Thursday, August 23, 2012

സമരാഗ്നി

കോഴിക്കോട്: സിപിഐ എമ്മിനൊപ്പം ജനങ്ങളില്ലെന്നും പാര്‍ടി തകര്‍ന്നെന്നും പ്രചരിപ്പിക്കുന്നവരുടെ കണ്ണുതുറപ്പിക്കുന്ന ബഹുജനപ്രവാഹം. ബുധനാഴ്ച കോഴിക്കോട് കലക്ടറേറ്റ് സാക്ഷ്യം വഹിച്ചത് ഉജ്വലമായ ജനമുന്നേറ്റത്തിന്. ടി പി ചന്ദ്രശേഖരന്‍ വധം മറയാക്കി പാര്‍ടിയെ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയവരുടെ പ്രചാരവേലയില്‍ കുത്തിയൊലിക്കുന്നതല്ല, ജനലക്ഷങ്ങളുടെ ഹൃദയപഥങ്ങളില്‍ അജയ്യമാണ് ചെങ്കൊടിപ്രസ്ഥാനമെന്ന് വിളിച്ചോതി കലക്ടറേറ്റിലെ സമരമുഖം. മലാപ്പറമ്പ് മുതല്‍ എരഞ്ഞിപ്പാലം വരെ ജനം നിറഞ്ഞൊഴുകിയപ്പോള്‍ കോഴിക്കോടിന്റെ സമീപകാല സമരചരിത്രങ്ങളെയെല്ലാം കവച്ചുവയ്ക്കുന്ന ജനകീയ സമരമായി കലക്ടറേറ്റ് ഉപരോധം. പ്രസംഗവും പാട്ടും നാടകവും മുദ്രാവാക്യവുമായി ബുധനാഴ്ചത്തെ പകലിന്റെ പതിനൊന്നു മണിക്കൂര്‍ ജനകീയസമരോത്സവമായി കലക്ടറേറ്റ് പരിസരം. പങ്കെടുത്തതില്‍ പകുതിയോളം സ്ത്രീകള്‍. കൃഷിക്കാര്‍, കര്‍ഷകത്തൊഴിലാളികള്‍, യുവാക്കള്‍, വിദ്യാര്‍ഥികള്‍ തുടങ്ങി കേന്ദ്ര-കേരള ഭരണത്തിന്റെ കെടുതിയും അനീതിയും അനുഭവിക്കുന്ന മനുഷ്യരൊന്നാകെ കൊടിയേന്തി ജില്ലാ ഭരണകേന്ദ്രം സ്തംഭിപ്പിച്ചു. വിലക്കയറ്റത്തിലൂടെ ജീവിക്കാനുവദിക്കാത്ത ഭരണാധികാരികള്‍ക്കെതിരായ രോഷം, തങ്ങളുടെ ജീവനും ജീവിതവുമായ പ്രസ്ഥാനത്തെ വേട്ടയാടുന്നവരോടുള്ള പ്രതിഷേധം എന്നിവ സമരത്തില്‍ ഉയര്‍ന്നു. അസത്യവും പച്ചനുണയും അപവാദങ്ങളും ഉപജാപങ്ങളും മെനഞ്ഞ് വാര്‍ത്തയാക്കി ഈ പാര്‍ടിയെ ശരിപ്പെടുത്താമെന്ന് മോഹിച്ച മാധ്യമങ്ങള്‍ക്കും വാര്‍ത്ത കണ്ട് മോഹിച്ച പാര്‍ടിവിരുദ്ധര്‍ക്കുമുള്ള കനത്ത മുന്നറിയിപ്പായി അരലക്ഷത്തിലധികംവരുന്ന മഹാ ജനസഞ്ചയം.

പുലര്‍ച്ചെ അഞ്ചരയ്ക്കു തന്നെ വളണ്ടിയര്‍മാരുടെ ആദ്യസംഘമെത്തി ഉപരോധം തുടങ്ങി. ആറോടെ കലക്ടറേറ്റിന്റെ എല്ലാ കവാടങ്ങളും ഉപരോധിച്ചു. എട്ടുമണിയോടെ ചെറുജാഥകള്‍ വരവായി. പാര്‍ടി ജില്ലാസെക്രട്ടറി ടി പി രാമകൃഷണന്‍, സംസ്ഥാന സെക്രട്ടറിയറ്റംഗം വി വി ദക്ഷിണാമൂര്‍ത്തി, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എ പ്രദീപ്കുമാര്‍ എംഎല്‍എ, പി സതീദേവി, എന്‍ കെ രാധ എന്നിവര്‍ സമരമുഖത്തെത്തി. പ്രായത്തിന്റെ അവശതകള്‍ മറന്ന മുതിര്‍ന്ന നേതാവ് എം കേളപ്പന്റെ സാന്നിധ്യം സഖാക്കള്‍ക്ക് ആവേശമായി. എരഞ്ഞിപ്പാലം, കാരപ്പറമ്പ് ജങ്ഷന്‍, മലാപ്പറമ്പ്, കരിക്കാംകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ച് ബാനറുകളും ചെങ്കൊടിയും പ്ലക്കാര്‍ഡുകളുമായാണ് പ്രവര്‍ത്തകര്‍കലക്ടറേറ്റിലേക്ക് നീങ്ങിയത്. എല്ലാവരും ബാഡ്ജ് ധരിച്ചതും ശ്രദ്ധേയമായി. രാവിലെ ആറുമുതല്‍ വൈകിട്ട് അഞ്ചുവരെ തികഞ്ഞ അച്ചടക്കത്തോടെ സമാധാനപരമായി ഉപരോധം നീണ്ടു. മലാപ്പറമ്പ് മുതല്‍ എരഞ്ഞിപ്പാലംവരെയുള്ള ഇടറോഡുകളും ചെറുവഴികളുമെല്ലാം സമരവളണ്ടിയര്‍മാരെക്കൊണ്ട് നിറഞ്ഞിരുന്നു. ഈ റൂട്ടില്‍ വാഹനിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ ഗതാഗതസ്തംഭനവും ഉണ്ടായില്ല. ജില്ലാ വളണ്ടിയര്‍ ക്യാപ്റ്റന്‍ വി കെ മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ ചുകപ്പുവളണ്ടിയര്‍മാര്‍ പ്രവര്‍ത്തകര്‍ക്കാവശ്യമായ സഹായങ്ങളെത്തിച്ചു. രാവിലെ കാപ്പിയും ഉപ്പുമാവുമടക്കം ലഘുഭക്ഷണം, തുടര്‍ന്ന് കഞ്ഞി എന്നിവ വിതരണം ചെയ്തു. സമരത്തിലണിനിരന്നവരെല്ലാം ചേര്‍ന്ന് അഞ്ചുമണിക്ക് മുദ്രാവാക്യം വിളിച്ചാണ് സമരം അവസാനിപ്പിച്ചത്. തോടന്നൂര്‍ പാട്ടുപുരയിലെ നാണുവും സഖാക്കളും സമരത്തിന് സര്‍ഗാത്മകത പകര്‍ന്നു. ഉഷ ചന്ദ്രബാബുവിന്റെ ഏകാംഗ നാടകം "എന്നിട്ടുമെന്തേ ഈ കുട്ട്യോളിങ്ങനെ", മുഹമ്മദ് പന്നിങ്കരയും അനീഷ് മലയങ്കണ്ടിയും ചേര്‍ന്ന് അവതരിപ്പിച്ച നാടകം എന്നിവ അരങ്ങേറി. ടി കെ ജി മണിയൂരിന്റെ കവിതയും കാവിലുമ്പാറ നാണുവിന്റെ വിപ്ലവ ഗാനാലാപനവും ശ്രദ്ധേയമായി. തൊട്ടില്‍പ്പാലത്ത് നിന്നെത്തിയവരുടെ നാടന്‍പാട്ടും ആവേശമായി. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ടി പി ബാലകൃഷ്ണന്‍ നായര്‍, എം ഭാസ്കരന്‍, സി ഭാസ്കരന്‍, കെ ചന്ദ്രന്‍, എം മെഹബൂബ്, കെ പി കുഞ്ഞമ്മദ് കുട്ടി, പി വിശ്വന്‍ എന്നിവരും ജില്ലാകമ്മിറ്റി അംഗങ്ങളും എംഎല്‍എമാരും ജില്ലാപഞ്ചായത്ത് പ്രസിഡന്റും സമരത്തിന് നേതൃത്വം നല്‍കി. സമരം അവസാനിച്ചയുടന്‍ ചുവപ്പ് സേനാംഗങ്ങള്‍ റോഡിലും കലക്ടറേറ്റ് പരിസരത്തുമുള്ള ചപ്പുചവറുകള്‍ നീക്കം ചെയ്തു.

സമാനതകളില്ലാത്ത മുന്നേറ്റം

കോഴിക്കോട്: കലക്ടറേറ്റ് ഉപരോധസമരം വന്‍വിജയമാക്കിയ പാര്‍ടി പ്രവര്‍ത്തകരെയും അനുഭാവികളെയും സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് അഭിവാദ്യംചെയ്തു. അരലക്ഷം പേരാണ് കലക്ടറേറ്റ്വളയല്‍ സമരത്തില്‍ അണിനിരന്നത്. ജില്ലയുടെ എല്ലാ മേഖലയില്‍നിന്നും പങ്കാളിത്തം സമരത്തിലുണ്ടായി. ഉമ്മന്‍ചാണ്ടി സര്‍ക്കാരും മന്‍മോഹന്‍സിങ് ഭരണവും തുടരുന്ന ജനവിരുദ്ധസമീപനങ്ങളോടുള്ള ഉജ്വല പ്രതിഷേധമാണ് ബുധനാഴ്ച ജില്ലാഭരണകേന്ദ്രത്തിനുമുന്നില്‍ പ്രകടമായത്. മലാപ്പറമ്പ് മുതല്‍ എരഞ്ഞിപ്പാലംവരെ വീഥികള്‍ നിറഞ്ഞൊഴുകിയ ജനാവലി ജില്ലയിലെ പ്രസ്ഥാനത്തിന്റെ കരുത്താണ് സമരമുഖത്ത് വിളംബരംചെയ്തത്. പാര്‍ടിക്കെതിരെ കുറച്ചുകാലമായി ജില്ലക്കകത്ത് അരങ്ങേറുന്ന ദുഷ്പ്രചാരണങ്ങള്‍ക്കുള്ള ജനകീയ മറുപടിയായി സമരംമാറി. ചന്ദ്രശേഖരന്‍ വധം മറയാക്കി പ്രവര്‍ത്തകരെയും നേതാക്കളെയും വേട്ടയാടുകയും പാര്‍ടിയില്‍നിന്ന് ജനം കൊഴിഞ്ഞുപോയെന്ന് പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നു പാര്‍ടിവിരുദ്ധശക്തികളും ഒരുവിഭാഗം മാധ്യമങ്ങളും. അത്തരക്കാര്‍ സമരത്തിലെ ജനപങ്കാളിത്തം വിലയിരുത്തണം. പാര്‍ടിയുടെ സജീവപ്രവര്‍ത്തകരും അനുഭാവികളും മാത്രമല്ല പുതിയതായി നല്ലൊരു ജനവിഭാഗവും ബുധനാഴ്ചത്തെ ഉപരോധത്തില്‍ പങ്കെടുത്തു. പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ച് പാര്‍ടിക്കൊപ്പം അണിനിരന്ന് സമരത്തില്‍ ആവേശപൂര്‍വം പങ്കെടുത്ത എല്ലാവരെയും അഭിവാദ്യംചെയ്യുന്നു.

തികഞ്ഞ അച്ചടക്കത്തില്‍ ഏവര്‍ക്കും മാതൃകയായി രാവിലെ മുതല്‍ വൈകിട്ട്വരെ സമാധാനപൂര്‍വം കലക്ടറേറ്റ്വളഞ്ഞ പ്രവര്‍ത്തകരുടെ ശൈലി പ്രസ്ഥാനത്തിനാകെ അഭിമാനംപകരുന്നതാണ്. സമരത്തിനായി ഒരുമാസത്തിലേറെയായി ജാഥകളും യോഗങ്ങളും സംഘടിപ്പിച്ച് ചിട്ടയായി പ്രവര്‍ത്തിച്ചതിന്റെ വിജയമാണ് അരലക്ഷം പേര്‍ അണിനിരന്ന സമരം. സമരത്തിലണിനിരന്ന സ്ത്രീകളടക്കമുള്ളവര്‍ക്ക് ലഘുഭക്ഷണവും കുടിവെള്ളവും നല്‍കി മാതൃകാപരമായി പ്രവര്‍ത്തിച്ച ചുകപ്പ്വളണ്ടിയര്‍മാര്‍, സംഘാടകസമിതി അംഗങ്ങള്‍, നഗരത്തിലെ പാര്‍ടിപ്രവര്‍ത്തകര്‍ തുടങ്ങി ഉപരോധം അക്ഷരാര്‍ഥത്തില്‍ വിജയമാക്കാന്‍ രംഗത്തിറങ്ങിയ എല്ലാവരെയും ജില്ലാസെക്രട്ടറിയറ്റ് അഭിവാദ്യം ചെയ്തു.

പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന് വര്‍ഗീസ് വൈദ്യരും "സഖാവും"

കല്‍പ്പറ്റ: "പാര്‍ടിയെ തകര്‍ക്കാന്‍ വരുന്നവര്‍ ചരിത്രം ചികയണം. മര്‍ദനംകൊണ്ടും പൊലീസ്മുറ കൊണ്ടും കമ്യൂണിസ്റ്റുകാരെ നശിപ്പിക്കാനാവില്ല. എകെജി പട്ടണി ജാഥ നയിച്ചപ്പോഴത്തെ സാഹചര്യമാണിപ്പോള്‍." പ്രായത്തിന്റെ അവശതകള്‍ അവഗണിച്ച് വിറയാര്‍ന്ന കരങ്ങളില്‍ ഷുവര്‍ മൈക്കെടുത്ത് വര്‍ഗീസ് വൈദ്യര്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ കലക്ടറേറ്റിലെ സമരകേന്ദ്രം നിശബ്ദമായി. സിപിഐ എമ്മിന്റെ ജില്ലയിലെ ഏറ്റവും തലമുതിര്‍ന്ന നേതാവിന്റെ വാക്കുകള്‍ക്കായി പ്രവര്‍ത്തകര്‍ കാതോര്‍ത്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള പേരാട്ടത്തില്‍ കണ്ണിയാകാന്‍ വൈദ്യര്‍ എത്തിയത് സമരപ്പന്തലില്‍ ആവേശം വിതറി. സമരത്തിന് ഊര്‍ജം പകര്‍ന്ന് മുതിര്‍ന്ന നേതാവ് വയനാടിന്റെ "സഖാവ്" പി കുഞ്ഞിക്കണ്ണനുമെത്തി. ഇരുവരും ആദ്യാവസാനം ഉപരോധത്തില്‍ പങ്കെടുത്തു. തങ്ങളുടെ പ്രിയപ്പെട്ട സഖാക്കളെ പ്രവര്‍ത്തകര്‍ കൈപിടിച്ചാണ് സമരപന്തലിലേക്കെത്തിച്ചത്.

ആവേശം പകര്‍ന്ന് കേളപ്പേട്ടന്‍

കോഴിക്കോട്: പ്രായം തളര്‍ത്താത്ത പോരാട്ടവീര്യവുമായി സമരപ്പന്തലില്‍ പാര്‍ടി പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന് മുതിര്‍ന്ന നേതാവ് കേളപ്പേട്ടനും. രാവിലെത്തന്നെ അദ്ദേഹം കലക്ടറേറ്റിനു മുന്നിലെ സമരപ്പന്തലില്‍ എത്തി. ഒട്ടനവധി സമരമുഖങ്ങളില്‍ ജില്ലയിലെ ചെങ്കൊടി പ്രസ്ഥാനത്തെ നയിച്ച സഖാവ് പ്രവര്‍ത്തകരെ അഭിവാദ്യംചെയ്തു. കൊടിയ മര്‍ദനങ്ങളെ അതിജീവിച്ചാണ് ജില്ലയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ന്നത്. 1948-58 കാലങ്ങളില്‍ വലിയ മര്‍ദന മുറകളാണ് പാര്‍ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെയുണ്ടായത്. അതെല്ലാം അതിജീവിച്ചാണ് പാര്‍ടി വളര്‍ന്നത്. പാവങ്ങള്‍ക്കുവേണ്ടിയുള്ള ഈ സമരം ഇനിയും മുന്നോട്ടുകൊണ്ടുപോകണമെന്ന് അദ്ദേഹം പറഞ്ഞു.

സമരങ്ങളോട് മുഖംതിരിക്കുന്ന സര്‍ക്കാറാണ് സംസ്ഥാനത്തേതെന്ന് സംസ്ഥാന കമ്മിറ്റി അംഗം പി സതീദേവി പറഞ്ഞു. സര്‍ക്കാറിനെതിരായ ജനരോഷം മാധ്യമങ്ങള്‍ മറച്ചുപിടിക്കുകയാണ്. നുണപ്രചാരണംകൊണ്ട് സിപിഐ എമ്മിനെ ഇല്ലാതാക്കാമെന്ന വ്യാമോഹം ആര്‍ക്കും വേണ്ടെന്നും അവര്‍ പറഞ്ഞു. 90കളിലെ ആഗോളവല്‍ക്കരണ നയമാണ് കേന്ദ്രസര്‍ക്കാര്‍ തുടരുന്നതെന്ന് സംസ്ഥാന കമ്മിറ്റിയംഗം എന്‍ കെ രാധ പറഞ്ഞു. പൊതുവിതരണ ശൃംഖലയുടെ അന്തഃസത്ത കേന്ദ്രം നഷ്ടപ്പെടുത്തി. ഭക്ഷ്യ സബ്സിഡി നിര്‍ത്തലാക്കി. ഇതിനെല്ലാമെതിരായ ജീവല്‍ സമരം പാര്‍ടി ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടുപോകുമെന്നും അവര്‍ പറഞ്ഞു. ജനലക്ഷങ്ങള്‍ പാര്‍ടിക്കു പിന്നിലുണ്ടെന്നതിന്റെ തെളിവാണ് സമരത്തിലെ വര്‍ധിച്ച ബഹുജന പങ്കാളിത്തമെന്ന് അധ്യക്ഷനായ എ പ്രദീപ്കുമാര്‍ എംഎല്‍എ പറഞ്ഞു.

നിശ്ചലം

മലപ്പുറം: ജനലക്ഷങ്ങളുടെ പ്രതിഷേധത്തില്‍ ഭരണസിരാകേന്ദ്രങ്ങള്‍ നിശ്ചലം. സിപിഐ എം സംഘടിപ്പിച്ച കലക്ടറേറ്റ് ഉപരോധത്തിലേക്കുള്ള ജനപ്രവാഹത്തില്‍ ബുധനാഴ്ച നാടാകെ പ്രകമ്പനംകൊണ്ടു. നാനാതുറകളില്‍നിന്നായി കാലത്തുമുതലേ എത്തിയ സമരവളന്റിയര്‍മാരുടെ ഉശിരന്‍ മുന്നേറ്റം, രാജ്യത്തെ പട്ടിണിയിലേക്കും അഴിമതിയിലേക്കും നയിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള കനത്ത താക്കീതായി. മലപ്പുറം കലക്ടറേറ്റിന് മുന്നില്‍ പുലര്‍ച്ചെ തുടങ്ങിയ ഉപരോധം വൈകിട്ടുവരെ നീണ്ടു. അരലക്ഷംപേരെ പങ്കെടുപ്പിച്ച് കലക്ടറേറ്റ് വളയാനായിരുന്നു തീരുമാനം. എന്നാല്‍ സംഘാടകരുടെ കണക്കുകൂട്ടലുകളെപ്പോലും തെറ്റിക്കുന്നതായി സമരകേന്ദ്രത്തിലെത്തിയ ജനസഞ്ചയം.
ഉപരോധം കാലത്ത് ആറിന് തുടങ്ങി. എട്ടോടെ കൂടുതല്‍ പ്രവര്‍ത്തകരും പൊതുജനങ്ങളും എത്തിയതോടെ സമരകേന്ദ്രം ആവേശത്തില്‍ മുങ്ങി. പൊറുതിമുട്ടിയ ജീവിതസാഹചര്യം മാറ്റിത്തീര്‍ക്കാനുള്ള പ്രക്ഷോഭം ജനകീയ പോരാട്ട ഭൂമികയില്‍ പുതിയ ചരിത്രമെഴുതി. വിവിധ ലോക്കല്‍ കമ്മിറ്റികളുടെ ബാനറിന് കീഴില്‍ അണിനിരന്ന് പ്രകടനമായാണ് പ്രവര്‍ത്തകര്‍ സമരകേന്ദ്രത്തിലേക്ക് എത്തിയത്.

വിലക്കയറ്റം തടയുക, രാസവളത്തിന്റെ വിലനിയന്ത്രണാധികാരം നിലനിര്‍ത്തുക, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കുക, ജനനേതാക്കള്‍ക്കെതിരായ കള്ളക്കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പ്രകടനത്തില്‍ മുഴങ്ങി. നാടുമുടിക്കുന്ന അഴിമതിക്കെതിരെയും സിപിഐ എം പ്രവര്‍ത്തകരെ കള്ളക്കേസില്‍പ്പെടുത്തി കല്‍ത്തുറങ്കില്‍ തള്ളുന്ന നടപടിക്കെതിരെയുമുള്ള ജനരോഷം ഉപരോധത്തില്‍ ആര്‍ത്തിരമ്പി. കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ ആറാം പ്രതിയായ പി കെ ബഷീര്‍ എംഎല്‍എയെ സംരക്ഷിക്കുന്ന ഭരണാധികാരികളുടെ നടപടിക്കെതിരെയുള്ള അമര്‍ഷം മുദ്രാവാക്യങ്ങളില്‍ പ്രതിഫലിച്ചു.

നിരവധി സാഹിത്യ-സാംസ്കാരിക പ്രവര്‍ത്തകരും പൊതുസമൂഹത്തിന്റെ നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരംതേടിയുള്ള പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒപ്പം ചേര്‍ന്നു. മാപ്പിളപ്പാട്ട് കലാകാരന്‍ കെ വി അബൂട്ടിയുടെ ഗാനമേള, ഷൈജു കൃഷ്ണന്റെ "അവന്‍ അവനവന്‍" ഏകാഭിനയവും സമരപ്പന്തലില്‍ അരങ്ങേറി. സമരത്തിന് എത്തിയ പ്രവര്‍ത്തരുടെ വിപ്ലവഗാനാലാപനവും നാടന്‍ പാട്ട് അവതരണവുമുണ്ടായി.

സിവില്‍സ്റ്റേഷന് മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ അധ്യക്ഷനായി. കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവന്‍, ടി കെ ഹംസ, പി കെ സൈനബ, എംഎല്‍എമാരായ പി ശ്രീരാമകൃഷ്ണന്‍, കെ ടി ജലീല്‍, നാടകപ്രവര്‍ത്തകയും നടിയുമായ നിലമ്പൂര്‍ ആയിഷ, സി ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു. ഇ എന്‍ മോഹന്‍ദാസ് സ്വാഗതവും വി പി അനില്‍ നന്ദിയും പറഞ്ഞു.

മന്‍മോഹന്‍സിങ് തടവറയ്ക്ക് യോഗ്യന്‍: വിജയരാഘവന്‍

മലപ്പുറം: ചരിത്രത്തിലില്ലാത്ത വിധമുള്ള അഴിമതിക്ക് അധ്യക്ഷത വഹിച്ച പ്രധാനമന്ത്രി മന്‍മോഹന്‍സിങ് മുന്‍മന്ത്രി എ രാജയെപ്പോലെ തുറങ്കിലെത്താന്‍ യോഗ്യനാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവന്‍. വിലക്കയറ്റത്തിനും ജനദ്രോഹനയങ്ങള്‍ക്കുമെതിരെ സിപിഐ എം നേതൃത്വത്തില്‍ നടന്ന കലക്ടറേറ്റ് വളയല്‍ സമരത്തെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ജനവിരുദ്ധനയങ്ങളെ എതിര്‍ക്കുന്ന സിപിഐ എമ്മിനെയും നേതാക്കളെയും വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നത്. ജനങ്ങളുടെ മൗലിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ബദല്‍ നയങ്ങളുടെ അടിത്തറ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പാവപ്പെട്ടവന്റെ അവകാശങ്ങള്‍ പറിച്ചെടുക്കാനുള്ള ശ്രമം നടത്തുന്ന ഉമ്മന്‍ചാണ്ടിയുടെ മുന്നില്‍ വണങ്ങിനില്‍ക്കാനാവില്ല. പാര്‍ടിക്കെതിരായ കടന്നാക്രമണങ്ങള്‍ ചെറുത്ത് തോല്‍പ്പിക്കും. ഭയചകിതരായ അന്യസംസ്ഥാനക്കാര്‍ കിട്ടുന്ന വണ്ടിയ്ക്ക് നാട്ടിലേക്ക് പോകുന്ന സ്ഥിതിയാണുള്ളത്. വര്‍ഗീയ ശക്തികള്‍ എത്രമാത്രം ശക്തിപ്പെട്ടിരിക്കുന്നുവെന്നതിന്റെ തെളിവാണിതെന്നും വിജയരാഘവന്‍ പറഞ്ഞു. അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിക്കാനാണ് ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും ശ്രമിക്കുന്നതെന്ന് പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. സമരങ്ങളില്‍ പങ്കെടുത്തവരെയും സഹായം നല്‍കിയവരെയും കേസില്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമം. മാന്യമായ വേതനം ആവശ്യപ്പെട്ട് കോതമംഗലത്ത് നഴ്സുമാര്‍ നടത്തിയ സമരം ഇതിന് ഉദാഹരണമാണ്.

വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്ന് സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം ടി കെ ഹംസ കുറ്റപ്പെടുത്തി. കഴിഞ്ഞ സര്‍ക്കാര്‍ ഇല്ലാതാക്കിയ കര്‍ഷക ആത്മഹത്യകള്‍ യുഡിഎഫ് അധികാരത്തില്‍ വന്നതോടെ വീണ്ടും തുടങ്ങി. ജനകീയപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കാത്ത ഉമ്മന്‍ചാണ്ടി മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്നു പോലും ഒളിച്ചോടുകയാണെന്നും ഹംസ പറഞ്ഞു. കുത്തകകള്‍ക്ക് സബ്സിഡി നല്‍കാന്‍ കോടിക്കണക്കിന് രൂപ അനുവദിക്കുന്ന സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കായി ഒന്നും ചെയ്യാന്‍ തയ്യാറാവുന്നില്ലെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്നതല്ലാതെ പ്രായോഗിക തലത്തില്‍ ഒന്നും ചെയ്യുന്നില്ലെന്നും അവര്‍ പറഞ്ഞു.

കമ്യൂണിസ്റ്റ് പാര്‍ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ജനവിരുദ്ധ നയങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെ ടി ജലീല്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. ഇടതുപാര്‍ടികള്‍ ഇല്ലാതായാല്‍ പാവപ്പെട്ടവരുടെ ശബ്ദം കേള്‍ക്കാനില്ലാതാവും. ത്യാഗപൂര്‍ണമായ പോരാട്ടങ്ങളിലൂടെയാണ് ഇന്ന് അനുഭവിക്കുന്ന അവകാശങ്ങള്‍ നേടാനായതെന്ന് ഓര്‍മിക്കണമെന്നും ജലീല്‍ പറഞ്ഞു. ചരിത്രത്തിലില്ലാത്ത വിധം അഴിമതിയാണ് രാജ്യത്ത് നടക്കുന്നത്. കുത്തകകളുടെ താത്പര്യങ്ങള്‍ രാജ്യത്ത് നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തില്‍ ഈ നീക്കങ്ങളെ ചെറുത്ത് തോല്‍പ്പിക്കുന്ന ഇടതുപക്ഷ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള ശ്രമമാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. നെല്ലിയാമ്പതിയില്‍ ഹരിത രാഷ്ട്രീയം സംസാരിക്കുന്നവരുടെ പരിസ്ഥിതിസ്നേഹം യഥാര്‍ഥമല്ല. മറിച്ചാണെങ്കില്‍ ടൂറിസത്തിന്റെ പേരില്‍ ഭൂമി കുത്തകകള്‍ക്ക് നല്‍കുന്നതടക്കമുള്ള പ്രശ്നങ്ങളില്‍ സത്യസന്ധമായ നിലപാട് സ്വീകരിക്കണമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

സര്‍ക്കാരുകള്‍ ജനജീവിതംകൊണ്ട് പന്താടുന്നു: പാലോളി

മലപ്പുറം: രാജ്യത്തിന്റെ പൊതുമുതല്‍ കുത്തകകള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനജീവിതംകൊണ്ട് പന്താടുകയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പാലോളി മുഹമ്മദ്കുട്ടി പറഞ്ഞു. സിപിഐ എം സംഘടിപ്പിച്ച കലക്ടറേറ്റ് ഉപരോധം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വിലക്കയറ്റം റോക്കറ്റുപോലെ കുതിക്കുമ്പോഴും സര്‍ക്കാരുകള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. വിലക്കയറ്റം തടയാനുള്ള ബാധ്യത സര്‍ക്കാരിനാണ്. എന്നാല്‍ പ്രഖ്യാപനങ്ങള്‍ നടത്തി തടിയൂരാനാണ് ശ്രമം. അഴിമതി പതിനായിരങ്ങളില്‍നിന്ന് ലക്ഷം കോടികളിലേക്ക് കടന്നിരിക്കുന്നു. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യമായി പത്തുവര്‍ഷത്തേക്ക് ഭക്ഷ്യധാന്യം വിതരണംചെയ്യാന്‍ സാധിക്കുന്ന പണമാണ് അഴിമതിയിലൂടെ കുത്തകകള്‍ തട്ടിയെടുക്കുന്നത്. ഇവര്‍ക്ക് എല്ലാവിധ ഒത്താശയും ചെയ്യാനാണ് കേന്ദ്രത്തിന് താല്‍പ്പര്യം. കുത്തകകളുടെ കമീഷന്‍പറ്റി ജീവിക്കുന്ന നാണംകെട്ട മന്ത്രിമാരാണ് രാജ്യംഭരിക്കുന്നത്. ഇത് നാടിന് അപമാനമാണെന്നും പാലോളി പറഞ്ഞു.

രോഷപ്രവാഹം

പാലക്കാട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ജനരോഷം ആളിപ്പടര്‍ന്നു. നാളിതുവരെ കണ്ടിട്ടില്ലാത്തവിധമാണ് പാലക്കാട് കലക്ടറേറ്റിനുമുന്നില്‍ ബുധനാഴ്ച ജനങ്ങള്‍ ഒഴുകിയെത്തിയത്. ജനങ്ങളുടെ പ്രതിഷേധാഗ്നിയില്‍ ജില്ലാ ഭരണസിരാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവന്‍ ഉപരോധസമരം ഉദ്ഘാടനം ചെയ്തു. പ്രതീക്ഷിച്ചതിലും എത്രയോ മടങ്ങ് ജനങ്ങളാണ് സമരത്തിനെത്തിയത്. ജീവിതത്തെ പ്രതിസന്ധിയിലാക്കിയ സര്‍ക്കാരുകളെ മൂര്‍ച്ചയേറിയ മുദ്രാവാക്യങ്ങളാല്‍ അവര്‍ കീറിമുറിച്ചു. ജനവിരുദ്ധനയം തിരുത്താതെ സമരത്തില്‍നിന്ന് പിന്മാറില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു. ചിങ്ങമാസത്തിലെ ചൂടും പൊള്ളുന്ന വെയിലും സമരഭടന്മാരുടെ മുന്നില്‍ തോറ്റുമടങ്ങി. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും മറ്റ് തൊഴില്‍മേഖലയിലുള്ളവര്‍ക്കും മനുഷ്യനെപ്പോലെ ജീവിക്കാനുള്ള അവകാശത്തില്‍ സര്‍ക്കാര്‍ കത്തിവയ്ക്കരുതെന്ന് പതിനായിരങ്ങള്‍ ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടു. ആനുകൂല്യങ്ങളും ക്ഷേമപദ്ധതികളും നാടിന്റെ വികസനവും അട്ടിമറിച്ചവര്‍ക്ക് മാപ്പില്ലെന്ന് ഒരോ കണ്ഠവും ഉറക്കെ പ്രഖ്യാപിച്ചു. വിപ്ലവപ്രസ്ഥാനത്തിന്റെ പോരാട്ടചരിത്രത്തിലെ മറ്റൊരു അപൂര്‍വ ഏടായി കലക്ടറേറ്റ് ഉപരോധസമരം.

ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ സ്ത്രീ-പുരുഷഭേദമന്യേ പതിനായിരങ്ങള്‍ സിവില്‍സ്റ്റേഷനുമുന്നിലേക്ക് ഒഴുകിത്തുടങ്ങി. രാവിലെ ഒമ്പതോടെ സിവില്‍സ്റ്റേഷനിലേക്കുള്ള എല്ലാ വഴികളും ചെങ്കൊടിയേന്തിയ സമരവളണ്ടിയര്‍മാരെക്കൊണ്ട് നിറഞ്ഞു. പാടങ്ങളില്‍നിന്നും പണിശാലകളില്‍നിന്നും ഒരു ദിവസത്തെ ജോലി ഉപേക്ഷിച്ചായിരുന്നു ജീവല്‍പ്രധാന പ്രശ്നം മുന്‍നിര്‍ത്തിയുള്ള സമരത്തില്‍ അണിചേരാനെത്തിയത്. പ്രായമായവര്‍ മുതല്‍ യുവാക്കള്‍വരെ ആവേശത്തിന്റെ അലയിളക്കിക്കൊണ്ട് പോരാട്ടഭൂവിലെത്തി. സ്ത്രീസഖാക്കളുടെ അഭൂതപൂര്‍വമായ പ്രവാഹമാണ് സമരമുഖത്തുണ്ടായത്. രാവിലെ പത്തോടെ ചരിത്രനഗരിയുടെ എല്ലാ വഴികളും ജില്ലാ ആസ്ഥാനത്തേക്കായി. മഹാപ്രവാഹമായി എത്തിക്കൊണ്ടിരുന്ന ജനതയെ ഉള്‍ക്കൊള്ളാനാകാതെ പാലക്കാട് നഗരം വീര്‍പ്പുമുട്ടി. അട്ടപ്പാടി, പറമ്പിക്കുളം, മണ്ണാര്‍ക്കാട് തുടങ്ങിയ മലയോരപ്രദേശങ്ങളില്‍നിന്ന് അതിരാവിലെ പുറപ്പെട്ട മണ്ണിന്റെ മക്കള്‍ സമരാവേശം ജ്വലിപ്പിച്ചുകൊണ്ട് വന്നണഞ്ഞു. പുലര്‍കാലംമുതല്‍ വൈകിട്ട് വരെ നീണ്ട പ്രക്ഷോഭത്തിലേക്ക് പൊതിച്ചോറും വെള്ളവുമായാണ് സ്ത്രീകളടക്കമുള്ളവര്‍ എത്തിയത്. ചുട്ടുപൊള്ളുന്ന നിരത്തില്‍ വൈകിട്ട്വരെ കുത്തിയിരുന്ന് അവര്‍ പ്രതിഷേധിച്ചു. പുലാപ്പറ്റ രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള കലാകാരന്മാര്‍ അവതരിപ്പിച്ച നാടന്‍പാട്ട് വെയില്‍ചൂടിനെ തണുപ്പിച്ചു. കേരളത്തെ മുച്ചൂടും ഇരുട്ടിലാക്കുന്ന നയത്തില്‍നിന്ന് യുഡിഎഫ്സര്‍ക്കാര്‍ പിന്തിരിയുന്നില്ലെങ്കില്‍ വരുംനാളുകളില്‍ സമരത്തിന്റെ വേലിയേറ്റം ഉണ്ടാവുമെന്ന് നേതാക്കള്‍ മുന്നറിയിപ്പു നല്‍കി. സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ അധ്യക്ഷനായി. സംസ്ഥാനകമ്മിറ്റിയംഗങ്ങളായ സി ടി കൃഷ്ണന്‍, എം ചന്ദ്രന്‍, എംപിമാരായ എം ബി രാജേഷ്, പി കെ ബിജു എന്നിവര്‍ സംസാരിച്ചു. പാലക്കാട് ഏരിയ സെക്രട്ടറി എം നാരായണന്‍ സ്വാഗതവും കെ വി രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ടി എന്‍ കണ്ടമുത്തന്‍, ആര്‍ ചിന്നക്കുട്ടന്‍, പി കെ ശശി, പി കെ സുധാകരന്‍, എ പ്രഭാകരന്‍, പി മമ്മിക്കുട്ടി, ടി കെ നാരായണദാസ്, എം ഹംസ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.

"സിപിഐ എമ്മിനെ നേരിടുന്നതിനുപകരം ജനവിരുദ്ധനയം തിരുത്തൂ "- വിജയരാഘവന്‍

പാലക്കാട്: ജനവിരുദ്ധനയം തിരുത്തുന്നതിനു പകരം അതിനെതിരെ പ്രതികരിക്കുന്ന സിപിഐ എമ്മിനെ പൊലീസിനെ ഉപയോഗിച്ച് തകര്‍ക്കാമെന്ന ഉമ്മന്‍ചാണ്ടിയുടെ മോഹം നടക്കാന്‍ പോകുന്നില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ വിജയരാഘവന്‍ പറഞ്ഞു. പാലക്കാട് കലക്ടറേറ്റ് ഉപരോധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസുകാരുടെ മുഖത്ത് തുപ്പുന്നവരുടെയും തെറിവിളിക്കുന്നവരുടെയും മുന്നില്‍ നട്ടെല്ലു വളച്ച് കുനിഞ്ഞുനിന്നാണ് ഉമ്മന്‍ചാണ്ടി, സര്‍ക്കാരിനെ നയിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം വര്‍ഗീയവാദികളും അഴിമതിക്കാരും ശക്തി പ്രാപിച്ചു. പാവങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന മുഴുവന്‍ ആനുകൂല്യങ്ങളും ഇല്ലാതാക്കി. അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരുകയാണ്. പെട്രോളിന്റെ വില വര്‍ധിപ്പിച്ചുവെന്ന്് അറിയിക്കാന്‍മാത്രം വായ തുറക്കുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ അതേ നിലപാടാണ് സംസ്ഥാനസര്‍ക്കാരിന്റേതും. പാചകവാതകം ചുരുക്കി. ജീവനക്കാരുടെ മരണസംസ്കാരച്ചെലവായി പെന്‍ഷന്‍പദ്ധതി മാറുന്ന സ്ഥിതിയാക്കിയെന്നും വിജയരാഘവന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജനകീയാഗ്നിയില്‍ കരിഞ്ഞുവീഴും: എ കെ ബാലന്‍

കല്‍പ്പറ്റ: ജനരോഷത്തിന്റെ അഗ്നിയില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചിറകറ്റ് വീഴുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ കെ ബാലന്‍ പറഞ്ഞു. ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സിപിഐ എം നേതൃത്വത്തില്‍ നടന്ന വയനാട് കലക്ടറേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇത് തുടക്കം മാത്രമാണ്. വരാന്‍ പോകുന്നത് ജനവിരുദ്ധനയങ്ങള്‍ക്കെതിരായ സമരാഗ്നിയാണ്. ഉമ്മന്‍ചാണ്ടി തീക്കൊള്ളികൊണ്ടാണ് കളിക്കുന്നത്. മന്ത്രിമാരേയും ചീഫ് വിപ്പിനെയും കയറൂരിവിട്ടിരിക്കുകയാണ്. സര്‍ക്കാര്‍ കോടതിയില്‍ പറയുന്നതിനോട് യോജിപ്പില്ലെന്ന് പറയുന്ന ചീഫ് വിപ്പിനെ പുറത്താക്കണം. അല്ലെങ്കില്‍ ചീഫ് വിപ്പ് പദവി എന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പാട്ടവ്യവസ്ഥ ലംഘിച്ച മുഴുവന്‍ വന്‍കിടതോട്ടങ്ങളും സര്‍ക്കാര്‍ പിടിച്ചെടുക്കണം. എന്നാല്‍ റിസോര്‍ട്ട്- റിയല്‍ എസ്റ്റേറ്റ് മാഫിയകളുമായി സര്‍ക്കാര്‍ ഒത്തുകളിക്കുകയാണ്. അധോലോകത്തിന് ഭൂമി തീറെഴുതി. യുഡിഎഫ് ഭരണത്തില്‍ സമസ്തമേഖലകളും തകര്‍ച്ചയുടെ പാതയിലാണ്. എല്‍ഡിഎഫ് ഭിരക്കുമ്പോള്‍ കിട്ടിയതിന്റെ ഇരട്ടിയിലേറെ വൈദ്യുതി കേന്ദ്രപൂളില്‍നിന്നും ലഭിച്ചിട്ടും സംസ്ഥാനത്ത് പവര്‍കട്ടും ലോഡ് ഷെഡിങ്ങുമാണ്. ഇരുട്ടിലേക്കാണ് സംസ്ഥാനത്തെ തള്ളിവിടുന്നത്. നരനായാട്ട് നടത്തിയും കള്ളക്കേസ് എടുത്തും മൂന്നാമുറ പ്രയോഗിച്ചും സിപിഐ എമ്മിനെ തകര്‍ക്കാമെന്ന വ്യാമോഹം യുഡിഎഫും പൊലിസും അവസാനിപ്പിക്കണം. ജനശക്തിയാണ് സിപിഐ എമ്മിന്റെ കരുത്ത്- എ കെ ബാലന്‍ പറഞ്ഞു.

ജയില്‍വാസത്തിലും പതറാതെ ആദിവാസികള്‍ ഒന്നടങ്കം

കല്‍പ്പറ്റ: ജയില്‍വാസത്തിലും പൊലീസ് പീഡനത്തിലും തളരാതെ കത്തുന്ന സമരാവേശവുമായി അവര്‍ കലക്ടറേറ്റ് വളയാനുമെത്തി; ഭൂമിക്കായി സമരംചെയ്യുന്ന ജില്ലയിലെ ആദിവാസികള്‍. സമരകേന്ദ്രങ്ങളിലെ അതേ കൂട്ടായ്മയോടെ ഉപരോധത്തിലും അവര്‍ പങ്കാളികളായി. പുരുഷന്‍മാരും സ്ത്രീകളും കുട്ടികളും സമരത്തിനുണ്ടായിരുന്നു. ആദിവാസികള്‍ക്ക് ഭൂമി നല്‍കി സമരം തീര്‍ക്കണമെന്നത് ഉപരോധത്തിന്റെ ആവശ്യങ്ങളിലൊന്നായിരുന്നു. അദിവാസികള്‍ക്ക് ഭൂമിനല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ കെ ബാലനും ആവശ്യപ്പെട്ടു. ഭൂമിക്കായി സമരം ചെയ്യുന്നവരെ വെടിവെച്ചുകൊന്നും ജയിലിലടച്ചുമുള്ള പാരമ്പര്യം യുഡിഎഫ് തുടര്‍ന്നാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭരണകേന്ദ്രം സ്തംഭിച്ചു പടയണിയൊരുക്കി പുരുഷാരം

തൃശൂര്‍: യുഡിഎഫ് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന് അറുതി വരുത്തുമെന്ന പ്രഖ്യാപനവുമായി പതിനായിരങ്ങളുടെ പടയണി. നാടിളക്കിയെത്തിയ ജനമുന്നേറ്റത്തില്‍ ജില്ലയുടെ ഭരണകേന്ദ്രം നിശ്ചലമായി. ഒഴുകിയെത്തിയ ജനസഹസ്രത്തെ ഉള്‍ക്കൊള്ളാനാകാത ജില്ലാ ആസ്ഥാനം മണിക്കൂറുകളോളം വീര്‍പ്പുമുട്ടി. വിലക്കയറ്റത്തിനെതിരെ സിപിഐ എം സംഘടിപ്പിച്ച കലക്ടറേറ്റ് ഉപരോധമാണ് സമരചരിത്രത്തില്‍ പുതിയ ഇതിഹാസമായത്. ബുധനാഴ്ച പകല്‍ മുഴുവന്‍ നീണ്ടുനിന്ന ഉപരോധം സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. അതിരാവിലേ മുതല്‍ ജില്ലയുടെ വിദൂര ഭാഗങ്ങളില്‍നിന്നടക്കം ചെങ്കൊടി കെട്ടിയ വാഹനങ്ങളില്‍ പാര്‍ടി പ്രവര്‍ത്തകരും തൊഴിലാളികളും കുടുംബാംഗങ്ങളും തൃശൂരിലേക്ക് നീങ്ങി.

രാവിലെ എട്ടു മണിയോടെ നഗരമാകെ സിപിഐ എം പ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞു. വാഹനങ്ങളിലെത്തി നിശ്ചിത കേന്ദ്രങ്ങളില്‍നിന്നാണ് കലക്ടറേറ്റിലേക്ക് പ്രകടനങ്ങള്‍ ആരംഭിച്ചത്.

രാവിലെ ആറുമുതല്‍ വളണ്ടിയര്‍മാര്‍ കലക്ടറേറ്റിന്റെ മൂന്ന് പ്രധാന കവാടങ്ങളും ഉപ കവാടങ്ങളും വളഞ്ഞുകഴിഞ്ഞിരുന്നു. ഒമ്പതുമണിയോടെ കലക്ടറേറ്റ് പരിസരത്തേക്ക് സിപിഐ എം പ്രവര്‍ത്തകര്‍ പ്രവഹിച്ചുകൊണ്ടിരുന്നു. സ്ത്രീകളുടെ ആവേശകരമായ പങ്കാളിത്തം ശ്രദ്ധേയമായി. പുഴയ്ക്കല്‍, കുന്നംകുളം, ചാവക്കാട് ഏരിയകളില്‍നിന്നുള്ളവര്‍ അയ്യന്തോള്‍ കര്‍ഷകനഗറില്‍ കേന്ദ്രീകരിച്ച് പ്രകടനമായി കലക്ടറേറ്റിന്റെ വടക്കുഭാഗത്തെ ഗേറ്റുകള്‍ ഉപരോധിച്ചപ്പോള്‍ മണലൂര്‍, നാട്ടിക, കൊടുങ്ങല്ലൂര്‍ ഏരിയകളില്‍ നിന്നുള്ളവര്‍ കാഞ്ഞാണി റോഡ് വഴിയെത്തി തെക്ക് ഭാഗത്തെ ഗേറ്റുകള്‍ ഉപരോധിച്ചു. ചുങ്കം ഭൂപണയബാങ്ക് പരിസരത്ത് കേന്ദ്രീകരിച്ച ചേലക്കര, വടക്കാഞ്ചേരി, മണ്ണുത്തി, ഒല്ലൂര്‍, ചേര്‍പ്പ് ഏരിയകളില്‍നിന്നുള്ളവരും പടിഞ്ഞാറേക്കോട്ടയില്‍ കേന്ദ്രീകരിച്ച ചാലക്കുടി, മാള, കൊടകര, ഇരിങ്ങാലക്കുട ഏരിയക്കാരും ചുങ്കം ഇറക്കം കഴിഞ്ഞ് കേന്ദ്രീകരിച്ച തൃശൂര്‍ ഏരിയയില്‍നിന്നുള്ളവരും അണിനിരന്നപ്പോള്‍ പടിഞ്ഞാറേക്കോട്ട മുതല്‍ കലക്ടറേറ്റ് വരെ ചെങ്കടലായി. രാവിലെ പത്തരയോടെ ഉദ്ഘാടന സമ്മേളനം ആരംഭിക്കുമ്പോള്‍ ജനസഞ്ചയത്തിന്റെ മൂന്നിലൊന്നു മാത്രമേ സമരമുഖത്ത് പ്രവേശിച്ചിരുന്നുള്ളൂ. കലക്ടറേറ്റിന്റെയും സിവില്‍ലെയ്ന്‍ സമുച്ചയത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനം നിശ്ചലമായി. എന്നാല്‍ കോടതികളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടില്ല. അഭിഭാഷകരേയും മറ്റും സമര വളണ്ടിയര്‍മാര്‍ അകത്തുവിട്ടു.

നാടന്‍പാട്ടും കോല്‍ക്കളിയും വാദ്യഘോഷങ്ങളും സമരവളണ്ടിയര്‍മാര്‍ക്ക് ആവേശം പകര്‍ന്നു. ഉദ്ഘാടന സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റിയംഗം കെ രാധാകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി കെ ബിജു എംപി, എന്‍ ആര്‍ ബാലന്‍, എംഎല്‍എമാരായ ബാബു എം പാലിശേരി, ബി ഡി ദേവസി, സിഐടിയു ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ്, കര്‍ഷകസംഘം ജില്ലാ സെക്രട്ടറി മുരളി പെരുനെല്ലി, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ ആര്‍ വിജയ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സി സുമേഷ്, എസ്എഫ്ഐ ജില്ലാ സെക്രട്ടറി എന്‍ വി വൈശാഖന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എ പത്മനാഭന്‍, അമ്പാടി വേണു, യു പി ജോസഫ്, സി കെ ചന്ദ്രന്‍, കെ കെ രാമചന്ദ്രന്‍, എംഎല്‍എമാരായ കെ വി അബ്ദുള്‍ഖാദര്‍, സി രവീന്ദ്രനാഥ് എന്നിവര്‍ നേതൃത്വം നല്‍കി. തൃശൂര്‍ ഏരിയ സെക്രട്ടറി പി കെ ഷാജന്‍ നന്ദി പറഞ്ഞു.

കള്ളക്കേസുകളുമായി മുന്നോട്ടു പോകാമെന്ന് സര്‍ക്കാര്‍ കരുതേണ്ട: ഇ പി ജയരാജന്‍

തൃശൂര്‍: പൊലീസിനെ ഉപയോഗിച്ച് സിപിഐ എം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കള്ളക്കേസെടുത്ത് അധികകാലം മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കരുതേണ്ടെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ എംഎല്‍എ പറഞ്ഞു. കാലുമാറ്റം സംഘടിപ്പിക്കാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപിച്ചത് ഞങ്ങളുടെ രാഷ്ട്രീയ മാന്യതകൊണ്ടാണ്. എന്നാല്‍, ആ സാഹചര്യം ഉപയോഗിച്ച് എന്തുംചെയ്യാമെന്ന് കരുതരുത്. അഹങ്കാരവും ധിക്കാരവും മാത്രമാണ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമുള്ളത്. യുഡിഎഫിന് ഒരുനയവും മറ്റുള്ളവര്‍ക്ക് മറ്റൊരു നയവും എന്നതാണ് ഈ സര്‍ക്കാരിന്റെ രീതിയെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക, വിലക്കയറ്റം തടയുക എന്നീ മുദ്രാവാക്യം ഉയര്‍ത്തി സിപിഐ എം നേതൃത്വത്തില്‍ നടത്തിയ തൃശൂര്‍ കലക്ടറേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇ പി.

രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടിയാണ് അധികാരികള്‍ പൊലീസിനെ ഉപയോഗിക്കുന്നത്. ലീഗ് അക്രമത്തിനിരയായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍പോയ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനേയും ടി വി രാജേഷ് എംഎല്‍എയേയും ലീഗുകാര്‍ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജയരാജന്‍ ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തുമെന്ന് അറിഞ്ഞിട്ട് തടഞ്ഞില്ലെന്നാണ് കേസ്. ഇത്തരത്തിലുള്ള കേസ് കേട്ടുകേള്‍വിയില്ലാത്തതാണ്. ഈ വകുപ്പ് എല്ലാക്കാലത്തും ഇവിടെ ഉണ്ടാവുമെന്ന് ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഓര്‍ക്കുന്നത് നന്നാകും. ജനദ്രോഹനയങ്ങളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുടരുന്നത്. ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ ടണ്‍ കണക്കിന് ഭക്ഷ്യധാന്യങ്ങള്‍ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നു. കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യം ജനങ്ങള്‍ക്ക് വിതരണം ചെയ്യണമെന്നും ജയരാജന്‍ പറഞ്ഞു. കെ രാധാകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായി.

സ്ത്രീകളുടെ വന്‍ പങ്കാളിത്തം

തൃശൂര്‍: വ്യത്യസ്തമായിരുന്നു ആ സമരമുഖം. വിലക്കയറ്റത്തിന്റെ തീഷ്ണതയില്‍ ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവരുടെ രോഷത്തിന്റെ സമരവീര്യം. അതിരാവിലെ മുതല്‍ വൈകിട്ടുവരെ ഉരുകുന്ന ചൂടിലും വീട്ടമ്മമാരുടെയും കുട്ടികളുടെയും യുവജനങ്ങളുടെയും സഹനസമരം. ഭരണസിരാകേന്ദ്രം നിശ്ചലമാക്കി സിവില്‍ ലൈനിലെ പ്രധാന റോഡുകളെല്ലാം വളണ്ടിയര്‍മാര്‍ കൈയടക്കിയപ്പോള്‍ ചെങ്കൊടിയുടെ തണലില്‍ അവര്‍ പടപ്പാട്ട് പാടി. വീട്ടില്‍ നിന്ന് ഭക്ഷണപ്പൊതിയും വെള്ളവും മറ്റും കൊണ്ടാണ് സ്ത്രീകളും തൊഴിലാളികളുമെല്ലാം എത്തിയത്. പലരും കുടുംബസമേതം പങ്കെടുത്തു. വിലക്കയറ്റത്തിന്റെ വലിയ ഇരകള്‍ സ്ത്രീകളും കുട്ടികളുമാണെന്ന തിരിച്ചറിവായിരുന്നു അവരെ സമര രംഗത്തേക്ക് നയിച്ചത്. വാര്‍ധക്യത്തിന്റെ അവശത മറന്നാണ് പലരും രണാങ്കണത്തിലെത്തിയത്. വിവിധ തൊഴിലിടങ്ങളില്‍ നിന്നും ആദിവാസി കോളനികളില്‍ നിന്നും എത്തിയവരും ധാരാളമായിരുന്നു. ഉച്ചയ്ക്ക് അവര്‍ കലക്ടറ്റേറ്റിന്റെ മുഖ്യ കവാടത്തിനടുത്ത് മരത്തണലിലും വെസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിലെ റോഡിലും കോസ്റ്റ്ഫോര്‍ഡ് പരിസരത്തുമെല്ലാം പോയി ഭക്ഷണം കഴിച്ചു. തടര്‍ന്ന് സമരകവാടങ്ങളില്‍ത്തന്നെ കുത്തിയിരുന്നു.

പോരാട്ടവീറുമായ് ലക്ഷങ്ങളെത്തി

 കൊച്ചി: ലക്ഷംപേര്‍ അണിനിരന്ന കലക്ടറേറ്റ് ഉപരോധത്തിലൂടെ ജില്ലയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം രചിച്ചത് ജനമുന്നേറ്റത്തിന്റെ പുതുചരിത്രം. കള്ളക്കേസുകളിലൂടെയും കടന്നാക്രമണങ്ങളിലൂടെയും തകര്‍ക്കാനാകാത്ത ജനകീയ പ്രതിരോധത്തിന്റെ കരുത്ത്. വിലക്കയറ്റത്തിനും ജനജീവിതം ദുസ്സഹമാക്കുന്ന ദ്രോഹനയങ്ങള്‍ക്കുമെതിരെ ഉയര്‍ന്നുവരുന്ന ബഹുജന പ്രക്ഷോഭത്തിന്റെ വീറ്. സംസ്ഥാനവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായ കലക്ടറേറ്റ് ഉപരോധത്തില്‍ ജില്ലാഭരണകേന്ദ്രം സ്തംഭിച്ചു. പുലര്‍ച്ചെ ആറിനുതന്നെ കലക്ടറേറ്റ്മന്ദിരം വളഞ്ഞ്, കവാടങ്ങള്‍ ഉപരോധിച്ച് വന്‍ ജനകീയദുര്‍ഗമുയര്‍ന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ഒഴുകിയെത്തിയ പ്രവര്‍ത്തകരും ബഹുജനങ്ങളുമടങ്ങിയ ജനാവലി കലക്ടറേറ്റിന്റെ അഞ്ചു കവാടങ്ങളും ഉപരോധിച്ചു. മുദ്രാവാക്യങ്ങളും സമരവീര്യം തിളയ്ക്കുന്ന പാട്ടുകളും മുഴക്കി പകല്‍ മുഴുവന്‍ കലക്ടറേറ്റ് പരിസരത്തെ സമരാവേശത്തിലാക്കി.

പുലര്‍ച്ചെമുതല്‍ വിവിധ ഏരിയ കമ്മിറ്റികളുടെ ബാനറുകള്‍ക്കു കീഴിലായി കലക്ടറേറ്റ് കവാടങ്ങളിലേക്ക് ജനപ്രവാഹം തുടങ്ങിയിരുന്നു. അഞ്ചു കവാടങ്ങളിലും തയ്യാറാക്കിയ പന്തലുകളും നിരത്തും നിറഞ്ഞുകവിഞ്ഞതോടെ ജില്ല കണ്ട ഏറ്റവും വലിയ ജനമുന്നേറ്റത്തിന്റെ ആവേശം ഉച്ചസ്ഥായിയിലായി. വാഹനഗതാഗതത്തിനും വഴിയാത്രക്കാര്‍ക്കും തടസ്സമുണ്ടാകാതിരിക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. പ്രധാനവേദിയില്‍ ഉദ്ഘാടനച്ചടങ്ങ് തുടങ്ങുമ്പോള്‍ കലക്ടറേറ്റ് പരിസരം നിറഞ്ഞുകവിഞ്ഞിരുന്നു. സ്ത്രീകളും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ളവര്‍ ഉപരോധത്തിന്റെ മുന്‍നിരയില്‍ നിരന്നു. വാര്‍ധക്യത്തിന്റെ അവശത മറന്ന് എത്തിയ ആദ്യകാല കര്‍ഷകത്തൊഴിലാളികള്‍ സമരത്തിന് ആവേശമേറ്റി. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍നിന്നുള്ള കലാവിദ്യാര്‍ഥികള്‍ തയ്യാറാക്കിയ കൂറ്റന്‍ ക്യാന്‍വാസില്‍ രചിച്ച കൊളാഷ്ചിത്രം സമരമുഖത്തിന് വ്യത്യസ്തത പകര്‍ന്നു. ജില്ലയിലെ വിവിധ വ്യവസായശാലകളില്‍നിന്നുള്ള നൂറുകണക്കിന് തൊഴിലാളികളുടെയും ജീവനക്കാരുടെയും പങ്കാളിത്തവും ശ്രദ്ധേയമായി. രാവിലെ 10ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍ ഉദ്ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ എം സുധാകരന്‍, പി രാജീവ് എംപി, കെ ചന്ദ്രന്‍പിള്ള, എസ് ശര്‍മ എംഎല്‍എ, സി എം ദിനേശ് മണി, സി എന്‍ മോഹനന്‍ എന്നിവര്‍ സംസാരിച്ചു. സരോജിനി ബാലാനന്ദന്‍, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി എം ഇസ്മയില്‍, കെ ജെ ജേക്കബ്, സി വി ഔസേപ്പ്, എം ബി സ്യമന്തഭദ്രന്‍, ടി കെ മോഹനന്‍, എം പി പത്രോസ്, വി പി ശശീന്ദ്രന്‍, പി ആര്‍ മുരളീധരന്‍, സി ബി ദേവദര്‍ശനന്‍, സി കെ മണിശങ്കര്‍, സ്വാഗതസംഘം കണ്‍വീനര്‍ സി കെ പരീത്, ജില്ലാകമ്മിറ്റി അംഗങ്ങള്‍, ഏരിയ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.

ഞങ്ങടെ കണ്ണീരില്‍ ഈ സര്‍ക്കാര്‍ ഒലിച്ചുപോകും

തിരു: "ഓണമാണ് വരുന്നത്. എല്ലാരും ഒത്തുകൂടേണ്ട ആഘോഷമായിട്ട് ഒരു തരി സാധനംപോലും വാങ്ങിയിട്ടില്ല. സാധനവിലയെപ്പറ്റി കേള്‍ക്കുമ്പോള്‍ പേടിയാകുന്നു. കൂലിപ്പണിചെയ്യുന്ന ഞങ്ങടെ പ്രശ്നം ആരറിയാന്‍. ഞങ്ങള്‍ ഒന്നുറക്കെ കരഞ്ഞാല്‍ മതി. ഞങ്ങടെ കണ്ണീരില്‍ ഈ സര്‍ക്കാര്‍ ഒലിച്ചുപോകും"- കിളിമാനൂര്‍സ്വദേശിയായ ശാന്തയെന്ന അറുപത്തിമൂന്നുകാരി പറഞ്ഞു. ജീവന്‍ നിലനിര്‍ത്താന്‍ സമരം ചെയ്യേണ്ട അവസ്ഥയാണിന്ന്. ശാന്തയെന്ന അമ്മയുടെ അഭിപ്രായം ശരിവയ്ക്കുകയാണ് ലളിതാംബികയും സരോജിനിയമ്മയും. ബുധനാഴ്ചത്തെ ഉപരോധത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ശാന്തയും ലളിതാംബികയും സരോജിനിയമ്മയുമടക്കമുള്ളവര്‍.

വളരെ വേഗം വികസനം കൊണ്ടുവരുമെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടി ഭരണത്തില്‍ വന്നശേഷം ഞങ്ങള്‍ക്ക് ദുരിതംമാത്രമേ ഉണ്ടായിട്ടുള്ളു. സര്‍ക്കാരുകളെ വിലയിരുത്താനോ അഭിപ്രായം പറയാനോ ഞങ്ങളില്ല. ഒരു കാര്യം അറിയാം. ഇന്നുവരെ കേരളത്തില്‍ ഇങ്ങനെയൊരു വിലവര്‍ധന ഉണ്ടായിട്ടില്ല. ജീവിക്കാന്‍ വേണ്ടിയാണ് സമരത്തിനെത്തിയത്. കൂലിപ്പണിക്കാരാണ് ഞങ്ങള്‍. അസുഖംമൂലം വലയുന്ന ഞങ്ങളുടെ ദുരിതം കാണാന്‍ മുഖ്യമന്ത്രിക്ക് താല്‍പ്പര്യമില്ല- പറയുന്നത് പുളിമാത്തുകാരായ സരസ്വതിയും സാവിത്രിയും. ഇക്കാര്യംതന്നെയാണ് പഴയ കുന്നുമ്മല്‍ പഞ്ചായത്തുകാരായ വനജകുമാരി, ഹലീമത്ത് എന്നിവര്‍ ചൂണ്ടിക്കാട്ടുന്നതും. "ഓപ്പറേഷനും തുടര്‍ചികിത്സയും കഴിഞ്ഞ് 10 മാസമായി. ആള്‍ക്കാരുടെ മുന്നില്‍വച്ച് നടത്തിയ പരിപാടിയില്‍ ധനസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് നിവേദനവും നല്‍കി. ഒമ്പതു മാസമായി ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് കയറിയിറങ്ങുന്നു. ഒരു നയാപൈസ കിട്ടിയിട്ടില്ല. ഇടയ്ക്കിടെ ഓരോ കാര്‍ഡില്‍ ചില അറിയിപ്പുകള്‍ അയക്കും. ഹൃദ്രോഗിയാണ് ഞാന്‍. രക്തസമ്മര്‍ദരോഗവുമുണ്ട്. ധനസഹായത്തിന് പകരം കാര്‍ഡ് കിട്ടിയിട്ട് കാര്യമുണ്ടോ"- വെട്ടുകാട് ബാലനഗര്‍ സ്വദേശി റോക്കി രോഷംകൊണ്ടു. "അര ലിറ്റര്‍ മണ്ണെണ്ണയാ ഇപ്പോള്‍ റേഷന്‍കട വഴി തരുന്നത്. ഇതുകൊണ്ടുവേണം ഒരു മാസം കഴിയാന്‍. ഈ സര്‍ക്കാര്‍ പോയേ പറ്റൂ"- വെട്ടുകാട് സ്വദേശി സോമന്‍ കൂട്ടിച്ചേര്‍ത്തു.

ഇരുട്ടിന്റെ മറവില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും

തിരു: മുഖ്യമന്ത്രിയും മന്ത്രിമാരും ഇരുട്ടിന്റെ മറവില്‍ സെക്രട്ടറിയറ്റില്‍ കയറിക്കൂടി. ബുധനാഴ്ച മന്ത്രിസഭാ യോഗം നിശ്ചയിച്ചിരുന്നതിനാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും അര്‍ധരാത്രിയില്‍തന്നെ ഓഫീസില്‍ എത്തി. ഉപരോധത്തില്‍ പങ്കെടുത്ത പതിനായിരങ്ങളുടെ പ്രതിഷേധാഗ്നിയെ മറികടന്ന് സെക്രട്ടറിയറ്റില്‍ എത്താന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയാണ് നേരത്തെതന്നെ സെക്രട്ടറിയറ്റില്‍ തമ്പടിച്ചത്. സെക്രട്ടറിയറ്റ് പൂര്‍ണമായും സ്തംഭിച്ചു. വകുപ്പുതലവന്മാര്‍ അടക്കമുള്ളവര്‍ എത്തിയില്ല. മന്ത്രി ഓഫീസുകളും ഒഴിഞ്ഞുകിടന്നു.

deshabhimani 230812

1 comment:

  1. സിപിഐ എമ്മിനൊപ്പം ജനങ്ങളില്ലെന്നും പാര്‍ടി തകര്‍ന്നെന്നും പ്രചരിപ്പിക്കുന്നവരുടെ കണ്ണുതുറപ്പിക്കുന്ന ബഹുജനപ്രവാഹം. ബുധനാഴ്ച കോഴിക്കോട് കലക്ടറേറ്റ് സാക്ഷ്യം വഹിച്ചത് ഉജ്വലമായ ജനമുന്നേറ്റത്തിന്. ടി പി ചന്ദ്രശേഖരന്‍ വധം മറയാക്കി പാര്‍ടിയെ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയവരുടെ പ്രചാരവേലയില്‍ കുത്തിയൊലിക്കുന്നതല്ല, ജനലക്ഷങ്ങളുടെ ഹൃദയപഥങ്ങളില്‍ അജയ്യമാണ് ചെങ്കൊടിപ്രസ്ഥാനമെന്ന് വിളിച്ചോതി കലക്ടറേറ്റിലെ സമരമുഖം.

    ReplyDelete