Friday, August 10, 2012

കൈയേറ്റം നിയമസഭാ സമിതി അന്വേഷിക്കണം


നെല്ലിയാമ്പതിയിലെ പ്രശ്നങ്ങളുടെ സമഗ്ര അന്വേഷണത്തിന് നിയമസഭാസമിതി രൂപീകരിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ എ കെ ബാലന്‍, എളമരം കരീം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പാട്ടക്കരാര്‍ ലംഘിച്ച എസ്റ്റേറ്റുകള്‍ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നേതാക്കള്‍.

നെല്ലിയാമ്പതിയില്‍ കൈയേറ്റക്കാര്‍ക്ക് അനുകൂലമായി കേസുകളില്‍ തോറ്റുകൊടുക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. ദൈവം തമ്പുരാന്‍ വന്ന് വാദിച്ചാലും കേസില്‍ സര്‍ക്കാര്‍ തോല്‍ക്കുമെന്ന് മന്ത്രിയുടെ പദവിയുള്ള ചീഫ് വിപ്പ് പി സി ജോര്‍ജ് പ്രഖ്യാപിച്ചത് ഭരണഘടനാ ലംഘനമാണ്. ജനങ്ങളുടെയും രാജ്യത്തിന്റെയും താല്‍പ്പര്യം സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് ചുമതലയേറ്റയാള്‍ കൈയേറ്റക്കാരെ സഹായിക്കുന്ന പരസ്യപ്രഖ്യാപനം നടത്തുകയാണ്. നീതിന്യായ വ്യവസ്ഥയെ അധിക്ഷേപിക്കുന്ന പ്രസ്താവനയാണ് ജോര്‍ജ് നടത്തിയത്. "ചെറുനെല്ലി, രാജാക്കാട്, മോങ്ക്വുഡ് എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാനുള്ള നടപടിക്ക് സ്റ്റേ ലഭിച്ചതിനുപിന്നില്‍ സര്‍ക്കാരിന്റെ ഒത്താശയുള്ളതായി സംശയിക്കേണ്ടിയിരിക്കുന്നു. സ്റ്റേ ഒഴിവാക്കാന്‍ വനം വകുപ്പ് തയ്യാറാക്കി കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ മാറ്റം വരുത്തി ദുര്‍ബലമാക്കി.

ഇത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പിന്തുണയില്ലാതെ സാധ്യമാകില്ല. വാദിക്കും പ്രതിക്കും വേണ്ടി അഡ്വക്കറ്റ് ജനറലിന്റെ ഓഫീസ് പ്രവര്‍ത്തിക്കുകയാണ്. മുല്ലപ്പെരിയാര്‍ കേസിലും സമാന സ്ഥിതിയായിരുന്നു. നെല്ലിയാമ്പതിയിലെ കേസുകള്‍ പരാജയപ്പെട്ടാല്‍ സമൂഹത്തില്‍ കടുത്ത പ്രത്യാഘാതമുണ്ടാകും. പരിസ്ഥിതി പ്രാധാന്യമുള്ള നിബിഡ വനഭൂമി കൈയേറ്റക്കാരുടെതാകും. അനാവശ്യ വിവാദം സൃഷ്ടിച്ച് യഥാര്‍ഥ പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. രജിസ്ട്രേഷന്‍ നിയമം പാടെ ലംഘിച്ചാണ് ചെറുനെല്ലി എസ്റ്റേറ്റിന്റെ ഭൂമി പല പേരുകളിലായി രജിസ്റ്റര്‍ ചെയ്തത്്. രജിസ്ട്രേഷന്‍ വകുപ്പിന്റെ നിയമലംഘനവും വനം വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഇടപെടലും അന്വേഷിക്കണം. കരാര്‍ നിയമം ലംഘിച്ചതും കരാര്‍ കാലാവധി അവസാനിച്ചതുമായ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുമ്പോള്‍ അവിടങ്ങളിലെ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മാനുഷികമായി പരിഹരിക്കണം.

അതേസമയം, തൊഴിലാളികളെ മനുഷ്യകവചമാക്കി കൈയേറ്റം നടത്താന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനുമാകില്ല. ചെറുനെല്ലിയില്‍നിന്ന് കുടിയേറ്റ കര്‍ഷകരെ ഒഴിപ്പിക്കുകയാണെന്ന യുഡിഎഫ് വാദത്തിന് അടിസ്ഥാനമില്ല. ഇവിടെ ഒരു കര്‍ഷകനെപ്പോലും കാണാന്‍ കഴിഞ്ഞില്ല. ജൈവ-പാരിസ്ഥിതിക പ്രാധാന്യമുള്ള നെല്ലിയാമ്പതിയിലെ വനഭൂമി കൈയേറുന്നത് എല്ലാ വിഭാഗം ജനങ്ങളെയും സഹകരിപ്പിച്ച് സിപിഐ എം പ്രതിരോധിക്കും. ചെറുനെല്ലി എസ്റ്റേറ്റ് കൈവശപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് എം എ ബേബി പറഞ്ഞു. പാലക്കാട് ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍, ജില്ലാ സെക്രട്ടറിയറ്റംഗം ആര്‍ ചിന്നക്കുട്ടന്‍, വി ചെന്താമരാക്ഷന്‍ എംഎല്‍എ എന്നിവരും സംഘത്തോടൊപ്പമുണ്ടായി. ചെറുനെല്ലി, രാജാക്കാട്, മീരാഫ്ളോറസ് എസ്റ്റേറ്റുകളാണ് സിപിഐ എം സംഘം സന്ദര്‍ശിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരില്‍നിന്നും തൊഴിലാളികളില്‍നിന്നും സംഘം പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞു.


നെല്ലിയാമ്പതി: പ്രശ്നങ്ങള്‍ കണ്ടറിഞ്ഞ് സിപിഐ എം നേതാക്കള്‍

പാലക്കാട്: പാട്ടക്കരാര്‍ ലംഘിച്ചതും കരാര്‍കാലാവധി കഴിഞ്ഞതുമായ നെല്ലിയാമ്പതിയിലെ തോട്ടങ്ങള്‍ സിപിഐ എം നേതാക്കള്‍ സന്ദര്‍ശിച്ചു. ചെറുനെല്ലി, രാജാക്കാട്, മീരാഫ്ളോറസ് എസ്റ്റേറ്റുകളാണ് പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ എ കെ ബാലന്‍, എളമരം കരീം എന്നിവരടങ്ങുന്ന സംഘം വ്യാഴാഴ്ച സന്ദര്‍ശിച്ചത്. രാവിലെ ചെറുനെല്ലി എസ്റ്റേറ്റിലെത്തിയ സംഘത്തെ നാട്ടുകാര്‍ മുദ്രാവാക്യം മുഴക്കി അഭിവാദ്യം ചെയ്താണ് വരവേറ്റത്. വനംവകുപ്പ് ഉദ്യോഗസ്ഥരില്‍നിന്ന് സംഘാംഗങ്ങള്‍ വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് എസ്റ്റേറ്റിനകത്തേക്കുപോയ സംഘം കരാര്‍ലംഘിച്ച് റബര്‍ ഉള്‍പ്പെടെയുള്ള മരങ്ങള്‍ വച്ചുപിടിപ്പിച്ചത് നേരില്‍ കണ്ടു. 35 വര്‍ഷം വരെ പഴക്കമുള്ള റബര്‍ മരങ്ങള്‍ ഇവിടെയുള്ളതായി സംഘത്തിനു ബോധ്യപ്പെട്ടു. പുതിയതായും റബര്‍തൈകള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. പാട്ടക്കരാര്‍ പ്രകാരം എസ്റ്റേറ്റില്‍ കാപ്പി, ഏലം, കുരുമുളക് എന്നിവ കൃഷി ചെയ്യാന്‍ മാത്രമെ അനുവാദമുള്ളു. ഭൂമി വ്യാപകമായി മുറിച്ചുവിറ്റതായും കണ്ടെത്തി.

തുടര്‍ന്ന് റോസറി എസ്റ്റേറ്റിലെത്തിയ നേതാക്കള്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ അന്വേഷിച്ചറിഞ്ഞു. ഇവിടെ 86 സ്ഥിരം തൊഴിലാളികളും 47 താല്‍ക്കാലിക തൊഴിലാളികളുമാണുള്ളത്. സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുമുമ്പ് ജോലി ചെത്തതിന്റെ ഗ്രാറ്റുവിറ്റി ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് തൊഴിലാളികള്‍ പരാതിപ്പെട്ടു. ശമ്പളകുടിശ്ശികയും തീര്‍ത്തു നല്‍കിയിട്ടില്ല തുടങ്ങിയ പ്രശ്നങ്ങളും തൊഴിലാളികള്‍ ഉന്നയിച്ചു. തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ നേതാക്കള്‍ക്ക് നിവേദനവും നല്‍കി. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് സിപിഐ എം നേതാക്കള്‍ ഉറപ്പുനല്‍കി. പിന്നീട് 288 ഏക്കര്‍ വിസ്തീര്‍ണമുള്ള രാജാക്കാട് എസ്റ്റേറ്റില്‍ സിപിഐ എം സംഘം എത്തി. ഇവിടെയും വ്യാപകമായി പാട്ട ക്കരാര്‍ ലംഘനം നടന്നിട്ടുള്ളതായി സംഘത്തിന് ബോധ്യപ്പെട്ടു. ഇവിടെയും തൊഴിലാളികളുമായി നേതാക്കള്‍ ആശയവിനിമയം നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍, ജില്ലാ സെക്രട്ടറിയറ്റംഗം ആര്‍ ചിന്നക്കുട്ടന്‍, വി ചെന്താമരാക്ഷന്‍ എംഎല്‍എ, സിപിഐ എം കൊല്ലങ്കോട് ഏരിയ സെക്രട്ടറി കെ ബാബു, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഗീത, നെല്ലിയാമ്പതി പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ചിത്തിരന്‍പിള്ള എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.


deshabhimani 100812

1 comment:

  1. നെല്ലിയാമ്പതിയിലെ പ്രശ്നങ്ങളുടെ സമഗ്ര അന്വേഷണത്തിന് നിയമസഭാസമിതി രൂപീകരിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ എ കെ ബാലന്‍, എളമരം കരീം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പാട്ടക്കരാര്‍ ലംഘിച്ച എസ്റ്റേറ്റുകള്‍ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നേതാക്കള്‍.

    ReplyDelete