യഥാര്‍ഥ വോട്ടര്‍മാരാണോയെന്ന സംശയത്തിന്റെ പേരില്‍ അസമിലെ വോട്ടര്‍പട്ടികയില്‍ നിന്ന് 40 ലക്ഷത്തോളം പേരുകള്‍, അവരുടെ മതത്തിന്റെയോ ഭാഷയുടെയോ അടിസ്ഥാനത്തില്‍ നീക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. മതത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തില്‍ വോട്ടര്‍മാരെ നീക്കണമെന്ന് "അസം പബ്ലിക് വര്‍ക്സ്" എന്ന സംഘടനയുടെ ആവശ്യം ഭരണഘടനാ വിരുദ്ധമാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചു.
ബംഗ്ലാദേശില്‍ നിന്നുള്ള 40 ലക്ഷത്തോളം അനധികൃത കുടിയേറ്റക്കാര്‍ വോട്ടര്‍പട്ടികയില്‍ ഇടംനേടിയിട്ടുണ്ടെന്നും മതത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തില്‍ അവരെ വേര്‍തിരിച്ച് നാടുകടത്തണമെന്നുമാണ് സംഘടനയുടെ ആവശ്യം. ഈ ആവശ്യം പ്രഥമദൃഷ്ട്യാ തന്നെ നിയമവിരുദ്ധമാണെന്നും രാജ്യത്തിന്റെ മതേതര- ജനാധിപത്യഘടനയുടെ ലംഘനമാണെന്നും ജസ്റ്റിസുമാരായ പി സദാശിവം, രഞ്ജന്‍ ഗൊഗോയ് എന്നിവര്‍ മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍, അനധികൃത കുടിയേറ്റക്കാരെ സംസ്ഥാനത്തുനിന്ന് പുറത്താക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും സത്യവാങ്മൂലത്തിലുണ്ട്. കേസ് നവംബര്‍ ആറിന് വാദം കേള്‍ക്കും.
ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനും നാടുകടത്താനും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിരന്തരം നിര്‍ദേശം നല്‍കാറുണ്ട്. സംശയമുള്ള വോട്ടര്‍മാരുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് സര്‍ക്കാരിന് സംവിധാനമുണ്ട്. ഇത്തരക്കാരെ ഡി വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. അവരെ വോട്ടുചെയ്യാനോ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനോ അനുവദിക്കാറില്ല. 1997 മുതലാണ് വോട്ടര്‍മാര്‍ ഇന്ത്യക്കാര്‍ തന്നെയെന്ന് ഉറപ്പിക്കുന്നതിന് പരിശോധന കര്‍ശനമാക്കിയത്. പൗരത്വം തെളിയിക്കുന്നതിന് ആവശ്യമായ രേഖ സമര്‍പ്പിക്കാന്‍ കഴിയാത്തവരെയാണ് ഡി വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്. ഇത്തരം കേസുകള്‍ പിന്നീട് ട്രിബ്യൂണലിന്റെ തീര്‍പ്പിനു വിടും. 2005 മുതലുള്ള വോട്ടര്‍പട്ടിക യഥാര്‍ഥവും വിശ്വസനീയവുമാണ്. വോട്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി എന്നതുകൊണ്ട് അതെല്ലാം ബംഗ്ലാദേശി കുടിയേറ്റക്കാരാണെന്ന് പറയുന്നതില്‍ അര്‍ഥമില്ല. വോട്ടര്‍പട്ടികയില്‍ അനധികൃത കുടിയേറ്റക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആക്ഷേപം ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
deshabhimani 110812
No comments:
Post a Comment