Thursday, August 23, 2012

ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ മേഖലകളില്‍ വിദേശനിക്ഷേപം 49 ശതമാനം


ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ മേഖലകളിലെ വിദേശ നിക്ഷേപം 49 ശതമാനമാക്കി ഉയര്‍ത്താന്‍ ധനമന്ത്രാലയം തീരുമാനിച്ചു. ബുധനാഴ്ചയാണ് ധനമന്ത്രാലയം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടത്. നിലവില്‍ 26 ശതമാനം വിദേശ നിക്ഷേപം മാത്രമാണ് ഈ മേഖലകളില്‍ അനുവദിച്ചിട്ടുള്ളത്. പി ചിദംബരം ധനമന്ത്രിയായി ചുമതലയേറ്റയുടനെയാണ് ഈ തീരുമാനം കൈക്കൊണ്ടത്. അമേരിക്കന്‍ സര്‍ക്കാരിന്റെയും ബഹുരാഷ്ട്രകുത്തകകളുടെയും സമ്മര്‍ദത്തിന് വഴങ്ങിയാണ് ധനമന്ത്രാലയത്തിന്റെ തീരുമാനം. ഈ തീരുമാനം ഉടന്‍തന്നെ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിന് സമര്‍പ്പിക്കും. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാല്‍ ഇതു സംബന്ധിച്ച നിയമഭേദഗതികളും യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ കൊണ്ടുവരും. സിഎജി റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം സ്തംഭിച്ചിരിക്കുന്നതിനാല്‍ ശീതകാലസമ്മേളനത്തില്‍ മാത്രമേ പെന്‍ഷന്‍-ഇന്‍ഷുറന്‍സ് ഭേദഗതി കൊണ്ടുവരാന്‍ സാധ്യതയുള്ളൂ.

ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശനിക്ഷേപം 49 ശതമാനമാക്കി ഉയര്‍ത്തുന്നതിന് പ്രണബ്മുഖര്‍ജി ധനമന്ത്രിയായിരിക്കവെ മന്ത്രിസഭ അംഗീകരിച്ചതായിരുന്നു. എന്നാല്‍, രാജ്യസഭയില്‍ അവതരിപ്പിച്ച ഇന്‍ഷുറന്‍സ് ഭേദഗതിബില്ലിനെക്കുറിച്ച് മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹ അധ്യക്ഷനായുള്ള പാര്‍ലമെന്ററി സ്ഥിരം സമിതി വിദേശനിക്ഷേപം വര്‍ധിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട പശ്ചാത്തലത്തില്‍ സര്‍ക്കാരിന് മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല. വിദേശനിക്ഷേപം വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് യുക്തിപരമായ ഒരു ന്യായീകരണവും മുന്നോട്ടുവയ്ക്കാന്‍ കഴിഞ്ഞില്ലെന്ന് സമിതി ചൂണ്ടിക്കാട്ടുകയുണ്ടായി. പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി അതോറിറ്റി ബില്ലും യുപിഎ സര്‍ക്കാര്‍ ഉടന്‍തന്നെ കൊണ്ടുവരും. 2003 മുതല്‍ തന്നെ ഈ അതോറിറ്റി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അതിന് ഇതുവരെയും നിയമസാധുത ലഭിച്ചിട്ടില്ല. ബില്‍ അവതരിപ്പിച്ചെങ്കിലും ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ പിന്തുണ നിര്‍ണായകമായതിനാല്‍ ഈ ബില്‍ പാസാക്കാന്‍ യുപിഎ സര്‍ക്കാര്‍ ശ്രമിച്ചിരുന്നില്ല.

deshabhimani 230812

1 comment:

  1. ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ മേഖലകളിലെ വിദേശ നിക്ഷേപം 49 ശതമാനമാക്കി ഉയര്‍ത്താന്‍ ധനമന്ത്രാലയം തീരുമാനിച്ചു. ബുധനാഴ്ചയാണ് ധനമന്ത്രാലയം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടത്. നിലവില്‍ 26 ശതമാനം വിദേശ നിക്ഷേപം മാത്രമാണ് ഈ മേഖലകളില്‍ അനുവദിച്ചിട്ടുള്ളത്.

    ReplyDelete