പരീക്ഷണം കൂടാതെ രാജ്യത്ത് ജനിതക വഴുതനയുടെ ഉപയോഗം അനുവദിക്കുന്നതിന് ജനിതക സാങ്കേതിക അംഗീകാര സമിതിക്കുമേല്‍ (ജിഇഎസി) കേന്ദ്രമന്ത്രി സമ്മര്‍ദം ചെലുത്തിയെന്ന് പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ട്. സിപിഐ എം ലോക്സഭാ നേതാവ് ബസുദേബ് ആചാര്യ തലവനായ പാര്‍ലമെന്റിന്റെ കാര്‍ഷിക സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ജനിതകവിളകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. ജനിതക വിത്തിനങ്ങളുടെ ഉപയോഗത്തിന്റെ കാര്യത്തില്‍ ഇപ്പോഴും പല സംശയവും നിലനില്‍ക്കുന്ന ഘട്ടത്തില്‍ ഇത്തരം വിത്തിനങ്ങളുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള കൃഷിക്ക് അനുമതി നല്‍കരുതെന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി ശുപാര്‍ശ ചെയ്തു. എല്ലാ ആശങ്കയും നീങ്ങിയശേഷം മാത്രമേ ജനിതക വിത്തിനങ്ങള്‍ പരീക്ഷിക്കാവൂ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവില്‍ ചില ബഹുരാഷ്ട്ര കുത്തക കമ്പനികളാണ് ജിഎം വിത്തിനങ്ങളുടെ ഉപയോഗത്തിന് മുന്നിട്ടുപ്രവര്‍ത്തിക്കുന്നത്. ലാഭം കൊയ്യുക എന്നത് മാത്രമാണ് ഇത്തരം സ്ഥാപനങ്ങളുടെ ലക്ഷ്യം. സമിതി മുമ്പാകെ മൊഴി നല്‍കിയ ജിഇഎസിയിലെ സുപ്രീംകോടതി നോമിനി ഡോ. പി എം ഭാര്‍ഗവ പല ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലും നടത്തി. ജനിതക വഴുതനയ്ക്ക് അനുമതി നല്‍കിയതില്‍ പല തെറ്റായ കാര്യവും നടന്നെന്ന് ജിഇഎസി സഹ അധ്യക്ഷനായ പ്രൊഫ. അര്‍ജുലറെഡ്ഡി പറഞ്ഞതായി ഭാര്‍ഗവ കമ്മിറ്റിയെ അറിയിച്ചു. ജനിതക വ്യവസായലോബിയില്‍ നിന്നും ജിഇഎസി അംഗങ്ങളില്‍ നിന്നും മന്ത്രിയില്‍ നിന്നും സമ്മര്‍ദമുണ്ടായെന്ന് അര്‍ജുലറെഡ്ഡി പറഞ്ഞതായി ഭാര്‍ഗവ അറിയിച്ചു. മന്ത്രി ആരെന്ന് താന്‍ അര്‍ജുലയോട് ചോദിച്ചില്ല. അതുകൊണ്ട് തനിക്ക് അറിയില്ല- ഭാര്‍ഗവയെ ഉദ്ധരിച്ച് സമിതി റിപ്പോര്‍ട്ട് പറഞ്ഞു.
deshabhimani 100812
No comments:
Post a Comment