‍സ് മേധാവി സര്‍ക്കാരിനുനല്‍കിയ രഹസ്യസ്വഭാവമുള്ള കുറിപ്പ് ആഭ്യന്തര-വിജിലന്‍സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ സമര്‍പ്പിച്ചത് വിവാദമാകുന്നു. ടി പി ചന്ദ്രശേഖരനുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് മേധാവി ആഭ്യന്തര സെക്രട്ടറിക്കു നല്‍കിയ അനൗദ്യോഗികവും സ്ഥിരീകരിക്കാത്തതുമായ കുറിപ്പ് രാഷ്ട്രീയതാല്‍പ്പര്യത്തിന് മന്ത്രി ഉപയോഗിച്ചെന്നാണ് ആക്ഷേപം.

ചന്ദ്രശേഖരന് ഭീഷണിയുണ്ടെന്നുകാട്ടി ഇന്റലിജന്‍സ് എഡിജിപി ആഭ്യന്തര-വിജിലന്‍സ് വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് 2010ല്‍ നല്‍കിയ കുറിപ്പാണ് തിരുവഞ്ചൂര്‍ സ്വമേധയാ മേശപ്പുറത്ത് വച്ചത്. കോടിയേരി ബാലകൃഷ്ണന്‍ മന്ത്രിയായിരുന്ന കാലത്ത് ലഭിച്ച റിപ്പോര്‍ട്ടില്‍ നടപടി എടുത്തില്ലെന്നും തിരുവഞ്ചൂര്‍ ആക്ഷേപം ഉന്നയിച്ചു. ആരും ആവശ്യപ്പെടാതെ മന്ത്രി കടലാസ് മേശപ്പുറത്ത് വയ്ക്കുകയായിരുന്നു. ആരുടെയും ആവശ്യമില്ലാതെ കടലാസ് മേശപ്പുറത്ത് വയ്ക്കേണ്ടതുണ്ടോയെന്ന് സ്പീക്കര്‍ അഭിപ്രായപ്പെട്ടതും മന്ത്രിയെ പിന്തിരിപ്പിച്ചില്ല. മേശപ്പുറത്തുവച്ച കടലാസിന്റെ അടിസ്ഥാനത്തില്‍ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയുമുണ്ടായി. ഇതില്‍നിന്നാണ് മന്ത്രിയുടെ നടപടിയില്‍ രാഷ്ട്രീയലക്ഷ്യമുണ്ടായിരുന്നെന്ന സംശയം ശക്തമാകുന്നത്.

രഹസ്യാന്വേഷണവിഭാഗത്തില്‍നിന്ന് സര്‍ക്കാരിനു ലഭിക്കുന്ന കുറിപ്പുകള്‍ പരിശോധിക്കുകയല്ലാതെ പ്രസിദ്ധപ്പെടുത്താറില്ല. നേരത്തെ, രഹസ്യാന്വേഷണവിഭാഗത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സാമാജികര്‍ സഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കെല്ലാം,രഹസ്യസ്വഭാവമുള്ള റിപ്പോര്‍ട്ടുകളായതിനാല്‍ നല്‍കാന്‍ കഴിയില്ലെന്ന ഉത്തരമാണ് മന്ത്രി നല്‍കിയിട്ടുള്ളത്. ചന്ദ്രശേഖരനും മറ്റും വധഭീഷണിയുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസ് രഹസ്യാന്വേഷണവിഭാഗം തലവന്‍ 2012 മാര്‍ച്ച് 21ന് സര്‍ക്കാരിനും റേഞ്ച് ഡിഐജിക്കും കോഴിക്കോട് റൂറല്‍ എസ് പിക്കും നല്‍കിയ ജാഗ്രതാ അറിയിപ്പിന്റെ പകര്‍പ്പ് മേശപ്പുറത്ത് വയ്ക്കാമോയെന്ന ജെയിംസ് മാത്യുവിന്റെ ആവശ്യം ഇതേ ന്യായം പറഞ്ഞ് മന്ത്രി നിഷേധിച്ചു. "രഹസ്യം" എന്ന് രേഖപ്പെടുത്തി, അനൗദ്യോഗികവും സ്ഥിരീകരിക്കാത്തതുമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ടുകളാണ് രഹസ്യാന്വേഷണവിഭാഗം മേധാവി സര്‍ക്കാരിന് നല്‍കുന്നത്. സ്വീകരിക്കുന്നയാള്‍ വ്യക്തിപരമായ ഉത്തരവാദിത്തത്തില്‍ സൂക്ഷിക്കണമെന്നും ഏതെങ്കിലും ഫയലില്‍ ഉള്‍പ്പെടുത്താനോ മറ്റേതെങ്കിലും വകുപ്പുകളിലേക്ക് ചുവടെഴുത്ത് നടത്താനോ പാടില്ലെന്നുമുള്ള നിഷ്കര്‍ഷയോടെയാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മറ്റേതെങ്കിലും വകുപ്പില്‍നിന്ന് നടപടി വേണമെങ്കില്‍ ആഭ്യന്തരവകുപ്പ് റിപ്പോര്‍ട്ടിന്റെ ഈ പ്രസക്തഭാഗം മാത്രമാണ് കൈമാറുക.

deshabhimani 110712

1 comment:

  1. പൊലീസ് ഇന്റലിജന്‍സ് മേധാവി സര്‍ക്കാരിനുനല്‍കിയ രഹസ്യസ്വഭാവമുള്ള കുറിപ്പ് ആഭ്യന്തര-വിജിലന്‍സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ സമര്‍പ്പിച്ചത് വിവാദമാകുന്നു. ടി പി ചന്ദ്രശേഖരനുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് മേധാവി ആഭ്യന്തര സെക്രട്ടറിക്കു നല്‍കിയ അനൗദ്യോഗികവും സ്ഥിരീകരിക്കാത്തതുമായ കുറിപ്പ് രാഷ്ട്രീയതാല്‍പ്പര്യത്തിന് മന്ത്രി ഉപയോഗിച്ചെന്നാണ് ആക്ഷേപം.

    ReplyDelete