Tuesday, November 27, 2012

തലസ്ഥാനം പിടിച്ചടക്കി അരലക്ഷം "ക്ഷേമ"ത്തൊഴിലാളികള്‍


കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ക്കായി വിയര്‍പ്പൊഴുക്കുന്നവരുടെ അവകാശസംരക്ഷണത്തിനായി രാജ്യത്തിന്റെ ഗ്രാമങ്ങളില്‍നിന്ന് എത്തിയ അരലക്ഷത്തിലേറെ സ്ത്രീത്തൊഴിലാളികള്‍ അക്ഷരാര്‍ഥത്തില്‍ തലസ്ഥാന നഗരം പിടിച്ചടക്കി. ക്ഷേമപദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന വേതനമില്ലാത്ത ഒരു കോടി തൊഴിലാളികളുടെ ആവശ്യങ്ങള്‍ ഉയര്‍ത്തി സിഐടിയുവിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച മഹാപടാവ് (വിശാലധര്‍ണ) ഡല്‍ഹിയിലെ സമരചരിത്രത്തില്‍ ത്രസിപ്പിക്കുന്ന അധ്യായം എഴുതിച്ചേര്‍ത്തു. തങ്ങളെ തൊഴിലാളികളായി അംഗീകരിക്കുക, ഓണറേറിയം-ഇന്‍സെന്റീവ് എന്നിവയ്ക്കു പകരം മിനിമംവേതനം 10,000 രൂപ നല്‍കുക, പെന്‍ഷനടക്കമുള്ള ക്ഷേമ ആനുകൂല്യങ്ങള്‍ അനുവദിക്കുക, ക്ഷേമപദ്ധതികള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തിയാണ് രണ്ടു ദിവസത്തെ മഹാപടാവ്.

സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്‍ സമരം ഉദ്ഘാടനംചെയ്തു. സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍ അധ്യക്ഷനായി. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, അഖിലേന്ത്യാ കിസാന്‍സഭാ ജനറല്‍ സെക്രട്ടറി കെ വരദരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുംനിന്ന് സിഐടിയുവിന്റെ പതാകയുമേന്തി ഡല്‍ഹിയിലെത്തിയ ബഹുഭൂരിപക്ഷം സ്ത്രീകളടങ്ങുന്ന തൊഴിലാളികള്‍ രണ്ടു ദിവസം രാംലീലാ മൈതാനിയില്‍ തങ്ങിയശേഷമാണ് തിങ്കളാഴ്ച രാവിലെ പത്തോടെ പ്രകടനമായി ജന്തര്‍മന്ദര്‍ റോഡിലെത്തിയത്. ജന്തര്‍മന്ദര്‍മുതല്‍ അശോക റോഡുവരെയുള്ള ജന്തര്‍മന്ദര്‍ റോഡിന്റെ ഭാഗം പൂര്‍ണമായും സമരവളന്റിയര്‍മാരെക്കൊണ്ട് നിറഞ്ഞു. അങ്കണവാടി വര്‍ക്കര്‍മാരും ഹെല്‍പ്പര്‍മാരും, ആഷ, ഉഷ, യശോദ, മമത, കൃഷിമിത്ര, ശിക്ഷാസേവക്, ശിക്ഷാ മിത്ര എന്നീ വിഭാഗത്തില്‍പ്പെട്ട തൊഴിലാളികളുമാണ് സമരത്തിനെത്തിയത്. വേതനമോ അവധിയോ മറ്റ് ക്ഷേമ ആനുകൂല്യങ്ങളോ ഒന്നുമില്ലാതെ പണിയെടുക്കുന്ന, ആയിരം രൂപ ശരാശരി വേതനമുള്ള ഇവരുടെ മികവിലാണ് ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക രംഗങ്ങളില്‍ നേട്ടങ്ങളുണ്ടാക്കുന്നത്. പട്ടിണികിടന്ന് ജോലിചെയ്യേണ്ടിവരുന്ന ഇവര്‍ക്കു നേരെ സര്‍ക്കാര്‍ നടത്തുന്ന കൊടുംചൂഷണം അവസാനിപ്പിക്കണമെന്നാണ് മഹാപടാവിന്റെ പ്രധാന ആവശ്യം.

അര ലക്ഷം സമര വളന്റിയര്‍മാര്‍ക്കൊപ്പം സിഐടിയു ഭാരവാഹികളായ 11 പേര്‍ രണ്ടു ദിവസത്തെ ഉപവാസവും ആരംഭിച്ചു. സിഐടിയു അഖിലേന്ത്യാ സെക്രട്ടറി ഡോ. കെ ഹേമലത, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ജെ മേഴ്സിക്കുട്ടിയമ്മ, വിവിധ സംസ്ഥാന ഭാരവാഹികളായ വരലക്ഷ്മി (കര്‍ണാടകം), ഉമാമഹേശ്വരറാവു (ആന്ധ്രപ്രദേശ്), തപന്‍ ശര്‍മ (അസം), ഗജേന്ദ്ര ഝാ (ഛത്തീസ്ഗഢ്), സുരീന്ദര്‍ശര്‍മ (ഹരിയാന), പ്രമോദ് പ്രധാന്‍ (മധ്യപ്രദേശ്), രാധാ സാരംഗി (ഒറീസ), പ്രേംനാഥ് റോയ് (ഉത്തര്‍പ്രദേശ്), ദേബേന്‍ പട്ടേല്‍ (ഛത്തീസ്ഗഢ്) എന്നിവരാണ് നിരാഹാരസത്യഗ്രഹം ആരംഭിച്ചത്. സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍ ഇവരെ ഹാരമണിയിച്ചു. മഹാപടാവ് ചൊവ്വാഴ്ച വൈകിട്ട് സമാപിക്കും. ആവശ്യങ്ങളടങ്ങുന്ന നിവേദനം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും.
(വി ജയിന്‍)

സമരവഴി താണ്ടി കശ്മീരില്‍നിന്ന്

ന്യൂഡല്‍ഹി: കശ്മീരിന്റെ സമരവഴികളിലൂടെ ഡല്‍ഹിയില്‍ മഹാപടാവിനെത്തിയ ഹഫീസ വാനിക്കും സംഘത്തിനും പറയാനുള്ളത് ചൂഷണത്തിന്റെ സമാനതകളില്ലാത്ത കഥ. മിനിമംകൂലിയോ തൊഴിലാളികള്‍ എന്ന പരിഗണനയോ ഇല്ലാതെ ജമ്മു കശ്മീരില്‍ അങ്കണവാടി വര്‍ക്കര്‍മാരായി ജോലിചെയ്യുകയാണിവര്‍. പലര്‍ക്കും ഒരുവര്‍ഷമായി ശമ്പളമില്ല. തങ്ങളുടെ സംഘടിതശക്തിയെ ഭയപ്പെടുന്ന സംസ്ഥാന സര്‍ക്കാരിനെ വെല്ലുവിളിച്ചാണ് 150 പേരടങ്ങുന്ന സംഘം ഡല്‍ഹിയിലെത്തിയത്.

സംസ്ഥാനത്ത് അങ്കണവാടികള്‍ സജീവമാണെങ്കിലും വര്‍ക്കര്‍മാരുടെ ജീവിതം പരിതാപകരമാണെന്ന് ഗന്തര്‍ബാല്‍ ജില്ലയില്‍നിന്നുള്ള ഹഫീസ വാനി പറഞ്ഞു. തൊഴിലാളിസമരങ്ങളുടെ മുന്നണിപ്പോരാളിയായ ഹഫീസയെ സര്‍ക്കാര്‍ 2008ല്‍ ജയിലിലടച്ചു. വസ്ത്രങ്ങള്‍ വലിച്ചുകീറുകയും മര്‍ദിക്കുകയും ചെയ്തു. ജമ്മു കശ്മീര്‍ അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുകൂടിയായ ഹഫീസ വാനിയെ പിന്നീട് രണ്ടുതവണ പിടികൂടി ജയിലിലടച്ചു. വര്‍ക്കര്‍മാരുടെ പ്രതിമാസവേതനം 600 രൂപ. അത് കിട്ടുന്നതുതന്നെ ആറും ഏഴും മാസം കൂടുമ്പോള്‍. ഒരുവര്‍ഷമായി വേതനം കിട്ടാത്തതിനെക്കുറിച്ചാണ് അനന്ത്നാഗില്‍നിന്നുള്ള വസീറയ്ക്ക് പറയാനുള്ളത്. മകന്‍ നാലാംക്ലാസ് വിദ്യാര്‍ഥി ഫുര്‍ഖാനെയും കൂട്ടിയാണ് വസീറ സമരവേദിയിലെത്തിയത്. തെരഞ്ഞെടുപ്പുപ്രവര്‍ത്തനങ്ങള്‍ക്കും സെന്‍സസിനും ഞങ്ങളെ ഉപയോഗിക്കും. പക്ഷേ, വേതനം നല്‍കില്ല- ജവ്ഹാര പറഞ്ഞു. അടിസ്ഥാനസൗകര്യങ്ങളൊന്നും അങ്കണവാടികളില്‍ ഇല്ലെന്ന് അഫ്രോസ പറഞ്ഞു. ആറുമാസം കൊടുംതണുപ്പിലമരുന്ന കശ്മീരില്‍ ഹീറ്റര്‍പോലുള്ള ഉപകരണങ്ങള്‍ അനിവാര്യമെങ്കിലും ഒമര്‍ അബ്ദുല്ല സര്‍ക്കാരിന് ഇതിലൊന്നും താല്‍പ്പര്യമില്ല.

യുപിഎയുടേത് നിര്‍ദയമുഖം: പ്രകാശ് കാരാട്ട്

ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനോ സ്വന്തം ക്ഷേമപദ്ധതികളിലെ തൊഴിലാളികള്‍ക്ക് മിനിമംകൂലി നല്‍കാനോ തയ്യാറാകാതെ കോര്‍പറേറ്റുകള്‍ക്ക് ഒരു വര്‍ഷം അഞ്ചു ലക്ഷം കോടി രൂപ നികുതിയിളവ് നല്‍കിയ യുപിഎ സര്‍ക്കാര്‍ നിര്‍ദയമായ ജനവിരുദ്ധ മുഖമാണ് പുറത്തുകാട്ടുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ക്ഷേമപദ്ധതി തൊഴിലാളികള്‍ ഡല്‍ഹിയില്‍ നടത്തുന്ന രണ്ടു ദിവസത്തെ മഹാപടാവിനെ അഭിവാദ്യംചെയ്യുകയായിരുന്നു അദ്ദേഹം.

രണ്ടു വര്‍ഷമായി ജനങ്ങളുടെയും തൊഴിലാളികളുടെയും അവകാശം പിടിച്ചുപറിക്കുകയാണ് സര്‍ക്കാര്‍. തൊഴില്‍ നല്‍കുകയല്ല, ഉള്ള തൊഴില്‍കൂടി ഇല്ലാതാക്കുകയാണ്. ജനങ്ങളെ മറന്ന് കോര്‍പറേറ്റുകള്‍ക്ക് വിടുവേലചെയ്യുന്നു. ജനങ്ങളുടെ മൗലികാവകാശം നിഷേധിക്കുന്ന തലത്തിലേക്ക് ഉദാരവല്‍ക്കരണ നയപരിപാടികള്‍ മാറിയിരിക്കുന്നു. ഇരുപത് വര്‍ഷത്തിലേറെയായി ഡല്‍ഹിയിലെ സമരങ്ങള്‍ കാണുന്ന താന്‍ ഇത്രയും പങ്കാളിത്തമുള്ള ഒരു തൊഴിലാളിസമരം ഇതിനുമുമ്പ് കണ്ടിട്ടില്ലെന്ന് കാരാട്ട് പറഞ്ഞു. ജീവിതം നിലനിര്‍ത്തുന്നതിനുവേണ്ടിയുള്ള ഈ സമരം വിജയിക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ അധ്വാനത്തിന് വിലകല്‍പ്പിക്കാത്ത സര്‍ക്കാര്‍ കോര്‍പറേറ്റുകളുടെ കീശ വീര്‍പ്പിക്കാന്‍ എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തുന്നുവെന്ന് സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്‍ എംപി പറഞ്ഞു. ക്ഷേമപദ്ധതി തൊഴിലാളികളുടെകൂടി ആവശ്യമുന്നയിച്ച് ഫെബ്രുവരി 20നും 21നും നടത്തുന്ന അഖിലേന്ത്യാ പണിമുടക്കില്‍ അണിചേരാനും അദ്ദേഹം അഭ്യര്‍ഥിച്ചു. ക്ഷേമപദ്ധതി തൊഴിലാളികളെ അവഗണിക്കുന്ന നടപടി ക്രൂരമാണെന്ന് സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ പറഞ്ഞു. 35 വര്‍ഷം ജോലിചെയ്താലും പെന്‍ഷനോ ആനുകൂല്യങ്ങളോ ഇല്ലാതെ അവര്‍ക്ക് ഇറങ്ങിപ്പോകേണ്ടിവരുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ശക്തവും ദീര്‍ഘവുമായ സമരം നടത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

deshabhimani 271112

1 comment:

  1. കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ക്കായി വിയര്‍പ്പൊഴുക്കുന്നവരുടെ അവകാശസംരക്ഷണത്തിനായി രാജ്യത്തിന്റെ ഗ്രാമങ്ങളില്‍നിന്ന് എത്തിയ അരലക്ഷത്തിലേറെ സ്ത്രീത്തൊഴിലാളികള്‍ അക്ഷരാര്‍ഥത്തില്‍ തലസ്ഥാന നഗരം പിടിച്ചടക്കി. ക്ഷേമപദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന വേതനമില്ലാത്ത ഒരു കോടി തൊഴിലാളികളുടെ ആവശ്യങ്ങള്‍ ഉയര്‍ത്തി സിഐടിയുവിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച മഹാപടാവ് (വിശാലധര്‍ണ) ഡല്‍ഹിയിലെ സമരചരിത്രത്തില്‍ ത്രസിപ്പിക്കുന്ന അധ്യായം എഴുതിച്ചേര്‍ത്തു.

    ReplyDelete