പൊതുവിതരണസംവിധാനം തകര്‍ത്ത് അവശ്യവസ്തുക്കളുടെ വന്‍ വിലക്കയറ്റത്തിനു വഴിയൊരുക്കിയ കേന്ദ്രസര്‍ക്കാര്‍ വികസിതരാജ്യങ്ങളുടെയും കോര്‍പറേറ്റ് സ്ഥാപനങ്ങളുടെയും താല്‍പ്പര്യത്തിന് ജനസംഖ്യയിലെ മുക്കാല്‍ പങ്കിനെയും പട്ടിണിയിലേക്ക് നയിക്കുന്നു. പൊതുവിതരണസംവിധാനം അട്ടിമറിക്കാന്‍ 1997 മുതല്‍ നടത്തുന്ന ശ്രമങ്ങള്‍ അപകടകരമായ തലത്തില്‍ എത്തി. യഥാര്‍ഥ ദരിദ്രരെപ്പോലും ദാരിദ്ര്യരേഖയ്ക്ക് മുകളിലാക്കി ആനുകൂല്യങ്ങള്‍ നിഷേധിച്ച് പട്ടിണിയിലാക്കുന്നു. ബിപിഎല്‍ വിഭാഗത്തിനും എപിഎല്ലിനും ഒരുപോലെ ഭക്ഷ്യസുരക്ഷ നിഷേധിക്കുന്നു.
സുരക്ഷയില്ലാത്ത ബില്‍
പൊതുവിഭാഗത്തില്‍ ഒരാള്‍ക്ക് മൂന്ന് കിലോ ഭക്ഷ്യധാന്യം വീതം സൗജന്യനിരക്കില്‍ നല്‍കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ള കുടുംബങ്ങള്‍ക്ക് മാസം 35 കിലോ ഭക്ഷ്യധാന്യം കുറഞ്ഞ നിരക്കില്‍ നല്‍കണമെന്നാണ് ബില്ലില്‍ ആദ്യമുണ്ടായിരുന്ന വ്യവസ്ഥ. അത് ദാരിദ്ര്യരേഖയ്ക്കു കീഴിലുള്ള കുടുംബങ്ങളിലെ ഒരംഗത്തിന് ഏഴ് കിലോ എന്ന നിരക്കിലാക്കി ഭേദഗതി ചെയ്തു. ഗ്രാമങ്ങളിലെ 75 ശതമാനം ജനങ്ങള്‍ക്കും നഗരങ്ങളിലെ 50 ശതമാനം പേര്‍ക്കും ഭക്ഷ്യസുരക്ഷാബില്‍ പ്രയോജനപ്പെടുമെന്ന കേന്ദ്രവാദം കളവാണ്. റേഷന്‍കടകള്‍ വഴി നിലവില്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങള്‍ക്ക് 35 കിലോ ഭക്ഷ്യധാന്യം നല്‍കുന്നത് വെട്ടിക്കുറച്ച് ഒരു വ്യക്തിക്ക് ഏഴ് കിലോ എന്ന് പരിമിതപ്പെടുത്തി. ഈ വ്യവസ്ഥയനുസരിച്ച് നാലുപേരടങ്ങുന്ന കുടുംബത്തിന് 28 കിലോ ഭക്ഷ്യധാന്യം മാത്രമേ ലഭിക്കൂ.
ദാരിദ്ര്യനിര്‍ണയ തട്ടിപ്പ്
ഗ്രാമീണജനതയില്‍ ആനുകൂല്യം ലംഘിക്കുന്നവരില്‍ 46 ശതമാനം ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരായിരിക്കുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി അവകാശപ്പെടുന്നു. എന്നാല്‍, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെ എണ്ണം സംബന്ധിച്ച് കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചിട്ടില്ല. ദാരിദ്ര്യനിര്‍ണയത്തിന്റെ ശരിയായ മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് യഥാര്‍ഥ ദരിദ്രരെ ഒഴിവാക്കിയാണ് ആസൂത്രണ കമീഷന്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെ എണ്ണം കണക്കാക്കിയത്. 2009-10ല്‍ ആസൂത്രണ കമീഷന്‍ ദാരിദ്ര്യനിര്‍ണയത്തിനുള്ള മാനദണ്ഡങ്ങള്‍ മാറ്റി. ഗ്രാമങ്ങളില്‍ 1890 കലോറിക്കുള്ള ഭഭക്ഷണം കഴിക്കാന്‍ കഴിവില്ലാത്തവരും പ്രതിമാസം 673 രൂപയില്‍ താഴെ വരുമാനമുള്ളവരുമാണ് ദരിദ്രര്‍ എന്നു നിശ്ചയിച്ചു. നഗരങ്ങളില്‍ ഇത് 1700 കലോറിയും 860 രൂപയുമാക്കി. ഗ്രാമത്തില്‍ ഒരാള്‍ക്ക് ഒരു ദിവസം കഴിഞ്ഞുകൂടാന്‍ 22 രൂപയും നഗരങ്ങളില്‍ 29 രൂപയും മതിയെന്നായിരുന്നു ആസൂത്രണ കമീഷന്റെ നിശ്ചയം. യഥാര്‍ഥ ദരിദ്രരായിട്ടും 41 ശതമാനം ഗ്രാമീണജനങ്ങളെയും 52 ശതമാനം നഗരജനതയെയും ബിപിഎല്‍ വിഭാഗത്തില്‍നിന്ന് പുറത്താക്കി. ഗ്രാമങ്ങളിലെ 75 ശതമാനവും നഗരങ്ങളിലെ 73 ശതമാനവും ജനങ്ങള്‍ ദരിദ്രരാണ്. അവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിച്ചു. 50 കോടിയെയാണ് ബിപിഎല്‍ ആനുകൂല്യങ്ങളില്‍നിന്ന് ഒഴിവാക്കിയത്.
പൊട്ടിത്തെറി അകലെയല്ല
ഭക്ഷ്യധാന്യസുരക്ഷയിലേക്ക് രാജ്യം കുതിച്ചത് പഞ്ചവത്സര പദ്ധതികളിലൂടെയും ഹരിതവിപ്ലവത്തിലൂടെയുമാണ്. ശക്തമായ പൊതുവിതരണസംവിധാനത്തിലൂടെ ഇതിന്റെ യഥാര്‍ഥ ഗുണഭോക്താക്കളാകാന്‍ ജനങ്ങള്‍ക്ക് കഴിഞ്ഞു. 1991ല്‍ ഇപ്പോഴത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് കേന്ദ്ര ധനമന്ത്രിയായിരിക്കെ ആരംഭിച്ച സാമ്പത്തികപരിഷ്കരണങ്ങള്‍ ഒരു ഘട്ടം പിന്നിട്ടപ്പോള്‍ ഭക്ഷ്യധാന്യ ഉല്‍പ്പാദനത്തിന്റെ പ്രാധാന്യം കുറയുകയും പൊതുവിതരണസംവിധാനത്തിനായി സര്‍ക്കാര്‍ നല്‍കിയിരുന്ന സാമ്പത്തികസഹായം പിന്‍വലിക്കുകയും ചെയ്തു. വികസിതരാജ്യങ്ങളിലെ ധനികരുടെ തീന്‍മേശ നിറയ്ക്കാന്‍ ആവശ്യമായ പഴങ്ങളും പച്ചക്കറികളും അവരുടെ വ്യവസായങ്ങളെ നിലനിര്‍ത്താനുള്ള മറ്റ് വാണിജ്യവിളകളും മാത്രം കൃഷിചെയ്യാനായിരുന്നു നവ ലിബറല്‍ വാദക്കാരായ കേന്ദ്ര സര്‍ക്കാരുകളുടെ നിര്‍ദേശം. ഇങ്ങനെ ഭക്ഷ്യധാന്യ കൃഷി അവഗണിക്കപ്പെട്ടു. ന്യായവില നല്‍കി സംഭരിക്കാനുള്ള ഗവണ്‍മെന്റ് സംവിധാനം തകര്‍ന്നതോടെ കര്‍ഷകര്‍ വലിയ സാമ്പത്തികത്തകര്‍ച്ച നേരിട്ട് ആത്മഹത്യയില്‍ അഭയംനേടാന്‍ തുടങ്ങി. പൊതുവിതരണത്തിനുവേണ്ടി സര്‍ക്കാര്‍ തന്നെ ന്യായവിലയ്ക്ക് ധാന്യം വാങ്ങി സൂക്ഷിച്ചുവച്ച് വിതരണം ചെയ്യേണ്ടതില്ലെന്നും ആവശ്യം വരുമ്പോള്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യാന്‍ വ്യവസ്ഥകള്‍ ഉദാരമാക്കിയാല്‍ മതിയെന്നുമായിരുന്നു ഐഎംഎഫിന്റെയും ലോക ബാങ്കിന്റെയും ഉപദേശം. ഇത് അക്ഷരംപ്രതി നടപ്പാക്കുകയാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍.
2012 ജൂണിലെ കണക്കനുസരിച്ച് 8.23 കോടി ടണ്‍ ഭക്ഷ്യധാന്യം രാജ്യത്ത് സംഭരിച്ചിട്ടുണ്ട്. പക്ഷേ പൊതുവിതരണസംവിധാനത്തിലൂടെ ന്യായവിലയ്ക്ക് അവ വിതരണംചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറല്ല. 66 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം മഴയും വെയിലുമേറ്റ് തുറസ്സായ സ്ഥലത്ത് നശിക്കുമ്പോഴും അതിലൊരു മണിപോലും ജനങ്ങള്‍ക്ക് നല്‍കുന്നില്ല. നവ ലിബറല്‍ സാമ്പത്തികപരിഷ്കരണം മൂലം തകര്‍ന്ന തൊഴില്‍മേഖല ജനങ്ങള്‍ക്ക് നിലനില്‍പ്പിനുള്ള വരുമാനംപോലും നല്‍കുന്നില്ല. തൊഴിലും വരുമാനവും കുറഞ്ഞുവരികയും ഭക്ഷ്യധാന്യങ്ങളടക്കം അവശ്യവസ്തുക്കള്‍ക്ക് വില കുതിച്ചുയരുകയും ചെയ്യുമ്പോള്‍ ജനങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ല. ഈ അരക്ഷിതാവസ്ഥ ഒരു പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്.
നേര്‍വഴി
നിലവില്‍ രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷ്യധാന്യം ന്യായമായി ജനങ്ങള്‍ക്ക് വിതരണം ചെയ്താല്‍ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താം. ഭാവിതലമുറയുടെ ആവശ്യം കൂടി കണക്കിലെടുത്ത് ഭക്ഷ്യധാന്യ ഉല്‍പ്പാദനത്തിന് വലിയ പ്രാധാന്യം നല്‍കുകയും വേണം. കര്‍ഷകര്‍ക്ക് ന്യായവില നല്‍കി സംഭരിക്കാനും കഴിയണം. ദാരിദ്ര്യരേഖാനിര്‍ണയം തിരുത്തി യഥാര്‍ഥ ദരിദ്രര്‍ക്ക് ആനുകൂല്യം ലഭ്യമാക്കണം. സാര്‍വത്രിക പൊതുവിതരണസംവിധാനം പുനഃസ്ഥാപിച്ച് ശക്തമാക്കണം. ന്യായവിലയ്ക്ക് ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യം നല്‍കുന്നതിനുപകരം പരിമിതമായ സബ്സിഡി പണമായി നല്‍കിയാല്‍ മതിയെന്ന മണ്ടന്‍ ധാരണ തിരുത്തണം. ബിപിഎല്‍-എപിഎല്‍ വിഭജനമില്ലാതെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ന്യായവിലയ്ക്ക് ഭഭക്ഷ്യധാന്യം നല്‍കണം. ധാന്യകയറ്റുമതി തടയണം. തൊഴിലുറപ്പുപദ്ധതി ശക്തമാക്കി ജനങ്ങളുടെ വരുമാനവും വാങ്ങല്‍ശേഷിയും കൂട്ടണം. ഈ ആവശ്യങ്ങള്‍ ഇന്ത്യന്‍ ജനതയുടെ ആവശ്യമാണ്. ജനതയുടെ ആരോഗ്യകരമായ നിലനില്‍പ്പിനായുള്ള പോരാട്ടമാണ് ഭക്ഷ്യസുരക്ഷയ്ക്കായുള്ള പോരാട്ടം.
(വി ജയിന്‍)
വിലകയറുന്നു അതിവേഗം
ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത വിലക്കയറ്റത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. സാധാരണക്കാരെ അവഗണിക്കുന്ന യുപിഎ സര്‍ക്കാരിന് കുതിയ്ക്കുന്ന വിലയ്ക്ക് തടയിടാന്‍ താല്‍പ്പര്യമില്ല. വയര്‍ നിറച്ചു ഭക്ഷണം എന്നത് ബഹുഭൂരിപക്ഷത്തിനും സ്വപ്നം മാത്രം. ഇന്ത്യയിലെ 80 കോടിയിലേറെ ജനങ്ങളുടെ ഒരു ദിവസത്തെ ശരാശരി വരുമാനം 20 രൂപയാണ്.&ാറമവെ;എന്നാല്‍, ഒരു കിലോ അരി വാങ്ങാന്‍ ഈ പണം മതിയാവില്ല. പൊതുവിതരണ സംവിധാനത്തെ ശത്രുതയോടെ കാണുന്ന യുപിഎ സര്‍ക്കാര്‍ ഭഭരിക്കുമ്പോള്‍ അരിയ്ക്ക് 28 രൂപ മുതല്‍ മേലോട്ട് കൊടുക്കണം. ഭക്ഷ്യധാന്യങ്ങള്‍ക്കും പച്ചക്കറികള്‍ക്കും വില ദിവസംപ്രതി ഉയരുന്നു. രാജ്യം രൂക്ഷമായ വരള്‍ച്ച അഭിമുഖീകരിക്കുകയാണ്. രണ്ടാം യുപിഎ സര്‍ക്കാരിനു കീഴില്‍ വിലക്കയറ്റം സകല സീമയും ലംഘിച്ചു. 2009ല്‍ ഡല്‍ഹിയില്‍ 18 രൂപയായിരുന്ന അരിയ്ക്ക് ഇപ്പോള്‍ വില 28നു മുകളിലാണ്. പാല്‍ വില ഇരട്ടിയായി. ഒരു ലിറ്റര്‍ പാലിന്റെ വില 36 രൂപയ്ക്ക് മുകളിലാണ്. ഉരുളക്കിഴങ്ങ്വില ആറില്‍നിന്ന് 20ലെത്തി. തക്കാളിയുടെ വില ഇരട്ടിയായി- ഇപ്പോള്‍ 35 രൂപ മുതല്‍ മുകളിലേക്കാണ്. തുവരപ്പരിപ്പിന് മൂന്ന് വര്‍ഷം മുമ്പ് 50 മുതല്‍ 55 വരെയായിരുന്നു വില. ഇപ്പോള്‍ 85 രൂപ. പഞ്ചസാര വില 29ല്‍നിന്ന് 40ലെത്തി. വന്‍കിട പഞ്ചസാര ലോബിക്കുവേണ്ടി പഞ്ചസാര കയറ്റുമതി ചെയ്തതാണു കാരണം. കോഴിയിറച്ചിയുടെ വില 120ല്‍നിന്ന് 180 മുതല്‍ 200 വരെ വര്‍ധിച്ചു. കോഴിമുട്ട വില ഇരട്ടിയോളം കൂടി. ഇപ്പോള്‍ ഒരു ഡസന്‍ കോഴിമുട്ടയ്ക്ക് വില 50 രൂപയോളം.
ജൂലൈയിലെ മൊത്ത പണസൂചിക അനുസരിച്ച് മൊത്തവിലക്കയറ്റം 6.9 ശതമാനം. റിസര്‍വ് ബാങ്കിന്റെ വിലയിരുത്തില്‍ സുരക്ഷിതമല്ലാത്ത നിലയിലാണ് പണപ്പെരുപ്പം. അഞ്ച് മുതല്‍ ആറു ശതമാനം വരെയാണു സുരക്ഷിത മേഖല. കഴിഞ്ഞ ജൂണിലേതിനേക്കാള്‍ ജൂലൈയില്‍ മൊത്തവിലക്കയറ്റത്തില്‍ നേരിയ കുറവുണ്ട്. 7.25 ആയിരുന്നു ജൂണിലെ മൊത്തവിലക്കയറ്റ നിരക്ക്. എന്നാല്‍, നിര്‍മാണമേഖലയും ഭക്ഷ്യേതര ഉല്‍പ്പാദനരംഗവും കൂടുതല്‍ പ്രതിസന്ധിയിലായതിനാല്‍ മൊത്തവിലക്കയറ്റം വീണ്ടും വര്‍ധിക്കുമെന്നാണു സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. നിര്‍മാണ മേഖലയിലെ വിലക്കയറ്റം ജൂണില്‍ അഞ്ച് ശതമാനമായിരുന്നത് ജൂലൈയില്‍ 5.6 ശതമാനമായി. ഭഭക്ഷ്യേതര ഉല്‍പ്പാദനരംഗത്തെ വിലക്കയറ്റനിരക്ക് 5.4 ശതമാനത്തിലെത്തി. മെയ്, ജൂണ്‍ മാസങ്ങളില്‍ 4.9 ശതമാനമായിരുന്ന സ്ഥാനത്താണിത്.
യുപിഎ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഭക്ഷ്യവസ്തുക്കളുടെ വില പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. പെട്രോള്‍, ഡീസല്‍, പാചകവാതകം, രാസവളം എന്നിവയുടെ വിലവര്‍ധന ഇവയ്ക്കുപുറമേയാണ്. ഇവയെല്ലാം ജീവിതച്ചെലവ് കൂട്ടുകയും ജീവിതനിലവാരം ഇടിയ്ക്കുകയും ചെയ്തു. ജൂലൈയിലും ഭക്ഷ്യവിലക്കയറ്റം ഇരട്ടയക്കത്തില്‍ തുടരുന്നു. ഔദ്യോഗികമായ പുതിയ കണക്കനുസരിച്ച് ഭഭക്ഷ്യവിലക്കയറ്റം 10.81 ശതമാനം. പച്ചക്കറി വിലവര്‍ധന 24 ശതമാനം. അരിയുടെ വിലയില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 10.12 ശതമാനത്തിന്റെ വര്‍ധനയുണ്ട്. ഉരുളക്കിഴങ്ങ് വില 73 ശതമാനം ഉയര്‍ന്നു. ഭക്ഷ്യധാന്യവിലയില്‍ 8.29 ശതമാനം വര്‍ധനയുണ്ട്. കഴിഞ്ഞ ഒരു മാസത്തില്‍ മാത്രം ഉരുളക്കിഴങ്ങ് വില 12 ശതമാനവും ഉള്ളി വില 15 ശതമാനവും ഉയര്‍ന്നു. പച്ചക്കറി വില 8.1 ശതമാനവും പഴങ്ങളുടെ വില 4.2 ശതമാനവും കൂടി. ആവശ്യമായ പയറുവര്‍ഗങ്ങളുടെ 40 ശതമാനത്തോളം ഇന്ത്യ ഇറക്കുമതി ചെയ്യുന്നതാണ്. 70 ശതമാനം എണ്ണയും ഇന്ത്യ ഇറക്കുമതി ചെയ്യുന്നു. രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നത് പയറുവര്‍ഗങ്ങളുടെ വിലയും കൂട്ടുന്നു.
വിലക്കയറ്റത്തിന്റെ കാര്യത്തില്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ ആദ്യ യുപിഎ സര്‍ക്കാരിനെ ആദ്യമൂന്നു വര്‍ഷം കൊണ്ടു തന്നെ പിന്തള്ളിയിരുന്നു. മൊത്തവില സൂചിക അനുസരിച്ച് ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് 28.5 ശതമാനം എന്ന തോതിലായിരുന്നു വിലവര്‍ധന. എന്നാല്‍, രണ്ടാം യുപിഎ സര്‍ക്കാരിന്റെ മൂന്നാം വര്‍ഷത്തില്‍ തന്നെ ഇതു മറികടന്നു. മൊത്ത നാണയപ്പെരുപ്പം 2010ലും 2011ലും അധികസമയവും ഇരട്ട അക്കത്തിലായിരുന്നു. കുത്തകകളെ പ്രീണിപ്പിക്കുന്നതും ദീര്‍ഘവീക്ഷണം പുലര്‍ത്താത്തതുമായ സാമ്പത്തികമാനേജ്മെന്റിന്റെ ബലിയാടാകാന്‍ വിധിക്കപ്പെടുകയാണ് പാവങ്ങള്‍.
deshabhimani 170812




പൊതുവിതരണസംവിധാനം തകര്‍ത്ത് അവശ്യവസ്തുക്കളുടെ വന്‍ വിലക്കയറ്റത്തിനു വഴിയൊരുക്കിയ കേന്ദ്രസര്‍ക്കാര്‍ വികസിതരാജ്യങ്ങളുടെയും കോര്‍പറേറ്റ് സ്ഥാപനങ്ങളുടെയും താല്‍പ്പര്യത്തിന് ജനസംഖ്യയിലെ മുക്കാല്‍ പങ്കിനെയും പട്ടിണിയിലേക്ക് നയിക്കുന്നു. പൊതുവിതരണസംവിധാനം അട്ടിമറിക്കാന്‍ 1997 മുതല്‍ നടത്തുന്ന ശ്രമങ്ങള്‍ അപകടകരമായ തലത്തില്‍ എത്തി. യഥാര്‍ഥ ദരിദ്രരെപ്പോലും ദാരിദ്ര്യരേഖയ്ക്ക് മുകളിലാക്കി ആനുകൂല്യങ്ങള്‍ നിഷേധിച്ച് പട്ടിണിയിലാക്കുന്നു. ബിപിഎല്‍ വിഭാഗത്തിനും എപിഎല്ലിനും ഒരുപോലെ ഭക്ഷ്യസുരക്ഷ നിഷേധിക്കുന്നു.
ReplyDelete