ബ്രഹ്മപുരം ഡീസല്‍ നിലയം അഴിമതിക്കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തെ പിരിച്ചുവിട്ട യുഡിഎഫ് സര്‍ക്കാര്‍ നടപടി കേസ് അട്ടിമറിക്കലാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ഐഎഎസ് ഉദ്യോഗസ്ഥരെ അടക്കം വിചാരണ ചെയ്യാനുള്ള അനുമതി കേന്ദ്രസര്‍ക്കാരില്‍നിന്നും ലഭിച്ചതിനു പിന്നാലെയാണ് മുന്‍മന്ത്രി സി വി പത്മരാജന്‍ പ്രതിയായ കേസ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗപ്പെടുത്തുന്നത്. ഡിവൈഎസ്പി മുരളീധരന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘത്തെ പിരിച്ചുവിട്ട് അന്വേഷണ രേഖകള്‍ വിജിലന്‍സ് സൂപ്രണ്ടിനെ ഏല്‍പിക്കാന്‍ ഉത്തരവ് നല്‍കിയിരിക്കുകയാണ്.
ബ്രഹ്മപുരം ഡീസല്‍ വൈദ്യുതി നിലയത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് 75 കോടി രൂപയുടെ അഴിമതി നടന്നെന്നും ഇതിന് ഉത്തരവാദിയായ അന്നത്തെ വൈദ്യുതിമന്ത്രി സി വി പത്മരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി വേണമെന്നും ക്രമക്കേടന്വേഷിച്ച ജസ്റ്റിസ് ഭാസ്കരന്‍ നമ്പ്യാര്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. കര്‍ണാടകത്തിലെ യെലഹങ്ക വൈദ്യുതി പദ്ധതിക്ക് ഫ്രഞ്ച് കമ്പനി കൊടുത്തതിനേക്കാള്‍ കൂടുതല്‍ തുകയ്ക്കാണ് അതേ ജനറേറ്ററുകള്‍ ബ്രഹ്മപുരം പദ്ധതിയ്ക്ക് വാങ്ങിയത്. 75 കോടി രൂപ കേരളത്തിന് നഷ്ടസപ്പെടുത്തിയ ബ്രഹ്മപുരം ഇടപാടില്‍ കുറ്റകരമായ പങ്കാളിത്തം അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയ്ക്കുമുണ്ടെന്ന വസ്തുത വിവിധ കേന്ദ്രങ്ങള്‍ നേരത്തേതന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കൃത്യനിര്‍വഹണത്തിലെ പരാജയം മാത്രമല്ല ബോധപൂര്‍വമായി അഴിമതിക്ക് കൂട്ടുനില്‍ക്കുക കൂടിയായിരുന്നു അന്നത്തെ ധനമന്ത്രി ചെയ്തത്. നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണം വന്നാല്‍ പത്മരാജനോടൊപ്പം താനും കുടുങ്ങുമെന്ന് ഉമ്മന്‍ചാണ്ടിക്കറിയാം. പൊതുജനങ്ങളുടെ ചിലവില്‍ വിദേശകമ്പനികള്‍ക്കും അവരുടെ ഏജന്റുമാര്‍ക്കും കൊള്ളലാഭമുണ്ടാക്കിക്കൊടുക്കാന്‍ സംസ്ഥാന ഖജനാവിനെ യഥേഷ്ടം ദുരുപയോഗപ്പെടുത്തുകയായിരുന്നു ബ്രഹ്മപുരം ഇടപാടില്‍. അഴിമതിക്ക് ചൂട്ടുപിടിച്ചുകൊടുത്ത ഉമ്മന്‍ചാണ്ടി തന്റെ പങ്കാളിത്തം മൂടിവെയ്ക്കാനും സഹപ്രവര്‍ത്തകരായ പത്മരാജനെയും കൂട്ടരെയും രക്ഷിക്കാനും വേണ്ടിയാണ് ബ്രഹ്മപുരം അഴിമതിക്കേസ് അന്വേഷിക്കുന്ന വിജിലന്‍സ് ടീമിനെ പിരിച്ചുവിട്ടത്. കുല്‍സിത മാര്‍ഗങ്ങളിലൂടെ അഴിമതി അന്വേഷണം അട്ടിമറിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നീതിരഹിതമായ നടപടിയില്‍ അതിശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ എല്ലാവിഭാഗം ജനങ്ങളോടും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
deshabhimani 170812
No comments:
Post a Comment