Friday, August 17, 2012

മഹാപ്രക്ഷോഭമായി ഫ്രീഡം റാലികള്‍


അലകടലായി ഫ്രീഡം റാലി

കണ്ണൂര്‍: സ്വാശ്രയത്വത്തിന്റെയും ദേശബോധത്തിന്റെയും വീണ്ടെടുപ്പിന്റെ സമരസന്ദേശവുമായി പതിനായിരങ്ങള്‍ ഡിവൈഎഫ്ഐ സംഘടിപ്പിച്ച ഫ്രീഡം റാലിയില്‍ അണിനിരന്നു. സ്വാതന്ത്ര്യദിനത്തില്‍ ജില്ലയില്‍ 19 കേന്ദ്രങ്ങളിലാണ് ഫ്രീഡം റാലി നടന്നത്. സ്വതന്ത്ര ഇന്ത്യയുടെ പരമാധികാരത്തിന്റെ അവസാന തുണ്ടും സാമ്രാജ്യത്വ ശക്തികള്‍ക്ക് പണയപ്പെടുത്തുന്ന ഭരണാധികാരികള്‍ക്കെതിരായ പ്രതിഷേധ കൂട്ടായ്മയായി റാലി മാറി.

അമേരിക്കയുടെ സാമ്രാജ്യത്വ നയങ്ങളോട് നാണംകെട്ട രീതിയില്‍ വിധേയത്വം പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍ ദേശീയ പ്രസ്ഥാനത്തിലെ രക്തസാക്ഷികളെയും നായകരെയും അപമാനിക്കുകയാണെന്ന് ഫ്രീഡം റാലി പ്രഖ്യാപിച്ചു. പൊലീസ് രാജിലൂടെ, മാധ്യമനുണകളിലൂടെ യുവജനസമരങ്ങളെയും ജനമുന്നേറ്റങ്ങളെയും തല്ലിയൊതുക്കാനുള്ള ഗുഢാലോചനകള്‍ക്കെതിരായ പ്രതിഷേധമാണ് ഫ്രീഡം റാലിയില്‍ അലയടിച്ചത്. ജനവിരുദ്ധനയങ്ങള്‍ക്കെതിരായ സമരപരമ്പരകളെ മാരണനിയമങ്ങളുടെ ഇരുമ്പുമറ തീര്‍ത്ത് പ്രതിരോധിക്കാനാവില്ലെന്ന് റാലികള്‍ പ്രഖ്യാപിച്ചു. പൊലീസിനെ അണിനിരത്തി ജനവിരുദ്ധ അജന്‍ഡകള്‍ നടപ്പാക്കാനുള്ള നീക്കങ്ങളെ ചങ്കുറപ്പിനാല്‍ നേരിടുമെന്ന പ്രഖ്യാപനവുമായി കണ്ണൂര്‍ സബ്ജയിലിലും ഫ്രീഡം റാലി നടന്നു. 18 ബ്ലോക്ക് കേന്ദ്രങ്ങളിലും കണ്ണൂര്‍ സബ്ജയിലിലുമാണ് റാലി നടന്നത്. റാലിയില്‍ പൊലീസ് ഭീകരതക്കെതിരായ പ്രമേയം അവതരിപ്പിച്ചു. ഓരോ സമരകേന്ദ്രത്തിലും ആയിരക്കണക്കിനാളുകള്‍ ആകാശത്തേക്ക് ചുരുട്ടിയ മുഷ്ടികള്‍ ഉയര്‍ത്തി പ്രതിജ്ഞചൊല്ലി.

ചെറുപുഴയില്‍ സിപിഐ എം സംസ്ഥാന സമിതിയംഗം എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. പി ശശിധരന്‍, ബിന്ദു രാജന്‍കുട്ടി, കെ എസ് ദിലീപ് എന്നിവര്‍ സംസാരിച്ചു. കെ പി ഗോപാലന്‍ അധ്യഷനായി. പി സജികുമാര്‍ പ്രതിജ്ഞ ചൊല്ലി. ആര്‍ കെ ഗോപാലന്‍ പ്രമേയം അവതരിപ്പിച്ചു. പയ്യന്നൂരില്‍ ഡിവൈഎഫ്ഐ തമിഴ്നാട് സംസ്ഥാന സെക്രട്ടറി വേല്‍മുരുകന്‍ ഉദ്ഘാടനം ചെയ്തു. സി കൃഷ്ണന്‍, പി ആര്‍ വസന്തന്‍, ബി ഷംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. കെ വിജീഷ് സ്വാഗതം പറഞ്ഞു. വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായി. കെ സന്തോഷ് പ്രതിജ്ഞ ചൊല്ലി. പിലാത്തറയില്‍ കെ ബാപ്പൂട്ടി ഉദ്ഘാടനം ചെയ്തു. വേല്‍മുരുകന്‍ സംസാരിച്ചു. ടി എം വേണുഗോപാല്‍ അധ്യക്ഷനായി. എം വി രാജീവന്‍ പ്രതിജ്ഞചൊല്ലി. ഡിവൈഎഫ്ഐ മാടായി ബ്ലോക്ക് കമ്മിറ്റി തയ്യാറാക്കിയ സമരസാക്ഷ്യം മാഗസിന്‍ പി പി ദാമോദരന്‍ എം വിജിന് നല്‍കി പ്രകാശനം ചെയ്തു. കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലില്‍ നടന്ന ഫ്രീഡം റാലി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി സന്തോഷ് ഉദ്ഘാടനം ചെയ്തു. എ വി രഞ്ജിത്ത് അധ്യക്ഷനായി. എ വി ബാബു സ്വാഗതം പറഞ്ഞു. പി പ്രശാന്തന്‍, കെ എം ഷാജി, കെ രമേശന്‍, പി എം മനോജ്, പി ഗണേശന്‍ എന്നിവര്‍ സംസാരിച്ചു.

കേരളത്തിലെ യുവജനപ്രസ്ഥാനത്തെ ഇല്ലാതാക്കാന്‍ കഴിയില്ല- വേല്‍മുരുകന്‍

പയ്യന്നൂര്‍: നേതാക്കളെ ജയിലിലടച്ച് കേരളത്തിലെ യുവജനപ്രസ്ഥാനത്തെ ഇല്ലാതാക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയില്ലെന്ന് ഡിവൈഎഫ്ഐ തമിഴ്നാട് സംസ്ഥാന സെക്രട്ടറി വേല്‍മുരുകന്‍ പറഞ്ഞു. ഡിവൈഎഫ്ഐ പയ്യന്നൂര്‍ ബ്ലോക്ക് കമ്മിറ്റി പഴയബസ്സ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ ഫ്രീഡം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജനും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷുമെല്ലാം ജയിലില്‍ കഴിയേണ്ടിവരുന്നത് കേരളത്തിലെ പാവങ്ങള്‍ വേണ്ടി പൊരുതുന്നതിനാലാണ്. കോണ്‍ഗ്രസ് നേതാക്കള്‍ ജയിലില്‍ കിടക്കേണ്ടി വരുന്നത് അഴിമതി നടത്തിയിട്ടാണ്. കുത്തൂപറമ്പിലെ അഞ്ച് യുവാക്കളെ വെടിവെച്ച്കൊന്ന പൊലീസ് കേരളത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ഭരണത്തില്‍ ക്രിമിനലുകളാവുകയാണ്. പൊലീസിന്റെ തോക്കിനു മുന്നില്‍ മുട്ട് വിറക്കുന്നവരല്ല കേരളത്തിലെ യുവജനങ്ങളെന്നും വേല്‍മുരുകന്‍ പറഞ്ഞു.

മഹാപ്രക്ഷോഭമായി ഫ്രീഡം റാലികള്‍

കല്‍പ്പറ്റ: രാജ്യത്തിന്റെ അഭിമാനവും സ്വശ്രയത്വവും പണയപ്പെടുത്തുന്ന കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ക്ക് കനത്ത താക്കീതായി ഡിവൈഎഫ്ഐയുടെ ഫ്രീഡം റാലി. സ്വാതന്ത്ര്യദിനത്തില്‍ ജില്ലയില്‍ പതിനായിരക്കണക്കിന് യുവജനങ്ങള്‍ തീര്‍ത്ത പ്രതിഷേധ സാഗരം സര്‍ക്കാരുകളുടെ ജനാധിപത്യവിരുദ്ധ ഭരണത്തിനെതിരെ വരാന്‍പോകുന്ന മഹാപ്രക്ഷോഭത്തിന്റെ നാന്ദിയായി. നാളിതുവരെ കാണാത്ത കമ്യൂണിസ്റ്റ് വേട്ടയ്ക്ക് നേതൃത്വം കൊടുക്കുന്നവരുടെ കണ്ണുതുറപ്പിക്കുന്നതായിരുന്നു റാലികളിലെ പങ്കാളിത്തം. കള്ളക്കേസുകളിലും പൊലീസ് മര്‍ദനങ്ങളിലും തകരുന്നതല്ല ഇടതുപക്ഷക്കരുത്തെന്ന് ബോധ്യപ്പെടുത്തുന്നതായി റാലികള്‍. "സ്വാശ്രയത്വം സ്വാഭിമാനം" എന്നമുദ്രാവാക്യമുയര്‍ത്തി ജില്ലയിലെ ആറുകേന്ദ്രങ്ങളില്‍ നടന്ന റാലികള്‍ പങ്കാളിത്തംകൊണ്ടും സംഘാടന മികവുകൊണ്ടും മുന്നിട്ടുനിന്നു. പരിപാടിക്ക് മുന്നോടിയായി ജില്ലയിലുടനീളം സംഘടിപ്പിച്ച വാഹനജാഥകള്‍ പരിപാടിയുടെ സദേശം സമൂഹത്തിന്റെ അടിത്തട്ടിലെത്തിച്ചു.

കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി, പുല്‍പ്പള്ളി, പനമരം, വൈത്തിരി ബ്ലോക്ക് കേന്ദ്രങ്ങളിലാണ് യുവജനങ്ങള്‍ പ്രതിരോധത്തിന്റെ പടയണി തീര്‍ത്തത്. കല്‍പ്പറ്റയില്‍ കനറാ ബാങ്ക് പരിസരത്തുനിന്ന് ആരംഭിച്ച റാലി പുതിയ ബസ്സ്റ്റാന്‍ഡ് ചുറ്റി വിജയപമ്പ് പരിസരത്ത് സമാപിച്ചു. പൊതുസമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന വൈസ്പ്രസിഡന്റ് പി കെ സൈനബ ഉദ്ഘാടനംചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ കെ സുഗതന്‍ അധ്യക്ഷനായി. സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം പി എ മുഹമ്മദ് സംസാരിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് വി ഹാരിസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് എം പി സിജി പ്രമേയം അവതരിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി വി എന്‍ ഉണ്ണിക്കൃഷ്ണന്‍ സ്വാഗതവും കെ വിനോദ് നന്ദിയും പറഞ്ഞു. മാനന്തവാടിയില്‍ എരുമത്തെരുവില്‍നിന്ന് റാലി ആരംഭിച്ചു. ഗാന്ധിപാര്‍ക്കില്‍ പൊതുസമ്മേളനം സിപിഐ എം ജില്ലാസെക്രട്ടറി സി കെ ശശീന്ദ്രന്‍ ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ പി വി ബാലകൃഷ്ണന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ വി മോഹനന്‍, പി വി സഹദേവന്‍, കണ്ണപുരം ലോക്കല്‍ സെക്രട്ടറി പി വി ജിതേഷ് എന്നിവര്‍ സംസാരിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് എന്‍ ജെ സജിത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി ടി ബിജു സ്വാഗതവും ലാല്‍വിനേഷ് നന്ദി പറഞ്ഞു.

ബത്തേരിയില്‍ കോട്ടക്കുന്നില്‍നിന്ന് റാലി ആരംഭിച്ചു. സ്വതന്ത്രമൈതാനിയില്‍ റാലി സംസ്ഥന ജോ. സെക്രട്ടറി എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. കെ ശാശാങ്കന്‍ അധ്യക്ഷനായി. ജില്ലാപ്രസിഡന്റ് കെ ഷെമീര്‍ പ്രമേയം അവതരിപ്പിച്ചു. എം എ സുരേഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി ഭാസ്കരന്‍, സുരേഷ് താളൂര്‍, പി ആര്‍ ജയപ്രകാശ്, എ പി പ്രേഷിന്ദ്, പി കെ രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ മുഹമ്മദലി സ്വാഗതം പറഞ്ഞു. വൈത്തിരിയില്‍ ജില്ലാസെക്രട്ടറി എം മധു ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ സി കുഞ്ഞമ്മദ്കുട്ടി അധ്യക്ഷനായി. പി ജി സജേഷ് പ്രമേയം അവതരിപ്പിച്ചു. കെ വി ഗിരീഷ് പ്രതിജ്ഞ ചൊല്ലിക്കെടുത്തു. വി ഉഷാകുമാരി, പി കുഞ്ഞിക്കണ്ണന്‍, പി ഗഗാറിന്‍, എം സെയ്ദ്്്, കെ സന്തോഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. പി ജി സജേഷ് സ്വാഗതവും പി കെ അസീസ് നന്ദിയും പറഞ്ഞു. പനമരത്ത് ഇ കെ നായനാര്‍ സ്മാരകമന്ദിര പരിസരത്തുനിന്ന്റാലി ആരംഭിച്ചു. ബസ്സ്റ്റാന്‍ഡ് പരിസരത്ത് പൊതുസമ്മേളനം സിഐടിയു സംസ്ഥാനകമ്മിറ്റിയംഗം കൂട്ടായി ബഷീര്‍ ഉദ്ഘാടനംചെയ്തു. സിപിഐ എം പനമരം ഏരിയാസെക്രട്ടറി പി കെ സുരേഷ് അധ്യക്ഷനായി. ജില്ലാസെക്രട്ടറിയേറ്റ് അംഗം എ എന്‍ പ്രഭാകരന്‍, എസ്എഫ്ഐ സംസ്ഥാന ജോ. സെക്രട്ടറി കെ റഫീഖ്, എന്നിവര്‍ സംസാരിച്ചു. മനു ജി കുഴിവേലില്‍ പ്രമേയം അവതരിപ്പിച്ചു. സി ജി പ്രത്യുഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ പി ഷിജു സ്വാഗതവും സുനീഷ്കുമാര്‍ നന്ദിയും പറഞ്ഞു. പുല്‍പ്പള്ളിയില്‍ അഴിക്കോടന്‍ സമാരകമന്ദിരത്തിന് സമീപത്തുനിന്ന് റാലി ആരംഭിച്ചു. പൊതുസമ്മേളനം ഡിവൈഎഫ്ഐ കേന്ദ്രകമ്മറ്റിയംഗം പി സാജിത ഉല്‍ഘാടനംചെയ്തു. സിപിഐ എം ഏരിയാസെക്രട്ടറി കെ എന്‍ സുബ്രഹ്മണ്യന്‍ അധ്യക്ഷനായി. കെ എസ് ഷിനു പ്രതിജ്ഞ ചൊല്ലികൊടുത്തു. സി കെ അയൂബ് പ്രമേയം അവതരിപ്പിച്ചു. ടി ബി സുരേഷ്, പി എ മുഹമ്മദ്, അജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ഇടതുപക്ഷത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമം വിലപ്പോവില്ല:ഡോ. തോമസ് ഐസക്

വടകര: ഇടതുപക്ഷത്തെ ഭിന്നിപ്പിക്കാനുള്ള മാധ്യമങ്ങളുടെയും യുഡിഎഫിന്റെയും ശ്രമം വിലപ്പോവില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. തോമസ് ഐസക് പറഞ്ഞു. സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടങ്ങളെ ദുര്‍ബലപ്പെടുത്താനാണ് ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. തീവ്രവാദത്തിനും വര്‍ഗീയതക്കുമെതിരെ സിപിഐ എം തിരുവള്ളൂരില്‍ സംഘടിപ്പിച്ച മതേതര കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതവും ജാതിയുമല്ല പ്രശ്നം. വര്‍ഗപരമായ ഐക്യമാണ് ഉയര്‍ന്നുവരേണ്ടത്. ആഗോളവല്‍ക്കരണ നയങ്ങള്‍ പ്രതിരോധിക്കാന്‍ വര്‍ഗപരമായ ഐക്യം ശക്തിപ്പെടണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ രാജ്യ വിരുദ്ധ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് സിപിഐ എം നേതൃത്വം നല്‍കുമെന്ന് ഐസക് പറഞ്ഞു. എന്‍ കെ വൈദ്യര്‍ അധ്യക്ഷനായി. കേളു ഏട്ടന്‍ പഠന കേന്ദ്രം ഡയരക്ടര്‍ കെ ടി കുഞ്ഞിക്കണ്ണന്‍, പി കെ ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി സി കൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

ഫ്രീഡം റാലിയിലേക്ക് ഫയര്‍വണ്ടി ഓടിച്ചു കയറ്റി; അപകടം ഒഴിവായത് തലനാരിഴക്ക്

ബാലുശേരി: ഡിവൈഎഫ്ഐ ഫ്രീഡം റാലിയിലേക്ക് ഫയര്‍ എന്‍ജിന്‍ വണ്ടി ഓടിച്ച് കയറ്റിയത് പരിഭ്രാന്തിപരത്തി. ഡിവൈഎഫ്ഐ ബാലുശേരിയില്‍ സംഘടിപ്പിച്ച ഫ്രീഡം റാലിയുടെ പ്രകടനത്തിലേക്കാണ് ബാലുശേരി എസ്ബിടിക്ക് സമീപത്ത്വെച്ച് നരിക്കുനി ഫയര്‍ഫോഴ്സ് യൂണിറ്റിന്റെ വണ്ടി ഓടിച്ചു കയറ്റാന്‍ ഡ്രൈവര്‍ ശ്രമിച്ചത്. കിണറ്റില്‍ വീണ പശുവിനെ എടുക്കാന്‍ പുത്തൂര്‍വട്ടത്തേക്ക് പോകുകയായിരുന്നു ഫയര്‍സര്‍വീസ്. പ്രകടനം എസ്ബിടി സമീപത്തുവെച്ച് തിരിഞ്ഞ് സ്റ്റാന്‍ഡിലേക്ക് കയറിവന്നപ്പോഴാണ് അമിതവേഗത്തില്‍ വന്ന വണ്ടി ഓടിച്ചുകയറ്റാന്‍ ശ്രമിച്ചത്. പ്രവര്‍ത്തകര്‍ ചിതറിഓടിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. ബാലുശേരി പൊലീസ് ട്രാഫിക് ക്രമീകരണങ്ങള്‍ വേണ്ടവിധത്തില്‍ ഏര്‍പ്പാടാക്കിയില്ലെന്നും പരാതിയുണ്ട്.

യുവജന കരുത്തായി ഫ്രീഡം റാലികള്‍

വടകര: സ്വാശ്രയത്വം സ്വാഭിമാനം എന്ന സന്ദേശമുയര്‍ത്തി ഡിവൈഎഫ്ഐ സ്വാതന്ത്ര്യ ദിനത്തില്‍ സംഘടിപ്പിച്ച ഫ്രീഡം റാലികളില്‍ ആയിരങ്ങള്‍ അണിനിരന്നു. ബ്ലോക്ക് കേന്ദ്രങ്ങളില്‍ നടന്ന റാലികള്‍ യുവജന കരുത്തായി മാറി. സാമ്രാജ്യത്വത്തിന് വിടുപണി ചെയ്യുന്ന ഭരണാധികാരികള്‍ക്കെതിരെയുള്ള താക്കീത് റാലിയില്‍ ഉയര്‍ന്നു. ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി ആഭിമുഖ്യത്തില്‍ കൈനാട്ടിയില്‍ ഫ്രീഡംറാലി സംഘടിപ്പിച്ചു. നാദാപുരം റോഡില്‍ നിന്ന് റാലി ആരംഭിച്ചു. ജില്ലാ പ്രസിഡന്റ് എം ഗിരീഷ് ഉദ്ഘാടനം ചെയ്തു. ഷാജി കെ കൊളരാട് അധ്യക്ഷനായി. എസ്എഫ്ഐ അഖിലേന്ത്യ ജോ.സെക്രട്ടറി പി ബിജു, ഡിവൈഎഫ്ഐ സംസ്ഥാന ജോ. സെക്രട്ടറി വി പി റജിന,സിപിഐ എം ഒഞ്ചിയം ഏരിയാ ആക്ടിങ് സെക്രട്ടറി ഇ എം ദയാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. കെ പി പ്രീജിത്ത് കുമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി പി ചന്ദ്രശേഖരന്‍ സ്വാഗതം പറഞ്ഞു. വടകര ബ്ലോക്ക് കമ്മിറ്റി ആഭിമുഖ്യത്തില്‍ കോട്ടപ്പറമ്പില്‍ ഫ്രീഡം റാലി സംസ്ഥാന ജോ. സെക്രട്ടറി വി പി റജീന ഉദ്ഘാടനം ചെയ്തു. എ പി പ്രജിത്ത് അധ്യക്ഷനായി. കെ ശ്രീധരന്‍, എന്‍ കെ വൈദ്യര്‍ എന്നിവര്‍ സംസാരിച്ചു. കെ പി സജിത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുന്നുമ്മല്‍ ബ്ലോക്ക് കമ്മിറ്റി കുറ്റ്യാടിയില്‍ സംഘടിപ്പിച്ച റാലി സംസ്ഥാന വൈസ് പ്രസിഡന്റ് ടി വി അനിത ഉദ്ഘാടനം ചെയ്തു. കെ പി ഷാജി അധ്യക്ഷനായി. കെ വി ഷാജി പ്രതിജ്ഞ ചൊല്ലി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ പി കുഞ്ഞമ്മദ്കുട്ടി, ടി എ അനീഷ് എന്നിവര്‍ സംസാരിച്ചു. പി സി ഷൈജു സ്വാഗതം പറഞ്ഞു. ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുറമേരിയില്‍ നടന്ന റാലി ബാലസംഘം സംസ്ഥാന പ്രസിഡന്റ് പി ജെ അഭിജിത്ത് ഉദ്ഘാടനം ചെയ്തു. പി കെ രവീന്ദ്രന്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കെ കെ ഹനീഫ സംസാരിച്ചു. സി രാജേഷ് സ്വാഗതം പറഞ്ഞു.

സാമ്രാജ്യത്വ ദാസ്യത്തിനെതിരെ യുവതയുടെ പടയണി

തൃശൂര്‍: അനീതികളെ ചോദ്യം ചെയ്യുന്ന ആത്മാഭിമാനമുള്ള യുവതയുടെ പടയണി. അസ്വാതന്ത്ര്യത്തിനും ഭരണകൂടഭീകരതയ്ക്കും സാമ്രാജ്യത്വവിധേയത്വത്തിനുമെതിരെ സന്ധിയില്ലാ പോരാട്ടത്തിന്റെ ആഹ്വാനമായി അതു മാറി. "സ്വാശ്രയത്വം" സ്വാഭിമാനം" എന്ന മുദ്രാവാക്യമുയര്‍ത്തി സ്വാതന്ത്ര്യദിനത്തില്‍ ഡിവൈഎഫ്ഐ ജില്ലയിലെ 17 ബ്ലോക്ക് കേന്ദ്രത്തില്‍ സംഘടിപ്പിച്ച ഫ്രീഡംറാലി വന്‍ യവുജനമുന്നേറ്റമായി. തൃശൂരില്‍ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. ചേലക്കരയില്‍ സിപിഐ എം സംസ്ഥാനസെക്രട്ടറിയറ്റംഗം വി വി ദക്ഷിണാമൂര്‍ത്തിയും ചെറുതുരുത്തിയിലും കൊടകരയിലും സിപിഐ എം ജില്ലാസെക്രട്ടറി എ സി മൊയ്തീനും ഉദ്ഘാടനം ചെയ്തു. മുതുവറയില്‍ സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം എന്‍ ആര്‍ ബാലനും നാട്ടികയില്‍ സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം കെ രാധാകൃഷ്ണന്‍ എംഎല്‍എയും ചാവക്കാട്ട് എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി കെ ബിജു എംപിയും ഉദ്ഘാടനം ചെയ്തു. ചേര്‍പ്പില്‍ ദേശാഭിമാനി കണ്‍സല്‍ട്ടിങ് എഡിറ്റര്‍ എന്‍ മാധവന്‍കുട്ടിയും മണ്ണുത്തിയില്‍ പി ടി കുഞ്ഞുമുഹമ്മദും കുന്നംകുളത്ത് ഡിവൈഎഫ്എ സംസ്ഥാനജോയിന്റ് സെക്രട്ടറി അഡ്വ. പി എച്ച് മുഹമ്മദ്റിയാസും മാളയില്‍ ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി സി സുമേഷും ചാലക്കുടിയില്‍ പ്രസിഡന്റ് ഇ സി ബിജുവും വടക്കാഞ്ചേരിയില്‍ സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗം ബാബു എം പാലിശേരി എംഎല്‍എയും കൊടുങ്ങല്ലൂരില്‍ സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗം കെ കെ രാമചന്ദ്രനും കാഞ്ഞാണിയില്‍ എ എ റഹീമും ഇരിങ്ങാലക്കുടയില്‍ കെ വി അബ്ദുള്‍ഖാദര്‍ എംഎല്‍എയും ഒല്ലൂരില്‍ സി രവീന്ദ്രനാഥ് എംഎല്‍എയും ഉദ്ഘാടനം ചെയ്തു.

സംഘടിതപ്രക്ഷോഭം അനിവാര്യം: കെ കെ ശൈലജ

കോട്ടയം: രാജ്യം കോര്‍പറേറ്റുകള്‍ക്ക് അടിയറവയ്ക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സംഘടിതപ്രക്ഷോഭം അനിവാര്യമാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ പറഞ്ഞു. മാന്നാനത്ത് ഡിവൈഎഫ്ഐ സംഘടിപ്പിച്ച ഫ്രീഡം റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജനജീവിതം അരക്ഷിതാവസ്ഥയിലെത്തിക്കുന്ന നയങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. യാതൊരു ജനകീയ പ്രതിബദ്ധതയുമില്ലാതെ വിവിധ ക്ഷേമപെന്‍ഷനുകളടക്കം അട്ടിമറിച്ചു. ഇതിനെതിരെ പോരാടുന്നത് ഇടതുപക്ഷമായതിനാല്‍ ഇടതുപക്ഷത്തെ തകര്‍ക്കാനുള്ള സംഘടിതശ്രമമാണ് നടക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങള്‍ രാഷ്ട്രീയം മോശമാണെന്ന് പഠിപ്പിക്കാന്‍ ശ്രമിക്കുകയാണ്. രക്തരൂഷിതമായ വിപ്ലവസമരത്തിലൂടെയാണ് സ്വാതന്ത്ര്യം നേടിയതെന്നത് ആരും മറക്കരുതെന്നും കെ കെ ശൈലജ പറഞ്ഞു.

ഫ്രീഡം റാലി കഴിഞ്ഞു മടങ്ങിയ യുവാക്കളെ ആര്‍എസ്എസുകാര്‍ മര്‍ദിച്ചു

ഇരവിപേരൂര്‍: ഫ്രീഡം റാലി കഴിഞ്ഞ് മടങ്ങിയ യുവാക്കളെ ആര്‍എസ്എസുകാര്‍ മര്‍ദിച്ചതില്‍ ഡിവൈഎഫ്ഐ ഇരവിപേരൂര്‍ ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ നേതൃത്വത്തില്‍ കവിയൂരില്‍ നടന്ന ഫ്രീഡം റാലിക്കും സമ്മേളനത്തിനും ശേഷം മടങ്ങിയ യുവാക്കളെയാണ് തെള്ളിയൂര്‍ക്കാവ് ക്ഷേത്രത്തിന് സമീപം മര്‍ദിച്ച് പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ് നെടുമല രാജന്റെ മകന്‍ ബിജു, ഡിവൈഎഫ്ഐ തെള്ളിയൂര്‍ മേഖലാ പ്രസിഡന്റും അടിച്ചനാംകുഴി തങ്കപ്പന്റെ മകനുമായ സുഭാഷ് തങ്കപ്പന്‍, തങ്കപ്പന്റെ മകന്‍ രഞ്ജിത്ത് എന്നിവരെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാക്കളെ ജാതിപറഞ്ഞാക്ഷേപിച്ച ശേഷം ദണ്ഡുപയോഗിച്ചാണ് മര്‍ദിച്ചത്. തെള്ളിയൂര്‍ക്കാവ് ക്ഷേത്രവുമായി ബന്ധപ്പെട്ട് കുറെ നാളുകളായി ആര്‍എസ്എസും ബിഎംഎസുമായി തര്‍ക്കം നിലനില്‍ക്കുകയാണ്. അതില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് ആര്‍എസ്എസ് അക്രമം നടത്തിയതെന്ന് പറയപ്പെടുന്നു.

പൊതുമുതല്‍ കൊള്ള കോണ്‍ഗ്രസ് നയം: എം എ ബേബി

കോവളം: പൊതുമുതല്‍ കൊള്ളയടിക്കുന്ന നയസമീപനമാണ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച് 65 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും യഥാര്‍ഥ സ്വാതന്ത്ര്യം കൈവരിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ രാജ്യത്ത് എന്തുചെയ്തുവെന്ന് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ കോവളം ഏരിയകമ്മിറ്റി കരുങ്കുളത്ത് സംഘടിപ്പിച്ച ഫ്രീഡം റാലിയും പൊതുസമ്മേളനവും ഉദ്ഘാടനംചെയ്യുകയായിരുന്നു ബേബി. അഴിമതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ ക്യാന്‍സര്‍പോലെ ബാധിച്ചിരിക്കുന്നു. 64 കോടിയായിരുന്നു ബൊഫോഴ്സ് അഴിമതിയെങ്കില്‍ 2ജി സ്പെക്ട്രം 1,76,000 കോടിയായും കല്‍ക്കരി കുംഭകോണം 1,80,000 കോടിയായും വളര്‍ന്നു. ഭക്ഷ്യധാന്യമടക്കമുള്ള അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുമ്പോള്‍ കുത്തകമുതലാളിമാര്‍ക്ക് 28 ലക്ഷം കോടിയുടെ നികുതിയിളവാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. വനഭൂമിയടക്കമുള്ള പൊതുമുതല്‍ ഭൂമാഫിയകള്‍ക്ക് തീറെഴുതുകയാണ് ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍. വനഭൂമി കൈയേറാന്‍ ഭൂമാഫിയകള്‍ക്ക് ഒത്താശചെയ്യുന്ന ധനമന്ത്രിക്കും ചീഫ് വിപ്പിനുമെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരിക്കുന്നു. ബൂര്‍ഷ്വാ മാധ്യമങ്ങളെ കൂട്ടുപിടിച്ച് സിപിഐ എമ്മിനെ കരിതേയ്ക്കാനുള്ള ശ്രമമാണ് ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ നടത്തുന്നത്. കരുങ്കുളം ജങ്ഷനില്‍നിന്ന് ആരംഭിച്ച ഫ്രീഡംറാലി കൊച്ചുതുറ ജങ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ ഡിവൈഎഫ്ഐ കോവളം ഏരിയ പ്രസിഡന്റ് ജി അനില്‍കുമാര്‍ അധ്യക്ഷനായി. ടി വി രാജേഷിനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതിനെതിരായ പ്രമേയം ഏരിയസെക്രട്ടറി കെ ജി സനല്‍കുമാര്‍ അവതരിപ്പിച്ചു. പി എസ് ഹരികുമാര്‍ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.

deshabhimani 170812

1 comment:

  1. സ്വാശ്രയത്വത്തിന്റെയും ദേശബോധത്തിന്റെയും വീണ്ടെടുപ്പിന്റെ സമരസന്ദേശവുമായി പതിനായിരങ്ങള്‍ ഡിവൈഎഫ്ഐ സംഘടിപ്പിച്ച ഫ്രീഡം റാലിയില്‍ അണിനിരന്നു. സ്വാതന്ത്ര്യദിനത്തില്‍ ജില്ലയില്‍ 19 കേന്ദ്രങ്ങളിലാണ് ഫ്രീഡം റാലി നടന്നത്. സ്വതന്ത്ര ഇന്ത്യയുടെ പരമാധികാരത്തിന്റെ അവസാന തുണ്ടും സാമ്രാജ്യത്വ ശക്തികള്‍ക്ക് പണയപ്പെടുത്തുന്ന ഭരണാധികാരികള്‍ക്കെതിരായ പ്രതിഷേധ കൂട്ടായ്മയായി റാലി മാറി.

    ReplyDelete