Tuesday, August 7, 2012
നെല്ലിയാമ്പതി : ഹസ്സന്‍ രാജിവച്ചു
നെല്ലിയാമ്പതി പ്രശ്നം പഠിക്കാന്‍ യുഡിഎഫ് നിയോഗിച്ച ഉപസമിതിയുടെ കണ്‍വീനര്‍ സ്ഥാനം കെപിസിസി വക്താവ് എം എം ഹസ്സന്‍ രാജിവച്ചു. നെല്ലിയാമ്പതി സന്ദര്‍ശിക്കുന്നതില്‍നിന്ന് യുഡിഎഫ് എംഎല്‍എമാരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പിന്തിരിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ഹസ്സന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കെപിസിസി-ഡിസിസി പുനഃസംഘടനയെച്ചൊല്ലി കോണ്‍ഗ്രസില്‍തന്നെ അവകാശവാദങ്ങളും തര്‍ക്കങ്ങളും ശക്തമാകുമ്പോഴാണ് ഈ പ്രശ്നവും മൂര്‍ഛിച്ചത്. ജോര്‍ജിനെ കയറൂരിവിട്ട ഉമ്മന്‍ചാണ്ടിയുടെ നിലപാടില്‍ പ്രതിഷേധിച്ച് വി ഡി സതീശന്റെയും ടി എന്‍ പ്രതാപന്റെയും നേതൃത്വത്തില്‍ ഒരു വിഭാഗം യുഡിഎഫ് എംഎല്‍എമാര്‍ തിങ്കളാഴ്ച നെല്ലിയാമ്പതി സന്ദര്‍ശിച്ചിരുന്നു. ഇത് തനിക്കെതിരായ നീക്കമായി കണ്ട ഉമ്മന്‍ചാണ്ടി നടത്തിയ നാടകമാണ് ഹസ്സന്റെ രാജി എന്നാണ് സൂചന. ജോര്‍ജിനെതിരെ യുദ്ധപ്രഖ്യാപനം നടത്തുന്ന കോണ്‍ഗ്രസ് എംഎല്‍എമാരെ വിരട്ടാന്‍ രാജിയിലൂടെ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് ഉമ്മന്‍ചാണ്ടി. ഹസ്സന്‍ രാജിവച്ചതിനോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും തയ്യാറായില്ല. എംഎല്‍എമാരുടെ നെല്ലിയാമ്പതി സന്ദര്‍ശനം യുഡിഎഫ് നേതൃത്വത്തെ തന്നെ അവഹേളിക്കലാണെന്ന് ഹസ്സന്‍ പറഞ്ഞു. ഉപസമിതിയില്‍ അവിശ്വാസം രേഖപ്പെടുത്തി സന്ദര്‍ശനം നടത്തുന്നത് അച്ചടക്കലംഘനമാണ്.
പ്രതാപന്‍ ഉന്നയിച്ച വിഷയം അടക്കം ഉപസമിതി പരിഗണിക്കുമെന്ന് ഉറപ്പു നല്‍കിയതാണ്. ഈ വിഷയത്തില്‍ ജോര്‍ജ് പരസ്യമായി പ്രതികരിച്ചതിനോട് യോജിപ്പില്ല. ഉപസമിതി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഉപസമിതിയുടെ കണ്‍വീനര്‍ സ്ഥാനവും അംഗത്വവും രാജിവയ്ക്കുന്നത്-ഹസ്സന്‍ പറഞ്ഞു. ജോര്‍ജിന്റെ നടപടികളാണോ യുഡിഎഫ് കമ്മിറ്റിയുടെ ദുര്‍ഗതിക്കു കാരണമെന്ന ചോദ്യത്തിന് അത്തരം വ്യാഖ്യാനത്തിന് തയ്യാറല്ലെന്നായിരുന്നു ഹസ്സന്റെ മറുപടി. കോണ്‍ഗ്രസ് എംഎല്‍എയെ ജാതി വിളിച്ച് ആക്ഷേപിച്ചിട്ടും ജോര്‍ജിനെ നിയന്ത്രിക്കാത്ത ഉമ്മന്‍ചാണ്ടിയുടെ നിലപാടില്‍ പ്രതികരിക്കാനില്ലെന്നും ഹസ്സന്‍ വ്യക്തമാക്കി. ഇതേസമയം പ്രശ്നത്തില്‍ ചീഫ്വിപ്പ് പി സി ജോര്‍ജാണ് യുഡിഎഫ് ഉപസമിതിയെ അവഹേളിച്ചതെന്നും ഹസന്റെ പ്രസ്താവന തെറ്റിദ്ധാരണമൂലമാണെന്നും വി ഡി സതീശന്‍ എംഎല്‍എവ്യക്തമാക്കി. വനസംരക്ഷണത്തിന്റെ കാര്യത്തില്‍ തങ്ങള്‍ പുതിയൊരു പോര്‍മുഖം തുറക്കുകയാണ്. ഇതിനെതിരെ ആര് രംഗത്തുവന്നാലും ശക്തമായി നേരിടുമെന്നും നെല്ലിയാമ്പതി സന്ദര്‍ശനത്തിനിടെ സതീശന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യുഡിഎഫ് സമിതിക്ക് ബദലായി കോണ്‍ഗ്രസ് എംഎല്‍എമാര്‍ നടത്തിയ നെല്ലിയാമ്പതി സന്ദര്‍ശനവും പ്രഹസനമായി. വയനാട്ടില്‍ വനഭൂമി കൈയേറിയ എം വി ശ്രേയാംസ്കുമാറായിരുന്നു സംഘത്തിന്റെ നായകന്‍.
ഉപസമിതി ചെയ്തപോലെ ചെറുനെല്ലി എസ്റ്റേറ്റ് മാത്രമാണ് എംഎല്‍എമാരും സന്ദര്‍ശിച്ചത്. എംഎല്‍എമാരായ ടി എന്‍ പ്രതാപന്‍, വി ഡി സതീശന്‍, വി ടി ബലറാം, ഹൈബി ഈഡന്‍ എന്നിവരാണ് ശ്രേയാംസ്കുമാറിനൊപ്പം നെല്ലിയാമ്പതിയിലെത്തിയത്. കാലാവധി കഴിഞ്ഞതും കരാര്‍ ലംഘിച്ചതുമായ തോട്ടങ്ങള്‍ ഏറ്റെടുക്കാന്‍ തുടങ്ങിയത് എല്‍ഡിഎഫ് ഭരിക്കുമ്പോഴാണ്. യുഡിഎഫ് അധികാരത്തിലെത്തിയതോടെ ഇത് അട്ടിമറിച്ചു. യുഡിഎഫ് നേതാക്കളുടെ ഒത്താശയോടെ ഒഴിപ്പിക്കലിനെതിരെ ഉടമകള്‍ സ്റ്റേ വാങ്ങി. ഇതിനെതിരെ ആക്ഷേപഹര്‍ജി നല്‍കാന്‍പോലും സര്‍ക്കാര്‍ തയ്യാറായില്ല.
deshabhimani 070812
Labels:
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)

No comments:
Post a Comment