ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതിലെ ക്രമക്കേടുകള്‍
അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ (എസ്ഐടി) നിയമിക്കണമെന്ന്
ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും സിബിഐക്കും
സുപ്രീംകോടതി നോട്ടീസയച്ചു. ക്രമക്കേട് നടന്നെന്ന ആക്ഷേപം സംബന്ധിച്ച്
സമഗ്രമായ മറുപടി എട്ടാഴ്ചയ്ക്കകം നല്‍കാനാണ് കോടതിയുടെ നിര്‍ദേശം. വിവിധ
സ്വകാര്യകമ്പനികള്‍ക്ക് ഖനത്തിനായി നല്‍കിയ കല്‍ക്കരിപ്പാടങ്ങളുടെ
ലൈസന്‍സുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ
ഹര്‍ജിയില്‍ പ്രതികരണം അറിയിക്കാനും കോടതി സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ലൈസന്‍സുകള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം
ജസ്റ്റിസുമാരായ ആര്‍ എം ലോധ, അനില്‍ ആര്‍ ദവെ എന്നിവരുള്‍പ്പെട്ട ബെഞ്ച്
നിരാകരിച്ചു.
മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ എന്‍ ഗോപാലസ്വാമി, നാവികസേന മുന്‍മേധാവി
എല്‍ രാംദാസ്, മുന്‍ ക്യാബിനറ്റ് സെക്രട്ടറി ടി എസ് ആര്‍ സുബ്രഹ്മണ്യന്‍
എന്നിവരാണ് കല്‍ക്കരി വിഷയത്തില്‍ എസ്ഐടിയെ വയ്ക്കണമെന്ന ആവശ്യവുമായി
സുപ്രീംകോടതിയെ സമീപിച്ചത്. കല്‍ക്കരി കേസില്‍ സിബിഐയുടെ അന്വേഷണം
ഫലപ്രദമല്ലെന്നും നിഷ്പക്ഷ അന്വേഷണത്തിന് എസ്ഐടി അനിവാര്യമാണെന്നുമാണ്
ഹര്‍ജിക്കാരുടെ വാദം.കല്‍ക്കരി വിഷയത്തില്‍ നേരത്തെ അഭിഭാഷകനായ എം എല്‍
ശര്‍മ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ എല്ലാ മാനദണ്ഡങ്ങളും
പാലിച്ചാണോ കല്‍ക്കരിപ്പാടങ്ങള്‍ വിതരണം ചെയ്തതെന്ന് കോടതി സര്‍ക്കാരിനോട്
ചോദിച്ചിരുന്നു. സ്വകാര്യകമ്പനികള്‍ക്ക് പ്രകൃതിവിഭവങ്ങള്‍
വിതരണംചെയ്യുമ്പോള്‍ കൈക്കൊള്ളേണ്ട മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്ന
ചോദ്യമാണ് കോടതി ഉന്നയിച്ചത്.
സ്വകാര്യകമ്പനികള്‍ക്ക് ഉള്‍പ്പെടെ ആകെ 194 കല്‍ക്കരിപ്പാടങ്ങളാണ്
ഖനത്തിനായി സര്‍ക്കാര്‍ വിട്ടുകൊടുത്തത്. സ്വകാര്യകമ്പനികള്‍ക്ക് നല്‍കിയ
ലൈസന്‍സുകള്‍ റദ്ദാക്കണമെന്നാണ് പ്രമുഖ വ്യക്തികളും കോമണ്‍കോസ് എന്ന
സര്‍ക്കാരിതര സംഘടനയും ആവശ്യപ്പെട്ടത്. കല്‍ക്കരിപ്പാടങ്ങളുടെ വിതരണത്തില്‍
മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും കേന്ദ്രത്തിലെ വിവിധ വകുപ്പുകളും
സംസ്ഥാന സര്‍ക്കാരുകളും ഒത്തുകളിച്ചിട്ടുണ്ടെന്നും ഉന്നതര്‍ കോഴ
വാങ്ങിയിട്ടുണ്ടെന്നുമാണ് ഹര്‍ജിയിലെ ആരോപണം.കേസ് ജനുവരി 24ന് കോടതി
വീണ്ടും പരിഗണിക്കും.
No comments:
Post a Comment