Sunday, July 8, 2012

ബസുവിനെ സഭയില്‍ അനുസ്മരിക്കാന്‍ മമതസര്‍ക്കാര്‍ അനുവദിച്ചില്ല


ജ്യോതിബസുവിന് വംഗനാടിന്റെ സ്മരണാഞ്ജലി

കൊല്‍ക്കത്ത: പശ്ചിമബംഗാളിനെ ഐശ്വര്യത്തിന്റെയും പുരോഗതിയുടെയും പാതയിലേക്ക് നയിച്ച പ്രിയപ്പെട്ട ജനായകന്‍ ജ്യോതിബസുവിന്റെ 99-ാംജന്മദിനം സംസ്ഥാനത്തൊട്ടാകെ സമുചിതമായി ആചരിച്ചു. ഞായറാഴ്ച രാവിലെ സിപിഐ എം സംസ്ഥാനകമ്മിറ്റി ഓഫീസില്‍ സെക്രട്ടറി ബിമന്‍ബസു, പൊളിറ്റ്ബ്യൂറോ അംഗങ്ങളായ ബുദ്ധദേവ് ഭട്ടാചാര്യ, നിരുപംസെന്‍, സൂര്യകാന്ത് മിശ്ര, കേന്ദ്ര- സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തി. ദീര്‍ഘകാലം ജ്യോതിബസു താമസിച്ചിരുന്ന ഇന്ദിരഭവനുമുമ്പില്‍ "പഥേര്‍ പാഞ്ചലി"യെന്ന സാമൂഹ്യക്ഷേമസംഘടനയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണപരിപാടികള്‍ അരങ്ങേറി. 2010 ജനുവരി 17നാണ് അദ്ദേഹം അന്തരിച്ചത്. നിരവധി ഇടതുമുന്നണി നേതാക്കള്‍ പങ്കെടുത്തു.

ബസുവിനെ സഭയില്‍ അനുസ്മരിക്കാന്‍ മമതസര്‍ക്കാര്‍ അനുവദിച്ചില്ല

കൊല്‍ക്കത്ത: ബംഗാളിലെ ഏറ്റവും ആദരണീയ ജനായകനും ഏറ്റവും കൂടുതല്‍ കാലം സംസ്ഥാനഭരണം നിര്‍വഹിക്കുകയും ചെയ്ത കമ്യൂണിസ്റ്റ് നേതാവ് ജ്യോതിബസുവിന്റെ ജന്മദിനത്തില്‍ നിയമസഭയില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നതിന് മമതസര്‍ക്കാര്‍ വിലക്ക് കല്‍പ്പിച്ചു. ജ്യോതിബസുവിന്റെ 99-ാം ജന്മദിനമായ ഞായറാഴ്ച അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനായി നിയമസഭയിലെത്തിയ പ്രതിപക്ഷനേതാവ് സൂര്യകാന്ത്മിശ്ര, ഏറ്റവും കൂടുതല്‍ കാലം സ്പീക്കറായിരുന്ന അബ്ദുള്‍ഹലിം, എംഎല്‍എമാര്‍, മുന്‍ മന്ത്രിമാര്‍, മുന്‍ എംഎല്‍എമാര്‍ എന്നിവരെ അകത്തേക്ക് കടത്തിവിടാതെ നിയമസഭാ ഉദ്യോഗസ്ഥര്‍ കവാടത്തില്‍ തടഞ്ഞു. ആരെയും അകത്തേക്ക് കടത്തിവിടരുതെന്ന് സ്പീക്കറുടെ ഉത്തരവുണ്ടെന്ന് വാച്ച് ആന്‍ഡ് വാര്‍ഡ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയശേഷം നേതാക്കളും എംഎല്‍എമാരും കവാടത്തിനുപുറത്ത് ജനായകന്റെ ചിത്രംവച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി.

പ്രതിപക്ഷനേതാവായും ഭരണകര്‍ത്താവായും ആറുദശകത്തോളം സഭയില്‍ തിളങ്ങിനിന്ന ബംഗാളിന്റെ ഏറ്റവും ജനപ്രിയനായ നേതാവിനോട് അനാദരവ് കാട്ടിയ ഭരണപക്ഷനടപടിയെ പ്രതിപക്ഷനേതാവ് സൂര്യകാന്ത് മിശ്ര ശക്തിയായി അപലപിച്ചു. അവധിദിവസമായതിനാല്‍ ജോലിക്കാര്‍ ഹാജരല്ലെന്ന കാരണത്താലാണ്് ജ്യോതിബസു അനുസ്മരണം സഭയ്ക്കുള്ളില്‍ നടത്താന്‍ അനുമതി നിഷേധിച്ചതെന്ന് സ്പീക്കര്‍ ബിമല്‍ ബാനര്‍ജി പറഞ്ഞു. രണ്ടുദിവസംമുമ്പ് നിയമസഭയില്‍ ബസുവിന്റെ ചിത്രത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മാല ചാര്‍ത്തി അനുസ്മരണച്ചടങ്ങ് നടത്തിയതായി രേഖപ്പെടുത്തി. ബസു അന്തരിച്ചതിനുശേഷം നിയമസഭയുടെ ആഭിമുഖ്യത്തില്‍ നടത്തിവന്നിരുന്ന അനുസ്മരണപ്രഭാഷണവും മമതസര്‍ക്കാര്‍ നിര്‍ത്തലാക്കി.

deshabhimani 090712

1 comment:

  1. ബംഗാളിലെ ഏറ്റവും ആദരണീയ ജനായകനും ഏറ്റവും കൂടുതല്‍ കാലം സംസ്ഥാനഭരണം നിര്‍വഹിക്കുകയും ചെയ്ത കമ്യൂണിസ്റ്റ് നേതാവ് ജ്യോതിബസുവിന്റെ ജന്മദിനത്തില്‍ നിയമസഭയില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നതിന് മമതസര്‍ക്കാര്‍ വിലക്ക് കല്‍പ്പിച്ചു. ജ്യോതിബസുവിന്റെ 99-ാം ജന്മദിനമായ ഞായറാഴ്ച അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനായി നിയമസഭയിലെത്തിയ പ്രതിപക്ഷനേതാവ് സൂര്യകാന്ത്മിശ്ര, ഏറ്റവും കൂടുതല്‍ കാലം സ്പീക്കറായിരുന്ന അബ്ദുള്‍ഹലിം, എംഎല്‍എമാര്‍, മുന്‍ മന്ത്രിമാര്‍, മുന്‍ എംഎല്‍എമാര്‍ എന്നിവരെ അകത്തേക്ക് കടത്തിവിടാതെ നിയമസഭാ ഉദ്യോഗസ്ഥര്‍ കവാടത്തില്‍ തടഞ്ഞു. ആരെയും അകത്തേക്ക് കടത്തിവിടരുതെന്ന് സ്പീക്കറുടെ ഉത്തരവുണ്ടെന്ന് വാച്ച് ആന്‍ഡ് വാര്‍ഡ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയശേഷം നേതാക്കളും എംഎല്‍എമാരും കവാടത്തിനുപുറത്ത് ജനായകന്റെ ചിത്രംവച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി.

    ReplyDelete