Tuesday, June 12, 2012

പനിപടരുമ്പോള്‍ നോക്കിനില്‍ക്കുന്നു


കേരളം പനിയിലാണ്- മാര്‍ക്സിസ്റ്റ് വിരോധപ്പനി ബാധിച്ച വലതുപക്ഷ മാധ്യമങ്ങള്‍ അത് കാണുന്നില്ലെങ്കിലും. മഴക്കാലം എത്തുന്നതിന് മുമ്പുതന്നെ സംസ്ഥാനം രോഗക്കിടക്കയിലായെന്ന വാര്‍ത്തകളാണ് എങ്ങുനിന്നും കേള്‍ക്കുന്നത്. പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ച് ഇതിനകം പത്തുലക്ഷത്തിലേറെപ്പേര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍മാത്രം ചികിത്സതേടി എത്തി. സ്വകാര്യ ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം ഇതിലും എത്രയോ കൂടുതലാണ്. രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുമ്പോഴും വേണ്ടതെല്ലാം ചെയ്തു എന്ന പതിവുപല്ലവിയല്ലാതെ ക്രിയാത്മകമായ ഒരു പ്രവര്‍ത്തനവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നത് അക്ഷന്തവ്യമായ അപരാധമായേ കാണാനാകൂ.

കേരളത്തിന് വരദാനമാണ് കാലവര്‍ഷം. എന്നാല്‍, കാലവര്‍ഷത്തിന്റെ വരവോടെ പടര്‍ന്നുപിടിക്കുന്ന പകര്‍ച്ചവ്യാധികള്‍ കടുത്ത വെല്ലുവിളിയുമാകുന്നു. ഈ വെല്ലുവിളി തരണംചെയ്യാനും പൗരന്മാരുടെ ജീവന്‍ സംരക്ഷിക്കാനും ഇച്ഛാശക്തിയോടെയുള്ള പ്രവര്‍ത്തനമാണ് വേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നിലച്ചിരിക്കുകയാണ്. 2006ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഘട്ടത്തിലാണല്ലോ സംസ്ഥാനത്ത് ചിക്കുന്‍ഗുനിയ വ്യാപകമായത്. അതിനുമുമ്പ് അധികാരത്തിലിരുന്ന യുഡിഎഫ് സര്‍ക്കാര്‍, കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടും പ്രതിരോധനടപടി സ്വീകരിച്ചില്ല. ഇതിന്റെ പഴി മുഴുവന്‍ കേള്‍ക്കേണ്ടിവന്നതാകട്ടെ എല്‍ഡിഎഫ് സര്‍ക്കാരും. സ്വന്തം കുറ്റങ്ങള്‍ മൂടിവച്ച് രാഷ്ട്രീയമുതലെടുപ്പിനായി പനിയുടെ പേരില്‍ ഹര്‍ത്താല്‍വരെ നടത്തി യുഡിഎഫ്.

എന്നാല്‍, പകര്‍ച്ചപ്പനിയെന്ന പ്രശ്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ അതീവഗൗരവത്തോടെ കണ്ടു. രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ആശുപത്രികളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു. ഡോക്ടര്‍മാരെ നിയമിച്ചു. മരുന്ന് യഥേഷ്ടം ലഭ്യമാക്കി. പനിവാര്‍ഡുകള്‍ തുറന്നു. നാടെങ്ങും മെഡിക്കല്‍ ക്യാമ്പ് നടത്തി. ഇതിന്റെയെല്ലാം ഫലമായി പകര്‍ച്ചപ്പനി പ്രതിരോധിക്കാനായി. പിന്നീടുള്ള വര്‍ഷങ്ങളില്‍ മഴക്കാലപൂര്‍വ രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. സര്‍ക്കാര്‍ ആശുപത്രികള്‍ ഏത് പ്രതികൂലസാഹചര്യത്തെയും നേരിടാന്‍ സജ്ജമാക്കി. ആര്‍ക്കും ഒരു പരാതിക്കും ഇടകൊടുക്കാത്തവിധം എണ്ണയിട്ട യന്ത്രംപോലെ ആരോഗ്യവകുപ്പും സര്‍ക്കാരും പ്രവര്‍ത്തിച്ചു. ഇതിന്റെയെല്ലാം പ്രതിഫലനമാണ് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നാം കണ്ടത്. ഈ സംവിധാനങ്ങള്‍ അട്ടിമറിച്ചതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് യുഡിഎഫ് സര്‍ക്കാരിന് ഒഴിഞ്ഞുനില്‍ക്കാനാകില്ല. മഴക്കാലപൂര്‍വ രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ കടലാസില്‍മാത്രമായി. നാടെങ്ങും മാലിന്യക്കൂമ്പാരം നിറഞ്ഞു. നഗരങ്ങളിലെ മാലിന്യനീക്കം സര്‍ക്കാരിന്റെ സങ്കുചിത രാഷ്ട്രീയനിലപാടുകള്‍ കാരണം പൂര്‍ണമായും നിലച്ചു. തലസ്ഥാന നഗരിയില്‍ ഉള്‍പ്പെടെ മൂക്കുപൊത്താതെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ. വിജയകരമായ പദ്ധതികള്‍ ഇല്ലാത്തതാണ് മാലിന്യപ്രശ്നത്തിന് കാരണമെന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പറയുന്നത്. ഒരുവര്‍ഷത്തെ അതിവേഗം ബഹുദൂരമുള്ള ഭരണത്തിനിടെ ഒരു പദ്ധതി കണ്ടെത്തിയെന്നാണ് മുഖ്യമന്ത്രി ഇന്നലെ നിയമസഭയില്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ ആ പദ്ധതിയെങ്കിലും എത്രയുംവേഗം നടപ്പാക്കാനുള്ള ആര്‍ജവമാണ് സര്‍ക്കാര്‍ കാട്ടേണ്ടത്. വാര്‍ഡൊന്നിന് 25,000 രൂപവീതം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടത്രേ. ഈ തുക വിനിയോഗിച്ചില്ലെന്നാണ് ആക്ഷേപം. എങ്കില്‍ എന്തുകൊണ്ട് വിനിയോഗിച്ചില്ലെന്ന് പരിശോധിക്കുകയും തുടര്‍നടപടി എടുക്കുകയുമാണ് വേണ്ടത്.

പനി ബാധിച്ച് ആശുപത്രികളിലെത്തുന്ന രോഗികളോട് സര്‍ക്കാര്‍ കാട്ടുന്ന അവഗണന പൊറുക്കാനാകാത്തതാണ്. ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍പ്പോലും രോഗികള്‍ നട്ടംതിരിയുന്നു. അതിതീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ട രോഗികളെപ്പോലും തറയില്‍ കിടത്തി ഡ്രിപ്പ് നല്‍കുന്ന ദയനീയ കാഴ്ചയാണ് മെഡിക്കല്‍ കോളേജില്‍ പോകുന്ന ഏതൊരാള്‍ക്കും കാണാനാകുന്നത്. എല്ലാ രോഗികള്‍ക്കും സൗജന്യമായി മരുന്ന് നല്‍കുമെന്നാണ് സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍, മെഡിക്കല്‍ കോളേജുകളില്‍പ്പോലും പനിബാധിതര്‍ക്കുള്ള അവശ്യമരുന്ന് കിട്ടാനില്ല. എല്‍ഡിഎഫ് ഭരണകാലത്ത് കാര്യക്ഷമമായി നടപ്പാക്കിയ മരുന്നുവിതരണം അട്ടിമറിച്ചതാണ് ഈ പ്രതിസന്ധിയുടെ യഥാര്‍ഥ കാരണം. ഇത് മറച്ചുവച്ച് വലിയവായില്‍ പ്രഖ്യാപനം നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടിട്ട് കാര്യമില്ല.

രോഗികള്‍ക്ക് മരുന്നാണ് വേണ്ടത്. ഡോക്ടര്‍മാരുടെ അഭാവവും സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാസംവിധാനത്തെ താളംതെറ്റിച്ചു. രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ സെന്‍സസ് ഡ്യൂട്ടിയിലാണ്. ഇക്കാര്യം ആരോഗ്യവകുപ്പ് മേധാവികള്‍ വകുപ്പുമന്ത്രിയെ അറിയിച്ചിട്ടും നടപടി എടുത്തില്ല. ലാബ് ടെക്നീഷ്യന്മാരുടെയും മറ്റു ജീവനക്കാരുടെയും ക്ഷാമം ആശുപത്രികളുടെ ദൈനംദിനപ്രവര്‍ത്തനങ്ങളെ താറുമാറാക്കി. ഇതോടെ തീര്‍ത്തും നിര്‍ധനരായ രോഗികള്‍ക്കുപോലും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു. ഈ അവസ്ഥയ്ക്ക് സര്‍ക്കാര്‍ അടിയന്തരമായി പരിഹാരം കാണണം. ജനങ്ങളെ പനിപിടിച്ച് നരകിക്കാന്‍ വിട്ട് മിണ്ടാതിരിക്കുന്ന സര്‍ക്കാര്‍സംവിധാനം വെറും ഭാരമായല്ല, അസഹ്യമായ ശല്യമായാണ് കേരളീയര്‍ക്ക് അനുഭവപ്പെടുന്നത് എന്നോര്‍ത്താല്‍ നന്ന്. മാധ്യമങ്ങള്‍ മൂടിവച്ചതുകൊണ്ട് ജനങ്ങളുടെ മനസ്സില്‍നിന്ന് ഇത്തരം ദുരനുഭവങ്ങള്‍ മാച്ചുകളയാനാകില്ലെന്ന് കരുതിയെങ്കിലും അടിയന്തരനടപടികള്‍ക്ക് സര്‍ക്കാര്‍ തയ്യാറാകണം.

deshabhimani editorial 120612

1 comment:

  1. കേരളം പനിയിലാണ്- മാര്‍ക്സിസ്റ്റ് വിരോധപ്പനി ബാധിച്ച വലതുപക്ഷ മാധ്യമങ്ങള്‍ അത് കാണുന്നില്ലെങ്കിലും. മഴക്കാലം എത്തുന്നതിന് മുമ്പുതന്നെ സംസ്ഥാനം രോഗക്കിടക്കയിലായെന്ന വാര്‍ത്തകളാണ് എങ്ങുനിന്നും കേള്‍ക്കുന്നത്. പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ച് ഇതിനകം പത്തുലക്ഷത്തിലേറെപ്പേര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍മാത്രം ചികിത്സതേടി എത്തി. സ്വകാര്യ ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം ഇതിലും എത്രയോ കൂടുതലാണ്. രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുമ്പോഴും വേണ്ടതെല്ലാം ചെയ്തു എന്ന പതിവുപല്ലവിയല്ലാതെ ക്രിയാത്മകമായ ഒരു പ്രവര്‍ത്തനവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നത് അക്ഷന്തവ്യമായ അപരാധമായേ കാണാനാകൂ.

    ReplyDelete