Friday, August 17, 2012

മാറാട്: എഫ്എമ്മും രണ്ട് മന്ത്രിമാരും ആര്


മാറാട് കൂട്ടക്കൊലക്ക് പിന്നിലെ അക്രമികള്‍ക്ക് യഥേഷ്ടം പണമൊഴുക്കിയ എഫ്എമ്മും (ഫിനാന്‍സ് മിനിസ്റ്റര്‍) അദ്ദേഹത്തിന് ഏറെ സ്വാധീനമുണ്ടായിരുന്ന എ കെ ആന്റണി-ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ രണ്ട് മന്ത്രിമാരും ആരാണ്? കലാപത്തെക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച ഈ അജ്ഞാതര്‍ ആരെന്ന് അറിയാന്‍ ആറ് വര്‍ഷമായി കേരളം കാത്തിരിക്കുന്നു. 2006 ഫെബ്രുവരിയില്‍ കമീഷനില്‍നിന്നും റിപ്പോര്‍ട്ട് ഏറ്റുവാങ്ങിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെയാണ് ഇന്നും മുഖ്യമന്ത്രി. അക്രമികളും സംഭവദിവസം അവര്‍ക്ക് സഹായം നല്‍കിയവരും മാത്രമേ ഇപ്പോഴും ഇരുമ്പഴിക്കുള്ളിലായിട്ടുള്ളൂ. കൊല്ലാന്‍ ഗൂഢാലോചന നടത്തിയ വന്‍സ്രാവുകളെ തൊടാന്‍ പോലും ഉമ്മന്‍ചാണ്ടി-കുഞ്ഞാലിക്കുട്ടി അച്ചുതണ്ട് അന്ന് ശ്രമിച്ചില്ല. ഇത് മനസ്സിലായതുകൊണ്ടാണ് ജുഡിഷ്യല്‍ കമീഷന്‍ തോമസ് പി ജോസഫ് കൂട്ടക്കൊലക്ക് പിന്നിലെ ഗൂഢാലോചന, തീവ്രവാദി ബന്ധം, സ്ഫോടക വസ്തുക്കളുടെ ശേഖരണം, ധനസ്രോതസ്സ് എന്നിവ സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ശുപാര്‍ശ ചെയ്തത്.

2003 മെയ് രണ്ടിനാണ് മാറാട് കടപ്പുറത്ത് ഒമ്പത് പേര്‍ വെട്ടേറ്റ് മരിച്ചത്. അന്ന് രാത്രി വിദേശത്തുനിന്ന് കോഴിക്കോട്ടെത്തിയ, എഫ് എം എന്ന് സുഹൃത്തുക്കള്‍ക്കിടയിലും കസ്റ്റംസുകാര്‍ക്കിടയിലും അറിയപ്പെടുന്ന അജ്ഞാതനാണ് കലാപകാരികള്‍ക്കാവശ്യമായ തുക സംഭരിച്ച് നല്‍കിയതെന്നാണ് പൊലീസ്-ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ ഇത് തെളിവ് സഹിതം വ്യക്തമാക്കുന്നു. കലാപം നടന്ന കാലത്തെ സംസ്ഥാന മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ക്ക് എഫ് എമ്മുമായി സങ്കല്‍പ്പിക്കാനാവാത്തവിധം ശക്തമായ ബന്ധമുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുണ്ട്. ഈ മന്ത്രിമാര്‍ അകത്താവുമോയെന്ന ഭയംമൂലമാണ് സിബിഐ അന്വേഷണത്തിന് അന്നും ഇന്നും ഉമ്മന്‍ചാണ്ടിയും എ കെ ആന്റണിയും മടിക്കുന്നതെന്നാണ് സൂചന.

കമീഷന്‍ റിപ്പോര്‍ട്ടില്‍ നടപടിയെടുത്ത എല്‍ഡിഎഫ് സര്‍ക്കാര്‍ 2006 സെപ്തംബര്‍ 12ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിരുന്നു. എന്നാല്‍ ഇപ്പോഴും കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്.2000 മുതല്‍ 2005 വരെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന എല്ലാ തട്ടിപ്പുകളുടെയും സൂത്രധാരനായിരുന്നു എഫ് എം. യാത്രക്കാരില്‍നിന്നും കസ്റ്റംസുകാര്‍ നിത്യേന തട്ടിയെടുക്കുന്ന ലക്ഷക്കണക്കിന് രൂപ കൃത്യമായി വീതംവെച്ച് അവരവര്‍ക്കെത്തിക്കുകയായിരുന്നു ഇയാളുടെ പ്രധാന ജോലി. കസ്റ്റംസുകാരാണ് എഫ് എം (ഫിനാന്‍സ് മിനിസ്റ്റര്‍) എന്ന ഓമനപ്പേരിട്ടത്. സംസ്ഥാനത്തിലെ ഉന്നത ബന്ധങ്ങള്‍ക്ക് പുറമെ, കേന്ദ്ര മന്ത്രിസഭയിലും പാര്‍ലമെന്റിലുമെല്ലാം ഇദ്ദേഹത്തിന് വേണ്ടപ്പെട്ടവരുണ്ടായിരുന്നു. 2005 നവംബറില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന സിബിഐ റെയ്ഡിനെ തുടര്‍ന്നാണ് എഫ് എം മലബാറിലെ സജീവ ബന്ധം തല്‍ക്കാലം നിര്‍ത്തിയത്. തൃശൂര്‍ പെരുമ്പിലാവ് സ്വദേശിയായ ഇദ്ദേഹത്തിന് വിദേശത്ത് വന്‍ സാമ്പത്തിക ശൃംഖലയുണ്ടെന്നാണ് ഇന്റലിജന്‍സ് കണ്ടെത്തല്‍.

deshabhimani 170812

1 comment:

  1. മാറാട് കൂട്ടക്കൊലക്ക് പിന്നിലെ അക്രമികള്‍ക്ക് യഥേഷ്ടം പണമൊഴുക്കിയ എഫ്എമ്മും (ഫിനാന്‍സ് മിനിസ്റ്റര്‍) അദ്ദേഹത്തിന് ഏറെ സ്വാധീനമുണ്ടായിരുന്ന എ കെ ആന്റണി-ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ രണ്ട് മന്ത്രിമാരും ആരാണ്? കലാപത്തെക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച ഈ അജ്ഞാതര്‍ ആരെന്ന് അറിയാന്‍ ആറ് വര്‍ഷമായി കേരളം കാത്തിരിക്കുന്നു.

    ReplyDelete