Thursday, August 9, 2012
സത്നാം സിങ്ങിനെ വധശ്രമക്കേസില്‍ കുടുക്കിയതില്‍ അന്വേഷണമില്ല
അമൃതാനന്ദമയി മഠത്തില്‍ മനോവിഭ്രാന്തി പ്രകടിപ്പിച്ച ബിഹാര്‍ സ്വദേശി സത്നാംസിങ്ങിനെ മര്‍ദിച്ചുകൊന്ന കേസില്‍ അന്വേഷണം പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരില്‍ മാത്രം ഒതുക്കിനിര്‍ത്താന്‍ നീക്കം. മനോരോഗിയെ വധശ്രമക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണമില്ല. ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ചാണ് സത്നാമിനെതിരെ വധശ്രമകേസ് എടുത്തത്. മനോരോഗിയാണെന്ന വിവരം കോടതിയില്‍ മറച്ചുവച്ചതിനെ കുറിച്ചും അന്വേഷണം ഉപേക്ഷിച്ചമട്ടാണ്. പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ ആറു ജീവനക്കാരുള്‍പ്പെടെ ഒമ്പതുപേരെ ബുധനാഴ്ച ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍ മൂന്നുപേര്‍ അന്തേവാസികളും മൂന്നുപേര്‍ കരാര്‍ ജീവനക്കാരുമാണ്. ഫോറന്‍സിക് പരിശോധനയുടെ റിപ്പോര്‍ട്ട് കിട്ടിയശേഷം അറസ്റ്റുരേഖപ്പെടുത്തും. രണ്ടു വനിതാ ഡോക്ടര്‍മാരടക്കം ഏഴുപേര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കി.
ക്രൈംബ്രാഞ്ച് ഐജി ബി സന്ധ്യ വള്ളിക്കാവിലെ ആശ്രമത്തിലും കൊല്ലം സബ്ജയിലിലും എത്തി തെളിവെടുത്തു. സത്നാമിന്റെ മരണത്തെക്കുറിച്ച് അടുത്തമാസം 15നകം റിപ്പോര്‍ട്ട് നല്‍കാന്‍ മനുഷ്യാവകാശകമീഷന്‍ അധ്യക്ഷന്‍ നിര്‍ദേശിച്ചു. ശനിയാഴ്ച പകല്‍ രണ്ടിനും വൈകിട്ട് അഞ്ചിനും ഇടയ്ക്ക് സത്നാംസിങ് മരിച്ചെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തില്‍ കുത്തിപ്പിടിച്ചതും തലയ്ക്കേറ്റ ക്ഷതവുമാണ് മരണകാരണം. വൈകിട്ട് ആറിന് കഞ്ഞികൊടുക്കാന്‍ സെല്ലില്‍ ചെന്നപ്പോള്‍ ബാത്ത്റൂമില്‍ സത്നാം ബോധരഹിതനായി കിടക്കുകയായിരുന്നുവെന്നാണ് ജീവനക്കാരുടെ മൊഴി. ഇത് വിശ്വസനീയമല്ലെന്ന് ഡിഎംഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിമിനല്‍ സ്വഭാവമുള്ള ഒരു രോഗിയെ ഉച്ചയോടെ സത്നാം സിങ്ങിനോടൊപ്പം സെല്ലില്‍ അടച്ചെന്നും ഇരുവരും തമ്മില്‍ അടിപിടി നടന്നതായും അന്തേവാസികള്‍ മൊഴിനല്‍കി. സെല്ലിനുള്ളില്‍ മര്‍ദനം നടക്കുന്നതായി കണ്ടുനിന്ന ഒരാള്‍ ആശുപത്രി ജീവനക്കാരെ അറിയിച്ചെങ്കിലും നാലുമണിക്കാണ് സെല്ലില്‍ നിന്ന് രണ്ടാമത്തെ ആളെ മാറ്റിയത്. ആ സമയത്ത് സത്നാംസിങ്ങിനെ ശ്രദ്ധിച്ചില്ലെന്നും ആശുപത്രി ജീവനക്കാര്‍ മൊഴിനല്‍കി. മനോരോഗ ആശുപത്രിയില്‍ ഡ്യൂട്ടി നോക്കിയ ജയില്‍ വാര്‍ഡര്‍ വിവേകാനന്ദന്‍, അറ്റന്‍ഡര്‍മാരായ രജീഷ്കുമാര്‍, സുഭാഷ്, ജയകുമാര്‍, അനില്‍കുമാര്‍, അജിത് എന്നിവരെയും മൂന്ന് അന്തേവാസികളെയുമാണ് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയരാക്കിയത്.
സത്നാംസിങ്ങിനെ ആശുപത്രിയില്‍ കൊണ്ടുവന്നതുമുതല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവരെ ഡ്യൂട്ടി ചെയ്ത എല്ലാവര്‍ക്കുമെതിരെ വിശദമായ അന്വേഷണം നടത്തണമെന്ന് ഡിഎംഒ ശുപാര്‍ശ നല്‍കി. ഇതേ ശുപാര്‍ശ എഡിഎം പി കെ ഗിരിജ നല്‍കിയ റിപ്പോര്‍ട്ടിലുമുണ്ട്. കൊല്ലം സബ്ജയിലില്‍ വച്ച് സത്നാമിന് ഭീകര മര്‍ദനമേറ്റിരുന്നെന്ന് ക്രൈംബ്രാഞ്ചിന് സൂചന കിട്ടി. ജയിലില്‍ സ്ഥാപിച്ച ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവിയില്‍ ദൃശ്യങ്ങള്‍ പതിയാതിരിക്കാനായി സെല്ലില്‍ നിന്ന് പുറത്തിറക്കിയായിരുന്നു മര്‍ദനം.
deshabhimani 090812
Labels:
വലതു സര്‍ക്കാര്‍,
വാര്‍ത്ത
Subscribe to:
Post Comments (Atom)
അമൃതാനന്ദമയി മഠത്തില്‍ മനോവിഭ്രാന്തി പ്രകടിപ്പിച്ച ബിഹാര്‍ സ്വദേശി സത്നാംസിങ്ങിനെ മര്‍ദിച്ചുകൊന്ന കേസില്‍ അന്വേഷണം പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരില്‍ മാത്രം ഒതുക്കിനിര്‍ത്താന്‍ നീക്കം.
ReplyDelete