Sunday, August 12, 2012

ജീവനക്കാരെയും ജനങ്ങളെയും തമ്മിലടിപ്പിക്കുന്നു: പിണറായി

കണ്ണൂര്‍: പങ്കാളിത്ത പെന്‍ഷന്‍ ജീവനക്കാരെ മാത്രം ബാധിക്കുന്നതല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ജനങ്ങളെയും ജീവനക്കാരെയും തമ്മിലടിപ്പിക്കാനുള്ള കുബുദ്ധിയാണ് ഉമ്മന്‍ചാണ്ടിയുടെത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ നാടിന്റെ വികസന പ്രവര്‍ത്തനത്തിന് ഉപയോഗിക്കുമെന്ന് പറയുന്ന യുഡിഎഫ് ഇതുവരെ ഏതെങ്കിലും ക്ഷേമാനുകൂല്യം കൃത്യമായി നല്‍കിയിട്ടുണ്ടോ. വര്‍ധിപ്പിച്ചിട്ടുണ്ടോ- അദ്ദേഹം ചോദിച്ചു. അങ്കണവാടി ജീവനക്കാരുടെ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു പിണറായി.

ജീവനക്കാരുടെയും മറ്റു ജനവിഭാഗങ്ങളുടെയും ആനുകൂല്യങ്ങള്‍ തട്ടിപ്പറിച്ച ചരിത്രമാണ് യുഡിഎഫ് സര്‍ക്കാരുകളുടേത്. പങ്കാളിത്ത പെന്‍ഷന്‍ എന്ന വിദേശപതിപ്പിന്റെ ഭാഗമായി കുടുംബ പെന്‍ഷന്‍ ഉള്‍പ്പെടെ ഒട്ടേറെ ആനുകൂല്യം നഷ്ടമാവും. സര്‍ക്കാരിന് നേട്ടമില്ലെന്ന് പറയുന്ന ഉമ്മന്‍ചാണ്ടി ആര്‍ക്കുവേണ്ടിയാണ് ഇത് നടപ്പാക്കുന്നതെന്ന് വ്യക്തമാക്കണം. ആഗോളമുതലാളിത്ത പ്രതിസന്ധിയുടെ ഭാഗമായി ഓഹരിക്കമ്പോളത്തില്‍ പണമെത്തിക്കാനുള്ള ഐഎംഎഫ് പദ്ധതിയാണിത്. നേരത്തെ നടപ്പാക്കിയ രാജ്യങ്ങളുടെ അനുഭവം ഉമ്മന്‍ചാണ്ടി ഓര്‍ക്കണം. ചിലിയില്‍ പെന്‍ഷന്‍ കിട്ടാതായി. ഉമ്മന്‍ചാണ്ടി മാതൃകയാക്കുന്ന അമേരിക്കയില്‍ പെന്‍ഷന്‍ഫണ്ടിലെ 50,000 കോടി ഡോളര്‍ ഊഹക്കച്ചവടത്തില്‍ നഷ്ടമായി. പദ്ധതി തകരുമെന്ന ഭയത്തിലാണവര്‍.
ഇടതുപക്ഷ സര്‍ക്കാരുകള്‍ അഭിവൃദ്ധിപ്പെടുത്തിയ ജനജീവിതത്തിന്റെ എല്ലാ മേഖലകളും യുഡിഎഫ് തകിടംമറിച്ചു. സ്വാശ്രയ വിദ്യാഭ്യാസകരാറിന്റെ ഭാഗമായി ഈ വര്‍ഷം 20 കോടി രൂപയാണ് മാനേജ്മെന്റുകള്‍ക്ക് അധികം കിട്ടുന്നത്. സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളുടെ പൂജ്യത്തോടടുത്ത വിജയത്തിനിടയിലും 34 പുതിയ കോളേജിന് അനുമതി നല്‍കി. പൊതുജനാരോഗ്യ മേഖലയിലെ ഫണ്ട് മുഴുവന്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കാനൊരുങ്ങുന്നു. നാടിനെയാകെ ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങളില്‍ പ്രതിരോധ ശക്തിയായി നില്‍ക്കുന്ന സിപിഐ എമ്മിനെ തകര്‍ക്കണമെന്ന വാശിയിലാണ് ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍. കണ്ണൂരില്‍ സാധാരണ പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുന്നു. കടുത്ത ആക്രമണം നേരിടുമ്പോള്‍ ഞങ്ങളുടെ ചില ഉത്തമസുഹൃത്തുക്കള്‍ എതിരാളികള്‍ക്ക് പിന്നില്‍ നിന്ന് പ്രോത്സാഹനം കൊടുക്കുന്നു. പി ജയരാജനെ അറസ്റ്റുചെയ്തപ്പോള്‍ കേരളമാകെ ശക്തമായ വികാരമുണ്ടായി. കണ്ണൂരില്‍ ഞങ്ങളുടെ സുഹൃത്തുക്കള്‍ പ്രതിഷേധിക്കാനില്ലെന്ന് പറഞ്ഞു. ഇങ്ങനെയുള്ളവരെ നോക്കിയല്ല കമ്യൂണിസ്റ്റ് പ്രസ്ഥാനം മുന്നോട്ടുപോകുന്നത്. പാര്‍ടി പിളര്‍ന്നപ്പോള്‍ ഞങ്ങളുടെ മുഴുവന്‍ നേതാക്കളെയും ജയിലിലടച്ചു. പക്ഷേ, തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ ഞങ്ങളാണ് യഥാര്‍ഥ കമ്യൂണിസ്റ്റ് പ്രസ്ഥാനമെന്ന് ജനങ്ങള്‍ പറഞ്ഞു. അടിയന്തരാവസ്ഥയില്‍ സി അച്യുതമേനോനും കെ കരുണാകരനും നയിച്ച സര്‍ക്കാര്‍ ഞങ്ങളെ ഭീകരമായി നേരിട്ടു. ഞങ്ങള്‍ തളരുകയായിരുന്നില്ല. ഇപ്പോഴത്തെ അതിക്രമങ്ങളെയും അതിജീവിക്കും. കൂടുതല്‍ കരുത്തോടെ ജനങ്ങളുടെ പ്രശ്നങ്ങളേറ്റെടുത്ത് പ്രക്ഷോഭരംഗത്ത് ഉറച്ചുനില്‍ക്കും- പിണറായി പറഞ്ഞു.

അങ്കണവാടി ജീവനക്കാരുടെ സമ്മേളനത്തിന് ഉജ്വലതുടക്കം

കണ്ണൂര്‍: അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് അസോസിയേഷന്‍ സംസ്ഥാനസമ്മേളനത്തിന് കണ്ണൂരില്‍ ഉജ്വലതുടക്കം. കരുത്തുതെളിയിച്ച പടുകൂറ്റന്‍ പ്രകടനത്തോടെയാണ് സമ്മേളനം തുടങ്ങിയത്. യൂണിഫോമണിഞ്ഞ അങ്കണവാടി ജീവനക്കാര്‍ പ്രതികൂല കാലാവസ്ഥയെ കൂസാതെ പ്രകടനത്തില്‍ അണിനിരന്നു. ടൗണ്‍ സ്ക്വയറില്‍ പൊതുസമ്മേളനം സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. ജനറല്‍ സെക്രട്ടറി വി സി കാര്‍ത്യായനി അധ്യക്ഷയായി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ, എം വി ജയരാജന്‍, ജെ മേഴ്സിക്കുട്ടിയമ്മ, സി കൃഷ്ണന്‍ എംഎല്‍എ, കെ സി ഹരികൃഷ്ണന്‍, സി പി ശോഭന, കെ മോഹനന്‍, സി സുരേഷ്, വി പി അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ കെ പി സഹദേവന്‍ സ്വാഗതവും പി പി കല്യാണി നന്ദിയും പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് പി പത്മിനി പതാകയുയര്‍ത്തി. പ്രതിനിധിസമ്മേളനം സിഐടിയു ജില്ലാകമ്മിറ്റി ഓഫീസിലെ സി കണ്ണന്‍ ഹാളില്‍ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി പത്മിനി അധ്യക്ഷയായി. കെ പി സഹദേവന്‍ സ്വാഗതം പറഞ്ഞു. ഡി സേതുലക്ഷ്മി രക്തസാക്ഷി പ്രമേയവും വിജയലക്ഷ്മി അനുശോചനപ്രമേയവും ജനറല്‍ സെക്രട്ടറി വി സി കാര്‍ത്യായനി പ്രവര്‍ത്തനറിപ്പോര്‍ട്ടും അവതരിപ്പിച്ചു. എ നജ്മുന്നീസ, പി പത്മിനി, എന്‍ ടി ലക്ഷ്മി, ലക്ഷ്മിക്കുഞ്ഞമ്മ, മണിയമ്മ ധര്‍മജന്‍ എന്നിവരടങ്ങിയതാണ് പ്രസീഡിയം. ആയിഷാബി (മിനുട്സ്), എന്‍ ടി ലക്ഷ്മി (പ്രമേയം), വി സരള (ക്രഡന്‍ഷ്യല്‍) എന്നിവര്‍ കണ്‍വീനര്‍മാരായി വിവിധ കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നു. 500 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. കെ ഒ ഹബീബ്, സി എസ് സുജാത, പി സതീദേവി, കെ പി മേരി എന്നിവരും പങ്കെടുക്കുന്നു. പ്രതിനിധി സമ്മേളനം ഞായറാഴ്ചയും തുടരും.

അങ്കണവാടി ജീവനക്കാരെ പ്രീ പ്രൈമറി അധ്യാപകരായി പരിഗണിക്കണം: പി കെ ശ്രീമതി

കണ്ണൂര്‍: അങ്കണവാടി ജീവനക്കാരെ പ്രീ-പ്രൈമറി അധ്യാപകരായി പരിഗണിച്ച് സേവന വേതനവ്യവസ്ഥ പരിഷ്കരിക്കണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി പറഞ്ഞു. അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് അസോസിയേഷന്‍(സിഐടിയു) സംസ്ഥാനസമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി കെ ശ്രീമതി.

ഭാരിച്ച ചുമതലകളാണ് സേവനത്തിന്റെ പേരില്‍ ഇവരെക്കൊണ്ട് ചെയ്യിക്കുന്നത്. വിദ്യാഭ്യാസവും ആരോഗ്യവും അടക്കമുള്ള സാമൂഹ്യചുമതല നിര്‍വഹിക്കുന്ന അങ്കണവാടി ജീവനക്കാര്‍ക്ക് അതിന് സമാനമായ വേതനം കേന്ദ്രസര്‍ക്കാര്‍ അനുവദിക്കണം. രാജ്യത്ത് സ്ത്രീകള്‍ മാത്രം തൊഴിലെടുക്കുന്ന വന്‍ പ്രൊജക്ടാണ് ഐസിഡിഎസ്. സ്ത്രീകളായതിനാല്‍ കടുത്ത അവഗണനയാണ് ഈ വിഭാഗം അനുഭവിക്കുന്നത്. നാലുപതിറ്റാണ്ട് പിന്നിട്ടിട്ടും ഈ സംരംഭത്തെ മുന്നോട്ടുനയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചിട്ടില്ല. ആനുകൂല്യങ്ങളും സഹായങ്ങളും വെട്ടിക്കുറയ്ക്കാനാണ് ഇപ്പോള്‍ ശ്രമം. കേരളത്തിലടക്കം ഐസിഡിഎസിലെ നിരവധി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. എല്ലാവരുടെയും മക്കളെ പരിചരിക്കുന്ന പോറ്റമ്മമാരാണ് ഈ സഹോദരിമാര്‍. തുഛമായ പ്രതിഫലം പറ്റിയാണ് അവര്‍ തുടരുന്നത്. തൊഴിലാളികളും ഇടത്തരക്കാരുമായ സാധാരണക്കാരുടെ കുഞ്ഞുങ്ങള്‍ക്കു വേണ്ടിയാണ് അവര്‍ ജീവിതം സമര്‍പ്പിക്കുന്നത്. 40,000 കോടിരൂപ ഐസിഡിഎസിന് ചെലവഴിക്കുന്നതായി വീമ്പുപറയുന്ന സര്‍ക്കാര്‍ ഗുണപരമായ മാറ്റങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നില്ല. പരിശീലനത്തിന്റെ മറവില്‍ കോടികളാണ് ഒഴുക്കികളയുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ് കേരളത്തില്‍ അങ്കണവാടി ജീവനക്കാരുടെ ജീവിതനിലവാരവും തൊഴില്‍ സാഹചര്യവും മെച്ചപ്പെടുത്താന്‍ നടപടിയെടുത്തത്. ഏഴായിരം അങ്കണവാടി അനുവദിക്കുകയും പതിനായിരത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്തു. പിരിച്ചുവിടാനിരുന്നവരെ സ്ഥിരപ്പെടുത്തി. ഈ തീരുമാനങ്ങളുടെ ഗുണം ചോര്‍ത്തുന്ന നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും ശ്രീമതി പറഞ്ഞു.

പങ്കാളിത്ത പെന്‍ഷന്‍: പ്രക്ഷോഭം ഉയര്‍ത്തണം- എ കെ പത്മനാഭന്‍

ചെന്നൈ: പങ്കാളിത്ത പെന്‍ഷന്‍പദ്ധതിക്കെതിരെ വ്യാപക പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ പറഞ്ഞു. ദക്ഷിണ റെയില്‍വേ എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) കേന്ദ്ര സമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ബംഗാള്‍, ത്രിപുര, കേരളം എന്നീ സംസ്ഥാനങ്ങളില്‍മാത്രമാണ് പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാത്തത്. ഇപ്പോള്‍ കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാകുന്നതോടെ ഫലത്തില്‍ പെന്‍ഷന്‍തന്നെ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. റെയില്‍വേയില്‍ ഏഴുലക്ഷത്തോളം കരാര്‍തൊഴിലാളികള്‍ തൊഴില്‍സംരക്ഷണമില്ലാതെ ജോലിചെയ്യുകയാണ്. ഈ തൊഴിലാളികളെ ചൂഷണംചെയ്യുന്ന സമീപനത്തില്‍നിന്ന് റെയില്‍വേ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂണിയന്‍ പ്രസിഡന്റ് ടി കെ രംഗരാജന്‍ എംപി, യൂണിയന്‍ ജനറല്‍ സെക്രട്ടറി എ ജാനകിരാമന്‍, സിഐടിയു കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി എം എം ലോറന്‍സ്, കനായ് ബാനര്‍ജി, നിര്‍മല്‍ മുഖര്‍ജി, എ സൗന്ദരരാജന്‍ എന്നിവര്‍ സംസാരിച്ചു. പാലക്കാട് കഞ്ചിക്കോട്ട് കോച്ച് ഫാക്ടറി പൊതുമേഖലയില്‍ നിലനിര്‍ത്തി ഉടന്‍ നിര്‍മാണം ആരംഭിക്കണമെന്ന് ഡിആര്‍ഇയു സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ഞായറാഴ്ച സമാപിക്കും.

സര്‍ക്കാര്‍ വഞ്ചിച്ചു: സര്‍വീസ് സംഘടനകള്‍

തിരു: ജീവനക്കാരെ സര്‍ക്കാര്‍ വഞ്ചിച്ചതായി സര്‍വീസ് സംഘടനാ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സര്‍വീസ് സംഘടനകളുമായി ചര്‍ച്ചചെയ്തശേഷമേ പദ്ധതി നടപ്പാക്കൂ എന്നാണ് സര്‍ക്കാര്‍ നിയമസഭയില്‍ ഉറപ്പു നല്‍കിയിരുന്നത്. ഇത് ലംഘിച്ച് ഏകപക്ഷീയമായി പദ്ധതി നടപ്പാക്കാനാണ് തീരുമാനം. അഞ്ചുവര്‍ഷം ഇല്ലാതിരുന്ന സാമ്പത്തിക പ്രതിസന്ധി ഇപ്പോള്‍ ഏങ്ങനെയുണ്ടായെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് ഗവണ്‍മെന്‍ഡ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ്, അധ്യാപക സര്‍വീസ് സംഘടനാ സമിതി, ഫെഡറേഷന്‍ ഓഫ് എംപോയീസ് ആന്‍ഡ് ടീച്ചേഴ്സ് (എഫ്ഇടിഒ) എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആഗസ്ത് 17ന് നടത്തുന്ന സൂചനാ പണിമുടക്കിന്റെ പ്രചാരണാര്‍ഥം, അടിയന്തരമായി സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വിശദീകരണ യോഗങ്ങള്‍ നടത്തും. സൂചനാ പണിമുടക്കിനു ശേഷവും തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ എല്ലാ സംഘനകളെയും കൂട്ടിയോജിപ്പിച്ച് ബൃഹത്തായ സമരത്തിലേക്ക് നീങ്ങുമെന്നും നേതാക്കള്‍ പറഞ്ഞു.

deshabhimani 120812

1 comment:

  1. പങ്കാളിത്ത പെന്‍ഷന്‍ ജീവനക്കാരെ മാത്രം ബാധിക്കുന്നതല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ജനങ്ങളെയും ജീവനക്കാരെയും തമ്മിലടിപ്പിക്കാനുള്ള കുബുദ്ധിയാണ് ഉമ്മന്‍ചാണ്ടിയുടെത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ നാടിന്റെ വികസന പ്രവര്‍ത്തനത്തിന് ഉപയോഗിക്കുമെന്ന് പറയുന്ന യുഡിഎഫ് ഇതുവരെ ഏതെങ്കിലും ക്ഷേമാനുകൂല്യം കൃത്യമായി നല്‍കിയിട്ടുണ്ടോ. വര്‍ധിപ്പിച്ചിട്ടുണ്ടോ- അദ്ദേഹം ചോദിച്ചു. അങ്കണവാടി ജീവനക്കാരുടെ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു പിണറായി.

    ReplyDelete