Thursday, August 9, 2012

ദേശീയ വാര്‍ത്തകള്‍ - ബി.ടി.പരുത്തി, സൈനിക ആത്മഹത്യ..


മഹാരാഷ്ട്രയില്‍ ബി ടി പരുത്തിക്ക് വിലക്ക്

മുംബൈ: ജനിതകമാറ്റം വരുത്തിയ പരുത്തിവിത്തുകളുടെ വില്‍പനയും വിതരണവും മഹാരാഷ്ട്രയില്‍ നിരോധിച്ചു. വലിയ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വിലക്ക്. അമേരിക്കന്‍ കമ്പനിയായ മോണ്‍സാന്റോ ഉള്‍പ്പടെയുള്ള വിത്തിനങ്ങള്‍ നിരോധിച്ചവയില്‍പ്പെടും. സംസ്ഥാനകാര്‍ഷിക വിഭാഗം കമ്മീഷണര്‍ ഉമാകാന്ത് ദംഗത്ത് നിരോധന തീരുമാനം ഔദ്യോഗികമായി അറിയിച്ചു. ഇന്ത്യന്‍ കമ്പനിയുമായി സഹകരിച്ചാണ് മോണ്‍സാന്റോ ഇന്ത്യയില്‍ ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ വില്‍പ്പന നടത്തിയിരുന്നത്. ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് ശക്തമായ പ്രക്ഷോഭമുയര്‍ന്നിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകര്‍ ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ പ്രാബല്യത്തില്‍ വന്നതിനെത്തുടര്‍ന്ന് കൃഷി ചെയ്യാനാവാതെ നഷ്ടം വന്ന് മഹാരാഷ്ട്രയില്‍ നിരവധി പരുത്തി കര്‍ഷകര്‍ ആത്മഹത്യ ചെയ്തിരുന്നു.ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് നിരോധനം

10 വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 1018 സൈനികര്‍

ന്യൂഡല്‍ഹി: 2003നും 2012നും ഇടയില്‍ രാജ്യത്ത് 1018 സൈനികര്‍ ആത്മഹത്യ ചെയ്തതായി സര്‍ക്കാര്‍. രാജ്യസഭയില്‍ ചോദ്യത്തിനു മറുപടിയായി പ്രതിരോധമന്ത്രി എ കെ ആന്റണിയാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ 2006ലാണ് ഏറ്റവും കൂടുതല്‍ സൈനികര്‍ ആത്മഹത്യചെയ്തത്- 129 പേര്‍. 2012ല്‍ ഇതുവരെ 62 ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും ആന്റണി അറിയിച്ചു. ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കളോജിക്കല്‍ റിസര്‍ച്ച്(ഡിഐപിആര്‍) നടത്തിയ പഠനമനുസരിച്ച് മിക്ക ആത്മഹത്യകള്‍ക്കും കാരണം ജോലിസമ്മര്‍ദവും ജോലിസ്ഥലത്തെ ആഭ്യന്തരപ്രശ്നങ്ങളും വിവാഹബന്ധത്തിലെ പൊരുത്തക്കേടുകളുമാണെന്ന് ആന്റണി പറഞ്ഞു. എന്നാല്‍, സൈന്യത്തില്‍ ഇത്തരം ആത്മഹത്യകളുടെ എണ്ണം വര്‍ധിക്കുകയാണെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. സായുധസേനയുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിച്ചുവരികയാണെന്നും ഇതിനുവേണ്ടി ദീര്‍ഘകാലപദ്ധതി തയ്യാറാക്കി വരികയാണെന്നും പ്രതിരോധമന്ത്രി സഭയെ അറിയിച്ചു. ദേശീയ സുരക്ഷാസേനയുടെ നവീകരണം സംബന്ധിച്ച് സര്‍ക്കാര്‍ രൂപീകരിച്ച ദേശീയ സുരക്ഷാ ടാസ്ക് ഫോഴ്സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ മന്ത്രിതല ചര്‍ച്ചകള്‍ നടക്കുകയാണ്.

അഴിമതി: 2500 ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു

ന്യൂഡല്‍ഹി: മൂന്നു വര്‍ഷത്തിനിടെ രാജ്യത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലായി 2500 ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതിക്ക് സിബിഐ കേസെടുത്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി കാര്യാലയത്തിന്റെ ചുമതലയുള്ള സഹമന്ത്രി വി നാരായണസ്വാമി ലോക്സഭയെ അറിയിച്ചു. വരവില്‍ക്കവിഞ്ഞ സ്വത്തു സമ്പാദനത്തിന് സിബിഐ മൂന്നു വര്‍ഷത്തിനിടെ 251 കേസ് എടുത്തിട്ടുണ്ടെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. ഇതില്‍ 84 എണ്ണം 2009ലും 66 എണ്ണം 2010ലും 62 എണ്ണം 2011ലും 39 എണ്ണം 2012 ജനുവരിമുതല്‍ ജൂലൈവരെയുള്ള കാലയളവിലും ഉള്ളതാണ്-മന്ത്രി പറഞ്ഞു.

സിഎജി റിപ്പോര്‍ട്ടുകള്‍ നടപ്പുസമ്മേളനത്തില്‍

ന്യൂഡല്‍ഹി: കല്‍ക്കരി കുംഭകോണവും ഡല്‍ഹി വിമാനത്താവള നടത്തിപ്പിലെ തട്ടിപ്പുകളും വെളിപ്പെടുത്തുന്ന സിഎജി റിപ്പോര്‍ട്ടുകള്‍ പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ സഭയുടെ മേശപ്പുറത്ത് വയ്ക്കുമെന്ന് ധനമന്ത്രി പി ചിദംബരം അറിയിച്ചു. സിഎജി റിപ്പോര്‍ട്ട് മെയ് 11നാണ് ധനമന്ത്രാലയത്തില്‍ ലഭിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങള്‍ ശനിയും ഞായറുമായതിനാല്‍ മെയ് 14ന് മാത്രമാണ് ധനമന്ത്രിക്ക് മുമ്പാകെ എത്തിയത്-ചിദംബരം പറഞ്ഞു. മെയ് 16ന് റിപ്പോര്‍ട്ടുകള്‍ രാഷ്ട്രപതിക്ക് അയച്ചുകൊടുത്തു. മെയ് 26ന് പകല്‍ രണ്ടരയ്ക്കാണ് റിപ്പോര്‍ട്ട് തിരിച്ചുലഭിച്ചത്. പാര്‍ലമെന്റ് അനിശ്ചിതമായി പിരിയുന്ന ഘട്ടമായിരുന്നു. അതുകൊണ്ടാണ് കഴിഞ്ഞ സമ്മേളനത്തില്‍ സഭയില്‍ വയ്ക്കാതിരുന്നത്- ഈ സമ്മേളനത്തില്‍ നിശ്ചയമായും റിപ്പോര്‍ട്ട് വയ്ക്കും. റിപ്പോര്‍ട്ടുകള്‍ മേശപ്പുറത്ത് വയ്ക്കുന്ന കാര്യത്തില്‍ ലോക്സഭ,രാജ്യസഭാ സെക്രട്ടറിയറ്റുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് വയ്ക്കുന്നതിന് സമയം അനുവദിക്കണമെന്ന് സ്പീക്കറോടും ചെയര്‍മാനോടും അഭ്യര്‍ഥിച്ചുള്ളതാണ് നോട്ടീസ്. അവര്‍ ദിവസം നിശ്ചയിക്കുമ്പോള്‍ മൂന്നുറിപ്പോര്‍ട്ടും സമര്‍പ്പിക്കും-ചിദംബരം പറഞ്ഞു. 2004 മുതല്‍ 2009 വരെയുള്ള കാലയളവില്‍ കല്‍ക്കരി ബ്ലോക്കുകള്‍ ലേലംകൂടാതെ വിതരണംചെയ്തതിലൂടെ ഖജനാവിന് 1.8 ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് സിഎജിയുടെ കണ്ടെത്തല്‍. കല്‍ക്കരി അധികമായി അനുവദിക്കുക വഴി റിലയന്‍സ് പവറിന് മാത്രം 15,849 കോടിയുടെ നേട്ടമുണ്ടായെന്ന് സിഎജി പരാമര്‍ശിക്കുന്നു.

deshabhimani 090812

No comments:

Post a Comment