Sunday, August 12, 2012

ജീവപര്യന്തം തടവുകാരന് എല്‍എല്‍ബി പ്രവേശനപരീക്ഷയില്‍ ഒന്നാംറാങ്ക്


വധശിക്ഷയ്ക്ക് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് പഞ്ചവത്സര എല്‍എല്‍ബി പ്രവേശനപരീക്ഷയില്‍ ഒന്നാം റാങ്ക്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ജീവപര്യന്തം തടവുകാരനായ ടി എ ശബരീനാഥിനാണ് പട്ടികജാതിവിഭാഗത്തില്‍ ഒന്നാം റാങ്ക് ലഭിച്ചത്്. ജനറല്‍ വിഭാഗത്തില്‍ 24-ാം റാങ്കും ശബരിക്കുണ്ട്. റാങ്ക് നേടിയെങ്കിലും കോഴ്സിന് ചേരണമെങ്കില്‍ കോടതിയുടെ അനുമതി വേണം.

"97ല്‍ പെരുങ്കുഴി സതീശനെ കൊലചെയ്ത കേസിലാണ് ശബരീനാഥിന് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. 2009 മാര്‍ച്ച് മൂന്നിനാണ് ശബരിയടക്കം പത്തുപേര്‍ക്ക് ശിക്ഷ വിധിച്ചത്. ഹൈക്കോടതി ഇവരില്‍ ആറുപേരുടെ ശിക്ഷ റദ്ദാക്കിയിരുന്നു. ശബരിയടക്കം നാലുപേരുടെ അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. പഠനത്തില്‍ ഏറെ മികവുപുലര്‍ത്തിയിരുന്ന ശബരീനാഥ് സിഎക്കാരനാണ്. ഡിബിഎക്ക് ശേഷമാണ് സിഎ നേടിയത്. ജയില്‍ ലൈബ്രറിയില്‍ പ്രധാന സഹായികളില്‍ ഒരാളായ ശബരീനാഥ്, ജയില്‍ സൂപ്രണ്ട് പി പ്രദീപിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് എന്‍ട്രന്‍സ് പരീക്ഷ എഴുതിയത്. പരീക്ഷാ പരിശീലനസഹായം ജയില്‍ അധികൃതര്‍ ചെയ്തുകൊടുത്തു.

കഴിഞ്ഞമാസം എട്ടിന് പട്ടം ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലായിരുന്നു പരീക്ഷ. ജീവപര്യന്തം തടവുകാരന് റഗുലര്‍ കോഴ്സിന് പ്രവേശനം നേടണമെങ്കില്‍ കോടതി അനുമതി വേണം. ചിറയിന്‍കീഴ് പെരുങ്കുഴി വിശാഖില്‍ പരേതനായ ജി പി തുളസീധരന്റെയും എല്‍ ആനന്ദവല്ലിയുടെയും മകനാണ് ശബരീനാഥ്.

deshabhimani 120812

2 comments:

  1. >ജയില്‍ സൂപ്രണ്ട് പി പ്രദീപിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് എന്‍ട്രന്‍സ് പരീക്ഷ എഴുതിയത്. <

    ഇതുപോലുള്ള മനുഷ്യര്‍ ഉള്ളപ്പോള്‍ ദൈവം ഉണ്ടെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ കുറ്റമ്പറയാനാവില്ല.
    Wishing the best for Sabari!

    ReplyDelete
  2. വളരെ നല്ല കാര്യം. സാധാരണ ചെറിയ കുറ്റവാളിയായി ജയിലില്‍ പോയി കൊടും ക്രിമിനലായി പുറത്തു വരുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍കുറ്റവാളിയായി ജയിലില്‍ പോയി അവിടെ നിന്നും നിയമജ്ഞനാകുവാന്‍ പരിശ്രമിക്കുന്ന ഒരാള്‍ പലര്‍ക്കും പ്രചോദനമാണ്. ശ്രീ പ്രദീപ് കുമാറിന് അളവില്ലാത്ത അഭിഅന്ദനങ്ങള്‍. ജയില്‍ കുറ്റം ചെയ്യുന്നവനു ശിക്ഷ നല്‍കുന്നതോടൊപ്പം, തിരികെ ഇറങ്ങുമ്പോള്‍ ഒരു നല്ല പൌരനായി മാറുവാനുള്ള അവസരം ഒരുക്കാന്‍ ജയിലധികാരികര്‍ക്കു കഴിഞ്ഞാല്‍, പുറത്ത് കുറ്റവാളികളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കും... ഹാര്‍ദ്ദമായ ആശംസകള്‍...

    ReplyDelete