Monday, July 9, 2012

ജീവിതം ടാര്‍പോളിന്‍ ഷെഡില്‍; റാന്നി വനമേഖലയിലെ ആദിവാസികള്‍ പട്ടിണിയില്‍


ഇല്ലായ്മയും പട്ടിണിയും മാത്രം കൈമുതലാക്കി കിഴക്കന്‍ വനമേഖലയിലെ ആദിവാസി കോളനികള്‍. ശബരിമല പൂങ്കാവനത്തിലുള്‍പ്പെട്ട വനമേഖലയിലെ ആദിവാസികളാണ് ദുരിതംപേറി ജീവിക്കുന്നത്. ടാര്‍പോളിന്‍ കെട്ടിയ ഷെഡിലാണ് താമസം. നാലരയടിയില്‍ താഴെയാണ് ഇവയുടെ ഉയരം. ഇവര്‍ക്ക് പറയാനുള്ളതാകട്ടെ പട്ടിണിയുടെയും ഇല്ലായ്മകളുടെയും കഥകള്‍ മാത്രവും. അടിക്കടി മാറുന്ന പുറംലോകത്തിന്റെ സാങ്കേതികതയും ആഡംബരവും ഇവരെ ഏശിയിട്ടേയില്ല. നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ജീവിതമാണ് ഇപ്പോഴും. തേന്‍ കുടിച്ചും കാട്ടുകിഴങ്ങുകളും കാട്ടിറച്ചിയും ചുട്ടുതിന്നുമാണ് വിശപ്പടക്കുന്നത്. അടിക്കടി താമസ സ്ഥലം മാറ്റുന്നതും പതിവാണ്.

ശബരിമല മേഖലയില്‍ പമ്പ, ചാലക്കയം,അട്ടത്തോട്, നിലക്കല്‍ പ്രദേശങ്ങളിലാണ് ആദിവാസികള്‍ താമസിക്കുന്നത്. 160 പട്ടികജാതിക്കാര്‍ ഉള്‍പ്പെടെ ആകെ 360 കുടുംബങ്ങള്‍. മലമ്പണ്ടാരം, അരയര്‍, മല ഉള്ളാടന്‍ എന്നീ വിഭാഗത്തിലുള്ളവരാണ് ഇവര്‍. അട്ടത്തോട് മേഖലയില്‍ താമസിക്കുന്നവര്‍ക്ക് സ്വന്തമായി സ്ഥലവും വീടുമുണ്ട്. 37 കുടുംബങ്ങളാണ് ഇപ്പോഴും വനത്തിനുള്ളില്‍ അപരിഷ്കൃത ജീവിതം നയിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കോളനിയിലെയും വനത്തിലെയും താമസക്കാരെ ഒരുപോലെ ബുദ്ധിമുട്ടിക്കുന്നു.
കുടിവെള്ളക്ഷാമമാണ് ഇവരെ അലട്ടുന്ന വലിയ പ്രശ്നം. ജൂണ്‍ മുതല്‍ ഒക്ടോബര്‍വരെ ആവശ്യത്തിന് വെള്ളം കിട്ടും. പിന്നീടുള്ള ഏഴുമാസം വെള്ളം വിലയ്ക്കു വാങ്ങണം. അന്നന്നത്തെ അന്നത്തിനു കഷ്ടപ്പെടുന്ന ഇവര്‍ക്ക് ഇത് താങ്ങാവുന്നതിലപ്പുറമാണ്. വിവിധ ഭാഗങ്ങളില്‍ കുഴല്‍ കിണറുകള്‍ കുഴിക്കുകയാണ് ഇതിന് ഏക പരിഹാരം. എന്നാല്‍, സര്‍ക്കാര്‍ ഒരു നടപടിയും ഇതിന് സ്വീകരിക്കുന്നില്ല. വിദ്യാഭ്യാസമില്ലായ്മയാണ് ഇവരെ ഇപ്പോഴും അപരിഷ്കൃതരാക്കാന്‍ പ്രധാന കാരണം. ആറിനും 15നും ഇടയില്‍ പ്രായമുള്ള 80 കുട്ടികള്‍ വനത്തിനുള്ളിലുണ്ട്. കോളനിയിലുള്ളവര്‍ ഇതിനു പുറെമെയാണ്. ഇതില്‍ 42 പേരാണ് കിസുമം സ്കൂളില്‍ പോകുന്നത്. അട്ടത്തോട് സബ് സെന്ററിന്റെ പണി പൂര്‍ത്തീകരിച്ചു കിടക്കുകയാണെങ്കിലും പ്രവര്‍ത്തനം ആരംഭിക്കാത്തത് ഇവരുടെ ചികിത്സയെയും ബാധിക്കുന്നു. ഇടയ്ക്കുള്ള മെഡിക്കല്‍ ക്യാമ്പ് മാത്രമാണ് ആശ്രയം. പെട്ടന്നൊരു അസുഖം വന്നാല്‍ പെട്ടുപോകും. തൊട്ടടുത്തുള്ള ആശുപത്രികളായ പെരുനാടും എരുമേലിയിലുമെത്തണമെങ്കില്‍ ഏറെ ബുദ്ധിമുട്ടണം. വാഹന സൗകര്യത്തിന്റെ അപര്യാപ്തയാണ് പ്രശ്നം. അട്ടത്തോട്ടില്‍ ആംബുലന്‍ സൗകര്യം ഒരുക്കണമെന്നത് ആവശ്യമായി മാത്രം നിലനില്‍ക്കുന്നു.

ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും അങ്കണവാടിയില്‍നിന്ന് ലഭിക്കുന്ന പോഷകാഹാരങ്ങള്‍ മാത്രമാണ് ആശ്വാസം. വനത്തിനുള്ളില്‍ മാത്രം ആറുമാസത്തിനും മൂന്നു വയസിനുമിടയിലുള്ള 26 കുട്ടികളുണ്ട്. ഇവര്‍ക്ക് പോഷകാഹാരം പോയിട്ട് ആവശ്യത്തിനു ഭക്ഷണം പോലും ലഭിക്കാറില്ല. അങ്കണവാടികളിലൂടെ ലഭിക്കുന്ന ഭക്ഷ്യ സാധനങ്ങള്‍ ഒന്നിനും തികയാറുമില്ല.

കെഎസ്കെടിയു നേതൃത്വത്തില്‍ ആദിവാസി കുടിലുകള്‍ സന്ദര്‍ശിച്ചു; ഭക്ഷണ കിറ്റുകള്‍ നല്‍കി

റാന്നി: പട്ടിണിയിലും മഴക്കാല രോഗങ്ങളാലും നട്ടംതിരിഞ്ഞ ആദിവാസികള്‍ക്ക് ആശ്വാസമായി കര്‍ഷക തൊഴിലാളികള്‍. പമ്പ, ചാലക്കയം, അട്ടത്തോട്, നിലക്കല്‍ പ്രദേശങ്ങളില്‍ വനത്തിനുള്ളില്‍ ഷെഡില്‍ താമസിക്കുന്ന ആദിവാസികളുടെ കഷ്ടതകളാണ് കെഎസ്കെടിയു റാന്നി താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ നേരിട്ടറിയാനെത്തിയത്. മുഴുപ്പട്ടിണിയില്‍ കഴിയുന്ന ആദിവാസികള്‍ക്ക് നല്‍കാന്‍ അരിയും പച്ചക്കറിയും കുട്ടികള്‍ക്ക് മിഠായിയും ഉള്‍പ്പെടെയുള്ള ഭക്ഷണ കിറ്റും ഇവര്‍ ഒപ്പം കരുതിയിരുന്നു. വനത്തിനുള്ളില്‍ ഒറ്റപ്പെട്ടു താമസിക്കുന്ന 63 കുടുംബങ്ങള്‍ക്കാണ് കിറ്റ് നല്‍കിയത്. കുടികളില്‍ പനിബാധിച്ചു കിടക്കുന്ന ആദിവാസികളെ സന്ദര്‍ശിച്ച് രോഗവിവരങ്ങളും ചികിത്സാ സൗകര്യങ്ങളും സംഘാംഗങ്ങള്‍ ചോദിച്ചറിഞ്ഞു.

കുടിവെള്ളം, ചികിത്സ, വിദ്യാഭ്യാസം, ഭക്ഷണം, താമസം എന്നിങ്ങനെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും ആദിവാസികള്‍ക്ക് അന്യമാണെന്ന് മനസ്സിലായതായി കെഎസ്കെടിയു ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, താലൂക്ക് സെക്രട്ടറി മത്തായി ചാക്കോ എന്നിവര്‍ പറഞ്ഞു. സര്‍ക്കാര്‍ ഇടപെട്ട് ഇവര്‍ക്ക് ജീവിക്കാനാവശ്യമായ അടിസ്ഥാന സാഹചര്യമുണ്ടാക്കണം. അദിവാസികള്‍ കുടിവെളളം വിലയ്ക്ക് വാങ്ങി ഉപയോഗിക്കുകയാണ്. ഇതുമാറണം. ഇവര്‍ക്ക് കുഴല്‍ കിണറുകള്‍ കുഴിച്ചു നല്‍കണം. ആദിവാസികളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കെഎസ്കെടിയു സമരം ആരംഭിക്കുമെന്നും ഇവരെ സഹായിക്കാനായി ഭക്ഷണവും വസ്ത്രവും ശേഖരിച്ച് നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു. കെഎസ്കെടിയു താലൂക്ക് പ്രസിഡന്റ് വി കെ സണ്ണി, ജില്ലാ പഞ്ചായത്തംഗം കോമളം അനിരുദ്ധന്‍, സോമനാഥപണിക്കര്‍, ടി ജെ രാജു, കെ വി രാജപ്പന്‍, പി ആര്‍ ബാബു, എ എ ഹനീഫ, കുഞ്ഞുമോള്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

deshabhimani 090712

1 comment:

  1. ഇല്ലായ്മയും പട്ടിണിയും മാത്രം കൈമുതലാക്കി കിഴക്കന്‍ വനമേഖലയിലെ ആദിവാസി കോളനികള്‍. ശബരിമല പൂങ്കാവനത്തിലുള്‍പ്പെട്ട വനമേഖലയിലെ ആദിവാസികളാണ് ദുരിതംപേറി ജീവിക്കുന്നത്. ടാര്‍പോളിന്‍ കെട്ടിയ ഷെഡിലാണ് താമസം. നാലരയടിയില്‍ താഴെയാണ് ഇവയുടെ ഉയരം. ഇവര്‍ക്ക് പറയാനുള്ളതാകട്ടെ പട്ടിണിയുടെയും ഇല്ലായ്മകളുടെയും കഥകള്‍ മാത്രവും. അടിക്കടി മാറുന്ന പുറംലോകത്തിന്റെ സാങ്കേതികതയും ആഡംബരവും ഇവരെ ഏശിയിട്ടേയില്ല. നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ജീവിതമാണ് ഇപ്പോഴും. തേന്‍ കുടിച്ചും കാട്ടുകിഴങ്ങുകളും കാട്ടിറച്ചിയും ചുട്ടുതിന്നുമാണ് വിശപ്പടക്കുന്നത്. അടിക്കടി താമസ സ്ഥലം മാറ്റുന്നതും പതിവാണ്.

    ReplyDelete