Thursday, August 23, 2012

ദേശാടനപ്പക്ഷിക്ക് എവിടെയും സഞ്ചരിക്കാമെന്ന് ഹസ്സന്‍


കോഴിക്കോട്: താന്‍ ദേശാടനപ്പക്ഷിയായത് പാര്‍ടിക്കുവേണ്ടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്‍. ദേശാടനം ചെറുപ്പം മുതല്‍ തുടങ്ങിയതാണ്. അതിനിയും തുടരും. കാക്കക്കും കുരുവിക്കും ഒരു മണ്ഡലത്തില്‍ മാത്രമേ കറങ്ങിനടക്കാന്‍ കഴിയൂ. ദേശാടനപ്പക്ഷികള്‍ രാജ്യം മുഴുവന്‍ സഞ്ചരിക്കാന്‍ കഴിവുള്ളവരാണെന്നും അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു. കോണ്‍ഗ്രസുകാര്‍ നിലനിര്‍ത്തിയിരുന്ന നിയോജകമണ്ഡലങ്ങളിലേക്ക് ദേശാടനപ്പക്ഷിയെപ്പോലെ ആര്‍ത്തിപൂണ്ട് പറന്നിറങ്ങുന്നയാളാണ് ഹസ്സനെന്ന വി ഡി സതീശന്റെയും ടി എന്‍ പ്രതാപന്റെയും ആക്ഷേപത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. തനിക്കെതിരെ ഇരുവരും നടത്തിയ അധിക്ഷേപം ബാലിശമാണ്. പ്രശ്നത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെടണം. ആര്‍ത്തി രാഷ്ട്രീയക്കാര്‍ എന്ന് താനുദ്ദേശിച്ചത് വി ഡി സതീശനെയും പ്രതാപനെയും ഉദ്ദേശിച്ചല്ല. നെല്ലിയാമ്പതി വിഷയത്തില്‍ പി സി ജോര്‍ജ് ഉള്‍പ്പെട്ട കമ്മിറ്റിക്കുതന്നെ റിപ്പോര്‍ട്ട് നല്‍കിയതിലൂടെ സതീശനും പ്രതാപനും അപഹാസ്യരായി. വിശ്വാസ്യതയില്ലാത്തതെന്ന് അവര്‍ തന്നെ ആക്ഷേപിച്ച കമ്മിറ്റിയാണിതെന്ന കാര്യം മറക്കരുതെന്നും ഹസ്സന്‍ പറഞ്ഞു.

ആരെയും നിയന്ത്രിക്കില്ലെന്ന് മുഖ്യമന്ത്രി

തിരു: നെല്ലിയാമ്പതി പ്രശ്നത്തില്‍ സിബിഐ അന്വേഷണം വേണമോയെന്ന് യുഡിഎഫ് ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫിന് ഇക്കാര്യത്തില്‍ വ്യക്തമായ ധാരണയും സമീപനവും ഉണ്ടെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. തോട്ടം ഉടമകളുടെ പേരില്‍ ചീഫ്വിപ്പ് ജോര്‍ജ് വ്യാജ ഒപ്പിട്ട് നിവേദനം നല്‍കിയതായി അറിയില്ല. നെല്ലിയാമ്പതി വിവാദത്തില്‍ കോണ്‍ഗ്രസിലെ ആരെയും നിയന്ത്രിക്കാന്‍ താനില്ല. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തോ ഇല്ലയോയെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. ഇതൊന്നും കോണ്‍ഗ്രസില്‍ പുതുമയുള്ള കാര്യങ്ങളല്ല. നെല്ലിയാമ്പതി പ്രശ്നത്തില്‍ താന്‍ ഇടപെട്ടില്ലെന്ന എം എം ഹസ്സന്റെ ആരോപണം നിഷേധിക്കുന്നില്ല. കെപിസിസി ആസ്ഥാനത്ത് പോസ്റ്റര്‍ പതിച്ചവര്‍ അതില്‍ പറയുന്ന പരാതി തന്നോട് ഇതുവരെ പറഞ്ഞിട്ടില്ല. നേരിട്ട് പറഞ്ഞിരുന്നെങ്കില്‍ പരിഹരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ കെപിസിസി പ്രസിഡന്റ് എന്തുചെയ്യാനാണ്. കോണ്‍ഗ്രസില്‍ ഗ്രീന്‍ പൊളിറ്റിക്സും ഗ്രീഡി പൊളിറ്റിക്സും ഉണ്ടോയെന്ന് എന്നോട് ചോദിച്ചിട്ട് കാര്യമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

deshabhimani 230812

No comments:

Post a Comment