Sunday, August 12, 2012

മമതയോട് ചോദ്യം ചോദിച്ചയാളെ അറസ്റ്റുചെയ്ത് ജയിലിലടച്ചു

ദുരിതത്തിലായ കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ എന്തുചെയ്തെന്ന് പൊതുവേദിയില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോട് ചോദിച്ചയാളെ പൊലീസ് അറസ്റ്റുചെയ്ത് ജയിലിലടച്ചു. ആഗസ്ത് എട്ടിന് മാവോയിസ്റ്റ് കേന്ദ്രമായ ബെല്‍പാരിയില്‍ നടന്ന പൊതുപരിപാടിക്കിടെയാണ് സംഭവം. സിലാദിത്യ ചൗധരി എന്നയാളാണ് ചോദ്യംകൊണ്ട് മമതയെ വെള്ളം കുടിപ്പിച്ചത്. കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ എന്തു നടപടിയാണെടുത്തതെന്ന് പറയണമെന്നും പാഴായ വാഗ്ദാനങ്ങള്‍കൊണ്ട് മതിയാകില്ലെന്നും ചൗധരി വിളിച്ചുപറയുകയായിരുന്നു. ഇതിനുമുന്നില്‍ ആദ്യം പതറിയ മമത ഇയാള്‍ മാവോയിസ്റ്റാണെന്ന് ആരോപിച്ച് തടിതപ്പി. തുടര്‍ന്ന് ഇയാളെ അറസ്റ്റുചെയ്യാന്‍ മമത പൊലീസിനോട് നിര്‍ദേശിച്ചു.

പൊലീസ് ആദ്യം ചൗധരിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തശേഷം വിട്ടയച്ചു. എന്നാല്‍, സമ്മര്‍ദം ശക്തമായതോടെ കഴിഞ്ഞദിവസം രാത്രി വീട്ടില്‍നിന്ന് അറസ്റ്റുചെയ്തു. പൊതുപ്രവര്‍ത്തകരെ ചുമതല നിര്‍വഹിക്കുന്നതില്‍നിന്ന് തടസ്സപ്പെടുത്തി, പൊതുപ്രവര്‍ത്തകരെ ആക്രമിക്കാന്‍ ശ്രമിച്ചു, അതിക്രമിച്ച് കയറല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. കൊല്‍ക്കത്തയില്‍ സ്ത്രീകള്‍ക്കുനേരെ ആക്രമണങ്ങള്‍ വര്‍ധിക്കുന്ന കാര്യം ടി ഷോയില്‍ ചൂണ്ടിക്കാട്ടിയ ഒരു വിദ്യാര്‍ഥിനിയെയും മമത മാവോയിസ്റ്റെന്ന് വിളിച്ച് ആക്ഷേപിച്ചിരുന്നു. മമതയുടെ ഭരണനടപടികളെ കാര്‍ട്ടൂണിലൂടെ വിമര്‍ശിച്ച കോളേജ് അധ്യാപകനെ അറസ്റ്റുചെയ്യുകയുമുണ്ടായി.

deshabhimani 120812

1 comment:

  1. ദുരിതത്തിലായ കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ എന്തുചെയ്തെന്ന് പൊതുവേദിയില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോട് ചോദിച്ചയാളെ പൊലീസ് അറസ്റ്റുചെയ്ത് ജയിലിലടച്ചു. ആഗസ്ത് എട്ടിന് മാവോയിസ്റ്റ് കേന്ദ്രമായ ബെല്‍പാരിയില്‍ നടന്ന പൊതുപരിപാടിക്കിടെയാണ് സംഭവം. സിലാദിത്യ ചൗധരി എന്നയാളാണ് ചോദ്യംകൊണ്ട് മമതയെ വെള്ളം കുടിപ്പിച്ചത്. കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ എന്തു നടപടിയാണെടുത്തതെന്ന് പറയണമെന്നും പാഴായ വാഗ്ദാനങ്ങള്‍കൊണ്ട് മതിയാകില്ലെന്നും ചൗധരി വിളിച്ചുപറയുകയായിരുന്നു. ഇതിനുമുന്നില്‍ ആദ്യം പതറിയ മമത ഇയാള്‍ മാവോയിസ്റ്റാണെന്ന് ആരോപിച്ച് തടിതപ്പി. തുടര്‍ന്ന് ഇയാളെ അറസ്റ്റുചെയ്യാന്‍ മമത പൊലീസിനോട് നിര്‍ദേശിച്ചു.

    ReplyDelete