Thursday, August 9, 2012

പി ജയരാജന് കേള്‍വിക്കുറവ്


സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് കേള്‍വിക്കുറവുണ്ടെന്ന് വൈദ്യപരിശോധനയില്‍ കണ്ടെത്തി. ബുധനാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് ഇടത് ചെവിക്ക് 70 ശതമാനവും വലത് ചെവിക്ക് 20 ശതമാനവും തകരാറുള്ളതായി തെളിഞ്ഞത്. ഷുക്കൂര്‍ വധവുമായി ബന്ധപ്പെടുത്തി കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് കണ്ണൂര്‍ ജയിലിലടച്ച ജയരാജനെ രാവിലെയാണ് മെഡിക്കല്‍ കോളേജില്‍ കൊണ്ടുവന്നത്. മെഡിക്കല്‍ കോളേജ് ഇഎന്‍ടി യൂണിറ്റ് മേധാവി ഡോ.സുനില്‍കുമാര്‍, ഡോ. സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഗുരുതരമാംവിധം കേള്‍വിക്കുറവുള്ളതിനാല്‍ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഹൃദ്രോഗവിഭാഗത്തിലും പരിശോധനക്ക് വിധേയമാക്കി. ഇസിജി, എക്കോ കാര്‍ഡിയോഗ്രാഫ് എന്നീ പരിശോധനയും നടത്തി. കിതപ്പനുഭവപ്പെടുന്നതിനാല്‍ അഡിനോസിന്‍ എംആര്‍ഐക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഡോ. ജി രാജേഷാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.

അതിനിടെ ജയരാജന്‍ ആശുപത്രിയില്‍ വന്ന വാഹനത്തെച്ചൊല്ലി ചില വാര്‍ത്താചാനലുകള്‍ വിവാദമുണ്ടാക്കാന്‍ ശ്രമിച്ചു. സ്വകാര്യവാഹനത്തില്‍ വന്നെന്നായിരുന്നു വാര്‍ത്ത. ജയിലില്‍നിന്നുള്ള വാഹനം കേടായതിനാല്‍ മറ്റൊരു വാഹനമുപയോഗിച്ചിരുന്നു. പൊലീസ്, ജയില്‍ അധികൃതരാണ് വാഹനം അനുവദിച്ചത്. എന്നാല്‍ പ്രത്യേകമായ പരിരക്ഷ അനുവദിച്ചെന്ന വിധമായിരുന്നു ചാനലുകള്‍ വാര്‍ത്ത പടച്ചത്.

പി ജയരാജന്റെ യാത്രയ്ക്ക് പകരം വാഹനം: 2 പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

പി ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധനക്കുകൊണ്ടുപോയ വാഹനം കേടായപ്പോള്‍ ഉപയോഗിച്ച പകരം വാഹനത്തെ ചൊല്ലി വിവാദമുണ്ടാക്കി രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡുചെയ്തു. കണ്ണൂര്‍ എ ആര്‍ ക്യാമ്പിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വിനോദ്, സിവില്‍ പൊലീസ് ഓഫീസര്‍ സജേഷ് എന്നിവര്‍ക്കെതിരെയാണ് നടപടി. എഎസ്ഐ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചു.

കണ്ണൂര്‍സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ജയരാജന് വിദഗ്ധ പരിശോധന ആവശ്യമുണ്ടെന്ന് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ബുധനാഴ്ച രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്. ജയില്‍വകുപ്പിന്റെ വാഹനത്തില്‍ രാവിലെ ഏഴിനാണ് യാത്രപുറപ്പെട്ടത്. എഎസ്ഐയുടെ നേതൃത്വത്തില്‍ ആറു പൊലീസുകാരാണ് അകമ്പടിയായി ഉണ്ടായിരുന്നത്. ഈ വാഹനം ചേമഞ്ചേരിക്ക് സമീപം കേടായി. ഇതേ തുടര്‍ന്നാണ് ലഭ്യമായ മറ്റൊരു വാഹനത്തില്‍ യാത്ര തുടരാന്‍ പൊലീസ് തീരുമാനിച്ചത്. ചാനലുകള്‍ ഇത് പി ജയരാജന്‍ സ്വന്തം വാഹനത്തില്‍ ആശുപത്രിയിലെത്തിയെന്ന "ബ്രേക്കിങ്" വാര്‍ത്തയാക്കി. വാഹനം കേടായാല്‍ ടാക്സി പിടിച്ചു പോകണമെന്ന നിര്‍ദേശത്തെ സന്ദര്‍ഭോചിതമായി പൊലീസ് ഉപയോഗിച്ചത് സിപിഐ എം വിരുദ്ധ വാര്‍ത്തയാക്കി മാറ്റുകയെന്ന പരീക്ഷണമാണ് മാധ്യമങ്ങള്‍ നടത്തിയത്. ഇതിന് ഒത്താശ ചെയ്യുന്നവിധം സര്‍ക്കാറില്‍നിന്ന് നടപടിയുണ്ടായി. ജയില്‍ ഡിഐജിയുടെയും പൊലീസിന്റെയും അന്വേഷണം വാര്‍ത്ത ചമയ്ക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍പോലും സംഭവത്തെക്കുറിച്ച് പ്രതികരിച്ചു. ഷുക്കൂര്‍ വധത്തിലെ ഓരോ നടപടിയും സിപിഐ എമ്മിനെ കരിതേക്കാനും മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചമയ്ക്കാനുമുള്ളതാണെന്ന് സര്‍ക്കാര്‍ ഒരിക്കല്‍കൂടി തെളിയിച്ചു.

deshabhimani 090812

1 comment:

  1. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് കേള്‍വിക്കുറവുണ്ടെന്ന് വൈദ്യപരിശോധനയില്‍ കണ്ടെത്തി. ബുധനാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് ഇടത് ചെവിക്ക് 70 ശതമാനവും വലത് ചെവിക്ക് 20 ശതമാനവും തകരാറുള്ളതായി തെളിഞ്ഞത്.

    ReplyDelete