ടി എന്‍ പ്രതാപന്‍ എംഎല്‍എയെ ജാതിപറഞ്ഞ് ആക്ഷേപിച്ച ചീഫ് വിപ്പ് പി സി ജോര്‍ജിന് മൂക്കുകയറിട്ടില്ലെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നതുള്‍പ്പെടെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് നാല് യുവകോണ്‍ഗ്രസ് എംഎല്‍എമാര്‍ മുന്നറിയിപ്പ് നല്‍കി. ടി എന്‍ പ്രതാപന്‍, വി ഡി സതീശന്‍, ഹൈബി ഈഡന്‍, വി ടി ബല്‍റാം എന്നിവരാണ് ജോര്‍ജിനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും രമേശ് ചെന്നിത്തലയ്ക്കും കത്തു നല്‍കിയത്.
നേതാക്കള്‍ ജോര്‍ജിനെ തള്ളിപ്പറയാതെ ന്യായീകരിച്ചതിലുള്ള അമര്‍ഷവും മാധ്യമങ്ങളിലൂടെ ഈ നാല് എംഎല്‍എമാരും പ്രകടിപ്പിച്ചു. രാജിഭീഷണി കോണ്‍ഗ്രസിലും മുന്നണിയിലും ഉല്‍ക്കണ്ഠയും ഭീതിയും സൃഷ്ടിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് എ കെ ആന്റണി ഡല്‍ഹിയില്‍നിന്ന് ഫോണില്‍ പ്രതാപനെ നേരിട്ട് വിളിച്ചു. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് ആശ്വസിപ്പിച്ചു. വിഷയത്തില്‍ ആന്റണി ഇടപെട്ടതുകൊണ്ടാണ് കടുത്ത നടപടിയിലേക്ക് പോകാത്തതെന്നും എന്നാല്‍ ജോര്‍ജിനെതിരെ കര്‍ശനടപടിയുണ്ടായില്ലെങ്കില്‍ തങ്ങള്‍ ഏതറ്റംവരെയും പോകുമെന്ന് പരസ്യമായി അറിയിച്ചിട്ടുണ്ടെന്നും ടി എന്‍ പ്രതാപന്‍ "ദേശാഭിമാനി"യോട് പറഞ്ഞു. പി സി ജോര്‍ജിനെ നിയന്ത്രിക്കാന്‍ കെ എം മാണിയോട് പറയാന്‍ മാത്രമേ കഴിയൂവെന്ന നിലപാടിലാണ് മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും. പാമൊലിന്‍ കേസില്‍ ജഡ്ജിയെ അധിക്ഷേപിച്ച് കേസില്‍നിന്ന് തന്നെ രക്ഷിച്ചതിലും പ്രതിപക്ഷ എംഎല്‍എയെ കാലുമാറ്റിക്കാന്‍ കൂടെ നിന്നതിലുമുള്ള കടപ്പാട് ജോര്‍ജിനോട് ഉമ്മന്‍ചാണ്ടിക്കുണ്ട്. അതിന്റെ ബലത്തിലാണ് വി എം സുധീരന്‍ മുതല്‍ പ്രതാപന്‍വരെയുള്ള കോണ്‍ഗ്രസ് നേതാക്കളെ അധിക്ഷേപിക്കാനും മുഖ്യന്ത്രിയുടെ സാന്നിധ്യത്തില്‍ മന്ത്രി ഗണേശ്കുമാറിനെ അസഭ്യവര്‍ഷം നടത്താനും ജോര്‍ജിന് ധൈര്യമുണ്ടായത്. നെല്ലിയാമ്പതിയിലെ കൈയേറ്റക്കാരായ എസ്റ്റേറ്റ് മാഫിയക്കുവേണ്ടി പ്രതാപനെ ജാതിപറഞ്ഞ് ആക്ഷേപിച്ച ജോര്‍ജിനെതിരെ, വി ഡി സതീശന്‍ വെള്ളിയാഴ്ച കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഹൈബി ഈഡനും ഒപ്പം ഉണ്ടായിരുന്നു. ജോര്‍ജിനെ ന്യായീകരിച്ച ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും നിലപാട് ജോര്‍ജിന്റെ അധിക്ഷേപത്തേക്കാള്‍ വേദനിപ്പിച്ചെന്നാണ് അവര്‍ പറഞ്ഞത്. ജോര്‍ജ് മുന്നണിക്ക് മുതല്‍ക്കൂട്ടാണെന്ന ചെന്നിത്തലയുടെയും ജോര്‍ജിന്റെ അധിക്ഷേപം അറിഞ്ഞില്ലെന്ന ഉമ്മന്‍ചാണ്ടിയുടെയും വാക്കുകളാണ് പ്രതിഷേധം ക്ഷണിച്ചുവരുത്തിയത്. വാര്‍ത്താസമ്മേളനം ഒഴിവാക്കണമെന്ന് വ്യാഴാഴ്ച സതീശനോട് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.
ഇതോടൊപ്പം ബല്‍റാം ഫെയ്സ്ബുക്കിലൂടെയും പ്രതാപന്‍ തുറന്നകത്തിലൂടെയും പരസ്യമായി രംഗത്തെത്തി. നെല്ലിയാമ്പതിയിലെ തോട്ടങ്ങള്‍ സര്‍ക്കാര്‍ പിടിച്ചെടുക്കണമെന്ന നിലപാട് പ്രതാപന്‍ ആവര്‍ത്തിച്ചതാണ് ജോര്‍ജിനെ പ്രകോപിതനാക്കിയത്. ധീവരനായ പ്രതാപന്‍ ആ സമുദായത്തിന്റെയും മീന്‍പെറുക്കികളുടെയും കാര്യം നോക്കിയാല്‍ മതിയെന്നായിരുന്നു ചീഫ്വിപ്പിന്റെ ഉപദേശം. ഇതിനിടെ, നെല്ലിയാംപതി സന്ദര്‍ശിച്ച ജോര്‍ജ് ഉള്‍പ്പെട്ട യുഡിഎഫ് എംഎല്‍എമാരുടെ ഉപസമിതിയുടെ വിശ്വാസ്യത നഷ്ടമായെന്ന് പ്രഖ്യാപിച്ച്, വി ഡി സതീശന്റെ നേതൃത്വത്തില്‍ ആറംഗ എംഎല്‍എ സംഘം ആറിന് നെല്ലിയാംപതി സന്ദര്‍ശിക്കുമെന്ന് യുഡിഎഫ് കണ്‍വീനറെ അറിയിച്ചത് യുഡിഎഫിനെ പ്രതിസന്ധിയിലാക്കി. പ്രതാപന്‍, ഹൈബി ഈഡന്‍, ബല്‍റാം എന്നീ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കൊപ്പം ലീഗിലെ കെ എം ഷാജി, സോഷ്യലിസ്റ്റ് ജനതയിലെ എം വി ശ്രേയാംസ്കുമാര്‍ എന്നിവരുമുണ്ട്.
(ആര്‍ എസ് ബാബു)
ജോര്‍ജിനെ തടഞ്ഞില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം: സതീശന്‍
കൊച്ചി: ടി എന്‍ പ്രതാപന്‍ എംഎല്‍എയെക്കുറിച്ച് ചീഫ് വിപ്പ് പി സി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ യുഡിഎഫ് സംസ്കാരത്തിനു യോജിച്ചതല്ലെന്ന് വി ഡി സതീശന്‍ എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാര്‍ടി ലീഡര്‍ ഉമ്മന്‍ചാണ്ടിക്കും പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കും ഇതില്‍ ഉത്തരവാദിത്തമുണ്ട്. അവര്‍ ഉത്തരവാദിത്തം മറന്നാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ യുഡിഎഫ് രാഷ്ട്രീയത്തിലുണ്ടാകും-സതീശന്‍ മുന്നറിയിപ്പു നല്‍കി.
നെല്ലിയാമ്പതി സന്ദര്‍ശിച്ച യുഡിഎഫ് സംഘത്തിന്റെ വിശ്വാസ്യത ഇല്ലാതായെന്നും അദ്ദേഹം തുറന്നടിച്ചു. മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുമ്പോഴോ, ചാനല്‍ ചര്‍ച്ചകളിലോ വ്യത്യസ്ത അഭിപ്രായവും പ്രതികരണവും പറയുന്നതുവിട്ട് ഹൈബി ഈഡന്‍ എംഎല്‍എയുമൊത്ത് വാര്‍ത്താസമ്മേളനം വിളിച്ചാണ് ചീഫ് വിപ്പിനെതിരെ സതീശന്‍ നിലപാട് പ്രഖ്യാപിച്ചത്. തോട്ടം ഭൂമിയടക്കമുള്ള പ്രശ്നങ്ങളില്‍ യുഡിഎഫില്‍ ഉരുണ്ടുകൂടിയ അഭിപ്രായഭിന്നതയാണ് പുറത്തുവന്നത്. എല്ലാവര്‍ക്കും കൊട്ടാന്‍ വഴിയില്‍ കെട്ടിത്തൂക്കിയ ചെണ്ടയല്ല കോണ്‍ഗ്രസ് എംഎല്‍എമാരെന്ന് ജോര്‍ജിനെ സതീശന്‍ ഓര്‍മിപ്പിച്ചു. ജോര്‍ജിനെ കയറൂരിവിട്ട് മാന്യന്മാരെ ആക്ഷേപിക്കുന്നതു ശരിയല്ല. പ്രതാപന്‍ ഒറ്റയ്ക്കല്ല. ഒറ്റതിരിച്ച് ആക്രമിച്ചാല്‍ കൈയുംകെട്ടി നോക്കിയിരിക്കില്ല. തനിക്കിഷ്ടമില്ലാത്തവരെ ജാതിപറഞ്ഞ് ആക്രമിക്കുന്നത് ജോര്‍ജിന്റെ പതിവാണ്. അത് ഞങ്ങളോടു വേണ്ട. കോണ്‍ഗ്രസുകാരന്റെ ആത്മാഭിമാനത്തിനു മുറിവേല്‍പ്പിക്കുന്നത് ഞങ്ങള്‍ സഹിക്കില്ല- വി ഡി സതീശന്‍ പറഞ്ഞു. യുഡിഎഫ് പ്രതിനിധിസംഘം നെല്ലിയാമ്പതി സന്ദര്‍ശിച്ച റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയായിരുന്നു. എന്നാല്‍, സംഘത്തിലുള്‍പ്പെട്ട ജോര്‍ജിന്റെ പരാമര്‍ശത്തോടെ സംഘത്തിന്റെ വിശ്വാസ്യത കുറഞ്ഞു. അതിനാല്‍ യുഡിഎഫിന്റെ ആറ് എംഎല്‍എമാര്‍ ആറിന് നെല്ലിയാമ്പതി സന്ദര്‍ശിക്കും. വി ഡി സതീശന്‍, ടി എന്‍ പ്രതാപന്‍, എം വി ശ്രേയാംസ്കുമാര്‍, ഹൈബി ഈഡന്‍, വി ടി ബല്‍റാം, കെ എം ഷാജി എന്നിവരാണ് സംഘത്തിലുണ്ടാവുക.
എംഎല്‍എമാരുടെ സന്ദര്‍ശനം സംബന്ധിച്ച് മുഖ്യമന്ത്രിയെയോ കെപിസിസി പ്രസിഡന്റിനെയോ ഇതുവരെ അറിയിച്ചിട്ടില്ല. വഴിയേ അറിയിക്കും. സന്ദര്‍ശന റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു സമര്‍പ്പിക്കും. തോട്ടംഭൂമിയുടെ അഞ്ചു ശതമാനം മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാനുള്ള നീക്കത്തെ താന്‍ നിയമസഭയില്‍ എതിര്‍ത്തിട്ടുള്ളതാണ്. ഇതു നടപ്പായാല്‍ 90,000 ഏക്കര്‍ ഭൂമി ടൂറിസത്തിന്റെ പേരില്‍ ഭൂമാഫിയയുടെ കൈയിലെത്തും. പാട്ടക്കരാര്‍ കാലാവധി പൂര്‍ത്തിയായതും ലംഘിച്ചതുമായ സര്‍ക്കാര്‍ഭൂമി അന്യാധീനപ്പെടാന്‍ സമ്മതിക്കില്ല. സര്‍ക്കാര്‍ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നവരില്‍ നിന്ന് അതു സംരക്ഷിക്കാന്‍ എന്തുവില കൊടുത്തും പോരാടും. ഇപ്പോള്‍ കര്‍ഷകരുടെ വേഷംധരിച്ചാണ് കൈയേറ്റക്കാര്‍ എത്തുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.
"ലാഭക്കൊതിയന്മാര്‍ക്കെതിരെ പോരാടും"
തൃശൂര്‍: സ്വാര്‍ഥതാല്‍പ്പര്യങ്ങള്‍ക്കായി "വെറിയന്‍" മനസ്സുമായി പൊതുമുതല്‍ വെട്ടിപ്പിടിച്ച് നശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഗവ. ചീഫ് വിപ്പിനെ കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍ ഓര്‍മിപ്പിച്ചു. ജോര്‍ജിനെപ്പോലുള്ള ലാഭക്കൊതിയന്മാര്‍ക്കെതിരെ എന്നും തന്റെ സമുദായം പോരാടുമെന്നും തന്നെ ജാതിപ്പേര് വിളിച്ച് അവഹേളിച്ചതിന് മറുപടിയായി പി സി ജോര്‍ജിനയച്ച തുറന്ന കത്തില്‍ പ്രതാപന്‍ പറഞ്ഞു.
"മണ്ണിന്റെ കരള്‍ പറിച്ചെടുത്ത് കശാപ്പുകാരന്റെ മൂര്‍ച്ചയുള്ള കത്തികൊണ്ട് കൊത്തിയരിഞ്ഞ് വറുത്തെടുത്ത് തീന്‍മേശയിലിരുന്ന് സുഖമായി ഭക്ഷിക്കാമെന്ന് കരുതേണ്ടെ"ന്നും കത്തില്‍ മുന്നറിയിപ്പുണ്ട്. എംഎല്‍എയെ ജാതിപ്പേരു വിളിച്ച് അവഹേളിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം നാട്ടികയില്‍ പ്രതാപന്റെ അനുയായികള്‍ ജോര്‍ജിന്റെ കോലം കത്തിച്ചിരുന്നു. അതിനു പിന്നാലെയാണ് ജോര്‍ജിനെ രൂക്ഷമായി വിമര്‍ശിക്കുന്ന തുറന്ന കത്ത്. മണ്ണും മനുഷ്യനുമാണ് തന്റെ സമുദായമെന്നും കടലോരനിവാസിയായതില്‍ അഭിമാനമുണ്ടെന്നും പറയുന്ന കത്ത് അവസാനിപ്പിക്കുന്നത് എല്ലായ്പ്പോഴും എല്ലാവരെയും കബളിപ്പിക്കാനാവില്ലെന്ന താക്കീതോടെയാണ്.
"മിസ്റ്റര്‍ ജോര്‍ജ്, പാവപ്പെട്ടവരുടെ സമുദായത്തില്‍ ജനിച്ച് കഷ്ടപ്പെട്ടു വളര്‍ന്ന എന്നെ നിയമസഭയിലേക്കയച്ച പാവം ജനങ്ങളെ പരിഹസിക്കരുത്. ഞാന്‍ പഠിച്ച പാഠങ്ങളില്‍ കാടും വയലും തണ്ണീര്‍ത്തടങ്ങളുമുണ്ട്. പൊതുമുതല്‍ കൊള്ളയടിക്കുന്നവര്‍ക്കെതിരെ പൊരുതുന്ന സമുദായമാണ് എന്റേത്. പക്ഷേ, താങ്കള്‍ക്കത് മനസ്സിലാവില്ല. കാരണം സ്വന്തം മനസ്സിനോട് ചോദിക്കുക. പാട്ടക്കരാര്‍ കഴിഞ്ഞ തോട്ടങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, നിങ്ങളെപ്പോലുള്ള "കൊതിയന്മാരു"ടെ കണ്ണും കൈയും പതിയുന്ന എവിടെയും ഞങ്ങള്‍ വരും. തീരത്തു ജനിച്ചതുകൊണ്ട് നിങ്ങളുടെ തിന്മയെ ചോദ്യം ചെയ്യരുതെന്നു പറഞ്ഞാല്‍ അതു കേട്ടിരിക്കാന്‍ മനസ്സില്ലെന്നും കത്തില്‍ പ്രതാപന്‍ തുറന്നടിച്ചിരിക്കുകയാണ്.
യുഡിഎഫ് ബദല്‍ സംഘം നെല്ലിയാമ്പതിയിലേക്ക്
നെല്ലിയാമ്പതി വനഭൂമി വെട്ടിപ്പിന്റെ പേരില്‍ യുഡിഎഫില്‍ ഉരുണ്ടുകൂടിയ സംഘര്‍ഷം വീണ്ടും പുകയുന്നു. ചീഫ് വിപ്പ് പി സി ജോര്‍ജ്- മന്ത്രി ഗണേഷ്കുമാര്‍ തര്‍ക്കം എന്നതിലുപരി ഇത് യുഡിഎഫിനെ അതിരൂക്ഷമായ പ്രതിസന്ധിയിലാണ് എത്തിച്ചത്. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും യുഡിഎഫ് കണ്‍വീനറും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ നെല്ലിയാമ്പതി വനഭൂമി തട്ടിപ്പില്‍ ജോര്‍ജിനൊപ്പം നില്‍ക്കുമ്പോള്‍ എതിര്‍വിഭാഗം സഹികെട്ട് പരസ്യമായി രംഗത്തിറങ്ങി. ജോര്‍ജിനെതിരെ ടി എന്‍ പ്രതാപന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചപ്പോള്‍, പ്രതാപന്റെ ഊളത്തരത്തിന് മറുപടിയില്ലെന്ന് ജോര്‍ജ് തിരിച്ചടിച്ചു.
വി ഡി സതീശന്‍, ടി എന്‍ പ്രതാപന്‍ എന്നവരുടെ നേതൃത്വത്തിലുള്ള ഈ പോര്‍വിളി വെറും വനരോദനമായി മാറുമെന്നാണ് നേതൃത്വം കണക്ക് കൂട്ടിയത്. എന്നാല്‍ യുഡിഎഫ് ഉപസമിതിക്ക് ബദലായി ആറ് എംഎല്‍എമാരുടെ ബദല്‍സംഘം നെല്ലിയാമ്പതിയിലേക്ക് പോകാന്‍ തീരുമാനിച്ചത് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ മാത്രമല്ല, കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ഒഴിച്ചുള്ള മറ്റ് ഘടകക്ഷികളുടെ എംഎല്‍എമാര്‍ കൂടി ബദല്‍ ഉപസമിതിയില്‍ ഉള്‍പ്പെട്ടത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. മുസ്ലിംലീഗ്, സോഷ്യലിസ്റ്റ് ജനത എന്നീ പാര്‍ടികളുടെ എംഎല്‍മാര്‍ ഉള്‍പ്പെടെ ആറ് പേരാണ് ആഗസ്ത് ആറിന് നെല്ലിയാമ്പതി സന്ദര്‍ശിക്കുന്നത്. കോണ്‍ഗ്രസ് വക്താവ് എം എം ഹസ്സന്‍ കണ്‍വീനറായുള്ള യുഡിഎഫ് ഉപസമിതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ബദല്‍ ഉപസമിതി നെല്ലിയാമ്പതി സന്ദര്‍ശിക്കുന്നതെന്ന വി ഡി സതീശന്റെ പ്രഖ്യാപനം നേതൃത്വത്തിലുള്ള അവിശ്വാസം രേഖപ്പെടുത്തല്‍ കൂടിയാണ്.
ജോര്‍ജ്, ടി എന്‍ പ്രതാപനെ ജാതി പറഞ്ഞ് ആക്ഷേപിച്ചതും യുഡിഎഫില്‍ കത്തുന്നുണ്ട്. ജോര്‍ജ് ആക്ഷേപിച്ചതിനെക്കാള്‍ വേദനിപ്പിച്ചത് ഇക്കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പ്രതികരണമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. താനും ജോര്‍ജും ഒരുപോലെയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞത് ഏറെ വേദനിപ്പിച്ചുവെന്ന് പ്രതാപന്‍ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. ജോര്‍ജിനെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് തുറന്ന കത്തയച്ചതിനെ തുടര്‍ന്നാണ് ചാനല്‍ അഭിമുഖത്തില്‍ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെയും രൂക്ഷമായ വിമര്‍ശനമുന്നയിച്ചത്. നേതൃത്വം തെറ്റു തിരുത്തിയില്ലെങ്കില്‍ കടുത്ത നിലപാട് എടുക്കേണ്ടി വരും. എ കെ ആന്റണി സമാധാനിപ്പിച്ചതുകൊണ്ടാണ് തല്‍ക്കാലം കടുത്ത തീരുമാനമെടുക്കാതിരുന്നതെന്നും പ്രതാപന്‍ പറഞ്ഞു.
അതിനിടെ ഫെയ്സ് ബുക്കിലൂടെ വി ടി ബല്‍റാം എംഎല്‍എ ജോര്‍ജിനെതിരെ ആഞ്ഞടിച്ചു. ജോര്‍ജ് യുഡിഎഫിന്റെ സ്വയം പ്രഖ്യാപിത വക്താവ് ആകുന്ന അപമാനകരമായ അവസ്ഥ തുടരണമോ എന്ന കാര്യത്തില്‍ ആത്മപരിശോധന വേണമെന്നാണ് ബല്‍റാമിന്റെ ആവശ്യം. ജോര്‍ജ് ഇനി പാലക്കാട്ടേക്ക് കടക്കരുതെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി. ഡിസിസി പ്രസിഡന്റുമാര്‍ പറയുന്നതുകേട്ടല്ല താന്‍ ജീവിക്കുന്നതെന്ന് ജോര്‍ജ് പ്രതികരിച്ചു. ""നെല്ലിയാമ്പതിയില്‍ പോയി കണ്ടേച്ച് വരട്ടെ, അപ്പോള്‍ കാര്യങ്ങള്‍ മനസ്സിലാകും. സതീശനും പ്രതാപനും ഷാഫിയും ആഗസ്ത് ഒന്നിന് നെല്ലിയാമ്പതിയില്‍ മുറി ബുക്ക് ചെയ്തിരുന്നു. അത് ആറിലേക്ക് മാറ്റിയെന്നേയുള്ളു-ജോര്‍ജ് പരിഹസിച്ചു.
deshabhimani 040812
ടി എന്‍ പ്രതാപന്‍ എംഎല്‍എയെ ജാതിപറഞ്ഞ് ആക്ഷേപിച്ച ചീഫ് വിപ്പ് പി സി ജോര്‍ജിന് മൂക്കുകയറിട്ടില്ലെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നതുള്‍പ്പെടെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് നാല് യുവകോണ്‍ഗ്രസ് എംഎല്‍എമാര്‍ മുന്നറിയിപ്പ് നല്‍കി. ടി എന്‍ പ്രതാപന്‍, വി ഡി സതീശന്‍, ഹൈബി ഈഡന്‍, വി ടി ബല്‍റാം എന്നിവരാണ് ജോര്‍ജിനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും രമേശ് ചെന്നിത്തലയ്ക്കും കത്തു നല്‍കിയത്.
ReplyDeleteപി സി ജോര്‍ജിനെ പ്പോലുള്ളവരെ യുഡിഎഫിന്റെ ഭാഗമായി പാലക്കാട്ടേക്ക് അയക്കരുതെന്ന് ഡിസിസി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍. ഇത്തരക്കാര്‍ വരുന്നത് കോണ്‍ഗ്രസിന് ഗുണത്തേക്കാള്‍ ദോഷമാണുണ്ടാക്കുക. ടി എന്‍ പ്രതാപനെതിരെയുള്ള ജോര്‍ജിന്റെ പ്രതികരണം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ReplyDelete