Tuesday, August 7, 2012

ക്രൂരതയില്‍ തേങ്ങി സത്നാമിന്റെ അച്ഛന്‍


""ദൈവത്തിന്റെ സ്വന്തം നാട്ടില്‍നിന്ന് ഞങ്ങള്‍ക്ക് നീതി കിട്ടില്ലേ..."" കൈകൂപ്പി സത്നാംസിങ്ങിന്റെ അച്ഛന്‍ ഹരീന്ദര്‍കുമാര്‍സിങ് കൂടിനിന്നവരോട് ചോദിച്ചു. മോന് എന്താണ് സംഭവിച്ചതെന്ന് അറിയില്ല. സിബിഐ അന്വേഷിക്കണം. ഹരീന്ദറിന് വാക്കുകള്‍ മുഴുമിക്കാനായില്ല. പ്രിയപുത്രന്റെ അപ്രതീക്ഷിത വേര്‍പാടില്‍ മനംനൊന്ത് ആ പിതൃഹൃദയം വിങ്ങിപ്പൊട്ടി. പിന്നെ നിലവിളിയായി. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിക്കുമുന്നിലെ ഈ രംഗം ഏവരുടെയും കരളലിയിച്ചു.

കഴിഞ്ഞ മേയില്‍ വീടുവിട്ടിറങ്ങിയ മകനെയും കാത്ത് അങ്ങകലെ ബിഹാറിലെ ഗയയില്‍ കഴിയുകയായിരുന്നു ഈ ബ്രാഹ്മണകുടുംബം. പൊലീസില്‍ പരാതി നല്‍കി. ബിഹാറില്‍ പരക്കെ അന്വേഷിച്ചു. എങ്ങും കണ്ടെത്താനായില്ല. മൈലുകള്‍ താണ്ടി മകന്‍ ഇവിടെയെത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇവിടെ കണ്ടെത്തിയതറിഞ്ഞ് കുടുംബം ആശ്വസിച്ചു. അടുത്ത ബന്ധു ഉടന്‍തന്നെ എത്തി. സത്നാമിനെ കണ്ടു. വീട്ടില്‍ വിളിച്ചറിയിച്ചപ്പോള്‍ എല്ലാവര്‍ക്കും സമാധാനമായി. ജാമ്യമെടുത്തശേഷം മകന്റെ ചികിത്സ തുടരാമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, എല്ലാം തകര്‍ന്നു. ഒരു മനോരോഗിയോട് പരിഷ്കൃതസമൂഹം ഒരിക്കലും കാട്ടാന്‍ പാടില്ലാത്ത മൃഗീയത. ബിഹാര്‍ ഗയാ ജില്ലയിലെ സര്‍ക്കട്ട് ഹരതിയാര്‍ മൊഹല്ലയില്‍ ഹരീന്ദ്രകുമാര്‍സിങ്ങിന്റെയും സുമന്ത് ദേവിയുടെയും മകനാണ് സത്നാം. സത്നാമിന്റെ സഹോദരന്‍ കരണ്‍ദീപ്സിങ്ങും അടുത്ത ബന്ധു വിമല്‍ കിഷോറും ഹരീന്ദ്രകുമാര്‍സിങ്ങിനൊപ്പം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയിരുന്നു. മരണത്തിനുപിന്നില്‍ ക്രൂരമായ കൊലപാതകമാണെന്ന് സത്നാംസിങ്മാന്റെ അടുത്ത ബന്ധുവും ആജ്തക് ടിവി പ്രൊഡ്യൂസറുമായ വിമല്‍ കിഷോര്‍ പറഞ്ഞു. കഴിഞ്ഞ രണ്ടിന് സത്നാംസിങ്ങിനെ സന്ദര്‍ശിച്ചിരുന്നു. രണ്ടുവര്‍ഷമായി മാനസികവിഭ്രാന്തിക്ക് ചികിത്സിക്കുകയാണെന്നും ആദ്യം ചികിത്സയാണ് നല്‍കേണ്ടതെന്നും മന്ത്രിയോടും പൊലീസിനോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍,മനോവിഭ്രാന്തി കാണിച്ച യുവാവിനെതിരെ വധശ്രമത്തിന് കേസെടുത്ത് ജയിലിലിടുകയാണ് ചെയ്തത്.

ലഖ്നൗ റാംമനോഹര്‍ ലോഹ്യ ലോ കോളേജില്‍ രണ്ടാംവര്‍ഷ നിയമവിദ്യാര്‍ഥിയായ സത്നാംസിങ് പഠനത്തില്‍ മിടുക്കനായിരുന്നു. വിവിധ വിഷയങ്ങളെക്കുറിച്ച് ആഴത്തിലുള്ള അറിവുണ്ടായിരുന്നു. അഞ്ചു ഭാഷകളില്‍ പ്രാവീണ്യമുണ്ട്. നിയമപഠനത്തിനിടയില്‍ മാനസികവിഭ്രാന്തി പ്രകടിപ്പിച്ചതിനെതുടര്‍ന്ന് ചികിത്സ നടത്തിയിരുന്നു. കഴിഞ്ഞ മെയ് 31ന് രാത്രി വീടുവിട്ടിറങ്ങിയതാണ്. വാഹനമൊന്നും ഇല്ലാതിരുന്നതിനാല്‍ 40 കിലോമീറ്ററോളം നടന്നാണ് ഗയയില്‍ എത്തിയത്. മകനെ കാണാത്തതിനാല്‍ അച്ഛനമ്മമാര്‍ നാട്ടിലെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ജൂലൈ അഞ്ചിനാണ് തിരുവനന്തപുരത്ത് എത്തിയത്. വര്‍ക്കല ശിവഗിരി മഠത്തിനുസമീപത്തെ ലോഡ്ജില്‍ താമസിക്കെയാണ് അമൃതാനന്ദമയിയെക്കുറിച്ച് അറിഞ്ഞത്. സത്നാംസിങ്ങിന്റെ സഹോദരങ്ങളും ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയുള്ളവരാണ്. കരണ്‍ദീപ്സിങ്്, സത്വീര്‍സിങ്, സുധാംശുദീപ്സിങ്, മാന്‍ഡവി എന്നിവരാണ് സഹോദരങ്ങള്‍.
(സുമേഷ് കെ ബാലന്‍)

സത്നാംസിങ്ങിനെ കൊന്നത് ഇരുമ്പുദണ്ഡുകൊണ്ടടിച്ച്

വള്ളിക്കാവ് അമൃതാനന്ദമയി മഠത്തില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത സത്നാംസിങ് മാന്‍ അതിക്രൂരവും നിഷ്ഠുരവുമായ മര്‍ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായി. തലയ്ക്കും കഴുത്തിനുമേറ്റ സാരമായ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. ഇരുമ്പുദണ്ഡും ആയുധങ്ങളും ഉപയോഗിച്ച് മര്‍ദിച്ചതിനെ തുടര്‍ന്നുള്ള നാല്‍പ്പതോളം പാടുകള്‍ ശരീരത്തിലുണ്ട്. ഇലക്ട്രിക് വയര്‍ കൊണ്ട് വരിഞ്ഞുമുറുക്കിയതിന്റെ പാടുകളുമുണ്ട്. ഇതില്‍ മൂന്ന് ദിവസം വരെ പഴക്കമുള്ള പാടുകളുമുണ്ട്.

ആഗസ്ത് ഒന്നിനാണ് മഠത്തില്‍ അമൃതാനന്ദമയിയുടെ ദര്‍ശനവേദിയിലേക്ക് കയറാന്‍ ശ്രമിച്ച സത്നാംസിങ്ങിനെ ഭക്തരും പൊലീസും ചേര്‍ന്ന് പിടികൂടിയത്. മനോവിഭ്രാന്തി കാട്ടിയ ഇയാള്‍ക്കെതിരെ പൊതുസ്ഥലത്ത് ബഹളംവച്ചെതിന് സാധാരണ നിലയില്‍ പെറ്റികേസ് എടുക്കുന്നതിന് പകരം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നേരിട്ടിടപെട്ടാണ് വധശ്രമത്തിന് കേസെടുത്ത് ജയിലിലടച്ചത്. സംഭവം നടന്നയുടന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മഠത്തിലെത്തിയിരുന്നു. സത്നാം മനോരോഗിയാണെന്നും വധശ്രമക്കേസില്‍പ്പെടുത്തുന്നതിനുമുമ്പ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നും ബന്ധു വിമല്‍കിഷോര്‍ മന്ത്രി ഉള്‍പ്പെടെയുള്ള ഉന്നതരോട് കേണപേക്ഷിച്ചിരുന്നു. എന്നിട്ടും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യിപ്പിച്ച് കൊല്ലം ജില്ലാ ജയിലിലേക്ക് അയക്കുകയായിരുന്നു. ജില്ലാ ജയിലില്‍ നിന്ന് അബോധാവസ്ഥയിലായ ഇയാളെ കൈകാലുകള്‍ ബന്ധിച്ച നിലയില്‍ വെള്ളിയാഴ്ച രാത്രിയാണ് പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയത്. ശനിയാഴ്ച പകല്‍ ബോധം തെളിഞ്ഞെങ്കിലും രാത്രി ഇയാളെ ആശുപത്രിയിലെ കുളിമുറിയില്‍ അബോധാവസ്ഥയില്‍ കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചെന്നാണ് അധികൃതര്‍ പറയുന്നത്.

തിങ്കളാഴ്ച രാവിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എഡിഎം പി കെ ഗിരിജയുടെ മേല്‍നോട്ടത്തിലാണ് പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയത്്. പോസ്റ്റ്മോര്‍ട്ടം പൂര്‍ണമായും വീഡിയോയില്‍ ചിത്രീകരിച്ചു. പൂര്‍ണമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ബുധനാഴ്ച ലഭിക്കും. എംബാം ചെയ്ത മൃതദേഹം ചൊവ്വാഴ്ച പുലര്‍ച്ചെ 5.45ന് ജെറ്റ് എയര്‍വേസില്‍ കൊല്‍ക്കത്തയിലേക്ക് കൊണ്ടുപോകും. അവിടെനിന്ന്് റോഡ് മാര്‍ഗം ഗയയിലേക്ക് എത്തിക്കും. മൃതദേഹം കൊണ്ടുപോകുന്നതിന്റെയും ഒപ്പം പോകുന്ന ഒരാളുടെയും ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് ആശുപത്രി സന്ദര്‍ശിച്ച മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. അതിനിടെ, സത്നാംസിങിനെ ആശ്രമത്തില്‍ വച്ചും മര്‍ദ്ദിച്ചതിന്റെ ദൃശ്യങ്ങള്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവിയിലുള്ളതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്. കേസന്വേഷണം ക്രൈംബ്രാഞ്ച് ഐജി ബി സന്ധ്യയുടെ നേതൃത്വത്തിലാണ്. മകന്റെ മരണത്തെ കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് സത്നാമിന്റെ പിതാവ് ഹരീന്ദ്രകുമാര്‍ സിങ് ആവശ്യപ്പെട്ടു.

ജയിലിലും ആശുപത്രിയിലും മര്‍ദനമേറ്റു

അമൃതാനന്ദമയിയുടെ നേരെ ഓടിയെത്തിയെന്ന് ആരോപിച്ച് പിടികൂടിയ മനോരോഗി സത്നാംസിങ് മാന് സംഭവസ്ഥലത്തും മനോരോഗ ആശുപത്രിയിലും കൊല്ലം സബ്ജയിലിലും മര്‍ദനമേറ്റതായി ക്രൈംബ്രാഞ്ചിന് സൂചന കിട്ടി. കൊല്ലം ജില്ലാ ആശുപത്രിയില്‍ നിന്ന് അര്‍ധരാത്രിയില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുവരും വഴി വാഹനത്തില്‍ വച്ചും ക്രൂരമായി മര്‍ദിച്ചു. ചൂരലും ഇരുമ്പു ദണ്ഡും ഉപയോഗിച്ചുള്ള മര്‍ദനത്തിന്റെ പാടുകളാണ് ശരീരത്തിലാകമാനം. റിമാന്‍ഡ് തടവുകാരനായ സത്നാംസിങ്ങിനെ ആശുപത്രി സെല്ലില്‍ മറ്റൊരു രോഗിക്കൊപ്പം പാര്‍പ്പിച്ചതും ദുരൂഹമാണ്. മനോരോഗിയാണെന്ന് ബന്ധു അറിയിച്ചിട്ടും അക്കാര്യം റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താന്‍ പൊലീസ് തയ്യാറായില്ല. അമൃതാനന്ദമയിയുടെ ദര്‍ശനസമയത്ത് വേദിയിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചതിന്റെപേരില്‍ സത്നാംസിങ്ങിനെതിരെ വധശ്രമത്തിന് കേസ് എടുത്തതും ഉന്നതങ്ങളില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ്. സുരക്ഷാഭടന്മാരും പൊലീസും ചേര്‍ന്ന് പിടികൂടിയ സത്നാംസിങ്ങിനെ, ആശ്രമത്തില്‍വച്ച് മര്‍ദിച്ചതിന്റെ ദൃശ്യങ്ങള്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവിയിലുള്ളതായും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇയാള്‍ മാനോരോഗിയാണെന്നും ചികിത്സ നല്‍കണമെന്നും ബന്ധു അഭ്യര്‍ഥിച്ചെങ്കിലും കരുനാഗപ്പള്ളി പൊലീസ് നടപടി എടുത്തില്ല. ഇക്കാര്യം ശാസ്താംകോട്ട കോടതിയിലും അറിയിച്ചില്ല. കോടതി റിമാന്‍ഡ് ചെയ്ത ഉടനെ പ്രത്യേക വാഹനത്തിലാണ് സബ്ജയിലില്‍ എത്തിച്ചത്. ജയിലിലേക്ക് കൊണ്ടുവരുംവഴി വാഹനത്തില്‍വച്ച് പൊതിരെ തല്ലി. സബ്ജയിലില്‍ ഒരു മണിക്കൂര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ജില്ലാ ആശുപത്രിയില്‍നിന്ന് രാത്രിയില്‍ത്തന്നെ മനോരോഗ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. രാത്രി മുഴുവന്‍ ഉറങ്ങാന്‍ കഴിയാത്തതും ചികിത്സ ലഭ്യമാക്കാതിരുന്നതും മാനസികനില കൂടുതല്‍ വഷളാക്കി. മാനസിക അസ്വാസ്ഥ്യംമൂലം ബഹളംവച്ചപ്പോള്‍ മര്‍ദിക്കുകയും ചെയ്തു. ആശുപത്രിയില്‍ വന്നപ്പോള്‍ മുതല്‍ ഇയാള്‍ ശാന്തനാകാന്‍ തുടങ്ങി. മരുന്നും ആഹാരവും കഴിച്ചു. സെല്ലില്‍ ഒരാള്‍കൂടി വന്നതോടെ വീണ്ടും ബഹളമായി. അതിനുശേഷം ക്രൂരമായ മര്‍ദനം ഏറ്റെന്നാണ് സൂചന. സെല്ലിനുള്ളില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ മനോരോഗിയാണെന്ന വിവരം ഉള്‍പ്പെടുത്താതിരുന്നത് ദുരൂഹമാണ്.

അമൃതാനന്ദമയിയെ ആക്രമിക്കുക എന്ന ഉദ്ദേശ്യത്തോടെയല്ല വേദിയിലേക്ക് കയറാന്‍ ശ്രമിച്ചതെന്ന് വ്യക്തമായിട്ടും വധശ്രമത്തിന് കേസ് എടുത്തത് സംശയാസ്പദമാണ്. സത്നാംസിങ്ങിന്റെ മരണത്തോടെ കേസ് അന്വേഷണവും വഴിമുട്ടി. ആക്രമണത്തിന് പിന്നില്‍ മറ്റെന്തെങ്കിലും ലക്ഷ്യം ഉണ്ടായിരുന്നെങ്കില്‍ അത് പുറത്തുവരുന്നതിനുള്ള വഴി അടഞ്ഞു. കൊല്ലം സബ്ജയിലില്‍ ഉദ്യോഗസ്ഥര്‍ക്ക് പടികൊടുക്കാത്ത തടവുകാരെ മര്‍ദിക്കുന്നതായി പരാതിയുണ്ട്. കൈക്കൂലി നല്‍കാത്ത തടവുകാരെ തെരഞ്ഞുപിടിച്ച് മര്‍ദിക്കുന്നതും പതിവാണ്. ഇത് സംബന്ധിച്ച് രണ്ടുമാസംമുമ്പ് ജയില്‍ എഡിജിപിക്ക് കിട്ടിയ പരാതി അന്വേഷിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ്. സത്നാംസിങ്ങിന്റെ ബന്ധു വിമല്‍ കിഷോര്‍ വ്യാഴാഴ്ച ജയിലില്‍ എത്തി ഇയാളെ കണ്ടിരുന്നു. എന്നാല്‍, ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയിരുന്നില്ല. ഇതിന്റെ വൈരാഗ്യംമൂലവും മര്‍ദനം നടന്നിട്ടുണ്ടോയെന്ന് സംശയിക്കുന്നുണ്ട്.

deshabhimani 070812

1 comment:

  1. ""ദൈവത്തിന്റെ സ്വന്തം നാട്ടില്‍നിന്ന് ഞങ്ങള്‍ക്ക് നീതി കിട്ടില്ലേ..."" കൈകൂപ്പി സത്നാംസിങ്ങിന്റെ അച്ഛന്‍ ഹരീന്ദര്‍കുമാര്‍സിങ് കൂടിനിന്നവരോട് ചോദിച്ചു. മോന് എന്താണ് സംഭവിച്ചതെന്ന് അറിയില്ല. സിബിഐ അന്വേഷിക്കണം. ഹരീന്ദറിന് വാക്കുകള്‍ മുഴുമിക്കാനായില്ല. പ്രിയപുത്രന്റെ അപ്രതീക്ഷിത വേര്‍പാടില്‍ മനംനൊന്ത് ആ പിതൃഹൃദയം വിങ്ങിപ്പൊട്ടി. പിന്നെ നിലവിളിയായി. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിക്കുമുന്നിലെ ഈ രംഗം ഏവരുടെയും കരളലിയിച്ചു.

    ReplyDelete