Friday, August 10, 2012

മുഖ്യമന്ത്രിയെ കാത്ത് ദുരന്ത ഭൂമി


വെള്ളിയാഴ്ച ദുരന്തബാധിതപ്രദേശത്തെത്തുന്ന മുഖ്യമന്ത്രിക്ക് മുന്നില്‍ ചോദ്യ ചിഹ്നം പോലെ വെള്ളപ്പൊക്കബാധിതര്‍. നഷ്ടക്കണക്ക് തിട്ടപ്പെടുത്താന്‍ നടത്തിയ പ്രവര്‍ത്തനംമാത്രമാണ് ഭരണകക്ഷിക്കും ജില്ലാ അധികൃതര്‍ക്കും വിശദീകരിക്കാനാവുക. നിശ്ചലമായ ഔദ്യോഗിക സംവിധാനത്തിന്റെ വീഴ്ചയില്‍ സകലതും വെള്ളപ്പൊക്കത്തില്‍ നഷ്ടപ്പെട്ടവരുടെ വിലാപമാവും ക്യാമ്പുകളില്‍ നിന്ന് കേള്‍ക്കേണ്ടി വരിക. ജീവിത സ്വപ്നമായ സ്വന്തം വീട് നിലം പറ്റിയവര്‍. മോന്തായം വരെ വെള്ളം കയറി മണിക്കൂറുകള്‍ വീട് വെള്ളത്തില്‍ കുതിര്‍ന്ന് ആശങ്കയിലായവര്‍. പാഠപുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റുകളും റേഷന്‍കാര്‍ഡുകളും പട്ടയവും ആധാരങ്ങളും പണവും പെട്ടിയും കറവപ്പശുവിനെപ്പോലും ഒഴുക്കിവിട്ട വെള്ളപ്പൊക്ക ദുരന്തം. ഉത്സവ സീസണില്‍ കച്ചവടം വെള്ളത്തിലായതിന്റെ ആവലാതികള്‍. എന്ത് നഷ്ട പ്രതിഫലമാവും തങ്ങളുടെ ജീവിത സ്വപ്നങ്ങളെ തകര്‍ത്തതിന് പകരം കിട്ടുക? മുഖ്യമന്ത്രിക്ക് മുന്നിലുള്ള ചോദ്യങ്ങളാവും ഇതൊക്കെ.

പ്രകൃതിദുരന്തം: ഇരയായവര്‍ക്ക് പ്രത്യേക പാക്കേജ് വേണം-സിപിഐ എം

കണ്ണൂര്‍: പഴശ്ശി ഡാം ഷട്ടര്‍ തുറക്കാത്തതുമൂലമുണ്ടായ കെടുതിയില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം വി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ദുരന്തം കാലവര്‍ഷം മൂലമുണ്ടായതല്ല. സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്ത ദുരന്തമാണിത്. ഉദ്യോഗസ്ഥരുടെ കുറ്റകരമായ വീഴ്ചയാണിത്. ഷട്ടര്‍ തുറക്കാതെ ജില്ലയുടെ 28 ശതമാനം വരുന്ന പഴശ്ശി പദ്ധതി പ്രദേശത്ത് കൃത്രിമ വെള്ളപ്പൊക്കമുണ്ടാക്കി 50 കോടിയുടെ നാശനഷ്ടമാണ് ഭരണസംവിധാനം ബോധപൂര്‍വം വരുത്തിയത്. 26 കോടിയുടെ നഷ്ടമുണ്ടായെന്നാണ് കലക്ടര്‍ സര്‍ക്കാരിന് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ അത് ഓരോ മേഖലയിലെയും നാശനഷ്ടങ്ങള്‍ കൃത്യമായി കണക്കാക്കിയ റിപ്പോര്‍ട്ടല്ല. ഇതിന് ഉത്തരവാദികളായവരെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.

ഭാവിയില്‍ ഇത്തരം ദുരന്തം ആവര്‍ത്തിക്കരുത്. ഷട്ടര്‍ തുറക്കാനാവാത്ത ഡാം ഇരിട്ടി മട്ടന്നൂര്‍ മേഖലയിലെ ജനജീവിതത്തിന് കനത്ത വെല്ലുവിളിയാണ്. കഴിഞ്ഞ രണ്ട് ദിവസത്തെ ഉരുള്‍പൊട്ടലില്‍ ഉണ്ടായ വെള്ളപ്പാച്ചില്‍ തടഞ്ഞു നിര്‍ത്തിയ കൊടുംപാതകമാണ് ജലസേചനവകുപ്പും, സര്‍ക്കാരും, ജില്ലാഭഭരണകൂടവും നടത്തിയത്. പ്രളയവെള്ളവും, കാലവര്‍ഷപേമാരിയും അണകെട്ടി തടയുന്ന വിഢിത്തം പഴശ്ശി പദ്ധതിയിലല്ലാതെ ലോകത്തെവിടെയും ഉണ്ടായിട്ടില്ല. ഷട്ടര്‍ തുറക്കുന്നതിനുപകരം ജലസേചന വകുപ്പധികൃതര്‍ കള്ളം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചെന്ന് സണ്ണി ജോസഫ് എംഎല്‍എ മന്ത്രിയോട് പരാതി പറഞ്ഞു. എന്ത് ഉത്തരവാദിത്വമാണ് ആപല്‍ഘട്ടത്തില്‍ ഈ ജനപ്രതിനിധിയും സ്ഥലത്ത് ഇതേവരെ ഇല്ലാത്ത കണ്ണൂര്‍ എം പി യും, സര്‍ക്കാരും, അധികൃതരും നിര്‍വഹിച്ചത്. തിങ്കളാഴ്ച പകല്‍ 11 മുതല്‍ ചൊവ്വാഴ്ച വൈകിട്ട് 4 വരെ ജനങ്ങളുടെ ജീവന്‍ പന്താടിയ ഘട്ടത്തില്‍ പൊലീസ്, നാവികസേന, ഫയര്‍ഫോഴ്സ് സംവിധാനങ്ങളോ ഔദ്യോഗിക സാന്നിധ്യമോ പ്രളയ മേഖലയില്‍ ഉണ്ടായില്ല.

ഇരിട്ടി, കോളിക്കടവ്, പടിയൂര്‍, പെരുമ്പറമ്പ്, പയഞ്ചേരി മുക്ക്, പയഞ്ചേരി മാടത്തില്‍ ഭാഗങ്ങളില്‍ 32 മണിക്കൂര്‍ നേരത്തെ പ്രളയത്തില്‍ 200 കടകളില്‍ വെള്ളം കയറി. ശ്രീകണ്ഠപുരത്തും, ഉളിക്കലും വെള്ളം കയറി കടകളിലും വീടുകളിലും നാശനഷ്ടമുണ്ടായി.സിമെന്റ്, ഹാര്‍ഡ്വെയര്‍, ജീവന്‍ രക്ഷാമരുന്നുകള്‍, ചെരുപ്പ്, ഫാന്‍സി, വയറിങ്, സാനിറ്ററി, പാത്രങ്ങള്‍, ചിക്കന്‍ സ്റ്റാള്‍, ഹോട്ടലുകള്‍, ബേക്കറി, തുണിക്കടകള്‍, ടിവി, ഇലക്ട്രോണിക് കടകള്‍, ബുക്ക് സ്റ്റാളുകള്‍, കണ്ണട കടകള്‍, പഴം-പച്ചക്കറി എന്നീ സ്ഥാപനങ്ങള്‍ നശിച്ചു. അയ്യങ്കുന്നില്‍ അടക്കം മേഖലയില്‍ 47 റോഡുകള്‍ തകര്‍ന്നു. 1000 വീടുകള്‍ക്ക് കേടുപറ്റി. 300 വീടുകള്‍ നിശേഷം തകര്‍ന്നു. സാമൂഹ്യക്ഷേമ രംഗത്തും, പശ്ചാത്തല മേഖലയിലും നേരിട്ട നഷ്ടം ഭീകരമാണ്. ആദിവാസി കോളനികളില്‍ ചിലത് വെള്ളപ്പൊക്കത്തില്‍ ഇല്ലാതായി. സര്‍ക്കാര്‍ 6 ദുരിതാശ്വാസ ക്യാമ്പ് തുറന്നെങ്കിലും പര്യാപ്തമായില്ല.

പ്രളയക്കെടുതി വിശദമായി വിലയിരുത്തി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിക്കണം. അതത് മേഖലയിലെ നാശനഷ്ടം സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് തയ്യാറാക്കണം. ത്രിതല പഞ്ചായത്ത്, എംഎല്‍എ, എം പി, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂട്ടായി ആലോചിച്ച് നാശബാധിത മേഖല പുനരുജീവിപ്പിക്കാന്‍ മതിയായ നഷ്ടപരിഹാരം ഉടന്‍ നല്‍കാന്‍ പ്രത്യേക പാക്കേജുകള്‍ നടപ്പാക്കണം. പ്രളയക്കെടുതിയോടൊപ്പം പകര്‍ച്ചവ്യാധി ഭീഷണിയുമുണ്ട്. ജലാശയങ്ങള്‍, കിണറുകള്‍ എന്നിവ അണുവിമുക്തമാക്കാന്‍ സ്പെഷ്യല്‍ ടീമിനെ നിയോഗിച്ച് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയില്ലെങ്കില്‍ പ്രളയബാധിത മേഖലയില്‍ രോഗങ്ങള്‍ വ്യാപിക്കാന്‍ ഇടയുണ്ടാകും. പല കിണറുകളിലും വെളളം മലിനമായിട്ടുണ്ട്. ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ എത്തിക്കുന്ന ഭക്ഷണവും വസ്ത്രവും ആവശ്യത്തിന്റെ മൂന്നിലൊന്ന് മാത്രമാണ്. സിപിഐ എം പ്രവര്‍ത്തകരും മറ്റ് സന്നദ്ധ പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിട്ടുണ്ട്. അനാസ്ഥ ഒഴിവാക്കി സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. വീടുകള്‍ തകര്‍ന്നവര്‍ക്ക് ഉടന്‍ പുതിയ വീടുനിര്‍മാണ പദ്ധതി നടപ്പാക്കണം. വ്യവസായമേഖലയ്ക്കും നഷ്ടപരിഹാരം നല്‍കണം. മുഖ്യമന്ത്രി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ജനങ്ങളുടെ പരാതി കേള്‍ക്കാന്‍ അദാലത്ത് നടത്തി വസ്തുതകള്‍ ബോധ്യപ്പെടണമെന്നും ജയരാജന്‍ അഭ്യര്‍ഥിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കൃഷ്ണന്‍, സിപിഐ എം ഇരിട്ടി ഏരിയാ സെക്രട്ടറി വൈ വൈ മത്തായി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 100812

1 comment:

  1. വെള്ളിയാഴ്ച ദുരന്തബാധിതപ്രദേശത്തെത്തുന്ന മുഖ്യമന്ത്രിക്ക് മുന്നില്‍ ചോദ്യ ചിഹ്നം പോലെ വെള്ളപ്പൊക്കബാധിതര്‍. നഷ്ടക്കണക്ക് തിട്ടപ്പെടുത്താന്‍ നടത്തിയ പ്രവര്‍ത്തനംമാത്രമാണ് ഭരണകക്ഷിക്കും ജില്ലാ അധികൃതര്‍ക്കും വിശദീകരിക്കാനാവുക. നിശ്ചലമായ ഔദ്യോഗിക സംവിധാനത്തിന്റെ വീഴ്ചയില്‍ സകലതും വെള്ളപ്പൊക്കത്തില്‍ നഷ്ടപ്പെട്ടവരുടെ വിലാപമാവും ക്യാമ്പുകളില്‍ നിന്ന് കേള്‍ക്കേണ്ടി വരിക. ജീവിത സ്വപ്നമായ സ്വന്തം വീട് നിലം പറ്റിയവര്‍. മോന്തായം വരെ വെള്ളം കയറി മണിക്കൂറുകള്‍ വീട് വെള്ളത്തില്‍ കുതിര്‍ന്ന് ആശങ്കയിലായവര്‍. പാഠപുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റുകളും റേഷന്‍കാര്‍ഡുകളും പട്ടയവും ആധാരങ്ങളും പണവും പെട്ടിയും കറവപ്പശുവിനെപ്പോലും ഒഴുക്കിവിട്ട വെള്ളപ്പൊക്ക ദുരന്തം. ഉത്സവ സീസണില്‍ കച്ചവടം വെള്ളത്തിലായതിന്റെ ആവലാതികള്‍. എന്ത് നഷ്ട പ്രതിഫലമാവും തങ്ങളുടെ ജീവിത സ്വപ്നങ്ങളെ തകര്‍ത്തതിന് പകരം കിട്ടുക? മുഖ്യമന്ത്രിക്ക് മുന്നിലുള്ള ചോദ്യങ്ങളാവും ഇതൊക്കെ.

    ReplyDelete