Saturday, August 18, 2012
ലീഗീന് വഴങ്ങിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍
മാറാട് കൂട്ടക്കൊലക്കേസില്‍ 24 പ്രതികളെക്കൂടി ശിക്ഷിച്ച ഹൈക്കോടതി വിധിയോടെ പ്രതിക്കൂട്ടിലാവുന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. കൂട്ടക്കൊലയ്ക്കുപിന്നില്‍ ആഴത്തിലുള്ള ഗൂഢാലോചനയുണ്ടെന്നും ഗൗരവമേറിയ അന്വേഷണം ആവശ്യമാണെന്നുമുള്ള കോടതി നിരീക്ഷണം കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച യുഡിഎഫ് ഭരണത്തിനു നേരെയാണ് വിരല്‍ചൂണ്ടുന്നത്. ഗൂഢാലോചനയെക്കുറിച്ച് സിബിഐ അന്വേഷണമുള്‍പ്പെടെ തകിടം മറിച്ചത് കോണ്‍ഗ്രസ്-മുസ്ലിംലീഗ് നേതൃത്വമാണ്. മുസ്ലിം ലീഗിന്റെ സമ്മര്‍ദത്തിനും ഭീഷണിക്കും വഴങ്ങിയാണ് കേരളത്തെ ഞെട്ടിച്ച തീവ്രവാദ അക്രമത്തിന്റെ അന്വേഷണം മുമ്പ് എ കെ ആന്റണിയും പിന്നീട് ഉമ്മന്‍ചാണ്ടിയും കൂട്ടരും അട്ടിമറിച്ചത്.
കഴിഞ്ഞദിവസം ഹൈക്കോടതി ശിക്ഷിച്ചവരില്‍ മുസ്ലിംലീഗ് ബേപ്പൂര്‍ മേഖലാ പ്രസിഡന്റ് മൊയ്തീന്‍കോയയുമുണ്ട്. കൂട്ടക്കൊല നടക്കുമ്പോള്‍ ഇയാള്‍ ലീഗിന്റെ ബേപ്പൂര്‍ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. തീവ്രവാദ കൂട്ടക്കൊലയില്‍ ലീഗിനുള്ള പങ്കാളിത്തം ഇതോടെ കൂടുതല്‍ സ്ഥിരീകരിക്കപ്പെട്ടു. നേരത്തെ ലീഗ് സംസ്ഥാന സെക്രട്ടറി എം സി മായിന്‍ഹാജിയെ ഗൂഢാലോചനക്കേസില്‍ പ്രതിചേര്‍ക്കണമെന്ന് നിര്‍ദേശിച്ച ക്രൈം ബ്രാഞ്ച് അന്വേഷണമടക്കം ഇല്ലാതാക്കിയതും ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്. ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടിക്ക് സര്‍ക്കാര്‍ തയ്യാറാവുമോ എന്നും വ്യക്തമാക്കപ്പെടേണ്ടതുണ്ട്.
2003 മെയ് രണ്ടിനാണ് മാറാട് കൂട്ടക്കൊല നടന്നത്. ഇതേപ്പറ്റി അന്വേഷിച്ച ജുഡീഷ്യല്‍ കമീഷന്‍ തോമസ് പി ജോസഫ് ഗൂഢാലോചനയും മറ്റും അന്വേഷിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കൂട്ടക്കൊലയ്ക്കു പിന്നിലെ സാമ്പത്തിക ഇടപാട്, തീവ്രവാദ ബന്ധം തുടങ്ങിയവ കണ്ടെത്താനുള്ള സമഗ്രാന്വേഷണമാണ് കമീഷന്‍ നിര്‍ദേശിച്ചത്. എന്നാല്‍ 2006ല്‍ റിപ്പോര്‍ട്ട് കിട്ടിയ ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിച്ചില്ല. പിന്നീടു വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു. എന്നാല്‍ ലീഗിന്റെ സ്വാധീനത്തിനും ഭീഷണിക്കും അടിപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് അനുമതി നല്‍കിയില്ല. തുടര്‍ന്നാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സാമ്പത്തിക ഇടപാടും മറ്റും കണ്ടെത്താന്‍ ക്രൈം ബ്രാഞ്ചിന്റെ പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചത്. എസ്പി സി എം പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. ഗൂഢാലോചനയെക്കുറിച്ച് അറിയാമെന്ന് ജുഡീഷ്യല്‍ അന്വേഷണ കമീഷനോട് വെളിപ്പെടുത്തിയ മുസ്ലിംലീഗ് നേതാവ് എം സി മായിന്‍ഹാജിയെ പ്രതിചേര്‍ക്കാമെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. മാറാട്ടും പരിസരത്തും നടന്ന ഭൂമി ഇടപാടുകളടക്കം പരിശോധിച്ചായിരുന്നു നിഗമനം. ഇതിനായി കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി(അഞ്ച്)യില്‍ എഫ്ഐആര്‍ നല്‍കി. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, വര്‍ഗീയ-സാമുദായിക കലാപത്തിന് പ്രേരണ എന്നീ കുറ്റങ്ങളാണ് ലീഗ് നേതാവടക്കമുള്ളവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് ചുമത്തിയത്.
ഈ അന്വേഷണം അട്ടിമറിച്ച് എസ് പി പ്രദീപ്കുമാറിനെ അന്വേഷണസംഘത്തില്‍നിന്നു മാറ്റി. ഇതോടെ അന്വേഷണം നിശ്ചലമായി. ക്രൈംബ്രാഞ്ച് കേസെടുക്കാന്‍ നിര്‍ദേശിച്ച ലീഗിന്റെ പ്രാദേശിക നേതാവ് പി പി മൊയ്തീന്‍കോയയെ ബുധനാഴ്ച ഹൈക്കോടതി ശിക്ഷിച്ചിട്ടുണ്ട്.
(പി വി ജീജോ)
സിബിഐ അന്വേഷണത്തെ ഭയക്കുന്നത് മുസ്ലിംലീഗ്
മാറാട് കൂട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മടിക്കുന്നത് മുസ്ലിംലീഗിന്റെ ഭീഷണിയെത്തുടര്‍ന്ന്. 2003ല്‍ എ കെ ആന്റണി സിബിഐ അന്വേഷണമെന്ന ആവശ്യത്തില്‍നിന്നു പിന്മാറിയതും ലീഗിന്റെ ഭീഷണിയെ തുടര്‍ന്നായിരുന്നു. 2006ല്‍ മാറാട് കമീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചപ്പോള്‍ ഒന്നും ഉരിയാടാതെ റിപ്പോര്‍ട്ട് പൂഴ്ത്തിയ ഉമ്മന്‍ചാണ്ടി, ഇപ്പോഴും ലീഗിനുമുന്നില്‍ മുട്ടുകുത്തുകയാണ്. കേരള മനഃസാക്ഷിയെ ഞെട്ടിച്ച, ഒമ്പതുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുസ്ലിംലീഗിന്റെ പങ്ക് സംശയാതീതമായി തെളിയുമെന്ന പേടി ലീഗ് നേതാക്കള്‍ക്കുണ്ട്. അതുകൊണ്ടുതന്നെ മാറാടിനെപ്പറ്റി സിബിഐ അന്വേഷണമെന്നു കേള്‍ക്കുമ്പോഴെല്ലാം ലീഗ് നേതാക്കളുടെ ചങ്കിടിക്കുന്നു.
മാറാട് കൂട്ടക്കൊല അന്വേഷിച്ച തോമസ് പി ജോസഫ് കമീഷനാണ് സംഭവത്തിനുപിന്നില്‍ ബാഹ്യശക്തികളുണ്ടെന്ന് കൃത്യമായി കണ്ടെത്തിയത്. കമീഷനുമുമ്പാകെ ലഭിച്ച മൊഴികളുടെയും രേഖകളുടെയും പിന്‍ബലമാണ് ഇങ്ങനെയൊരു നിരീക്ഷണത്തില്‍ കമീഷനെ എത്തിച്ചത്. ബാഹ്യ ഇടപെടലുകളെപ്പറ്റിസംസ്ഥാന ഏജന്‍സി അന്വേഷിച്ചാല്‍ മതിയാകില്ലെന്നും സിബിഐ അന്വേഷണമാണ് അഭികാമ്യമെന്നും കമീഷന്‍ നിര്‍ദേശിച്ചിരുന്നു. കമീഷന്‍ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടി തുടര്‍നടപടിയൊന്നുമെടുത്തില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കമീഷന്‍ റിപ്പോര്‍ട്ടില്‍ നടപടി തുടങ്ങി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രണ്ടുതവണ കേന്ദ്രസര്‍ക്കാരിന് കത്തുനല്‍കി. കേന്ദ്രം മൗനം പാലിച്ചപ്പോള്‍ ബാഹ്യ ഇടപെടലുകളടക്കം അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. കമീഷന്‍ കുറ്റപ്പെടുത്തിയ അന്നത്തെ ജില്ലാ കലക്ടര്‍ ടി ഒ സൂരജിനും കമീഷണര്‍ സഞ്ജീവ് പട്ജോഷിക്കുമെതിരായ ആരോപണങ്ങള്‍ പരിശോധിക്കാന്‍ വിജിലന്‍സ് ട്രൈബ്യൂണലിനെ ചുമതലപ്പെടുത്തി.
ഒന്നാം മാറാട് കലാപത്തിനുശേഷം പൊലീസും ജില്ലാ ഭരണസംവിധാനവും തമ്മില്‍ ഏകോപനമില്ലാതിരുന്നത് കൂട്ടക്കൊലയ്ക്ക് കാരണമായെന്നായിരുന്നു കമീഷന്‍ കണ്ടെത്തല്‍. ഹൈക്കോടതി 24 പേര്‍ക്കുകൂടി ജീവപര്യന്തം തടവ് വിധിച്ചതോടെ കേസില്‍ ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം 87 ആയി. തമിഴ്നാട്ടിലെ ധര്‍മപുരി ജില്ലയിലെ വാച്ചാത്തി എന്ന ആദിവാസി ഗ്രാമത്തില്‍ 1992ല്‍ അതിക്രമം നടത്തിയ പൊലീസ്, റവന്യൂ, ഫോറസ്റ്റ് ഉദ്യോഗസ്ഥരായ 215 പേരെ തടവിനുശിക്ഷിച്ചതിനു ശേഷം ആദ്യമായാണ് ഇത്തരത്തില്‍ കൂട്ടശിക്ഷ. 2011ലായിരുന്നു വാച്ചാത്തി കേസിന്റെ വിധി. 148 പ്രതികളുള്ള മാറാട് കേസില്‍ പ്രത്യേക കോടതിയില്‍ വിചാരണ നേരിട്ടത് 139 പേരാണ്. കൊന്നവര്‍ മാത്രമേ ശിക്ഷിക്കപ്പെട്ടുള്ളു. കൊല്ലിച്ചവര്‍ ഇപ്പോഴും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണതലങ്ങളില്‍ സൈ്വരമായി വിഹരിക്കുകയാണ്. അന്വേഷണത്തില്‍ കുടുങ്ങിയത് അപ്രധാനികള്‍ മാത്രമാണെന്നും കൂടുതല്‍ ശക്തമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നു. നാടിനെ കലാപഭൂമിയാക്കാന്‍ കൂട്ടക്കൊല ആസൂത്രണം ചെയ്തവരെ തുടര്‍ന്നും ഉമ്മന്‍ചാണ്ടി സംരക്ഷിക്കുമോ, സിബിഐ അന്വേഷണത്തിന് ആവശ്യപ്പെടുമോ എന്ന ചോദ്യത്തിനാണ് ഇനി ഉത്തരം കിട്ടേണ്ടത്.
(പി വിജയന്‍)
കേസുകള്‍ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ശ്രമം: വി എസ്
പാമോലിന്‍ കേസ് അട്ടിമറിച്ചതുപോലെ മാറാട് രണ്ടാം കലാപക്കേസ് ഉള്‍പ്പെടെയുള്ള കേസുകള്‍ അട്ടിമറിക്കാനാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആലുവയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളും പ്രമാണിമാരും പ്രതികളാകുന്ന കേസുകള്‍ യുഡിഎഫ് സര്‍ക്കാരുകള്‍ അട്ടിമറിക്കുന്നത് പതിവാണ്. ഇത്തരം സംഭവങ്ങള്‍ മറയ്ക്കാനാണ് തനിക്കെതിരെ ഭൂമിവിവാദം ഉയര്‍ത്തിവിട്ടത്. 1977ലെ കരുണാകരന്റെ സര്‍ക്കാരാണ് തന്റെ ബന്ധു സോമന് ഭൂമി നല്‍കിയത്. മൂന്നേക്കര്‍ ഭൂമിയാണ് അദ്ദേഹത്തിനു നല്‍കിയത്. എന്നാല്‍ ഈ ഭൂമി ഉദ്യോഗസ്ഥര്‍ മറ്റൊരാള്‍ക്ക് മറിച്ചു വിറ്റതിനാല്‍ വേറെ ഭൂമി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. മൂന്നേക്കറിനു പകരമായി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2.33 ഏക്കര്‍ ഭൂമി നല്‍കി. ഇതിന്റെ കൈമാറ്റ കാലാവധി മൂന്നു വര്‍ഷത്തില്‍നിന്ന് 25 വര്‍ഷമാക്കി ഉയര്‍ത്തി. ഈ കൈമാറ്റ കാലാവധി ഇളവു നല്‍കണമെന്നാണ് എല്‍ഡിഎഫ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ 2010 ആകുമ്പോഴേയ്ക്കും 25 വര്‍ഷംഎന്ന കൈമാറ്റ കാലാവധി അവസാനിച്ചിരുന്നു. ഇതിനെക്കുറിച്ച് മന്ത്രിസഭ ചര്‍ച്ചചെയ്തു. സെക്രട്ടറിമാരുടെ അഭിപ്രായം ആരാഞ്ഞശേഷം ഇളവു നല്‍കാന്‍ തീരുമാനിച്ചെങ്കിലും ചിലര്‍ വിയോജിച്ചതിനാല്‍ തല്‍ക്കാലത്തേക്ക് നടപ്പാക്കേണ്ടെന്നു തീരുമാനിച്ചു.
ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ ശരിയായ രീതിയില്‍ അന്വേഷണം നടത്തിയിരുന്നുവെങ്കില്‍ യുഡിഎഫ് മന്ത്രിമാര്‍ ശിക്ഷിക്കപ്പെടുമായിരുന്നു. ഇത്തരം കാര്യങ്ങള്‍ മറച്ചുവയ്ക്കാനാണ് എനിക്കെതിരെ കേസ്. ഒരുവര്‍ഷം കഴിഞ്ഞിട്ടും തെളിവു ലഭിച്ചിട്ടില്ലെന്നത് കേസ് വസ്തുതാപരമല്ലെന്നതിന്റെ തെളിവാണ്. കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയില്‍ സമരം ചെയ്യുന്ന നേഴ്സുമാര്‍ ചാടിച്ചത്തിരുന്നുവെങ്കില്‍ കേരളത്തിനുതന്നെ അപമാനകരമായേനെ. തിരുമേനിമാരെ ഭയന്നാണ് ഈ തൊഴില്‍തര്‍ക്കത്തില്‍ മുഖ്യമന്ത്രി ഇടപെടാതിരുന്നത്. സിപിഐ എമ്മും സിപിഐയും തമ്മിലുള്ള തര്‍ക്കം കേന്ദ്രനേതൃത്വം ഇടപെട്ട് പരിഹരിക്കുമെന്നും വി എസ് പറഞ്ഞു.
deshabhimani 180812
Subscribe to:
Post Comments (Atom)
മാറാട് കൂട്ടക്കൊലക്കേസില്‍ 24 പ്രതികളെക്കൂടി ശിക്ഷിച്ച ഹൈക്കോടതി വിധിയോടെ പ്രതിക്കൂട്ടിലാവുന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. കൂട്ടക്കൊലയ്ക്കുപിന്നില്‍ ആഴത്തിലുള്ള ഗൂഢാലോചനയുണ്ടെന്നും ഗൗരവമേറിയ അന്വേഷണം ആവശ്യമാണെന്നുമുള്ള കോടതി നിരീക്ഷണം കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച യുഡിഎഫ് ഭരണത്തിനു നേരെയാണ് വിരല്‍ചൂണ്ടുന്നത്. ഗൂഢാലോചനയെക്കുറിച്ച് സിബിഐ അന്വേഷണമുള്‍പ്പെടെ തകിടം മറിച്ചത് കോണ്‍ഗ്രസ്-മുസ്ലിംലീഗ് നേതൃത്വമാണ്. മുസ്ലിം ലീഗിന്റെ സമ്മര്‍ദത്തിനും ഭീഷണിക്കും വഴങ്ങിയാണ് കേരളത്തെ ഞെട്ടിച്ച തീവ്രവാദ അക്രമത്തിന്റെ അന്വേഷണം മുമ്പ് എ കെ ആന്റണിയും പിന്നീട് ഉമ്മന്‍ചാണ്ടിയും കൂട്ടരും അട്ടിമറിച്ചത്.
ReplyDelete